14 April 2024, Sunday

പുതുകാലത്തെ കർഷക രോഷം

സത്യന്‍ മൊകേരി
വിശകലനം
February 16, 2024 4:23 am

സ്വാതന്ത്ര്യ സമരഭൂമിയിലാണ് കർഷകർ സംഘടിതരായതും സ്വാതന്ത്ര്യ ദാഹത്തോടെ പൊരുതാൻ തുടങ്ങിയതും. ആ സമരാഗ്നി വീഥികളിലാണ് 1936ൽ അഖിലേന്ത്യാ കിസാന്‍സഭ പിറവി എടുത്തത്. അഖിലേന്ത്യാ കിസാൻ സഭയുടെ രൂപീകരണത്തിനുശേഷം എണ്ണമറ്റ രക്തരൂക്ഷിത കർഷക പ്രക്ഷോഭങ്ങൾ അരങ്ങേറി. ബംഗാളിലെ തേഭാഗയിൽ ഉൾപ്പെടെ നിരവധി ഗ്രാമങ്ങളിൽ ക‍ർഷക രക്തസാക്ഷിത്വങ്ങൾ ഉണ്ടായി. നീലം കർഷകർക്കെതിരായി ബ്രിട്ടീഷ് സാമ്രാജ്യത്വം നടപ്പാക്കിയ ക‍ർഷക വിരുദ്ധ നയങ്ങൾക്കെതിരായി മഹാത്മാഗാന്ധി ആഹ്വാനംചെയ്ത ബിഹാറിലെ കർഷക സമരം ചരിത്രത്തിലെ ഒളിമങ്ങാത്ത അധ്യായമാണ്. 1991ൽ നരസിംഹറാവു സ‍ർക്കാർ നടപ്പാക്കിയ ഉദാരവൽക്കരണ, ആഗോളവൽക്കരണ, സ്വകാര്യവൽക്കരണ നയങ്ങളുടെ ഭാഗമായി കാർഷിക രാഷ്ട്രമായ നമ്മുടെ രാജ്യത്തിന്റെ കാർഷിക മേഖല തക‍ർന്ന് തരിപ്പണമാകാൻ തുടങ്ങി. പ്രതിദിനം രണ്ടായിരത്തോളം കർഷകർ ആത്മഹത്യ ചെയ്യുന്ന ദുരന്ത ഭൂമിയായി ഇന്ത്യ മാറുകയുണ്ടായി. അന്ന് അതിനെതിരായി ശബ്ദിച്ച പാർട്ടിയാണ് ബിജെപി. അന്ന് പ്രക്ഷോഭ നേതൃത്വം നൽകിയ ആളാണ് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി. പക്ഷെ നരേന്ദ്രമോഡി പ്രധാനമന്ത്രി ആയപ്പോൾ കോൺഗ്രസിനെക്കാൾ തീവ്രതയോടെ വലതുപക്ഷ സാമ്രാജ്യത്വ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിക്കുകയും കാർഷിക മേഖലയെ കുത്തക മുതലാളിമാർക്ക് അടിയറവ് വയ്ക്കുകയും ചെയ്യുന്നു. മോഡിയുടെ ഭരണത്തിലും ക‍ർഷക ആത്മഹത്യകൾ പെരുകിക്കൊണ്ടേ ഇരിക്കുന്നു.

 


ഇതുകൂടി വായിക്കൂ: കര്‍ഷകരുടെയും തൊഴിലാളികളുടെയും സംയുക്ത പ്രക്ഷോഭം


കോവിഡ് മഹാമാരിയുടെ കാലത്ത് പാർലമെന്റ് അടിയന്തരമായി വിളിച്ചുകൂട്ടി മൂന്ന് കാർഷിക മാരണനിയമങ്ങൾ നരേന്ദ്രമോഡി പാസാക്കി. അവ കർഷകരെ വീണ്ടും വീണ്ടും ആത്മഹത്യ കിടങ്ങുകളിലേക്ക് വലിച്ചെറിയുന്ന മാരണ നിയമങ്ങൾ ആയിരുന്നു. ആ നിയമങ്ങൾ യാഥാർത്ഥ്യമായാൽ പാടവരമ്പുകളിൽ അഡാനിമാരും അം ബാനിമാരും ഉൾപ്പെടെയുള്ള കുത്തക മുതലാളിമാർ വന്ന് നിൽക്കും. നാം ഏത് വിത്ത് എറിയണമെന്നും, ഏത് വിള കൊയ്യണമെന്നും കുത്തക മുതലാളിമാർ നിശ്ചയിക്കും. വിളകൾ ആകെ സംഭരിച്ച് അവരുടെ വമ്പൻ മാളുകളിൽ സൂക്ഷിക്കും. ഗ്രാമീണ ചന്തകൾ അപ്രത്യക്ഷമാകും.  ഈ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായി ഒരു വ‍ർഷത്തിലധികം കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിൽ ഐതിഹാസികമായ പ്രക്ഷോഭം നടന്നു. കൊടും വേനലിലും കൊടും തണുപ്പിലുമായി 750‑ലേറെ മനുഷ്യർ ആ സമര ഭൂമിയിൽ മരിച്ചു വീണു. ഉത്തർ പ്രദേശിലെ ല‌ഖിംപൂര്‍ ഖേരിയില്‍ സമാധാനപരമായി സമരം ചെയ്തിരുന്ന കർഷകർക്ക് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ പുത്രൻ ആഷിഷ് മിശ്ര വാഹനം ഇടിച്ച് കയറ്റി അഞ്ച് കർഷകരെയും ഒരു മാധ്യമ പ്രവ‍ർത്തകനെയും കൊന്നുതള്ളി. ഒരു വർഷത്തിലേറെ നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി കർഷകരോട് മാപ്പിരക്കുകയും മാരണനിയമങ്ങൾ പിൻവലിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ ആ വാഗ്ദാനങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും നരേന്ദ്രമോഡി പാലിച്ചിട്ടില്ല. റിപ്പബ്ലിക് ദിനമായ ജനുവരി 26-ാം തീയതി കർഷക‍ർ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തി. അപ്പോഴും നരേന്ദ്രമോഡിയുടെ ഭരണകൂടം മൗനത്തിന്റെ വാൽമീകത്തിലാണ്. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ന് ഗ്രാമീണ ബന്ദിന് കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇന്ന് രാജ്യത്തിലെ എല്ലാ ഗ്രാമങ്ങളിലും കമ്പോളങ്ങൾ അടച്ചിട്ടുകൊണ്ടുള്ള വിപുലമായ പ്രക്ഷോഭമാണ് നടക്കുക. കേരളത്തിൽ രാജ്ഭവനിലേക്കും, ജില്ലാ അധികാര കേന്ദ്രങ്ങളിലേക്കും ക‍ർഷക സംയുക്ത സമരസമിതിയും, കേന്ദ്ര ട്രേഡ് യൂണിയനുകളും മാർച്ചും ധർണയും നടത്തും. കർഷകൻ അന്നദാതാവാണ്. അന്നദാതാവിന്റെ കണ്ണുനീർ വീണാൽ ഭൂമി ചുട്ടുപൊള്ളും. ഈ യാഥാർത്ഥ്യം അറിയാത്ത ജനവിരുദ്ധ ഭരണകൂടത്തിനുള്ള പ്രതിരോധനിര കെട്ടിപ്പടുക്കുകയായിരിക്കും 16‑നുനടക്കുന്ന പ്രക്ഷോഭം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.