17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 16, 2024
February 3, 2024
November 26, 2023
October 17, 2023
September 28, 2023
March 6, 2023
January 19, 2023
September 30, 2022
September 30, 2022
September 26, 2022

പൊന്‍തിളക്കത്തില്‍ നഞ്ചിയമ്മയുടെ ‘കളക്കാത്ത സന്ദനമേറം’

Janayugom Webdesk
July 22, 2022 10:38 pm

ലോകം ആദരിക്കുന്ന പിന്നണി ഗായികമാര്‍ക്കൊപ്പം മത്സരിച്ച നഞ്ചിയമ്മയുടെ പാട്ടിന് ദേശീയ പുരസ്കാരം. ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ’ എന്ന ഗോത്രതാളത്തിന്റെ ജൈവികതയും തനിമയും നിറഞ്ഞ പാട്ടുകാരി നഞ്ചിയമ്മയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചതിന് പിന്നാലെയാണ് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരമെത്തുന്നത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ നാലു പാട്ടുകളാണ് നഞ്ചിയമ്മയുടെ ശബ്ദത്തില്‍ പുറത്തു വന്നത്.
അയ്യപ്പനും കോശിയും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും മുമ്പേ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയേയും ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. യുട്യൂബിൽ റിലീസ് ചെയ്ത ഗാനം ആദ്യദിവസം തന്നെ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. നഞ്ചിയമ്മയുടേത് തന്നെയാണ് ഈ ഗാനത്തിന്റെ വരികള്‍. ചിത്രത്തിലെ ‘ദൈവമകളേ‘ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ദേശീയ പുരസ്കാരത്തെപ്പറ്റിയുള്ള ചോദ്യത്തിന് ‘നാന്‍ ഇനിയും പാടും’ എന്ന നിഷ്കളങ്ക മറുപടിയാണ് അവര്‍ നല്‍കിയത്. സിനിമയില്‍ തന്റെ ശബ്ദം കേൾപ്പിച്ച സച്ചി സാറിന് നന്ദിയെന്നും അവര്‍ പറഞ്ഞു.
ആദിവാസി വിഭാഗത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിലാണ് താമസിക്കുന്നത്. കൃഷിപ്പണിയെടുത്തും ആടുമാടുകളെ മേച്ചും ഉപജീവനമാർഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ജീവനാണ്. തലമുറകള്‍ കൈമാറി വന്ന ഈണങ്ങളാണ് നഞ്ചിയമ്മയിലൂടെ മലയാള സിനിമയില്‍ എത്തിയത്.
സിന്ധു സാജൻ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയിലാണ് നഞ്ചിയമ്മ ആദ്യമായി പാടുകയും അഭിനയിക്കുകയും ചെയ്തത്. ആദിവാസി സംസ്കാരത്തിന്റെ ആദിതാളമാണ് നഞ്ചിയമ്മയുടെ സംഗീതം. അകറ്റി നിർത്തപ്പെടുന്നവർ പാട്ടിലൂടെ, ശബ്ദത്തിലൂടെ സംസ്കാരം വീണ്ടെടുക്കുന്നു. നാടൻ പാട്ടുകൾ സവിശേഷ താളത്തിൽ കെട്ടിയുണ്ടാക്കുന്നത് ഈ എലുകയിലാണ്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ ആദിവാസി കലാകാരന്‍ പഴനി സ്വാമി നേതൃത്വം നല്കുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ. 

Eng­lish Sum­ma­ry: Nan­ji­amma’s ‘Kalakatha San­danam­er­am’ won award

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.