22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 14, 2024
December 7, 2024
December 5, 2024
December 2, 2024
December 2, 2024
November 28, 2024
November 28, 2024
November 26, 2024

ദുരന്തനിവാരണ സാക്ഷരത കാലഘട്ടത്തിന്റെ അനിവാര്യത

അഡ്വ. കെ രാജന്‍
റവന്യു, ദുരന്തനിവാരണ വകുപ്പ് മന്ത്രി
December 3, 2021 4:30 am

മീപ കാലങ്ങളിലായി കേരളം തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങളെയും അതുമൂലമുണ്ടാകുന്ന കെടുതികളെയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം മനുഷ്യ നിർമ്മിതമായ ദുരന്തങ്ങളും സംഭവിക്കുന്നുണ്ട്. ഇന്ത്യയുടെ ആകെ തീരദേശത്തിന്റെ പത്ത് ശതമാനത്തോളം വരുന്ന 589.5 കിലോമീറ്റര്‍ ദൈർഘ്യമുള്ള തീരമേഖലയും തെക്ക് വടക്ക് നിലകൊള്ളുന്ന പശ്ചിമഘട്ട മലനിരകളും ദുരന്ത സാധ്യതയിൽ നമുക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. ദുരന്ത വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ കേരള സംസ്ഥാനം മൾട്ടി ഹസാർഡ് സോണിലാണ് (ഒന്നിലേറെ ദുരന്തങ്ങൾക്കു സാധ്യതയുള്ള പ്രദേശം) ഉൾപ്പെടുന്നത്.

ഈ കഴിഞ്ഞ വർഷങ്ങളിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധമുള്ള ദുരന്ത സാഹചര്യങ്ങളാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. തീവ്ര കാലാവസ്ഥാവ്യതിയാനം കേരളത്തിന്റെ ഭൂപ്രകൃതിയിലും അന്തരീക്ഷത്തിലും വരെ സ്വാധീനം ചെലുത്തിത്തുടങ്ങിയിട്ടുണ്ട് എന്നുവേണം നോക്കിക്കാണാൻ. നാളിതുവരെ കണ്ടിട്ടില്ലാത്തവിധം അതിതീവ്ര മഴയും അസഹ്യമായ ചൂടും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കുഴലീകൃത മണ്ണൊലിപ്പും ചുഴലിക്കാറ്റുകളും കടലേറ്റവും ഒക്കെയായി കേരളത്തിന്റെ തീര മേഖലയും ഇടനാടും മലയോര മേഖലയും ഒരുപോലെ ദുരിതങ്ങൾ പേറികൊണ്ടിരിക്കുകയാണ്. തീവ്ര കാലാവസ്ഥമാറ്റങ്ങൾ ഇനി മുതൽ നിത്യജീവിതത്തിന്റെ ഭാഗമാകാൻ പോകുന്നു എന്നുള്ളതാണ് വസ്തുത.

കേരളത്തിൽ റോഡ് അപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയുള്ള അപകടങ്ങൾമൂലം ആണ് എന്നാണ് കണക്ക്. ഈ വർഷം മാത്രം കേരളത്തിൽ 85 മുങ്ങിമരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ പ്രളയം മൂലമുള്ള മറ്റ് ദുരന്തങ്ങളും നാശനഷ്ടങ്ങളും. ഇതേ കാലയളവിൽ തന്നെ പുതിയ കാലത്തെ മഹാമാരികളെയും നമുക്ക് നേരിടേണ്ടിവരുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ നമ്മുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു.

 


ഇതുകൂടി വായിക്കൂ: ഉരുൾപൊട്ടൽ എന്ന പ്രകൃതിദുരന്തം


 

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റുകളുടെ (സൈക്ലോൺ) എണ്ണം വർധിച്ചു വരുന്നു. 2021ൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷക്കാലത്ത് 14 ന്യൂനമർദ്ദങ്ങളും ഒക്ടോബർ മുതൽ നവംബർ വരെയുള്ള തുലാവർഷക്കാലത്ത് ഒമ്പതു ന്യൂനമർദ്ദങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയിൽ നാലെണ്ണം ചുഴലിക്കാറ്റായി മാറുകയുണ്ടായി. മൺസൂൺകാലത്തെ തീവ്രമഴയുടെ തോതിൽ വലിയ വർധനയാണ് ഉണ്ടായത്. 2018­ലെ പ്രളയം മുതൽ പരിശോധിച്ചാൽ മുൻപ് ആറു മാസക്കാലം പെയ്യേണ്ട മഴ ഇപ്പോൾ ഒരു മാസത്തിൽ താഴെയുള്ള കാലയളവിൽ പെയ്യുന്നു. അന്തരീക്ഷത്തിലേക്കു തള്ളുന്ന ചൂടിന്റെ 93 ശതമാനത്തെയും ആഗിരണം ചെയ്യുന്നതിന്റെ ഫലമായി കടലിന്റെ ഉപരിതല താപനില വർധിക്കുന്നു. ഇന്ത്യൻ തീരത്തോടു ചേർന്നുകിടക്കുന്ന മഹാസമുദ്രമായ അറബിക്കടലിലാണ് ഇന്ന് ലോകത്തിൽ ഏറ്റവും വേഗത്തിൽ ചൂടുകൂടുന്നതെന്ന് പഠനങ്ങൾ പറയുന്നു.

കേരളത്തിന്റ നഗരങ്ങളും നദികളും മലയോരങ്ങളുമെല്ലാം ചൂടിനെ ആഗിരണം ചെയ്യാനോ പ്ര­ളയജലത്തെ ഉൾക്കൊള്ളാനോ ആവാത്തവിധം ദുരന്തഭൂമികളായി മാറുന്നു. മണ്ണിടിച്ചിൽ ഏറ്റവുമധികം വർധിച്ചുവരുന്നതിന്റെ കാരണം മൺഘടന പഠിക്കാതെയുള്ള ഭൂവിനിയോഗ രീതിയാണ്. ഇത്തരത്തിലുള്ള മനുഷ്യനിർമ്മിത ദുരന്തങ്ങൾ നമുക്ക് ഒഴിവാക്കിയേ മതിയാകൂ. നമ്മുടെ നെൽവയലുകളും തണ്ണീർത്തടങ്ങളും കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ കടമയായി ഏറ്റെടുക്കണം. ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് നടന്ന സെറ്റിൽമെന്റ് പ്രകാരം കേരളത്തിൽ 30 ലക്ഷം ഏക്കർ നെൽവയലുകൾ ഉണ്ടായിരുന്നത് 1970 കളിൽ 20 ലക്ഷം ഏക്കറായും 2007 ൽ അഞ്ച് ലക്ഷം ഏക്കറായും കുറഞ്ഞു എന്നുള്ളത് കാലാവസ്ഥ വ്യതിയാനത്തിനുള്ള കാരണമായിട്ടുണ്ട് എന്നത് നമ്മൾ ഗൗരവത്തോടുകൂടി കണേണ്ടതുണ്ട്. 2008 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് കൊണ്ടുവന്ന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ശക്തമായി നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ നിയമപ്രകാരം 2008­ന് ശേഷം ഏറ്റവും അവശ്യ സാഹചര്യങ്ങളിലൊഴികെ ഒരു തുണ്ട് ഭൂമി പോലും നികത്താൻ അനുവാദമില്ല.

 


ഇതുകൂടി വായിക്കൂ: ദുരന്തങ്ങള്‍ തടയുക എന്നതാണ് പുതിയ വെല്ലുവിളി


 

തീവ്രകാലാവസ്ഥയുമായി ബന്ധപ്പെട്ട് എവിടെ, എന്തൊക്കെ അപകടങ്ങൾ പതിയിരിക്കുന്നു എന്നു കണ്ടെത്തി അടയാളപ്പെടുത്തണം. ദുർബല മേഖലകളിലേക്കുള്ള കടന്നുകയറ്റം ഒഴിവാക്കിയാൽ ഭാവിദുരന്തങ്ങളെ ഒഴിവാക്കുകയോ ആഘാതം കുറയ്ക്കുകയോ ചെയ്യാം. കാലാവസ്ഥാമാറ്റം ആഗോള പ്രതിഭാസമാണെങ്കിലും അതു ദുരന്തമായി പെയ്തിറങ്ങുന്നത് ഒരു പ്രദേശത്തേക്കു മാത്രമായിരിക്കും.

പ്രകൃതിക്ഷോഭങ്ങളെ നമുക്ക് നിയന്ത്രിക്കാനാവില്ലെങ്കിലും അതുവഴിയുണ്ടാകാൻ സാധ്യതയുള്ള ദുരന്തങ്ങളെ ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കുന്നതിന് നമുക്ക് കഴിയും. അതുപോലെ തന്നെ ദുരന്തനിവാരണ പ്രവർത്തനങ്ങളും ശാസ്ത്രിയമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. ഇതിന് ഏറ്റവും ആവശ്യം ദുരന്ത സാധ്യതകളെക്കുറിച്ചും ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവും പ്രകൃതി ചൂഷണത്തിനെതിരെയുള്ള നിയമങ്ങളെക്കുറിച്ചുള്ള അറിവും ജനങ്ങളിൽ ഉണ്ടാക്കുകയാണ്.

ഈ ലക്ഷ്യത്തോടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കുന്നതിനായി ദുരന്തനിവാരണ സാക്ഷരതാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ റവന്യു — ദുരന്തനിവാരണ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. 2005 ലെ കേന്ദ്ര നിയമമായ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, അതിന് അനുബന്ധമായ ചട്ടങ്ങൾ, 2008 ലെ നെൽവയൽ സംരക്ഷണ നിയമവും ചട്ടങ്ങളും പ്രകൃതി വിഭവങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള മറ്റ് നിയമങ്ങൾ, കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, നിർദ്ദേശങ്ങൾ, ദേശീയ- സംസ്ഥാന- ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ പ്രവർത്തനങ്ങൾ, ദുരന്ത നിവാരണ സംവിധാനങ്ങൾ, ദുരന്തത്തിന് ഇരയാകുന്നവർക്ക് ലഭിക്കുന്ന സഹായങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ദുരന്ത നിവാരണ സാക്ഷരത എന്നതുകൊണ്ട് റവന്യു വകുപ്പ് ഉദ്ദേശിക്കുന്നത്.

 


ഇതുകൂടി വായിക്കൂ: അടുത്ത മഴയ്ക്കു മുൻപ്


 

സന്നദ്ധ പ്രവർത്തകർ, എൻജിഒകൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, സർവീസ് സംഘടനകൾ, ക്ലബുകൾ, വായനശാലകൾ, സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ്, നാഷണൽ സർവീസ് സ്കീം, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി സമൂഹ താല്പര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളേയും ഇതിന്റെ പ്രയോക്താക്കളാക്കി മാറ്റാൻ ഉദ്ദേശിക്കുന്നു.

വിദ്യാഭ്യാസ പാഠ്യ പദ്ധതിയിൽ ദുരന്ത നിവാരണവും അനുബന്ധ വിഷയങ്ങളും ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ യൂണിറ്റുകൾ, വിദ്യാർത്ഥികൾ, തുടങ്ങിയവർക്കായി നടത്തുന്ന ലീഗൽ ലിറ്ററസി ക്യാമ്പുകളിലും ഇതിനായി പ്രസിദ്ധീകരിച്ചിട്ടുള്ള നിയമപാഠം എന്ന പ്രസിദ്ധീകരണത്തിലും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് കൂടി ഉൾപ്പെടുത്തുന്നതിന് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുമായി കൂടിയാലോചന നടത്തും. ദുരന്തനിവാരണ സാക്ഷരതക്ക് ആവശ്യമായ സി­ലബസും അതിനാവശ്യമായ പ്രസിദ്ധീകരണങ്ങളും തയാറാക്കാന്‍ റവന്യു വകുപ്പിന്റെ വിദ്യാഭ്യാസ കേന്ദ്രമായ ഐഎൽഡിഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തരും ജീവിക്കുന്ന പ്രദേശത്തെക്കുറിച്ചും ആ പ്രദേശത്തെ ദുരന്തസാധ്യത മനസിലാക്കാനുള്ള പ്രാവീണ്യം ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ ദുരന്ത നിവാരണ സാക്ഷരത കൊണ്ട് സാധ്യമാകണം.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്ന സന്നദ്ധ സംഘടനകളേയും വ്യക്തികളെയും അംഗീകരിക്കാനും ആദരിക്കാനുമുള്ള ഒരു പദ്ധതി തയാറാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ദുരന്ത നിവാരണ സാക്ഷരതാ പ്രവർത്തനത്തിലൂടെ ദുരന്ത നിവാരണ വോളണ്ടിയേഴ്‌സ് എന്ന നിലയിലേക്ക് ഒരു നല്ല വിഭാഗം ജനങ്ങളെ മാറ്റാന്‍ കഴിയും എന്നാണ് പ്രതീക്ഷ.

 


ഇതുകൂടി വായിക്കൂ: ഉത്തരാഖണ്ഡ് ദുരന്തം: ഭാവിയിലേക്കുള്ള താക്കീത്


 

സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണ ശേഷി വർധിപ്പിക്കേണ്ടത് ദുരന്തങ്ങളെ കാര്യക്ഷമമായി നേരിടുന്നതിന് അത്യാവശ്യമാണ് എന്ന വ­സ്തുത മനസിലാക്കിയാണ് സംസ്ഥാന സർക്കാ­ർ ദുരന്ത നിവാരണ സാക്ഷരത എന്ന ആശയത്തെ അതീവ പ്രാധാന്യത്തോടെ സമീപിക്കുന്നത്. ഏതൊരു ദുരന്ത മേഖലയിലും ആദ്യം എത്തുന്നതും ആദ്യ പ്രതികരണം നടത്തുന്നതും പൊതുജനങ്ങൾ ആണെന്നിരിക്കെ അവരിൽ അവബോധം വർധിപ്പിക്കുക എന്നത് അത്യന്തം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഇതിനോടൊപ്പം തന്നെ വളർന്നുവരുന്ന തലമുറയെയും ദുരന്തങ്ങളുടെ വസ്തുതാപരമായ വശങ്ങൾ ബോധ്യപ്പെടുത്തിയും ശാസ്ത്രീയമായ ദുരന്ത പ്രതികരണം അഭ്യസിപ്പിച്ചും വളർത്തിക്കൊണ്ട് വരുന്നതു വഴി ഭാവി കേരളം ദുരന്ത നിവാരണ ജ്ഞാനം കൈവരിച്ച ഒരു സമൂഹമായി മാറുകയും കേരളത്തിലെ ദുരന്ത നിവാരണ മേഖല ഏറ്റവും ശക്തമായതായി മറ്റുവാനും വഴിയൊരുക്കും എന്നതിൽ തർക്കമില്ല.

ഇന്ത്യയിലാദ്യമായി സാക്ഷരതാ യജ്ഞത്തിലൂടെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന നിലയിൽ ദുരന്ത നിവാരണ സാക്ഷരത നടപ്പിലാക്കുന്ന കാര്യത്തിലും നമ്മുക്കൊരു മാതൃകയായി മാറാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.