വിജയത്തില്‍ അവസാനിച്ച ഒഡിഷയിലെ പോസ്കോ വിരുദ്ധ സമര ഭൂമികയില്‍ തുടര്‍ച്ചയായി പരിസ്ഥിതി വിനാശത്തിനും കുടിയൊഴിപ്പിക്കലിനുമെതിരെ സിപിഐ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭം പുതിയ തലങ്ങളിലേയ്ക്ക്. വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്കോ ഉപേക്ഷിച്ചുപോയ പ്രദേശത്ത് ആരംഭിക്കുന്ന ജിന്‍ഡാലിന്റെ സ്റ്റീല്‍ പ്ലാന്റിനെതിരെയാണ് പുതിയ സമരം തുടങ്ങിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് 2017ലാണ് പോസ്കോ കമ്പനി പദ്ധതി ഉപേക്ഷിച്ചത്. പ്രസ്തുത ഭൂമി പിന്നീട് ജിന്‍ഡാലിന് കൈമാറുകയായിരുന്നു.
65,000 കോടി രൂപ മുതല്‍ മുടക്കില്‍ പ്രതിവര്‍ഷം 130.2 ലക്ഷം ടണ്‍ ഉല്പാദനശേഷിയുള്ള സ്റ്റീല്‍ പ്ലാന്റും ഊര്‍ജ നിലയവും സിമന്റ് മിശ്രണ യൂണിറ്റും സ്ഥാപിക്കുന്നതിനാണ് പദ്ധതി. സംസ്കരിക്കുന്നതിനുള്ള ഇരുമ്പയിര് കിയോഞ്ചര്‍ ജില്ലയിലെ ഖനനകേന്ദ്രത്തില്‍ നിന്ന് പൈപ്പ് വഴി ചെളിരൂപത്തിലെത്തിക്കാനാണ് പദ്ധതി. പ്ലാന്റിനോട് ചേര്‍ന്ന് ജടാധര്‍ നദീതടത്തിന്റെ സമീപത്ത് ജെട്ടികള്‍ നിര്‍മ്മിക്കുന്നതിനും പദ്ധതിയുണ്ട്. വനപ്രദേശവും ആദിവാസി മേഖലകളും ഉള്‍പ്പെടുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലാണ് പദ്ധതി ആരംഭിക്കുന്നത്.
ജടാധര്‍, ബയനാല, പോലംഗ, നുവാഗോണ്‍, ഗോബിന്ദ്പുര്‍, ധിന്‍കിയ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെയാണ് പദ്ധതി ദോഷകരമായി ബാധിക്കുക. പദ്ധതിക്ക് ഇതുവരെ പാരിസ്ഥിതിക അനുമതി ലഭ്യമായിട്ടില്ല. അപേക്ഷ കേന്ദ്ര മന്ത്രാലയത്തില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. പോസ്കോ വിരുദ്ധ സമിതിയുടെ പേരു ഭീട്ടമാട്ടി സുരക്ഷാ സമിതിയെന്ന് മാറ്റിയാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. വിവിധ രൂപത്തിലുള്ള സമരരീതികളാണ് പ്രദേശവാസികള്‍ സ്വീകരിക്കുന്നത്. കമ്പനി പ്രതിനിധികള്‍ക്ക് ഗ്രാമത്തിലേയ്ക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് വേലികള്‍ പണിയുക, ഉന്നത തലയോഗം ഉപരോധം, ബഹുജന ധര്‍ണകള്‍ തുടങ്ങിയവയാണ് തുടര്‍ച്ചയായി നടന്നുവരുന്നത്.
പൊലീസിനെയും മറ്റ് സംവിധാനങ്ങളെയും ഉപയോഗിച്ച് പ്രക്ഷോഭം തകര്‍ക്കുന്നതിന് അധികാരികള്‍ ശ്രമമാരംഭിച്ചിട്ടുണ്ടെന്ന് സിപിഐ നേതാവും സമരസമിതി വക്താവുമായ പ്രശാന്ത് പൈക്കറെ പറഞ്ഞു. ഡിസംബര്‍ നാലിന് അര്‍ധരാത്രി നേതാവ് ദേവേന്ദ്ര സ്വയിനെ അറസ്റ്റ് ചെയ്യുന്നതിന് വീടുവളഞ്ഞു. വാതില്‍ തകര്‍ത്ത് അകത്തു കടന്ന പൊലീസിന് അദ്ദേഹത്തെ കണ്ടെത്താനായില്ല. പകരം അമ്മാവന്‍ അയോധ്യയെയും മകള്‍ ലില്ലിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പ്രശാന്ത് പൈക്കറെ പറഞ്ഞു. പദ്ധതിക്കെതിരെ സമരത്തില്‍ പങ്കെടുക്കുന്ന ഗ്രാമവാസികള്‍ക്കുനേരെ പല വിധത്തിലുള്ള അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസിയായ പ്രഭാത് റൗട്ടിന്റെ വസതിക്കുനേരെ ബോംബെറിഞ്ഞ സംഭവവും ഉണ്ടായി. ഗ്രാമ പഞ്ചായത്ത് അംഗമായ സ്വയിനെ സ്ഥാനത്തുനിന്ന് നീക്കിയതായി നോട്ടീസ് നല്കുകയും ചെയ്തു. തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടികളാണ് കൈക്കൊള്ളുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് പൈക്കറെ പറഞ്ഞു.
English Summary: New CPI-led agitation in the role of anti-POSCO agitation
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.