15 November 2024, Friday
KSFE Galaxy Chits Banner 2

കാല്‍പ്പനിക സൗന്ദര്യം വിളിച്ചോതുന്ന കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍

കളമെഴുത്ത് കുറുപ്പന്മാരും അയ്യപ്പൻതീയാട്ട് തീയാടി നമ്പ്യാന്മാരും 
രാകേഷ് ജി നന്ദനം
December 2, 2022 11:16 pm

പഞ്ചവർണ്ണപൊടികൾ കൊണ്ട് വിരലുകളാൽ ദേവീദേവന്മാരുടെ രൂപങ്ങൾ കളത്തിൽ (നിലത്തിൽ) വരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. ചുമർ ചിത്രകലയുടെ ആദ്യരൂപമാണിത്. കളമെഴുത്തും പാട്ടും, മുടിയേറ്റ്, ഭദ്രകാളി തീയാട്ട്, അയ്യപ്പൻ തീയാട്ട്, കോലം തുള്ളൽ, എന്നീ അനുഷ്ഠാനകലകളിലൊക്കെ ഒഴിച്ചുകൂടാനാകാത്ത കലാരൂപമാണിത്. കാളി, ദുർഗ്ഗ, അയ്യപ്പൻ, വേട്ടയ്ക്കൊരുമകൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ ദേവതകളുടെ കളങ്ങളാണ് വരയ്ക്കുക. കെട്ടിവിതാനം (കളമെഴുത്ത് സ്ഥലം, കുരുത്തോല, ആലില, വെറ്റില, മാവില, പൂക്കുലയെന്നിവയാൽ കെട്ടിയൊരുക്കുക) നടത്തിയതിനു ശേഷം രണ്ടുപേരാണ് കളംവരയ്ക്കലിൽ ഏർപ്പെടുക. ഇഷ്ടദേവതാധ്യാനവും പൂജയും പാട്ടും കഴിഞ്ഞ് കളമെഴുത്താശാന്മാർ മൂർത്തിയുടെ രൂപം വരച്ചുതുടങ്ങുന്നു. ആദ്യമൊരു നേർവരയിടുന്നു. ആ വരയ്ക്ക് ബ്രഹ്മസൂത്രമെന്ന് പേര്. അരിപ്പൊടിയൊ കറുത്തപൊടിയോ ഉപയോഗിച്ച് ശരീരാവയവങ്ങൾ വരയ്ക്കും. മുഖം കഴുത്ത്, മാറ്, കിരീടം എന്നിവ ഒരാളും ഉദരം, കൈകാലുകൾ എന്നിവ അപരനും വരച്ച് കളം പൂർത്തിയാകുന്നു. ദേവിയുടെ രൂപം വരച്ചതിനു ശേഷം കളംകാണൽ നടക്കും. വച്ചൊരുക്കലിനു ശേഷം (ഉണക്കലരി, നാളികേരം, കമുകിൻപൂക്കുല, വെറ്റിലയും അടയ്ക്കയും) കളംപാട്ടാരംഭിക്കും. കളംപാട്ട് ദിവസം ഉച്ചപ്പാട്ടുപാടിയാണ് കളമെഴുത്ത് ആരംഭിക്കുന്നത്. ദേവീസ്തുതിയാണെങ്കിൽ “തായേ മായേ മുക്കണ്ണി.…. ” എന്നും അയ്യപ്പ സ്തുതിയാണെങ്കിൽ “ഉത്തിരം തിരുനാളെയ് ഉദയമെ പിറന്നയ്യൻ” എന്നുമായിരിക്കും സ്തുതി തുടങ്ങുക. മണിക്കൂറുകൾ നീണ്ട കളംപാട്ടിനും കളംപൂജയ്ക്കും ശേഷം കളത്തിനു ചുറ്റും കർപ്പൂരം കത്തിക്കുന്നു. കർപ്പൂരദീപം അണഞ്ഞതിനു ശേഷം കളം മായ്ക്കുന്നതോടെ കളമെഴുത്ത് അവസാനിക്കുന്നു. കമുകിൻ പൂങ്കുല കൊണ്ട് കളം മായ്ക്കുന്നു. മാറിടം മായ്ച്ചു കളയില്ല. ദേവിയുടെ മുഖം കൈയ്യുകളുപയോഗിച്ചാണ് മായ്ക്കാറ്. ചെണ്ടയുടെ വലന്തല, ചേങ്ങില, തിമില, ശംഖ് എന്നിവയാണ് ഇവിടെ ഉപയോഗിക്കുന്ന വാദ്യങ്ങൾ. 

തികച്ചും പ്രകൃതിജന്യമായ വസ്തുക്കളുപയോഗിച്ചാണ് കളമെഴുത്തിലെ വർണ്ണങ്ങൾ ഉണ്ടാക്കുന്നത്. അരിപ്പൊടി, ഉമിക്കരി, മഞ്ഞൾ, നെന്മേനിവാകയുടെ ഇല പൊടിച്ചത് എന്നിവയുപയോഗിച്ചാണ് കളത്തിലെ ഈ വർണ്ണപ്പൊലിമ കലാകാരന്മാർ സാധ്യമാക്കുന്നത്. അരിപ്പൊടികൊണ്ട് വെള്ളനിറവും ഉമിക്കരികൊണ്ട് കറുപ്പും മഞ്ഞൾകൊണ്ട് മഞ്ഞനിറവും നെന്മേനിവാകയുടെ പൊടി കൊണ്ട് പച്ചനിറവും മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർത്ത് ചുവപ്പ് നിറവും സൃഷ്ടിക്കുന്നു. 

ലോഹബന്ധം ഈ നിറങ്ങൾക്ക് കൽപ്പിക്കുന്നു, മഞ്ഞ സ്വർണത്തേയും പച്ച നാകത്തേയും വെള്ള വെള്ളിയേയും ചുവപ്പ് ചെമ്പിനേയും കറുപ്പ് ഇരുമ്പിനേയും പ്രതിനിധീകരിക്കുന്നു. ഒരോ പ്രദേശത്തും കളംവരയ്ക്കുന്നത് വിഭിന്ന സമുദായങ്ങളിൽ പെട്ടവരാണ്. കളമെഴുത്ത് കുറുപ്പന്മാരും അയ്യപ്പൻതീയാട്ട് തീയാടി നമ്പ്യാന്മാരും ഭദ്രകാളിപാട്ട് തീയ്യാട്ടുണ്ണികളും നാഗക്കളം പുള്ളുവന്മാരും കോലംതുള്ളൽ കണിയാന്മാരും മന്ത്രവാദക്കളം വണ്ണാന്മാരും കളം വരയുന്നു. ഒരോ അനുഷ്ഠാനങ്ങൾക്കും അതിനു വരയുന്ന കളങ്ങൾക്ക് വ്യത്യസ്തത ഉണ്ടായിരിക്കും. കലാകാരന്മാർക്ക് പരമ്പരാഗതമായി പകർന്നുകിട്ടുന്ന അറിവുകളും സങ്കേതങ്ങളും ശൈലികളും കളമെഴുത്തിൽ പ്രകടമാക്കപ്പെടും. കേരളത്തിലെ പഴയ ഇലങ്കങ്ങൾ(കളരി, ദേവതകളെ കുടിവെച്ച് ആരാധിക്കുന്നയിടം), തെക്കതുകൾ(പഴയ തറവാടുകളിൽ തെക്കുവശത്തായ് പരദേവതയെ കുടിയിരുത്തിയിരിക്കുന്നയിടം), കാവുകൾ, കൊട്ടാരങ്ങളിലെയും മറ്റും ദേവതാസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇന്നും കളമെഴുത്തും പാട്ടും മുടങ്ങാതെ നടക്കുന്നുണ്ട്. 

കേരളത്തിലെ ചുമർചിത്രങ്ങള്‍

കേരളത്തിലെ ക്ഷേത്രങ്ങളും പള്ളികളും രാജകൊട്ടാരങ്ങളും മോടിയാക്കുന്നതിനായി അവയുടെ ചുമരുകളിൽ വരച്ചിട്ടുള്ള ചിത്രങ്ങളാണ്. കെട്ടിയുണ്ടാക്കിയ ഭിത്തിയിൽ കുമ്മായംകൊണ്ടുള്ള ഒന്നാംതലത്തിനു മുകളിൽ പൂശിയെടുത്ത മറ്റൊരു നേർത്തതലത്തിൽ രചിക്കപ്പെട്ടവയാണ് ഇവ. ഗുഹാചിത്രങ്ങളും മറ്റും ചുമർചിത്രങ്ങളായല്ല അവയുടെ മുന്നോടിയായിട്ടുള്ള ചിത്രങ്ങളായാണ് പരിഗണിക്കുക. മ്യൂറൽ, ഫ്രസ്കോ എന്നിങ്ങനെ ചുമർചിത്രങ്ങൾ രണ്ടുതരമുണ്ട്. ചുമരിൽ തേക്കുന്ന പശയുണങ്ങുന്നതിനു മുൻപ് ചിത്രരചന നടത്തിയാൽ അതിനെ ഫ്രസ്ക്കോയെന്നും പശഉണങ്ങിയതിനു ശേഷം വരച്ചാൽ മ്യൂറലെന്നും പറയുന്നു. കേരളത്തിലെ ചുമർചിത്രകലാപാരമ്പര്യത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആയ്‌രാജവംശ ഭരണകാലത്ത് രചിക്കപ്പെട്ടതെന്ന് കരുതുന്ന, കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിലെ മച്ചിലുള്ള ചിത്രങ്ങളാണ് പഴക്കമേറിയത്. ഗുഹാ ക്ഷേത്രങ്ങൾ അല്ലാതെ ക്ഷേത്രങ്ങൾ കെട്ടിയുണ്ടാക്കാൻ തുടങ്ങിയ എട്ട്, ഒൻപത് നൂറ്റാണ്ടുകളിലാണ് കേരളത്തിൽ ചുമർചിത്രകലയ്ക്ക് വികാസം സംഭവിക്കുന്നത്. അതിനു മുൻപ് കളമെഴുത്തിനായിരുന്നു കേരളത്തിൽ പ്രചാരം. കളമെഴുത്ത്ശൈലി തിരുനന്ദിക്കര, പാർത്ഥിവപുരം, ചിതറാൾ ചിത്രങ്ങളിൽ കാണാം. പതിനഞ്ച് മുതൽ പത്തൊൻപത് നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട ചിത്രങ്ങളാണ് കേരളത്തിൽ‍ അധികവും കാണുന്നത്. ഈ കാലത്ത് രചിച്ച ചിത്രങ്ങൾക്കാണ് ഭംഗിയും ആകർഷണീയതയും കൂടുതൽ. കേരളത്തിലെ ഏറ്റവും വലിയ ചുമർച്ചിത്രം ആലപ്പുഴ കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷമാണ്. മാര്‍ത്താണ്ഡവര്‍മ്മയുടെ വേനല്‍ക്കാല വസതിയായിരുന്ന ഈ കൊട്ടാരം ഇന്ന് പുരാവസ്തു മ്യൂസിയമാണ്. ചുമര്‍ ചിത്രങ്ങളെ ശൈലീസവിശേഷതകളുടെ അടിസ്ഥാനത്തിൽ മൂന്ന് ഘട്ടങ്ങളിലാക്കി തരംതിരിച്ചിരിക്കുന്നു. 

*പ്രാഥമിക ഘട്ടം: തിരുനന്ദിക്കര, കാന്തളുർ, ത്രിവിക്രമമംഗലം, പാർത്ഥിവപുരം ക്ഷേത്രങ്ങളിലേയും ചിതറാൾ ഗുഹയിലേയും ചിത്രങ്ങൾ.
*പ്രാഥമികാനന്തരം: മട്ടാഞ്ചേരിരാമായണ ചിത്രങ്ങൾ, തൃശ്ശൂർ വടക്കുംനാഥക്ഷേത്രം, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, കോട്ടയം താഴത്തങ്ങാടി, തൃക്കോടിത്താനം ക്ഷേത്ര ചിത്രങ്ങൾ.
*മധ്യകാലം: അകപ്പറമ്പ്, കാഞ്ഞൂർ, തിരുവല്ല, കോട്ടയം (ചെറിയപ്പള്ളി), ചേപ്പാട്, അങ്കമാലി എന്നിവിടങ്ങളിലെ പള്ളികൾ, കോട്ടയ്ക്കൽ, പുണ്ഡരീകപുരം, തൃപ്രയാർ, പനയന്നാർകാവ്, ലോകനാർകാവ്, ആർപ്പൂക്കര, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളിലെ ചിത്രങ്ങളും പത്മനാഭപുരം, കരിവേലിപ്പുരമാളിക, കൃഷ്ണപുരം കൊട്ടാരം, മട്ടാഞ്ചേരി കൊട്ടാരങ്ങളിലെചിത്രങ്ങൾ. 

വർണങ്ങൾ: കാവിച്ചുവപ്പ്, കാവിമഞ്ഞ, പച്ച, ചുവപ്പ്, വെള്ള, നീല, ഹരിതനീലം, കറുപ്പ്, മഞ്ഞ, സ്വർണ്ണമഞ്ഞ തുടങ്ങിയ നിറങ്ങളാണ് ചുവർച്ചിത്ര രചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും കാവിച്ചുവപ്പാണ് കേരളത്തിലെ ചിത്രങ്ങളിലെ പ്രധാന വർണം. മണ്ണിലെ ധാതുക്കളും, സസ്യഭാഗങ്ങളും രാസവസ്തുക്കളും ചായങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു. വെട്ടുകല്ലിൽ നിന്ന് കാവിച്ചുവപ്പും കാവിമഞ്ഞയും, നീലിയമരിയിൽ നിന്ന് നീല നിറം, മാലക്കൈറ്റിൽ നിന്നോ എരവിക്കറയിലോ മനയോലയിലോ നീലനിറം ചേർത്ത് പച്ചനിറം, എണ്ണക്കരിയിൽ നിന്ന് കറുപ്പും. കൂടാതെ ചായില്യവും നിറക്കൂട്ടുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. ചില ചായങ്ങൾ പ്രയോഗിക്കുന്നതിനു മുമ്പ് തുരിശു ലായനിയോ നാരങ്ങാനീരോ പൂശി കുമ്മായം നേർപ്പിക്കുകയും ചെയ്തിരുന്നു. 

മാധ്യമങ്ങൾ: പലതരം പശകളാണ് ഭിത്തിയിൽ പൂശിയ കുമ്മായം ബലപ്പെടുത്തുവാനും, ചായങ്ങൾ ഇളകാതിരിക്കുന്നതിനും ഉപയോഗിച്ചിരുന്നത്. ശർക്കര, വിളാമ്പശ, കള്ളിപ്പാൽ, വേപ്പിൻപശ എന്നിവ ഉപയോഗിക്കാമെന്നും നിറങ്ങൾ നാരങ്ങയിൽ കുതിത്ത്, കരിക്കിൻ വെള്ളത്തിൽ ചാലിച്ചിരുന്നതായും ചില പ്രാമാണിക ഗ്രന്ഥങ്ങളിൽ കാണുന്നു. 

ഉപകരണങ്ങൾ: കോരപ്പുല്ല്, കൈതവേര്, മുളന്തണ്ട് എന്നിവയാലാണ് ബ്രഷും വരയ്ക്കാനുള്ള തൂലികയും ഉണ്ടാക്കുന്നത്. ചായം പൂശാൻ കോരപ്പുല്ലും, ചായം പരത്താൻ കൈതവേരും ഉപയോഗിച്ചിരുന്നു. തടികൊണ്ടുള്ള മരവിയിൽ ചായം കൂട്ടി ചിരട്ടയിൽ പകർന്നാണ് ചായം തേച്ചിരുന്നത്. 

രചനാരീതി: ഭിത്തിയിലെ പരുത്ത ഒന്നാം പടലത്തിനു മുകളിൽ കുമ്മായം തേച്ചുണ്ടാക്കിയ രണ്ടാം പടലത്തിനു മുകളിലാണ് ചിത്രങ്ങൾ വരച്ചിരുന്നത്. അറ്റം കൂർപ്പിച്ച മുളംതണ്ട് മഞ്ഞച്ചായത്തിൽ മുക്കി ബാഹ്യരേഖ വരച്ച്, ചുവന്ന ചായം കൊണ്ട് ദൃഢമാക്കിയിരുന്നു. അതിനുശേഷം ചായങ്ങൾ തേച്ചുപിടിപ്പിക്കുന്നു. പിന്നീട് ചിത്രരചന കഴിഞ്ഞാൽ, പൈന്മരക്കറ നാലിലൊന്ന് എണ്ണയും ചേർത്ത് തുണിയിലരിച്ച് ചുവരിൽ തേച്ചു ബലപ്പെടുത്തും. 

പ്രമേയങ്ങൾ: മതപരമായ പ്രമേയങ്ങളാണ് കേരളത്തിലെ ചിത്രങ്ങളിലധികവും കാണുന്നത്. കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും മുഖ്യമായി ശൈവ‑വൈഷ്ണവ സങ്കല്പത്തിലുള്ള ദേവീദേവന്മാരും പുരാണകഥകളുമാണ് ചിത്രീകരിച്ചിട്ടുള്ളത്. അപൂർവമായി നാടുവാഴികളേയും സാധാരണക്കാരേയും ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ചില ദേശങ്ങളിൽ നടന്ന ശൈവ‑വൈഷ്ണവസംഘട്ടനങ്ങൾ കേരളത്തിൽ നടന്നിട്ടില്ലെന്ന് ചിത്രങ്ങളുടെ പഠനങ്ങൾ തെളിയിക്കുന്നു. ക്രൈസ്തവദേവാലയങ്ങളിൽ, പുരോഹിതർക്കും സഹായികൾക്കും മാത്രം പ്രവേശനമുള്ള അല്‍ത്താരയിലും മറ്റും ചിത്രങ്ങൾ രചിച്ചിരുന്നതിനാൽ അവയെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ബൈബിൾക്കഥകളും യേശുദേവന്റെ ജീവചരിത്രവും പ്രമേയമാക്കിയിരുന്ന ഈ ചിത്രങ്ങളില്‍ വിശുദ്ധന്മാരേയും മതാദ്ധ്യക്ഷന്മാരേയും വരച്ചിരുന്നു. കാഞ്ഞൂരെ പഴയ പള്ളിയിൽ, ആലുവയിൽ നടന്ന മൈസൂർ‑തിരുവിതാംകൂർ യുദ്ധങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. 

ശൈലി: കേരളത്തിലെ ചുവർച്ചിത്രങ്ങൾ യഥാതഥമായ രീതിയിലല്ല, മറിച്ച് കാല്പനികവും ആദർശാത്മകവുമായാണ് രചിച്ചിരിക്കുന്നത്. വർണപ്രയോഗങ്ങളിൽ ആധാരമായ പാശ്ചാത്യസമ്പ്രദായത്തിൽ നിന്നു വ്യത്യസ്തമായി, രേഖകളുടെ വിന്യാസത്തിലൂടെയും അവയ്ക് അനുപൂരകങ്ങളായ വർണങ്ങളിലൂടെയും ഭാവോത്കർഷം വരുത്തുകയാണ് ഭാരതീയ ചിത്രരചനാ ശൈലി. അനുപാതം, നില, പശ്ചാത്തലം, സമമിതി, സാദൃശ്യം തുടങ്ങിയവയ്ക്കുമാണ് തുടർന്നു പ്രാധാന്യം നൽകിയിരിക്കുന്നത്. വർണങ്ങൾക്ക് പ്രതീകസ്വഭാവമുണ്ട്. സാത്വികമൂർത്തികൾക്ക് പച്ചയും, രജോഗുണമുള്ളവർക്ക് ചുവപ്പും മഞ്ഞകലർന്ന ചുവപ്പും, തമോഗുണക്കാർക്ക് വൈഷ്ണവപക്ഷപ്രകാരം വെള്ളയും ശൈവപക്ഷപ്രകാരം കറുപ്പും നൽകിയിരിക്കുന്നു. ചിത്രീകരണശൈലികളിൽ, ഭാവഗീതാത്മകമായ വൈണികം എന്ന രീതിയ്കാണ് കൂടുതൽ പ്രചാരം. സത്യം (യഥാതഥം), നാഗരം (ജീവിതസ്പർശി), മിശ്രം എന്നിവയാണ് മറ്റു മൂന്നു ശൈലികൾ. വിഗ്രഹനിർമ്മാണത്തിലെ താലപ്രമാണവും കേരളീയവുമായ സവിശേഷതകളും ചിത്രങ്ങളിൽ കാണാം. കേരളത്തിലെ കുന്നുകളും താഴ്‌വരകളും, നടനകലകളിലെ വേഷങ്ങളും, സ്തോഭപ്രകടനരീതികളും, കേരളീയവാദ്യോപകരണങ്ങളും, ചുവർച്ചിത്രങ്ങളിലുണ്ട്. വികാരങ്ങളെ സംയമനത്തോടെ പ്രകടിപ്പിക്കുകയെന്ന കേരളീയരീതിയും രീതിയും കാണാം. ചരിത്ര പുരുഷന്മാരേയും, രാജാക്കന്മാരേയും, ചെട്ടിയേയും, കോമട്ടിയേയും, അറബിയേയും, ഗോസായിയേയുമൊക്കെ ചുമര്‍ച്ചിത്രങ്ങളിൽ കാണാം. വിവിധതരം പുരുഷന്മാരെയും സ്ത്രീകളേയും ചിത്രീകരിക്കുന്നത് അതതു പ്രമാണങ്ങളനുസരിച്ചുമാണ്. അതുകൊണ്ട് ഒരേസമയം ഭാരതീയവും കേരളീയവുമാണ് ഈ ചുമർച്ചിത്രങ്ങൾ. മധ്യേഷ്യയിലെ ക്രിസ്തീയശൈലിയുടെയും കേരളീയശൈലിയുടെയും സങ്കലനമാണ് പള്ളികളിലെ ചിത്രങ്ങളിൽ കാണുന്നത്. യഥാര്‍ത്ഥശൈലിയുടെ കലർപ്പുള്ള ആദർശസൗന്ദര്യാകർഷണമാണ് ഈ ചിത്രങ്ങൾക്കുള്ളത്. ചുമർ തയ്യാറാക്കുന്നതിലും നിറങ്ങളുണ്ടാക്കുന്നതിലും ക്ഷേത്രകലാകാരന്മാരുടെ അതേ സമ്പ്രദായം സ്വീകരിച്ചിരുന്നു. എന്നാൽ, നിറക്കൂട്ടിൽ കടുംനീലധാതു ഉപയോഗിച്ചിരുന്നു. താലവ്യവസ്ഥ പള്ളികളിലെ ചിത്രങ്ങൾക്കില്ല. വർണങ്ങളുടെ സൗമ്യപ്രസരണത്തിനു പകരം വർണപ്പൊലിമയാണവയ്ക്ക്. രൂപങ്ങളുടെ പുറമേകാണുന്ന അലങ്കാരരേഖകളും അവയിലില്ല. നൈസർഗ്ഗികമായ ചൈതന്യവും, കർമചൈതന്യത്തിന്റെ താളവും, അഭൗതികഗാംഭീര്യവും ഉള്ളവയാണ് ഈ ചിത്രങ്ങൾ.

നെയ്യാറ്റിന്‍കര ചിത്രങ്ങളെന്ന് പ്രശസ്തമായ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ചുമര്‍ച്ചിത്രങ്ങള്‍. രണ്ടാമതും നവീകരിക്കുന്ന വാര്‍ത്ത മാധ്യമശ്രദ്ധ നേടിയതാണ്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് വരയ്ക്കപ്പെട്ട ചിത്രങ്ങള്‍ അഴിഞ്ഞു തുടങ്ങിയപ്പോള്‍ 2006ല്‍ പുനഃസൃഷ്ടിച്ചു. ആ ചിത്രങ്ങളാണ് വീണ്ടും വരയ്ക്കപ്പെടുന്നത്. പ്രശസ്ത ചുമര്‍ച്ചിത്രകലാകാരനായിരുന്ന മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ ശിഷ്യന്‍ പ്രിന്‍സ് തോന്നയ്ക്കലാണ് ആ ശ്രമം ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഈ വര്‍ഷവും അദ്ദേഹത്തെ തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നവീകരണ ചുമതല ഏല്പിച്ചിരിക്കുന്നു. ദ്വാരപാലകര്‍, പഞ്ചമുഖഗായത്രി, വേട്ടയ്ക്കൊരുമകന്‍, നരസിംഹം, പ്രദോഷ ശിവന്‍, ശക്തിപഞ്ചാക്ഷരി തുടര്‍ന്ന് ക്ഷേത്രദേവനായ നവനീതകൃഷ്ണന്‍ ഇത്രയും ചിത്രങ്ങളാണ് നെയ്യാറ്റിന്‍കര ചിത്രങ്ങള്‍. കഴിവുറ്റ കലാകാരന്മാരിലൂടെ ഈ രണ്ട് മഹത്തായ കലകളും അന്യംനിന്നു പോകാതെ നിലനില്ക്കുമെന്ന് ആശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.