19 December 2024, Thursday
KSFE Galaxy Chits Banner 2

ദേശീയ വികസന പരിപ്രേക്ഷ്യങ്ങളും ആഗോളതല അനിശ്ചിതത്വങ്ങളും

പ്രൊഫ. കെ അരവിന്ദാക്ഷൻ
August 24, 2022 5:30 am

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വികസനം നാമെല്ലാം പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള ഗുരുതരമായ രണ്ട് വെല്ലുവിളികളാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഉക്രെയ്‌ന്‍-റഷ്യ യുദ്ധവും നാറ്റോ സഖ്യരാജ്യങ്ങള്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളും കോവിഡ് പ്രതിരോധ ലോക്ഡൗണുകളും ആഗോള ചരക്കു-സേവന ലഭ്യതയിലുണ്ടായ അനിശ്ചിതത്വങ്ങളും സൃഷ്ടിച്ച വലിയ തോതിലുള്ള പ്രതിസന്ധികളുമാണ് ഒന്നാമത്തേത്‍. രണ്ടാമത്തെ പ്രധാന പ്രശ്നം കൃത്യവും വിശ്വസനീയവുമായ സ്ഥിതിവിവര കണക്കുകളുടെ അഭാവവും അപര്യാപ്തതയും നയരൂപീകരണത്തില്‍ അനിശ്ചിതത്വവും നടപ്പാക്കാന്‍ തുടങ്ങിയ നയങ്ങള്‍ പരാജയപ്പെടുകയും ചെയ്യുന്നു എന്നതാണ്.

കേന്ദ്ര ഭരണകൂടവും അതിന് നേതൃത്വം നല്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും ഇതൊന്നും പരസ്യമായി അംഗീകരിക്കാന്‍ തയാറാകുന്നില്ല. മാത്രമല്ല സമ്പദ്‌വ്യവസ്ഥ അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്ന പിആര്‍ വര്‍ക്കും വ്യാപകമായി നടത്തിവരികയുമാണ്. രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധികളായ പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിന് ഫാസിസ്റ്റ് ഭരണകര്‍ത്താക്കള്‍ ചെയ്യുന്നതുപോലെ കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇഡി, സിബിഐ, എന്‍ഐഎ തുടങ്ങിയവയെക്കൂടി ദുരുപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേനയുടെ ഔദ്യോഗിക വിഭാഗം നേതാക്കള്‍ എന്നിങ്ങനെയുള്ളവര്‍ക്കെതിരെ കെട്ടിച്ചമച്ച അഴിമതി ആരോപണങ്ങളുയര്‍ത്തി നിരന്തരം അന്വേഷണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് ശ്രമം നടത്തിവരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് എംപി കാര്‍ത്തിക് ചിദംബരം, ശിവസേന ഔദ്യോഗികാ വിഭാഗം നേതാവും പാര്‍ലമെന്റ് അംഗവുമായ സഞ്ജയ് റാവത്ത് തുടങ്ങിയവര്‍ ഇതില്‍ ഏതാനും ഇരകള്‍ മാത്രമാണ്. ആഗോള സാമ്പത്തിക – സൈനിക മേഖലകളിലെ പ്രതികൂല സാഹചര്യങ്ങള്‍ക്ക് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്കുമേല്‍ ആഘാതമേല്പിക്കാന്‍ കഴിയുന്നുണ്ടെന്ന് പരോക്ഷമായി അംഗീകരിക്കാന്‍ പോലും മോഡി — സംഘ്പരിവാര്‍ നേതൃത്വം സന്നദ്ധമാകുന്നില്ലെന്നതാണ് ആശ്ചര്യമുളവാക്കുന്നത്.


ഇതുകൂടി വായിക്കുക:  വിശപ്പ് ഭരിക്കുന്നു; സമ്പത്ത് കുന്നുകൂടുന്നു


നയരൂപീകരണത്തിലെ അനിശ്ചിതത്വം പതിന്മടങ്ങ് ഉയരുന്നതിന് ആഗോളതലത്തിലുള്ള അനിശ്ചിതത്വങ്ങളും വഴിയൊരുക്കുന്നുണ്ട്. ഇന്ത്യയിലെ ഭരണവര്‍ഗത്തെ സംബന്ധിച്ചിടത്തോളം ഇതുസംബന്ധമായും വ്യക്തമായ വിലയിരുത്തലോ ധാരണയോ ഒന്നുമില്ലെന്നതാണ് തിരിച്ചറിയേണ്ട ഒരു വസ്തുത.

ആഗോള അനിശ്ചിതത്വങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് 2020ലാണ്. അന്നാണ് സാര്‍സ്-കോവ്-2 വൈറസ്, കോ വിഡ് 19 എന്ന മാരക രോഗത്തിന് തുടക്കമാകുന്നത്. ഈ രോഗത്തിന്റെ അമിത വേഗതയോടുകൂടിയ വ്യാപനം മനുഷ്യാധ്വാനത്തിന്റെ കനത്ത ക്ഷതമേല്പിക്കുകയും ഉല്പാദന തകര്‍ച്ചയിലേക്ക് ലോകരാജ്യങ്ങളെയാകെതന്നെ വിധേയമാക്കുന്നതും വിവിധ രാജ്യങ്ങള്‍, വിവിധ ഘട്ടങ്ങളിലായി വ്യത്യസ്ത മാനങ്ങളോടുകൂടിയാണ് ലോക്‌ഡൗണുകള്‍ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഇതെല്ലാം അവയെ തുല്യ നിലയിലായിരുന്നു പ്രതിരോധ നടപടികളുടെ ആഘാതമേല്പിച്ചതെന്നോര്‍ക്കുക. തൊഴില്‍ നഷ്ടം, ഉല്പാദന വീഴ്ചയിലേക്കും വരുമാന നഷ്ടത്തിലേക്കും നയിച്ചതോടെ, ഡിമാന്‍ഡും ക്രയശേഷിയും കുത്തനെ ഇടിയുകയായിരുന്നു. ഇത് ഗുരുതരമായൊരു ദൂഷിത വലയത്തിലേക്കാണ് മുഴുവന്‍ രാജ്യങ്ങളെയും കൊണ്ടെത്തിച്ചത്. സമ്പദ്‌വ്യവസ്ഥയുടെ നിശ്ചലാവസ്ഥയ്ക്ക് മറ്റൊരു സാഹചര്യവും ആവശ്യമായിരുന്നില്ല. ഇതേപ്പറ്റിയൊന്നും മുന്‍കൂട്ടി കണ്ടെത്താനോ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനോ കഴിയുമായിരുന്നില്ല. കോവിഡ് മഹാമാരി ആദ്യ അനുഭവമായിരുന്നതിനാല്‍ തന്നെ, അതിന്റെ ആവര്‍ത്തനം സംബന്ധിച്ച് വ്യക്തമായൊരു ധാരണയിലെത്തുക അസാധ്യമായിരുന്നു. വിലനിലവാരം ആഗോളതലത്തില്‍ രൂക്ഷമായി ഉയര്‍ന്നതോടൊപ്പം സമ്പദ്‌വ്യവസ്ഥയിലെ വളര്‍ച്ചയുടെ മെല്ലപ്പോക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും മരവിപ്പിലേക്കുമാണ് ലോകരാജ്യങ്ങളെ നയിച്ചത്. വൈരുദ്ധ്യമെന്ന് തോന്നാനിടയുള്ള ഈ പ്രതിഭാസമാണ് ‘സാഗ്പ്ലേഷന്‍’ അതായത് മരവിപ്പും (സ്റ്റാഗ് ഫ്ലേഷന്‍) പണപ്പെരുപ്പവും (ഇന്‍ഫ്ലേഷന്‍) ചേര്‍ന്നൊരു പ്രതിഭാസം.

ഇപ്പോള്‍ ‘വാനരവസൂരി’ (മങ്കി പോക്സ്) എന്ന പേരില്‍ ഒരു പുതിയ രോഗം രൂപപ്പെട്ട് വന്നിരിക്കുകയാണ്. ഇതിനകം ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളില്‍ ഇത് ബാധിച്ചിരിക്കുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ മങ്കിപോക്സ് കോവിഡിന്റേതുപോലൊരു അപകടകാരിയല്ല. അതേസമയം ഇക്കാര്യത്തില്‍ ജാഗ്രത ഒഴിവാക്കാനും പാടില്ല. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിസാരമാണെന്ന തോന്നലുണ്ടെങ്കിലും സര്‍ക്കാരിന് അത് ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടിവരുമെന്നത് ഉറപ്പാണ്.


ഇതുകൂടി വായിക്കുക: കടം കയറി തകരുന്ന സമ്പദ്‌വ്യവസ്ഥകൾ


ഉക്രെയ്ന്‍ — റഷ്യ സൈനിക ഏറ്റുമുട്ടല്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഗുരുതരമായൊരു വെല്ലുവിളിയായി തുടരുന്നു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം എന്നതിലുപരി രണ്ട് പ്രബല മുതലാളിത്ത ശാക്തികചേരികള്‍ തമ്മിലുള്ള ‘പ്രോക്സി’ ഏറ്റുമുട്ടലായിരിക്കുകയാണ് ഇപ്പോള്‍. ഇരു ചേരികളും സൈനികമായും സാമ്പത്തികമായും തുല്യ ശക്തികളുമായിരുന്നു. ഉക്രെയ്‌നിന് പാശ്ചാത്യ ശക്തികളുടെ സൈനിക സാമ്പത്തിക രാഷ്ട്രീയ പിന്തുണ ലഭ്യമാകുമ്പോള്‍ യുദ്ധം കഴിയുന്നത്ര ദീര്‍ഘിപ്പിക്കുക വഴി റഷ്യയുടെ സ്വാധീനം ക്ഷയിപ്പിക്കുക എന്നതുകൂടി നാറ്റോ സഖ്യരാജ്യ ശക്തികളും ലക്ഷ്യമാക്കുന്നു. ഇരു ശാക്തികച്ചേരികളും തുടര്‍ച്ചയായി നഷ്ടം നേരിട്ടുവരുന്നുണ്ടെങ്കിലും തങ്ങള്‍ പരാജയപ്പെട്ടു എന്ന് സമ്മതിക്കാന്‍ സന്നദ്ധവുമല്ല. സമാധാനം കാംക്ഷിക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുള്ള ആശങ്ക, യുദ്ധത്തിന് വിരാമമാവാതിരിക്കുന്ന പക്ഷം ഏറ്റുമുട്ടലിന്റെ ആഴവും വ്യാപ്തിയും സ്വഭാവവും മാറാനും കൂടുതല്‍ അപകടകരമാകാനും സാധ്യതകള്‍ ഏറെയാണെന്നതാണ്. ആഗോളതലത്തില്‍ അനിശ്ചിതത്വം തുടരുന്നതും സാമ്പത്തിക വികസനത്തിന് വിഘാതമായി മാറാതിരിക്കുകയുമില്ല. ചൈനയാണെങ്കില്‍ ഏതുവിധേനയും ലോകാധിപത്യത്തിനായി അരയും തലയും മുറുക്കി നിലകൊള്ളുകയാണ്. ചൈന, റഷ്യയോട് ചങ്ങാത്തം പുലര്‍ത്തുന്നതിന് സമീപകാലത്ത് വലിയ താല്പര്യം പ്രകടമാക്കിവരുന്നുമുണ്ട്. റഷ്യ‑ഉക്രെയ്ന്‍ യുദ്ധം തുടര്‍ന്നാലും അവസാനിച്ചാലും ലോകം പുതിയൊരു ശീതയുദ്ധത്തിനുള്ള വേദിയായി മാറാനുള്ള സാധ്യതകളും‍ വിരളമല്ല. രണ്ടു പുതിയ ബ്ലോക്കുകള്‍ തമ്മില്‍-ഒരുവശത്ത് റഷ്യയും ചൈനയും മറുവശത്ത് പാശ്ചാത്യ യൂറോപ്യന്‍ സമ്പന്നരാജ്യങ്ങളും ശാക്തികച്ചേരികള്‍ രൂപപ്പെടുക എന്നും കരുതാവുന്നതാണ്.

25 വര്‍ഷക്കാലത്തേക്കുള്ള ഇന്ത്യയുടെ വികസന പരിപ്രേക്ഷ്യം ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കുക അത്ര ലളിതമാവില്ല. ശീതയുദ്ധത്തിന് അയവുവരികയും ആഗോള സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയും ചെയ്താലല്ലാതെ നമുക്കെന്നല്ല, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും സുരക്ഷിത വികസനം കിട്ടാക്കനിയാവുകതന്നെ ചെയ്യും. യുഎസ് സമ്പദ്‌വ്യവസ്ഥയാണെങ്കില്‍ നടപ്പു ധനകാര്യവര്‍ഷത്തിലെ രണ്ടു പദങ്ങളിലും ജിഡിപി തുടര്‍ച്ചയായ തകര്‍ച്ചയിലാണ്. ശ്രീലങ്ക സാര്‍വത്രികമായി തകര്‍ന്നു. പാകിസ്ഥാന്റെയും നേപ്പാളിന്റെയും സമ്പദ്‌വ്യവസ്ഥകളുടെ ഗതിയും താഴോട്ടുതന്നെയാണ്. പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും കാര്യങ്ങളില്‍ ഇന്ത്യയുടെ സ്ഥിതി അതിഗുരുതരാവസ്ഥയിലാണെന്നത് ഔദ്യോഗികവൃത്തങ്ങള്‍ സമ്മതിക്കുന്നില്ലെന്നേയുള്ളു. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ക്കാവശ്യമുള്ള ഊര്‍ജവിഭവങ്ങള്‍ മാത്രമല്ല, ഭക്ഷ്യവസ്തുക്കള്‍ വളം, ലോഹങ്ങള്‍ തുടങ്ങിയവയുടെയും സ്രോതസുകളായി ഉക്രെയ്‌നും റഷ്യയും യുദ്ധത്തിന്റെ കെടുതിയിലായതിനാല്‍ വ്യാപാര കരാറുകള്‍ പാലിക്കാന്‍ സാധ്യമല്ലാത്തൊരു ഗതികേടിലാണെന്നത് വ്യക്തമാണ്. റഷ്യ–ഉക്രെയ്ന്‍ യുദ്ധത്തിന് വിരാമമായാല്‍തന്നെയും സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തുക എളുപ്പമായിരിക്കില്ല.


ഇതുകൂടി വായിക്കുക:ഉത്രാളിക്കാവ് പൂരം ഉക്രെയ്ന്‍ യുദ്ധമാക്കുന്നവര്‍!


ഇതിനെല്ലാം ഉപരിയായിട്ടാണ് സ്ഥിതിവിവര കണക്കുകളുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും ആഗോളതലത്തില്‍ ഗുരുതരമായി രൂപപ്പെട്ടുവരുന്നത്. ആധികാരിക സ്ഥിതിവിവരക്കണക്കുകളുടെ അപര്യാപ്തതയും അഭാവവും മൂലം ദേശീയ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ മാനങ്ങളില്‍ പ്രകടമായി കാണപ്പെടുന്ന അബദ്ധങ്ങള്‍ നിരവധിയാണ്. സ്വാഭാവികമായും ഇത്തരം കണക്കുകളെ അടിസ്ഥാനമാക്കി നയരൂപീകരണം നടത്താന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതമാകുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ജിഡിപി വളര്‍ച്ചാനിരക്ക് എത്രയാണെന്ന് കണക്കാക്കപ്പെടുന്നത് ഓരോ പാദവാര്‍ഷകത്തിലുമുള്ള വിവരങ്ങള്‍ കണക്കിലെടുത്തായിരിക്കും. ഇങ്ങനെയുള്ള കണക്കുകള്‍ ലഭ്യമല്ലാതെ വരുന്നതിനാല്‍ വാര്‍ഷിക കണക്കുകളിലും ഇതിനാനുപാതികമായ പാകപ്പിഴകള്‍ കടന്നുകൂടാന്‍ ഇടയാകുന്നു. ഒന്നാമത് അസംഘടിത മേഖലയെടുത്താന്‍ കൃത്യമായ വിവരങ്ങള്‍ കാര്‍ഷിക മേഖലയില്‍ നിന്നു മാത്രമാണ് ഒരു പരിധിവരെയെങ്കിലും ലഭ്യമാവുക. രണ്ട് സംഘടിത മേഖലയുമായി ബന്ധപ്പെട്ടുതന്നെ പരിമിതമായ കണക്കുകള്‍ മാത്രമേ ലഭ്യമാകുന്നുള്ളു. മൂന്ന്, കണക്കുകള്‍ തിട്ടപ്പെടുത്തപ്പെടുക, മുന്‍ വര്‍ഷത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിലോ ഭാവി സങ്കല്പങ്ങളുടെ അടിസ്ഥാനത്തിലോ ആയിരിക്കും. ഇതു രണ്ടായാലും അബദ്ധങ്ങള്‍ സ്വാഭാവികമായും കടന്നുവരുക തന്നെ ചെയ്യും. കണക്കുകളില്‍ അപര്യാപ്തതകള്‍ക്കുള്ള സാധ്യതകള്‍ വര്‍ധിക്കുന്നതിന് മഹാമാരിയുടെ ആവര്‍ത്തനവും യുദ്ധത്തിന്റെ വരവും വലിയതോതിലുള്ള അപകട സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്.


ഇതുകൂടി വായിക്കുക: ആയുധവല്‍ക്കരിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥകള്‍


ഉപഭോഗ നിലവാര സൂചികയാണെങ്കില്‍, സമ്പന്നര്‍ക്കും പാവപ്പെട്ടവര്‍ക്കും പൊതു അളവുകോലാണിന്നുള്ളത്. സമ്പന്ന വര്‍ഗം പൊതുവില്‍ അലസരായതിനാല്‍ അധികമായി ഭക്ഷണം കഴിക്കുന്നവരല്ല. നിത്യോപയോഗ വസ്തുക്കളുടെ പണപ്പെരുപ്പത്തിന്റെ ആഘാതവും തന്മൂലം കൂടുതലായി അവര്‍ക്ക് ഏല്ക്കേണ്ടിവരുന്നുമില്ല. പാവപ്പെട്ടവരുടെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. വിലവര്‍ധനവിനാനുപാതികമായി അവരുടെ വരുമാനം ഉയരുന്നില്ല. അവശ്യവസ്തുക്കളുടെ തന്നെ ഉപഭോഗം കുറയ്ക്കുക എന്നല്ലാതെ അവര്‍ക്ക് വേറെ വഴിയുമില്ല. മുമ്പൊക്കെ സമ്പന്നര്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രത്യേകം ഉപഭോഗ സൂചികകള്‍ തയാറാക്കപ്പെടുമായിരുന്നു. അതുകൊണ്ടുതന്നെ പണപ്പെരുപ്പത്തിന്റെ ആഘാതത്തില്‍ അനുഭവപ്പെടുന്ന അന്തരം കണ്ടെത്താനും കഴിയുമായിരുന്നു. ഇന്ന് സ്ഥിതി നേരെ മറിച്ചാണ്.  നമ്മുടെ ഭരണാധികാരികളും നയരൂപീകരണ വിദഗ്ധരും സൗകര്യാര്‍ത്ഥം യാഥാര്‍ത്ഥ്യങ്ങളെ‍ കരുതിക്കൂട്ടി തമസ്ക്കരിക്കുകയാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി മോഡി സര്‍ക്കാരും നിതി ആയോഗും പ്രചരിപ്പിക്കുന്നത് സമ്പദ്‌വ്യവസ്ഥയുടെ ജിഡിപി വളര്‍ച്ചാനിരക്ക് 7.5 ശതമാനമാണെന്നും ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തി എന്ന നിലയില്‍ ആവര്‍ത്തിക്കുന്നത് വിലനിലവാരം പ്രതീക്ഷിച്ച നിലവാരമായ ആറു ശതമാനത്തിനപ്പുറം കടക്കുകയില്ലെന്നുമാണ്. എന്നാല്‍, വിലനിലവാരം ആറു ശതമാനമാണെങ്കില്‍തന്നെയും അതിന്റെ ആഘാതം സമ്പദ്‌വ്യവസ്ഥയിലെ മര്‍മ്മപ്രധാനമായ സ്ഥാനം വഹിക്കുന്ന അസംഘടിത മേഖലയിലുള്ളവരെ എത്രമാത്രം പ്രതികൂലമായി ബാധിക്കുമെന്നതിനെപ്പറ്റി ഒന്നും പറയുന്നുമില്ല. ഇത്തരം ആഭ്യന്തര ഭരണനയ വൈകല്യങ്ങള്‍ ഒരുവശത്ത് പ്രകടമായി തുടരുമ്പോള്‍ തന്നെയാണ് ആഗോളതലത്തില്‍ അനിശ്ചിതത്വം മാറ്റമില്ലാതെ നിലനില്ക്കുന്ന സ്ഥിതിവിശേഷം മറുവശത്തും തുടരുന്നത്. ചുരുക്കത്തില്‍ ആഗോള സമ്പദ്‌വ്യവസ്ഥയും വിവിധ ദേശീയ സമ്പദ്‌വ്യവസ്ഥകളെപ്പോലെതന്നെ വേണ്ടത്ര മുന്‍ ധാരണകളില്ലാതെയാണ് സ്റ്റേറ്റ് എന്ന കപ്പലിന്റെ കപ്പിത്താന്മാരായി ഭരണചക്രം തിരിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.