17 November 2024, Sunday
KSFE Galaxy Chits Banner 2

ബംഗാളിൽ നിന്നുള്ള വാർത്തകൾ

പി ദേവദാസ്
June 24, 2023 4:30 am

കേൾക്കുമ്പോൾ അത്യസാധാരണമെന്ന് തോന്നിയേക്കാവുന്ന സംഭവങ്ങളാണ് പശ്ചിമ ബംഗാളിൽ നിന്ന് പുറത്തുവരുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസി (ടിഎംസി) ന്റെയും പൊലീസിന്റെയും തേർവാഴ്ചയ്ക്കിടെ സാധാരണ ജീവിതം ഇതര പാർട്ടികളുടെ പ്രവർത്തനം പ്രതിസന്ധിയിലായതിന്റെ നൂറു നൂറു സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അവിടെ നിന്നുവന്നത്, ജൂലൈ എട്ടുവരെ അത് വന്നുകൊണ്ടുമിരിക്കും.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 15നായിരുന്നു. സൂക്ഷ്മ പരിശോധന 17നും പിൻവലിക്കുവാനുള്ള അവസാന തീയതി 20. മുൻ തെരഞ്ഞെടുപ്പ് നടന്നത് 2018ലായിരുന്നു. സംസ്ഥാനത്ത് അക്കാലത്ത് ടിഎംസിയുടെ ഭരണത്തിനിടയിൽ പ്രതിപക്ഷ പ്രവർത്തനങ്ങൾ അടിച്ചമർത്തപ്പെട്ട നിലയിലായിരുന്നു. ഗുണ്ടകളുടെയും അതിന് ഒത്താശ ചെയ്യുന്ന പൊലീസിന്റെയും തേർവാഴ്ച നടന്നിരുന്ന കാലം. അതുകൊണ്ടുതന്നെ 2018ലെ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുകയെന്നത് വലിയ പ്രയാസമായിരുന്നു. പത്രിക സമർപ്പിക്കാനെത്തിയവരെ അടിച്ചോടിച്ചും നല്കിയവരെ വീടുവളഞ്ഞ് ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചും എതിരില്ലാതെ ജയിക്കുകയെന്ന തന്ത്രം ഒരു പരിധിവരെ ടിഎംസി പരീക്ഷിച്ചു. അതിൽ അവർക്ക് നേട്ടമുണ്ടാക്കുവാനും സാധിച്ചു. എന്നാൽ അഞ്ചുവർഷംകൊണ്ട് കാര്യങ്ങളിൽ വലിയ മാറ്റമുണ്ടായി. അതുകൊണ്ട് പ്രതിപക്ഷ പാർട്ടികളെല്ലാം സ്ഥാനാർത്ഥികളെ നിർത്തുന്നതിനും ടിഎംസിയുടെ തേർവാഴ്ചയ്ക്കെതിരെ ജനങ്ങൾ രംഗത്തുവരുന്നതിനും സന്നദ്ധമായി.


ഇതുകൂടി വായിക്കൂ: കോഴിക്കോടിന്റെ പക്ഷം ഇടതുപക്ഷം


നാമനിർദേശ പത്രിക നല്കിയവരുടെ കണക്കുകളില്‍ ആ വ്യത്യാസം ദൃശ്യമാണ്. കഴിഞ്ഞ തവണ 34 ശതമാനം സീറ്റുകളിൽ ടിഎംസിയുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥികൾക്ക് എതിരില്ലായിരുന്നു. എന്നാൽ ഇത്തവണ ഒരു ശതമാനം സീറ്റുകളിൽ മാത്രമാണ് എതിരില്ലാത്തത്. 1100ലധികം സീറ്റുകളുള്ള ജില്ലാ പഞ്ചായത്തിൽ സിപിഐ, സിപിഐ(എം) തുടങ്ങിയ ഇടതുപക്ഷം 834,കോൺഗ്രസ് 741,ബിജെപി ഉൾപ്പെടെ മറ്റുള്ളവർ 1058 വീതം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ടിഎംസിക്ക് 1079 സ്ഥാനാർത്ഥികളാണുള്ളത്. ബ്ലോക്ക് പഞ്ചായത്തിന് സമാനമായ സമിതികളിൽ ഇടതുപക്ഷം 7383, കോൺഗ്രസ് 2804, ബിജെപി 8882 വീതവും ഗ്രാമ പഞ്ചായത്തുകളിൽ ഇടതുപക്ഷം 40,429,കോൺഗ്രസ് 14,205, ബിജെപി 46,381 വീതവും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ടിഎംസിക്ക് ബ്ലോക്കിൽ 11,527, ഗ്രാമ പഞ്ചായത്തിൽ 73,211 പേരാണുള്ളത്. മറ്റൊന്നുകൂടിയുണ്ട്. ഇത്തവണ ടിഎംസി വലിയ തോതിലുള്ള വിമത ശല്യവും നേരിടുന്നുണ്ട്. 10,000 ത്തോളം പേരാണ് ടിഎംസിയുടെ വിമതരായി മത്സര രംഗത്തുള്ളത്. ഇതെല്ലാം കൊണ്ടുതന്നെ അവർക്ക് പരാജയഭീതി ഉണ്ടായിട്ടുണ്ട്.
പത്രിക നല്കുന്ന ഘട്ടത്തിൽ മാത്രമല്ല അതിനുശേഷം പിൻവലിപ്പിക്കുന്നതിനും വലിയ ഭീഷണികളും അക്രമങ്ങളുമാണ് നടത്തിയത്. അതുകൊണ്ടാണ് ഒരു ഡസനോളം പേർ വിവിധ ഇടങ്ങളിലായി കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായത്. എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചാണ് സ്ഥാനാർത്ഥിത്വം നിലനിർത്തിയത് എന്നതിന്റെ അത്ഭുതപ്പെടുത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.


ഇതുകൂടി വായിക്കൂ: ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍


അതിലൊന്നാണ് ബാൻകുര ജില്ലയിലെ തിലബാനി വില്ലേജിൽ രണ്ട് ഗ്രാമ പഞ്ചായത്തുകളിലെ ഇടതു സ്ഥാനാർത്ഥികളുടേത്. കാടുകളാൽ ചുറ്റപ്പെട്ടതും ദരിദ്ര ജനവിഭാഗങ്ങൾ പാർക്കുന്നതുമായ പ്രദേശമാണിത്. 15 ന് നാമ നിർദേശ പത്രിക സമർപ്പിച്ചതു മുതൽ ഇവിടെയുള്ള സ്ഥാനാർത്ഥികൾക്കെതിരെ കടുത്ത ഭീഷണിയാണുണ്ടായത്. വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് പുറമേ പണം നല്കി പിന്തിരിപ്പിക്കുന്നതിനും ശ്രമമുണ്ടായി. ചിലരെ പൊലീസിനെ ഉപയോഗിച്ച് തടവിലാക്കി കൊണ്ടുപോയാണ് പത്രിക പിൻവലിപ്പിച്ചത്. എന്നാൽ ചില സഖാക്കൾ ഭീഷണി സഹിക്ക വയ്യാതായപ്പോൾ തൊട്ടടുത്ത കാട്ടിൽ അഭയം തേടി. ഭക്ഷണവും മറ്റുമില്ലാതെ നാലു ദിവസത്തോളം കാട്ടിൽ കഴിഞ്ഞാണ് പലരും പത്രിക പിൻവലിക്കാനുള്ള തീയതി അവസാനിച്ചതിനു ശേഷം പുറത്തേക്ക് വന്നത്. കുടുംബസമേതമായിരുന്നു ചിലർ കാട്ടിൽ താമസിച്ചത്. ലൗഡ പഞ്ചായത്തിൽ സ്ഥാനാർത്ഥി മന്ഥര ഭർത്താവ് കമൽ മുർമു, മറ്റൊരു സ്ഥാനാർത്ഥി ശാന്തി അവരുടെ ഭർത്താവ് ബാബുസ് എന്നിവർ അങ്ങനെ കാട്ടിൽ കഴിയേണ്ടി വന്നവരാണ്. മറ്റൊരു സ്ഥാനാർത്ഥി റീഗ 14 ന് നാമനിർദേശ പത്രിക സമർപ്പിച്ച് തൊഴിലിടത്തിൽ നിന്നും വീട്ടിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പകൽ തൊട്ടടുത്ത കാട്ടിലേക്ക് കയറുന്ന അവർ രാത്രി വൈകി വീട്ടിലെത്തുന്നു. പത്രിക പിൻവലിക്കേണ്ട സമയം അവസാനിച്ച 20ന് പകലാണ് അവർ വീട്ടിലെത്തിയത്. പൊലീസ് ബലം പ്രയോഗിച്ച് സ്ഥാനാർത്ഥികളെ ഓഫിസിലെത്തിച്ച് പത്രിക പിൻവലിപ്പിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കൃത്രിമം നടത്തി പത്രിക തള്ളിക്കുന്നതിനും ശ്രമങ്ങളുണ്ടായിരുന്നു. കനത്ത എതിർപ്പിനെ തുടർന്ന് അംഗീകരിച്ച പത്രികളുടെ വിവരങ്ങൾ വൈബ്സൈറ്റിൽ തെറ്റായി നല്കിയതായും ആരോപണമുയർന്നിട്ടുണ്ട്. ചില സ്ഥാനാർത്ഥികളുടെ പേരിന് പകരം നാമനിർദേശം ചെയ്തവരുടെയും പിന്തുണച്ച് ഒപ്പിട്ടവരുടെയും പേരുകൾ ചേർക്കുകയായിരുന്നു. ഇങ്ങനെ പല വിധത്തിൽ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങൾ ഫലിക്കാതെ വന്നപ്പോൾ പ്രചരണം തടസപ്പെടുത്തുന്ന സമീപനം ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം കേന്ദ്ര സേനയുടെ സഹായം തേടി കോടതിയിലെത്തിയത്. ഇത്രയധികം അക്രമ സംഭവങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടും സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ട സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ടിഎംസിയുടെ പാവയായി പ്രവർത്തിക്കുന്നു എന്നതാണ് വിചിത്രമായ കാര്യം. ഹൈക്കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാരിനൊപ്പം സുപ്രീം കോടതിയിൽ പോകാനും അവർ മടിച്ചില്ല.
ബംഗാളിലെ തെരഞ്ഞെടുപ്പുകളിൽ അക്രമങ്ങൾ ഉണ്ടായതിന് ഉദാഹരണങ്ങൾ ഉണ്ടെന്നതിനാൽ കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യം നിരാകരിക്കേണ്ടതില്ലെന്ന് പറഞ്ഞ് ഇരു ഹർജികളും തള്ളുകയാണ് സുപ്രീം കോടതി ചെയ്തത്. ഏത് സേനയെയാണ് വിന്യസിക്കുന്നത് എന്നല്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആശങ്കപ്പെടേണ്ടതെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയുമുണ്ടായി.
ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അതിക്രമങ്ങൾ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവുമുണ്ടായിരിക്കുന്നു. അസാധാരണമായ സാഹചര്യത്തിലാണ് പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.


ഇതുകൂടി വായിക്കൂ: എന്തുകൊണ്ട്; എന്തിനായി ഇടതുപക്ഷം?


തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ഇടതു മുന്നണി പുറത്തിറക്കി. സിപിഐ സംസ്ഥാന സെക്രട്ടറി സ്വപൻ ബാനർജി, സിപിഐ(എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം തുടങ്ങിയ നേതാക്കളാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായി വിവിധ തരത്തിലുള്ള ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് ഫലപ്രദമായി നടപ്പിലാക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നിലവിലുള്ള ജനക്ഷേമ പദ്ധതികൾ തുടരുകയും എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളും യഥാസമയം നല്കുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. പ്രൈമറി സ്കൂളുകളിൽ ഗ്രാമവിദ്യാഭ്യാസ സമിതി രൂപീകരിക്കുന്ന സംവിധാനം പുനഃസ്ഥാപിക്കും. ആദിവാസി, പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്കൂൾ ഹോസ്റ്റലുകൾ വീണ്ടും തുറക്കും. അശരണരായ വയോജനങ്ങൾക്ക് പാകം ചെയ്ത ഭക്ഷണം സൗജന്യമായി നൽകും. കർഷകരുടെ താല്പര്യം മുൻനിർത്തി കർഷകർക്ക് ആനുകൂല്യങ്ങൾ, ഇൻഷുറൻസ് സൗകര്യങ്ങൾ, വളം, കാർഷികോല്പന്നങ്ങൾ എന്നിവ ന്യായവിലയ്ക്ക് സഹകരണ സംഘങ്ങളിൽ വഴി ലഭ്യമാക്കും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം വർഷത്തിൽ 100നുപകരം 200 ദിവസത്തെ ജോലിയും പ്രതിദിനം 600 രൂപ വേതനവും നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരം എന്നിവയും പ്രകടന പത്രികയിലുണ്ട്. എല്ലാ കുടിയേറ്റ തൊഴിലാളികളെയും വിശദമായ വിവരങ്ങൾ ശേഖരിച്ച് ഇൻഷുർ ചെയ്യും, പുറത്തുപോയി മടങ്ങിവരുന്നവർക്ക് ബദൽ ജോലികൾ നൽകും എന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.
വെല്ലുവിളികൾ നേരിട്ടെങ്കിലും പശ്ചിമ ബംഗാളിനെ ജനക്ഷേമകരവും ജനാധിപത്യപരവുമായ വഴികളിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള യത്നമാണ് അവിടെയുള്ള ഇടതുപക്ഷം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.