26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

February 22, 2024
December 20, 2023
December 15, 2023
December 11, 2023
December 4, 2023
December 2, 2023
November 29, 2023
November 21, 2023
November 20, 2023
November 20, 2023

ജനനായകരെ ഹൃദയത്തിലേറ്റി സാംസ്കാരിക നഗരി

ബിനോയ് ജോർജ് പി
തൃശൂർ
December 4, 2023 11:01 pm

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെ ആവേശത്തിലാഴ്ത്തി നവകേരള സദസിന്റെ ആദ്യ യോഗം ചേലക്കര നിയോജക മണ്ഡലത്തിലെ ചെറുതുരുത്തി ജിഎച്ച്എസ്എസ് മൈതാനിയിൽ നടന്നു. ആയിരങ്ങളാണ് മന്ത്രിസഭയൊന്നാകെ എത്തിയ പരിപാടിയില്‍ പങ്കെടുത്തത്. രാവിലെ മുളങ്കുന്നത്തുകാവ് കിലയിൽ നടന്ന പ്രഭാതയോഗത്തിൽ മൂന്നൂറോളം പ്രമുഖർ സംബന്ധിച്ചു. 80 വയസുള്ള കുന്നംകുളത്തെ കർഷകത്തൊഴിലാളി അമ്മിണിയേടത്തി മുതൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വരെ, നാനാ തുറകളിൽനിന്നുള്ളവർ അഭിപ്രായ- നിർദേശങ്ങളും സാന്നിധ്യവും കൊണ്ട് നവകേരള സദസിന്റെ ആദ്യ പ്രഭാതയോഗം സമ്പന്നമാക്കി. ആദ്യ ദിനത്തിൽ വൻ സ്വീകരണമാണ് സാംസ്കാരിക തലസ്ഥാനത്തെ ജനങ്ങൾ നൽകിയത്. ആറു ജില്ലകളും 60 നിയോജക മണ്ഡലങ്ങളും പിന്നിട്ടാണ് നവകേരള സദസ് ജില്ലയിലെത്തിയിട്ടുള്ളത്. 

നവകേരള സദസ് ആർക്കും എതിരായ പരിപാടിയല്ലെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നാണെന്നും വീണ്ടും ഓർമ്മപ്പെടുത്തിയാണ് പ്രഭാതയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനം ആരംഭിച്ചത്. പ്രതിപക്ഷ എംഎൽഎമാരുടെ ബഹിഷ്കരണം എന്തിനാണെന്ന് അവർക്കൊപ്പം നിൽക്കുന്നവർക്കുപോലും അറിയില്ല. ജനങ്ങൾ ഇവരുടെ നുണകൾക്ക് പുറകെ പോകാത്തതിനു തെളിവാണ് സദസിനായി എത്തിച്ചേരുന്ന വലിയ ജനസഞ്ചയങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി, മോൻസ് ജോസഫ്, രാജു ആന്റണി, ആർ ബിന്ദു, വീണാ ജോർജ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

ഇന്നലെ വൈകിട്ട് മൂന്നിന് വടക്കാഞ്ചേരി മണ്ഡലം സദസ് നടന്ന മുളങ്കുന്നത്തുകാവ് ഹെൽത്ത് യൂണിവേഴ്സിറ്റി ഒ പി ഗ്രൗണ്ടിലും 4.30ന് കുന്നംകുളം മണ്ഡലം സദസ് നടന്ന ചെറുവത്തൂർ ഗ്രൗണ്ടിലും ആറിന് ഗുരുവായൂർ മണ്ഡലം സദസ് നടന്ന ചാവക്കാട് ബസ് സ്റ്റാൻഡിലെ കൂട്ടുങ്ങൽ ചത്വരത്തിലും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വലിയ പരിഗണന നൽകുന്നതിന്റെ ഭാഗമായുള്ള സദസുകൾ ജനങ്ങൾ ഹൃദയത്തിലേക്ക് സ്വീകരിക്കുന്ന കാഴ്ചയാണ് എല്ലാ മണ്ഡലം സദസുകളിലും കാണാനായത്.
ഇന്ന് മണലൂർ നവകേരള സദസ് രാവിലെ 11ന് പാവറട്ടി സെന്റ് ജോസഫ് എച്ച് എസ്എസിലും നാട്ടിക മണ്ഡലം സദസ് വൈകിട്ട് മൂന്നിന് തൃപ്രയാർ ബസ് സ്റ്റാൻഡിന് സമീപവും ഒല്ലൂർ മണ്ഡലം സദസ് വൈകിട്ട് 4.30ന് വെള്ളാനിക്കര കാർഷിക സർവകലാശാല ഗ്രൗണ്ടിലും തൃശൂർ മണ്ഡലം സദസ് വൈകിട്ട് ആറിന് തേക്കിൻക്കാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിലും നടക്കും. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.