6 May 2024, Monday

നാഗ്പൂര്‍ കല്പിക്കുന്നു, ഡല്‍ഹി അനുസരിക്കുന്നു

അഡ്വ. കെ പ്രകാശ്ബാബു
September 7, 2023 4:45 am

രു രാഷ്ട്രമെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും വൈവിധ്യത്തെ കൈവിടാതെ സംരക്ഷിക്കുന്നതാണ് സ്വതന്ത്രഇന്ത്യയുടെ നാളിതുവരെയുള്ള മുഖമുദ്ര. അതില്ലാതാക്കുവാന്‍ ആര്‍എസ്എസ് എന്ന ഹിന്ദുത്വ സംഘടന അതിന്റെ രൂപീകരണ കാലഘട്ടം മുതല്‍ ശ്രമിക്കുകയും ചെയ്യുന്നു. 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിലെത്തിയ നരേന്ദ്രമോഡിയെക്കാള്‍ ശക്തനായ ഒരു സംഘ് പ്രവര്‍ത്തകനെയാണ് 2019ല്‍ വീണ്ടും പ്രധാനമന്ത്രിയായ മോഡിയില്‍ നാം കാണുന്നത്. അതിന് കാരണം മറ്റൊന്നുമല്ല, പാര്‍ലമെന്റില്‍ ബിജെപിക്ക് ലഭിച്ച ഉയര്‍ന്ന ഭൂരിപക്ഷമാണ്. ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ഭരണഘടനാ വിരുദ്ധമായി വെട്ടിമുറിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതും പൗരത്വം നിര്‍ണയിക്കുന്നതിനു ‘മതം’ ഒരു ഘടകമായ 2019 ലെ പൗരത്വഭേദഗതി നിയമം പാസാക്കിയതിനു പിന്നിലുള്ളതും ഈ ഉയര്‍ന്ന ഭൂരിപക്ഷമാണ്. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡും ”ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന സംഘ്പരിവാര്‍ നിര്‍ദേശവും നടപ്പിലാക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതും ഈ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ്.

ഇന്ത്യന്‍ ദേശീയതയെ ഹിന്ദുത്വ ദേശീയതയായി വ്യാഖ്യാനിക്കുകയും ആര്യ സംസ്കാരത്തെ മാത്രം പ്രാചീന ഭാരതീയ സംസ്കാരമായി ചിത്രീകരിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ ശക്തികള്‍ ദേശീയ സ്വാതന്ത്ര്യ സമരത്തെപ്പോലും തമസ്കരിക്കുന്നു. ”പരിപാവനമായ ഈ ഭാരതഭൂമിയില്‍ യഥാര്‍ത്ഥവും ശാശ്വതവും മഹത്തരവുമായ ദേശീയ ജീവിതം ഹിന്ദു ജനതയുടെ മാത്രമാണെ”ന്ന് ആര്‍എസ്എസുകാര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യില്‍ ഹിന്ദുരാഷ്ട്രത്തിന്റെ വൈശിഷ്ട്യം വിശദീകരിക്കുന്നതില്‍ ‘ഹിന്ദുരാഷ്ട്രവും ന്യൂനപക്ഷങ്ങളും‘എന്ന ഭാഗത്ത് ”മുസ്ലിങ്ങളും ക്രൈസ്തവരുമായ സഹോദരങ്ങള്‍ ചെയ്യേണ്ടത് മതന്യൂനപക്ഷമെന്ന മനോഭാവം മാറ്റിവയ്ക്കുകയും വൈദേശിക മനോഭാവത്തെ ഉപേക്ഷിക്കുകയും ഈ മണ്ണിന്റെ പൊതുദേശീയധാരയില്‍ സമ്പൂര്‍ണമായി വിലയം പ്രാപിക്കുകയും ചെയ്യുകയാണ്” എന്നാണ് പറഞ്ഞിട്ടുള്ളത്. ‘ഹിന്ദുരാഷ്ട്രവും മതേതരത്വവും’ എന്ന ഭാഗത്ത് ”പാശ്ചാത്യ ലോകത്ത് ഉത്ഭവിച്ച അര്‍ത്ഥത്തില്‍, മതേതരത്വമെന്ന ആശയത്തിന് നമ്മുടെ രാജ്യത്ത് പ്രസക്തിയില്ലായെന്ന് ആദ്യമേതന്നെ പറഞ്ഞുകൊള്ളട്ടെ” യെന്ന് വിശദീകരിച്ചുകൊണ്ടാണ് തന്റെ വാദങ്ങള്‍ ഓരോന്നായി സമര്‍ത്ഥിക്കുന്നത്.


ഇതുകൂടി വായിക്കൂ:   ഇന്ത്യയെ ഭയക്കുന്നത് ആര് ?


ഏകഘടക രാജ്യത്തിനുവേണ്ടി വാദിക്കുന്ന ഗോള്‍വാള്‍ക്കര്‍, അതിനുവേണ്ടി ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും സമര്‍ത്ഥിക്കുന്നുണ്ട്. ”നാം ഒറ്റ രാജ്യമാണ്. ഒറ്റ സമാജമാണ്, ഒറ്റ രാഷ്ട്രമാണ്. ഒരേ ജീവിതമൂല്യങ്ങളും ലൗകികാഭിലാഷങ്ങളും താല്പര്യങ്ങളുമുള്ള ഒറ്റ ജനവിഭാഗമാണ്. ഏക ഘടകമായ ഒറ്റ ഭരണകൂടത്താല്‍ ഭരിക്കപ്പെടേണ്ടതാണ്. ഇന്നത്തെ ഫെഡറല്‍ പദ്ധതി വിഭാഗീയ ചിന്തകളെ സൃഷ്ടിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഒരു തരത്തില്‍ ഒരൊറ്റ രാഷ്ട്രമാണെന്ന സത്യത്തെ നിഷേധിക്കുന്നു. അതുകൊണ്ട് ആ ഘടന വിഭജനാത്മകമാണ്. ആ തെറ്റുതിരുത്തുകയും ഏകഘടക സര്‍ക്കാര്‍ ഉണ്ടാക്കേണ്ടതിലേക്ക് ഭരണഘടന ഭേദഗതി ചെയ്യുകയും വേണം” എന്ന് ഗോള്‍വാള്‍ക്കര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം ഇല്ലാതാക്കുക വഴി നാട്ടുരാജ്യങ്ങളുടെ കൂട്ടായ്മയായി പിറവിയെടുത്ത ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന സവിശേഷതകളെയാണ് മോഡി ഭരണകൂടം ഇല്ലാതാക്കുന്നത്. ഒരു രാഷ്ട്ര സ്വയംസേവകനായതില്‍ അഭിമാനിക്കുന്നു എന്നു പറയുന്ന നരേന്ദ്രമോഡിയെന്ന പ്രധാനമന്ത്രി ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്ര സിദ്ധാന്തം പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ത്യയെന്ന രാജ്യത്തെ മനസിലാക്കിയിട്ടും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് പലരും ചിലപ്പോള്‍ വിചാരിച്ചു കാണില്ല. കേന്ദ്ര ഭരണകൂടത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസിന്റെ കയ്യില്‍ ഒതുങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവായി വേണം ഈ ഏകതാ വാദത്തെ കാണാന്‍.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറും തട്ടിപ്പും എല്ലാക്കാലത്തും നിലനില്‍ക്കാത്തതുമാണെന്ന് അനുഭവത്തില്‍ക്കൂടി നമുക്കറിയാം. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിനു ശേഷം 1952ലും 1957ലും ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. വ്യത്യസ്തമായ കാരണങ്ങളാല്‍ സംസ്ഥാന നിയമസഭകളെ പിരിച്ചുവിടുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തപ്പോഴാണ് ഇടക്കാല തെരഞ്ഞെടുപ്പുകള്‍ അനിവാര്യമായത്. ലോക്‌സഭയിലേക്കും ഇടക്കാല തെരഞ്ഞെടുപ്പ് ആവശ്യമായി വന്നിട്ടുള്ളതും സര്‍ക്കാരിന്റെ അസ്ഥിരതയെ തുടര്‍ന്നാണ്. അത്തരം സാഹചര്യങ്ങളും തെരഞ്ഞെടുപ്പുകളും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടര്‍ന്നാല്‍ ഇനിയുമുണ്ടാകും.

തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ കൂറുമാറ്റവും അതിനിടയാക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടവും അവസാനിപ്പിക്കുകയും രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവും പണത്തിന്റെ കുത്തൊഴുക്കും ഇല്ലാതാക്കുകയും ചെയ്താല്‍ മാത്രമേ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയ്ക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ. കോര്‍പറേറ്റ് കമ്പനികളുടെ ദാസന്മാരായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന് രാജ്യതാല്പര്യം മുദ്രാവാക്യങ്ങളുടെ ഭംഗി കൂട്ടാനുള്ള ഒരുപകരണം മാത്രമാണ്. കോര്‍പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പുതിയ അജണ്ടകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കേണ്ടതിന്റെ തിരക്കിലാണിപ്പോള്‍.


ഇതുകൂടി വായിക്കൂ:  പ്രധാനമന്ത്രിയുടെ തള്ളലും ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും


‘ഇന്ത്യ’യെന്ന പുതിയ ഫാസിസ്റ്റ്‌വിരുദ്ധ ചേരിയുടെ പേരു തന്നെ പ്രധാനമന്ത്രിയെയും കൂട്ടരെയും വിറളി പിടിപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പേരിനോട് സാമ്യതയുള്ള പ്രതിപക്ഷ സഖ്യത്തെ ഭയന്ന് രാജ്യത്തിന്റെ പേരുമാറ്റാന്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

അതിന്റെ പ്രാരംഭമായ ചില നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ കേവലമായ വൈകാരികതലങ്ങളെ തെരഞ്ഞെടുപ്പ് ചര്‍ച്ചയുടെ കേന്ദ്രബിന്ദുവാക്കി മാറ്റി ഒരിക്കല്‍ക്കൂടി ജനങ്ങളെ കബളിപ്പിക്കാനാണ് പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും ശ്രമിക്കുന്നത്. പൊള്ളയായ ഇത്തരം സമീപനങ്ങളെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.