24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 14, 2024
November 11, 2024
November 7, 2024
November 3, 2024
October 24, 2024
October 23, 2024

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; കേരളം തെളിവുകളുമായി സുപ്രീംകോടതിയില്‍

Janayugom Webdesk
November 10, 2021 11:54 am

മുല്ലപ്പെരിയാർ അണക്കെട്ട്‌ ഉയർത്തുന്ന ഭീഷണി മറികടക്കാന്‍ പുതിയ അണക്കെട്ട്‌ നിർമിക്കലാണ് മാര്‍ഗമെന്ന്‌
കേരളം സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. ലക്ഷക്കണക്കിനാളുകളുടെ സുരക്ഷയ്ക്ക് പുതിയ അണക്കെട്ട്‌ അനിവാര്യമാണ്. കേന്ദ്ര ജലവിഭവമന്ത്രിയും കേരള, തമിഴ്‌നാട്‌ മുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗങ്ങളിൽ പുതിയ അണക്കെട്ടിന്റെ കാര്യം കേരളം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, തമിഴ്‌നാട്‌ ഇത് അംഗീകരിച്ചില്ല. പുതിയ അണക്കെട്ടെന്ന ആശയം ഉന്നതാധികാരസമിതിയും സുപ്രീംകോടതിയും ശരിവച്ചു. പരിസ്ഥിതി ആഘാതപഠനം നടത്താൻ പരിസ്ഥിതി മന്ത്രാലയം 2018 നവംബറിൽ അനുമതി നൽകി.കേരള, തമിഴ്‌നാട് എൻജിനിയർമാർ അംഗങ്ങളായ വിദഗ്‌ധസമിതി പുതിയ അണക്കെട്ടിന്റെ ആവശ്യകത 1979ൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 126 വര്‍ഷത്തെ പഴക്കമാണ് ഡാമിനുള്ളത്. അണക്കെട്ട്‌ അറ്റകുറ്റപ്പണികളിലൂടെ എക്കാലവും നിലനിർത്താനാകില്ല. വിവിധ രാജ്യങ്ങൾ പഴയ അണക്കെട്ടുകൾ ഡീകമ്മീഷന്‍ ചെയ്‌ത്‌ പുതിയ അണക്കെട്ട് നിർമിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിൽ 1891 ൽ നിർമിച്ച ഓൾഡ്‌ വിക്‌ടോറിയാ അണക്കെട്ട്‌ 1989ൽ ഉപേക്ഷിച്ച്‌ പുതിയത് നിർമിച്ചു. 1895ൽ നിർമിച്ച മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിലും ഇതേ നടപടി വേണമെന്നും സ്‌റ്റാൻഡിങ് കോൺസൽ ജി പ്രകാശ്‌ മുഖേന സര്‍ക്കാര്‍ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞു. മുല്ലപ്പെരിയാറിൽ ഉയർന്ന ജലനിരപ്പ്‌ നിലനിർത്തിയാൽ അത്‌ മഹാവിപത്തിന്‌ കാരണമായേക്കാമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

 


ഇതുകൂടി വായിക്കാം;മുല്ലപ്പെരിയാര്‍ സത്യവാങ്മൂലത്തില്‍ കേരളം റൂള്‍ കര്‍വ് പുനഃപരിശോധിക്കണം


 

കനത്തമഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ കുതിച്ചുയർന്നാൽ ഇതിനോടകം നിറഞ്ഞിരിക്കുന്ന ഇടുക്കി അണക്കെട്ടിന്റെ പ്രവർത്തനത്തെ ബാധിക്കും. അണക്കെട്ടിന്റെ പ്രവർത്തനങ്ങളിൽ പാളിച്ചയുണ്ടായാൽ മഹാവിപത്താകും പരിണിത ഫലം. 50 ലക്ഷത്തോളം ആളുകളുടെ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വർഷകാലത്തിന്റെ അവസാനസമയം ഇടുക്കി, ഇടമലയാർ, കക്കി ഡാമുകളിൽ ഉയർന്ന ജലനിരപ്പിൽ ജലം നിലനിർത്താൻ ഒരു തവണ (നവംബർ 30) മാത്രമാണ്‌ കേന്ദ്രജലകമീഷൻ അവസരം നൽകിയിട്ടുള്ളതെന്ന്‌ കേരളം ചൂണ്ടിക്കാണിച്ചു. എന്നാൽ, മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ രണ്ട്‌ അവസരം (സെപ്‌തംബർ 20, നവംബർ 30) നൽകിയിട്ടുണ്ട്‌. വർഷകാലത്ത്‌ മുല്ലപ്പെരിയാറിലും ഉയർന്ന ജലനിരപ്പ്‌ നിലനിർത്താൻ ഒറ്റ അവസരം നൽകിയാൽ മതിയെന്നും കേരളം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ സെപ്‌തംബർ 20ന്‌ ഉയർന്ന ജലനിരപ്പ്‌ 142 അടിയാക്കാമെന്ന തമിഴ്‌നാടിന്റെ റൂൾകർവിലെ ശുപാർശ ഒഴിവാക്കണം. വലിയ അണക്കെട്ടുകളുടെ സുരക്ഷയ്‌ക്കായുള്ള കേന്ദ്രജലകമീഷന്റെ ഇൻസ്‌ട്രുമെന്റേഷൻ മാർഗനിർദേശം കർശനമായി പാലിക്കാൻ തമിഴ്‌നാടിന്‌ ഉത്തരവാദിത്വമുണ്ട്‌. ഒക്ടോബർ 31ന്‌ രാത്രി 11ന്‌ 138.55 അടിയായിരുന്നു ജലനിരപ്പെന്ന്‌ കേരളം അറിയിച്ചു. തമിഴ്‌നാടിന്റെ റൂൾകർവ്‌ പ്രകാരമുള്ള ഉയർന്ന ജലനിരപ്പിനേക്കാൾ കൂടുതലായിരുന്നു ഇത്‌. കോടതി വിധിയുടെ ലംഘനമാണിതെന്നും കേരളം ചൂണ്ടിക്കാട്ടി.മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതുൾപ്പെടെയുള്ള വിഷയത്തിൽ ഡിസംബറിൽ തമിഴ്നാടുമായി മുഖ്യമന്ത്രിതല ചർച്ച നടത്തുമെന്ന്‌ മന്ത്രി കെ കൃ‍ഷ്‌ണൻകുട്ടി നിയമസഭയില്‍ അറിയിച്ചു. പുതിയ അണക്കെട്ട്‌ വിഷയം വിവിധ തലങ്ങളിൽ പരിഗണിച്ചെങ്കിലും സമവായത്തിലെത്തിയില്ല, ഇതിനാലാണ് ചർച്ച. പുതിയ അണക്കെട്ട് നിർമിക്കുന്നതിന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധന പ്രകാരമുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുകയാണ്. പഠനത്തിന്‌ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി ഡിസംബർ 20 വരെയാണ്. ഇതിനായി കരാർ എടുത്തിട്ടുള്ളവർ അടിസ്ഥാന വിവരശേഖരണം പൂർത്തിയാക്കി. റിപ്പോർട്ടിന്റെ കരട് ഉടൻ നൽകുമെന്നും മന്ത്രി പറയുന്നു. അതോടൊപ്പം ജലനിരപ്പ്‌ 142 അടിവരെയായി ഉയർത്താമെന്ന തമിഴ്‌നാടിന്റെ റൂൾകർവ് പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇടുക്കി, ഇടമലയാർ, കക്കി അണക്കെട്ടുകളിൽ പരമാവധി ജലനിരപ്പിൽ ജലം സംഭരിക്കുന്നത് വർഷത്തിൽ ഒരുതവണ മാത്രം. എന്നാൽ, മുല്ലപ്പെരിയാറില്‍ സെപ്‌തംബർ 20നും നവംബർ 30നും രണ്ട്‌ തവണ ജലനിരപ്പ്‌ 142 അടിയാക്കാവുന്ന റൂൾകർവാണ്‌ തമിഴ്‌നാട്‌ തയ്യാറാക്കിയത്. കേരളത്തിൽ കനത്ത മഴയുള്ള അവസരങ്ങളിൽ ഇത്‌ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്‌. കേരളത്തിലെ കാലാവസ്ഥയിലും മഴലഭ്യതയിലും കാര്യമായ മാറ്റമുണ്ട്‌. 2017 നവംബർ 30ന്‌ ഒറ്റ ദിവസത്തിൽ ജലനിരപ്പ്‌ 6.2 അടി വർധിച്ചു. 2018ൽ 21 മണിക്കൂറിൽ 3.9 അടിയും 2019ൽ ഒറ്റദിവസം 7.2 അടിയും വർധിച്ചു. ഇത്‌ വലിയ വെല്ലുവിളിയാണ്‌. ഇടുക്കി അണക്കെട്ടിലും അത്‌ കടുത്ത പ്രതിസന്ധി ഉണ്ടാക്കും. വടക്കുകിഴക്കൻ കാലവർഷം ഡിസംബർവരെ തുടരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ റൂൾകർവിൽ പറയുന്നതുപോലെ നവംബർ 30ന്‌ അപ്പർറൂൾലെവൽ 140 അടിയായി തീരുമാനിക്കണം. കേന്ദ്രജലകമീഷൻ മാർഗനിർദേശപ്രകാരം പുതിയ ഇൻസ്‌ട്രുമെന്റേഷൻ പദ്ധതി നടപ്പാക്കാൻ തമിഴ്‌നാട്‌ സർക്കാരിന്‌ നിർദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു.നൂറ്റിയിരുപത്താറ്‌ വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിനു പകരം പുതിയത്‌ പണികഴിപ്പിക്കണമെന്നതാണ് കേരളത്തിന്റെ വ്യക്തമായ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയില്‍ അറിയിച്ചിരുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ നിയമസഭ പാസാക്കിയ പ്രമേയങ്ങൾക്ക് അനുസൃതമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

 


ഇതുംകൂടി വായിക്കാം; മുല്ലപ്പെരിയാർ വിഷയത്തിൽ കൃത്യമായ ഭരണ- പ്രതിപക്ഷ സമവായമാണ് ഉണ്ടാകേണ്ടത് : മുഖ്യമന്ത്രി


 

സുപ്രീംകോടതിയിൽ കേരളം ഫയൽചെയ്ത നോട്ടുകളിൽ തമിഴ്നാട് വൈഗ ഡാമിലേക്ക് പരമാവധി ജലം കൊണ്ടുപോകണമെന്ന് ശക്തിയായി ആവശ്യപ്പെട്ടിട്ടുണ്ട്. ‍ഡാമിലെ ജലനിരപ്പ് 136ൽനിന്ന് 142 അടിയായി ഉയർന്നാലുള്ള അപകടസാധ്യതയും ചൂണ്ടിക്കാട്ടി. 136നു മുകളിൽ ഉയരുന്ന ഓരോ ജലനിരപ്പും ഡാമിന്‌ നൽകുന്ന മർദം ക്രമാനുഗതമായ ഒന്നല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി മുമ്പാകെ തമിഴ്നാട് സമർപ്പിച്ച റൂൾ കർവിനെപ്പറ്റിയുള്ള വിയോജിപ്പും അറിയിച്ചിട്ടുണ്ട്. തുലാവർഷത്തിനുമുമ്പ്‌ ലഭിച്ച അതിതീവ്ര മഴ കാരണം ഒക്ടോബർ 29 മുതൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം തുറന്നുവിടുന്നുണ്ട്. വ്യക്തമായ മുന്നറിയിപ്പോടെ നിയന്ത്രിത അളവിലാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. സംസ്ഥാന സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടി കാരണമാണ് ഇത് സാധ്യമായത്. മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നതിലെ ആശങ്ക സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ ലഭ്യമാകുന്ന മഴയും നീരൊഴുക്കും കണക്കിലെടുത്ത് ജലനിരപ്പിലെ വ്യതിയാനം അവലോകനംചെയ്ത് മുൻകരുതലെടുക്കുന്നുണ്ട്. കാര്യങ്ങൾ വിശദീകരിച്ച് ഒക്ടോബർ 24ന് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന് ലഭിച്ച മറുപടിയിൽ രണ്ട് സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
eng­lish summary;New dam at Mul­laperi­yar; Ker­ala in Supreme Court with evidence
you may also like this video;

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.