ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി ഹൈദരാബാദിൽ കൂടിക്കഴിഞ്ഞു. 80 സ്ഥിരാംഗങ്ങളും 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ഹൈദരാബാദിൽ തലപുകയ്ക്കുന്നത് ഒറ്റ അജണ്ടയിലായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയെ പച്ച പിടിപ്പിക്കണം, ആ ഏക അജണ്ട. നരേന്ദ്രമോഡി മുതൽ അബ്ദുള്ളക്കുട്ടി വരെ ഹൈദരാബാദിൽ ചർച്ച നടത്തി. ദക്ഷിണേന്ത്യ പിടിക്കണമെങ്കിൽ ആദ്യം തെലങ്കാന പിടിക്കണമെന്നാണ് മോഡി-ഷാ ദ്വയം മറ്റുള്ള നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ കാര്യകർത്താക്കളും 10 ദിവസം മുമ്പ് തെലങ്കാനയിലെ ഗ്രാമങ്ങളിലെത്തി സാധാരണ പ്രവർത്തകരോട് സംവദിക്കണമെന്നായിരുന്നു ഡൽഹിയിൽ നിന്നുണ്ടായ നിർദ്ദേശം.
ഒരുപാട് പഞ്ചനക്ഷത്ര ഹോട്ടലുകളും ശീതീകരിച്ച ഗസ്റ്റ് ഹൗസുകളുമില്ലാത്ത തെലങ്കാനയുടെ ഗ്രാമീണ മേഖലയിൽ പോയി വിയർക്കാൻ ഹിന്ദി മാത്രം അറിയുന്ന ഉത്തരേന്ത്യൻ നേതാക്കൾക്കോ ഉത്തര‑കിഴക്കൻ ഇന്ത്യയിൽ നിന്നെത്തിയ നേതാക്കൾക്കോ അസാരം മടിയായിരുന്നു എന്നാണ് ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്.
മന്ത്രിമാരിൽ പലരും ഹൈദരാബാദിൽ തങ്ങി. തെലങ്കാനയിലെ സാധാരണ പ്രവർത്തകർക്ക് ഹിന്ദി അറിയാത്തതുകൊണ്ട് വലിയ ആശയവിനിമയമൊന്നും നേതാക്കൾക്ക് ആരുമായും നടത്തേണ്ടിവന്നില്ല. ബിജെപി ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു പരിപാടി നടത്താൻ ദേശീയ നേതൃത്വം തീരുമാനിച്ചത്. പണി പാളിയെന്ന് മാത്രമല്ല, അധികാരം ഈ നേതാക്കളെ എത്രത്തോളം ദുഷിപ്പിച്ചിരിക്കുന്നു എന്ന് അണികൾക്ക് ബോധ്യം വരികയും ചെയ്തു. വിവിധ പത്രങ്ങളുടെ പ്രാദേശിക റിപ്പോർട്ടർമാർ ബിജെപിയുടെ ഈ കലാപരിപാടിയെ പൊളിച്ചടുക്കുകയും ചെയ്തപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി കാര്യങ്ങൾ.
യാത്രകളിലാണ് ഇപ്പോഴും ബിജെപിക്ക് വിശ്വാസം. രഥയാത്ര നടത്തിയതിന്റെ അനുഭവത്തിൽ നിന്നാകണം അടുത്ത സ്നേഹയാത്ര നടത്താൻ നരേന്ദ്രമോഡി ആഹ്വാനം ചെയ്തത്. ദക്ഷിണേന്ത്യൻ പിന്നാക്ക ജനവിഭാഗങ്ങളിലേക്കെത്താൻ സ്നേഹയാത്രയിലൂടെയേ സാധിക്കൂവെന്നാണ് സംഘ്പരിവാറിന്റെ കണ്ടുപിടിത്തം. ദക്ഷിണേന്ത്യയുടെ സോഷ്യൽ എൻജിനീയറിങ് മനസിലാക്കാൻ സംഘ്പരിവാറിന് ഇപ്പോഴും സാധിച്ചിട്ടില്ല, ഇനി സാധിക്കുകയും ഇല്ല. മനുസ്മൃതിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അലകും പിടിയും മനസിലാക്കാൻ പ്രയാസമായിരിക്കും. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും തെലങ്കാനയുടെയും സ്വത്വബോധത്തിൽ താമര വിരിയിക്കാൻ ബിജെപി രാഷ്ട്രീയത്തിന് സാധിക്കില്ല. കേരളത്തിന്റെ മനസിലെ കമ്മ്യൂണിസ്റ്റ് ബോധവും തമിഴ്മനസിലെ ദ്രാവിഡ ബോധവും ബ്രാഹ്മണ്യത്തിന്റെ അഴുക്കു പേറുന്ന ബിജെപിക്ക് വലിയ വെല്ലുവിളി തന്നെയായിരിക്കും. വിവിധ സംസ്ഥാനങ്ങളിൽ കരുത്താർജ്ജിക്കുന്ന പ്രാദേശിക രാഷ്ട്രീയത്തിന്റെ ഉറച്ച തട്ടകങ്ങളിൽ ബിജെപി നിഷ്കാസിതമാകുകയും ഒരു താല്ക്കാലിക ഭ്രമം കാരണം ബിജെപിയിലെത്തിയവർ തിരികെ അവരുടെ മാതൃ സംഘടനകളിലേക്ക് മടങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ബംഗാൾ അതിനൊരു ഉദാഹരണമാണ്. അടുത്ത നാൽപ്പതു വർഷമെങ്കിലും ഇന്ത്യ ഭരിക്കാമെന്ന മോഹത്തിലാണ് ബിജെപി. ഇന്ത്യാക്കാരുടെ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്നതാണ് ഈ പ്രസ്താവന. നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ ഞങ്ങളേയുള്ളൂ എന്ന അവസ്ഥ സൃഷ്ടിക്കാൻ സർവ ജനാധിപത്യ വിരുദ്ധ പ്രവർത്തികളും കാണിക്കാൻ സംഘ്പരിവാരം ഒരുങ്ങും. വംശഹത്യയുടെ പുതിയ പകർപ്പുകൾ അവർ സൃഷ്ടിക്കും. ഇന്ത്യയെ അറിയാതെയുള്ള പ്രവർത്തിയായിരിക്കും അത്.
പിന്നാക്ക വിഭാഗത്തിനും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി സംസാരിക്കുന്ന എല്ലാവരെയും ജയിലിൽ അടച്ചശേഷം പിന്നാക്കക്കാർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പറയുന്ന നുണ ഉച്ചത്തിൽ ഘോഷിക്കാൻ ഇങ്ങനെ നരേന്ദ്ര മോഡിമാര്‍ക്ക് മാത്രമേ കഴിയൂ. അധികാരത്തിന്റെ പകിട്ടിൽ ജനതയെ അറിയാതെ പോകുന്നതുകൊണ്ടാണ് ഇത്തരം നുണകൾ ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വിൽക്കുന്ന നുണകൾ ദക്ഷിണേന്ത്യയിൽ വിപണനം ചെയ്യാൻ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇവർ ഇത്തരം പ്രമേയങ്ങൾ പാസാക്കുന്നത്. പ്രച്ഛന്നവേഷ മത്സരത്തിന് തയാറായി നിൽക്കുന്നവരെപ്പോലെ വസ്ത്രധാരണം നടത്തി ദക്ഷിണേന്ത്യൻ ജന മനസുകളിലേക്കിറങ്ങാമെന്ന വ്യാമോഹത്തിന് എന്താണ് അടിസ്ഥാനം? ബിജെപിയുടെ അബദ്ധജഡിലമായ പ്രസ്താവന കണ്ട് ഏറ്റവുമധികം ചിരിച്ചത് എം കെ സ്റ്റാലിനും ചന്ദ്രശേഖര റാവുവും നവീൻ പട്നായിക്കുമൊക്കെയായിരിക്കും.
ഹിന്ദുക്കളല്ലാത്തവരിലേക്ക് ഇറങ്ങി ചെല്ലണമെന്നാണ് മോഡി മറ്റു സംഘ്പരിവാര നേതാക്കളോട് ആവശ്യപ്പെട്ടത്. ഇതിൽനിന്നും വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. വളരെ അപകടകരമായ കാര്യം. രാജ്യത്തിന്റെ പ്രധാനമന്ത്രി നാട്ടുകാരെ കാണുന്നത് ഹിന്ദു, മുസ്‌ലിം, കൃസ്ത്യാനി എന്നിങ്ങനെയാണ്. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുമെന്ന് ഭരണഘടനയെ തൊട്ട് സത്യം ചെയ്ത പ്രധാനമന്ത്രിയാണ് ഇത് പറയുന്നത്.
നാട് കടന്നുപോകുന്നത് വളരെ അപകടകരമായ സാമ്പത്തിക സാഹചര്യങ്ങളിലൂടെയാണ്. അതേക്കുറിച്ചുള്ള പ്രമേയത്തിൽ പെരുംനുണകൾ മാത്രമാണ് എഴുതിച്ചേർത്തിരിക്കുന്നത്. അവിടെ കൂടിയിരുന്ന മോഡി ഭക്തർക്കു മാത്രം ദഹിക്കുന്ന തരത്തിലാണ് അതിലെ വാചകങ്ങൾ. ശരവേഗത്തിൽ താഴേക്ക് കൂപ്പുകുത്തുന്ന രൂപയുടെ മൂല്യത്തെക്കുറിച്ച് ഒരക്ഷരംപോലും ഈ പ്രമേയത്തിലില്ല. വർധിച്ചുവരുന്ന തൊഴിലില്ലായ്മ ബിജെപിക്ക് ഒരു പ്രശ്നമേയല്ല. കോർപറേറ്റുകൾ നൽകുന്ന വമ്പൻ സംഭാവനകളുടെ പുറത്ത് ജീവിക്കുന്ന ഒരു മതാധിഷ്ഠിത ഭരണകൂടത്തിന് ഇതൊന്നും മനസിലാകണമെന്നില്ല. അധികാരം അവർക്ക് രാജ്യം നന്നാക്കാനുളളതല്ല. ഒരിക്കലും ആകുകയുമില്ല.
ഒരുകാലത്ത് ബിജെപിയെ അകമഴിഞ്ഞ് സഹായിച്ചിരുന്ന കെ ചന്ദ്രശേഖര റാവുവെന്ന തെലങ്കാന മുഖ്യമന്ത്രി തന്റെ നഗരത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പോയില്ലെന്ന് മാത്രമല്ല ഹൈദരാബാദിൽ കുറേ പൊളിറ്റിക്കൽ ടൂറിസ്റ്റുകൾ വന്നിട്ടുണ്ടെന്ന് കളിയാക്കുകയും ചെയ്തു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സംസ്ഥാന മുഖ്യമന്ത്രി എത്താതിരുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നൊക്കെ സ്മൃതി ഇറാനി കരഞ്ഞെങ്കിലും പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയ്ക്ക് ഗംഭീരമായ സ്വീകരണമൊരുക്കുന്ന തിരക്കിലായിരുന്നു കെസിആറും മകനും. തെലങ്കാനയുടെ ഭരണമെന്ന ബിജെപി സ്വപ്നം യാഥാർത്ഥ്യവുമായി ഒരു തരത്തിലും അടുക്കുന്നതല്ല. പഴയ കോൺഗ്രസ് എംപിയും വലിയ വ്യവസായിയുമായ കോണ്ട വിശ്വേശർ റെഡ്ഡിയാണ് തെലുങ്കാനയിലെ ബിജെപി നേതാവ്. കാശുണ്ടെന്നല്ലാതെ രാഷ്ട്രീയബോധം തീരെയില്ലാത്ത വിശ്വേശർ റെഡ്ഡിക്ക് യാതൊരുവിധ ജനസ്വാധീനവുമില്ലെന്ന് അറിയാഞ്ഞിട്ടല്ല മോഡി-ഷാ ദ്വയം ഇയാളെ വിശ്വസിക്കുന്നത്. തമ്മിൽ ഭേദം തൊമ്മനെന്ന പഴഞ്ചൊല്ലിൽ വിശ്വസിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിർബന്ധിതമായി എന്നേയുള്ളൂ. ഹൈദരാബാദിൽ ബിജെപി നേതാക്കൾ എത്തിയത് എന്തെങ്കിലും രാഷ്ട്രീയ കുതിരക്കച്ചവടത്തിനാണെന്ന് വിശ്വസിക്കുന്ന നാട്ടുകാരും ഇവിടെയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരേയൊരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ബിജെപിക്ക് ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ നാല്പതിലധികം വാർഡുകളിൽ ജയിക്കാൻ കഴിഞ്ഞതാണ് ഇപ്പോഴത്തെ അമിതാവേശത്തിന്റെ പ്രധാന കാരണം. ലോക്‌സഭയിൽ നിലവിലുള്ള ബിജെപി എംപിമാരിൽ നൂറ് പേരെങ്കിലും അടുത്ത ഇലക്ഷനിൽ തോൽക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. ആ കുറവ് നികത്തണമെങ്കിൽ ദക്ഷിണേന്ത്യയിൽ അടിയുറപ്പിക്കണമെന്ന് ബിജെപിക്കു പുറത്തുള്ള ഉപദേഷ്ടാക്കൾ മോഡിയെ ധരിപ്പിച്ചിട്ടുണ്ട്. പ്രാദേശിക പാർട്ടികളെ വളരാൻ അനുവദിക്കുന്നത് ബിജെപിക്ക് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യുമെന്നും ഇവർ മോഡിയെ ബോധിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ശിവസേനയെ ശിഥിലമാക്കിയ അതേ തന്ത്രവുമായാണ് മോഡി ഹൈദരാബാദിൽ ലാൻഡ് ചെയ്തത്. അതിന്റെ ഫലം കാത്തിരുന്നു കാണുകയേ നിവർത്തിയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.