27 April 2024, Saturday

Related news

April 24, 2024
April 12, 2024
April 1, 2024
April 1, 2024
March 31, 2024
March 25, 2024
March 19, 2024
March 10, 2024
February 26, 2024
February 26, 2024

തൊഴിലാളി — കര്‍ഷക സംഘ‍ടനകളുടെ ദേശീയ പ്രതിഷേധം

* ഗ്രാമങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്നു
* വ്യവസായ മേഖല നിശ്ചലമായി
Janayugom Webdesk
ന്യൂഡല്‍ഹി
February 16, 2024 9:46 pm

കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെയും, സംയുക്ത കിസാൻ മോർച്ചയുടെയും ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യവസായ സെക്ടറൽ പണിമുടക്കും ഗ്രാമീണ ഭാരത് ബന്ദും വന്‍ ബഹുജന മുന്നേറ്റമായി. വ്യവസായ ശാലകളും മേഖലകളും കേന്ദ്രീകരിച്ച് പ്രകടനങ്ങള്‍, ഗ്രാമീണ ബന്ദ് എന്നിവയില്‍ ആയിരങ്ങള്‍ അണിനിരന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും പൊതുമേഖലാ വില്പനയ്ക്കുമെതിരെ രാജ്യത്തിന്റെ ഗ്രാമീണമേഖലയുടെ പ്രതിഷേധമാണ് ഇന്ന് രാജ്യവ്യാപകമായുണ്ടായത്. ഖനനം, റോഡ് ഗതാഗതം, എംഎംഡിസി, ബിഎച്ച്ഇഎല്‍, ബിഎസ്‍എന്‍എല്‍ തുടങ്ങിയ വ്യവസായ മേഖലകള്‍ പണിമുടക്കി. ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കിയെന്നും ആയിരക്കണക്കിന് കേന്ദ്രങ്ങളില്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രകടനങ്ങള്‍ നടന്നുവെന്നും കേന്ദ്ര തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയും സംയുക്ത കിസാന്‍ മോര്‍ച്ചയും അറിയിച്ചു. ഫാക്ടറി കവാടങ്ങള്‍, ജില്ലാ, താലൂക്ക് കേന്ദ്രങ്ങള്‍, റെയില്‍വേസ്റ്റേഷനുകള്‍, ഓഫിസുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രകടനങ്ങളാണ് നടന്നത്. സ്കീം തൊഴിലാളികള്‍, ആശ, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവരും പ്രതിഷേധത്തിന്റെ ഭാഗമായി.

പശ്ചിമബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പവര്‍ഗ്രിഡ് കോര്‍പറേഷന്‍ തൊഴിലാളികള്‍ പൂര്‍ണമായും മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും പണിമുടക്കില്‍ പങ്കെടുത്തു. ഡല്‍ഹിയിലും ഗാസിയാബാദ്, ഷഹീദാബാദ്, നോയിഡ, യുപിയിലെ ബുലന്ദ്ഷഹര്‍, ഹരിയാനയിലെ ഫരീദാബാദ് തുടങ്ങിയ വ്യവസായമേഖലയിലും പണിമുടക്കി. ഹിമാചല്‍പ്രദേശേ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, ബിഹാര്‍, ഛത്തീസ്ഗഢ്, ഒഡിഷ, ത്രിപുര, ഝാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപകമായി തൊഴിലാളി-കര്‍ഷക പ്രതിഷേധവും പണിമുടക്കും നടന്നു. പതിനായിരങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും പങ്കെടുത്തത്. മഹാരാഷ്ട്രയിലെ നാസിക്, പൊതുമേഖലാ സ്ഥാപനങ്ങള്‍, ചെന്നൈ, കോയമ്പത്തൂര്‍, കാഞ്ചിപുരം മേഖലകളിലെ പവര്‍ലൂം, എന്‍ജിനീയറിങ്, ചെറുകിട സ്ഥാപനങ്ങളും കര്‍ണാടകയിലെ പല മേഖലകളും പണിമുടക്കിന്റെ ഭാഗമായി.

ഡല്‍ഹിയില്‍ ജന്തര്‍ മന്ദറില്‍ പ്രകടനത്തിന് ശേഷം നടന്ന യോഗത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, അസീസ് പാഷ തുടങ്ങിയവര്‍ സംസാരിച്ചു. ലേബര്‍ കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ തൊഴിലാളികള്‍ നടത്തിയ ധര്‍ണയെ എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ അഭിവാദ്യം ചെയ്തു.

ഉല്പാദന ചെലവും അതിന്റെ 50 ശതമാനവും ചേര്‍ത്ത് കാര്‍ഷികോല്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുക, ചലോ ദല്‍ഹി മാര്‍ച്ചിനെ അടിച്ചമര്‍ത്തുന്ന നടപടി ബിജെപി സര്‍ക്കാര്‍ അവസാനിപ്പിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, പ്രതിമാസം 26,000 രൂപ മിനിമം കൂലി നിശ്ചയിക്കുക, ക്രിമിനല്‍ നിയമ ഭേദഗതി, ലേബര്‍ കോഡുകള്‍ എന്നിവ പിന്‍വലിക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും ഓഹരിവില്പനയും ഉപേക്ഷിക്കുക, സ്ഥിരം തൊഴിലിനെതിരായ നിശ്ചിതകാല തൊഴില്‍ നിയമം പിന്‍വലിക്കുക തുടങ്ങി 21 ആവശ്യങ്ങളാണ് സംയുക്തവേദി ദേശീയ പ്രക്ഷോഭത്തിന്റെ മുന്നോട്ടുവച്ചിട്ടുള്ളത്.

സംസ്ഥാനത്ത് രാജ്ഭവൻ, കേന്ദ്ര സർക്കാർ ഓഫിസ് മാര്‍ച്ച്

ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്കും മാര്‍ച്ചും ഉപരോധവും നടന്നു. രാജ്ഭവന് മുന്നില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം സമരം ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി അഭിവാദ്യം ചെയ്തു.

എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ആലപ്പുഴയിലും ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ തൃശൂരിലും സംസ്ഥാന സെക്രട്ടറി സി പി മുരളി കാസര്‍കോടും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സിഐടിയു നേതാക്കളായ ജെ മേഴ്സിക്കുട്ടിയമ്മ കൊല്ലത്തും കെ എസ് സുനില്‍കുമാര്‍ കോട്ടയത്തും സി കെ ഹരികൃഷ്ണന്‍ പാലക്കാട്ടും പി കെ മുകുന്ദന്‍ കോഴിക്കോട്ടും കെ പി സഹദേവന്‍ കണ്ണൂരിലും ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി നേതാക്കളായ മലയാലപ്പുഴ ജ്യോതിഷ്‌കുമാര്‍ പത്തനംതിട്ട, അനിയന്‍ മാത്യു ഇടുക്കി, കെ കെ ഇബ്രാഹിംകുട്ടി എറണാകുളം എന്നിവിടങ്ങളിലും മലപ്പുറത്ത് എം റഹ്മത്തുള്ള (എസ്‌ടിയു) യും ഉദ്ഘാടനം ചെയ്തു.

Eng­lish Summary:National protest by labour and peas­ant organizations
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.