26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 19, 2024
July 19, 2024
July 17, 2024
July 16, 2024
July 16, 2024
July 14, 2024
July 13, 2024
July 13, 2024
July 4, 2024

മുസ്ലിങ്ങള്‍ നുഴഞ്ഞുകയറ്റക്കാര്‍; വിദ്വേഷം ചീറ്റി മോഡി

Janayugom Webdesk
ജയ്പൂര്‍/ കണ്ണൂര്‍
April 22, 2024 10:28 pm

ആദ്യഘട്ടതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരാജയഭീതിയില്‍ കൂടുതല്‍ വിറളിയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി മുസ്ലിം സമുദായത്തിനെതിരെ വിഷംചീറ്റി രംഗത്ത്. മുസ്ലിങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നതായും, നുഴഞ്ഞുകയറ്റക്കാരാണ് എന്നും വിശേഷിപ്പിച്ച മോഡി, കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണം ഇവരുടെ പക്കല്‍ എത്തിച്ചേരുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നും പറഞ്ഞു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോഡി വിദ്വേഷ പ്രസംഗം നടത്തിയത്.

കൂടുതല്‍ സ്വത്ത് ഉണ്ടാക്കുന്ന നുഴഞ്ഞുകയറ്റക്കാരായ ഇവരിലേക്ക് നിങ്ങളുടെ സ്വത്തും രാജ്യത്തിന്റെ സ്വത്തും പോകുന്നത് അനുകൂലിക്കുന്നുണ്ടോ എന്നും അദ്ദേഹംചോദിച്ചു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ വിഷംചീറ്റി വോട്ടുകള്‍ സമാഹരിക്കാനാണ് മുസ്ലിം ജനവിഭാഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന മോഡിയുടെ വാക്കുകള്‍. കടുത്ത പെരുമാറ്റച്ചട്ട ലംഘനം നടത്തിയ മോഡി കോണ്‍ഗ്രസിനെ ആക്രമിക്കുന്നതിന്റെ മറവിലാണ് മുസ്ലിം ജനവിഭാഗത്തെ കരുവാക്കിയത്.
മോഡിക്ക് പിറകേ നിരവധി ബിജെപി നേതാക്കളും ഹീനമായ പരാമര്‍ശങ്ങളുമായി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ടുറപ്പിക്കുവാന്‍ രംഗത്തെത്തി.
മോഡിയുടെ വിദ്വേഷ പ്രസംഗത്തെ അപലപിച്ച് സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. രാജ്യം ഇതുവരെ കാണാത്ത, ഒരു പ്രധാനമന്ത്രിയുടെ നാവില്‍ നിന്നും വരാത്തവിധത്തിലുള്ള വിദ്വേഷ പ്രസംഗമാണ് മോഡി നടത്തിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ഇത്തരം നിലപാട് സ്വീകരിക്കുന്ന മോഡിയെ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നു സത്വരമായി ഉണ്ടാകണമെന്നും ആവശ്യമുയര്‍ന്നു.
രാജ്യത്തെ മതേതര നിലപാടിനെ വിഷലിപ്തമാക്കുന്ന മോഡി ഹിറ്റ്ലറെ പോലും തോല്പിക്കുന്ന ഏകാധിപത്യ നിലപാടിലേക്ക് മാറുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ വേട്ടയാടുന്ന കമ്മിഷന്‍ മോഡിയുടെ വര്‍ഗീയ‑ഫാസിസ്റ്റ് നിലപാടിനെ സാധൂകരിക്കുന്ന വിധം മൗനം പാലിക്കുന്നത് ചോദ്യം ചെയ്ത് വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും രംഗത്ത് വന്നു.

കവാത്ത് മറന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

പച്ചയായ പെരുമാറ്റച്ചട്ട ലംഘനം നടത്തിയ നരേന്ദ്ര മോഡിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വാളോങ്ങുന്ന കമ്മിഷനാണ് കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ മോഡിക്കെതിരെ മൗനം പാലിക്കുന്നത്.
മുസ്ലിം ജനവിഭാഗം കുടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നുവെന്നും നുഴഞ്ഞുകയറ്റം നടത്തുന്നവരാണെന്നും മോഡി പ്രസ്താവിച്ചിട്ടും ഇതിനെതിരെ കടുത്ത ജനരോഷം ഉയര്‍ന്നപ്പോള്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞത്. സ്വതന്ത്രമാായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കേണ്ട കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ വാലാട്ടിയാകുന്നുവെന്ന ആക്ഷേപം ശക്തമാകുകയാണ്.
പ്രതിപക്ഷം വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ വേളയിലാണ് കമ്മിഷന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയത്.

സിപിഐ പരാതി നല്‍കി

നരേന്ദ്ര മോഡി രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പൊതുയോഗത്തില്‍ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ഒരു പ്രത്യേക സമുദായത്തിന്റെ പേര് പരാമര്‍ശിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. മുസ്ലിം സമുദായത്തെ നുഴഞ്ഞുകയറ്റക്കാർ, ജനസംഖ്യ വർധിപ്പിക്കുന്നവർ എന്നിങ്ങനെ ഏറ്റവും നിന്ദ്യമായ രീതിയിലാണ് അവതരിപ്പിച്ചത്. വോട്ട് നേടുന്നതിന് മതം ഉപയോഗിക്കുന്നതിനെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വ്യക്തമായി തടയുന്നുണ്ട്. കൂടാതെ, പ്രധാനമന്ത്രിയുടെ പ്രസ്താവന ന്യൂനപക്ഷ സമുദായത്തെ അപമാനിക്കുന്നതും വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാനുള്ള നടപടിയുമാണെന്നും ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Eng­lish Summary:Muslims are intrud­ers; Hatred modi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.