March 21, 2023 Tuesday

Related news

March 21, 2023
March 20, 2023
February 16, 2023
February 14, 2023
February 10, 2023
January 29, 2023
January 23, 2023
January 17, 2023
January 14, 2023
January 9, 2023

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

web desk
തിരുവനന്തപുരം
December 29, 2022 9:02 am

രാജ്യത്ത് നിരോധിച്ച തീവ്രവര്‍ഗീയ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുൻ ഭാരവാഹികളുടെ വീടുകളിൽ പുലര്‍ച്ചെ എൻഐഎ റെയ്ഡ്. കേരളത്തിലെ 56 കേന്ദ്രങ്ങളിലാണ് സംസ്ഥാന പൊലീസിന്റെ കൂടി സഹായത്തോടെ റെയ്ഡ് തുടരുന്നത്. എറണാകുളം റൂറലിൽ — 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിലും കൊല്ലം, പത്തനംതിട്ട മലപ്പുറം, പാലക്കാട്, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെല്ലാം വിവിധ കേന്ദ്രങ്ങളിലായി അര്‍ധരാത്രി മുതലാണ് റെയ്ഡ് തുടങ്ങിയത്.

സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഡല്‍ഹിയിൽ നിന്നുളള എൻഐഎ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തിൽ എത്തിയിട്ടുണ്ട്. പിഎഫ്ഐ നിരോധനത്തിന്റെ തുടർച്ചയാണ് പരിശോധന. പലയിടത്തും ഇതിനോടകം റെയ്ഡ് പൂർത്തിയാക്കി എൻഐഎ ഉദ്യോഗസ്ഥർ മടങ്ങി. മാസങ്ങൾക്ക് മുൻപ് രാജ്യവ്യാപകമായി പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ സമാനമായ രീതിയിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിഎഫ്ഐ നിരോധിക്കുന്നത്. എന്നാൽ പിഎഫ്ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടെയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് എന്നാണ് സൂചന. കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പിഎഫ്ഐ മുൻ തിരുവനന്തപുരം സോണൽ പ്രസിഡന്റ് നവാസ് തോന്നയ്ക്കൽ, മുൻ സംസ്ഥാന കമ്മിറ്റി അം​ഗം സുൽഫി വിതുര, പിഎഫ്ഐ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണിത്. തിരുവനന്തപുരത്ത് എൻഐഎ ഡിവൈഎസ്‌പി ആർ കെ പാണ്ടെയുടെ നേതൃത്വത്തിലാണ് റെയ്ഡ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്. ചക്കുവള്ളിയിൽ സിദ്ദീഖ് റാവുത്തർ എന്നയാളുടെ വീട്ടലാണ് പരിശോധന. പത്തനംതിട്ടയിൽ പിഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിൽ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂർ പഴകുളത്തും എൻഐഎ പരിശോധന നടക്കുകയാണ്. പിഎഫ്ഐ നേതാവ് സജീവിന്റെ വീട്ടിലാണ് പരിശോധന.

കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പിഎഫ്ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും എൻഐഎ പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ. സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. മലപ്പുറത്തും പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ പരിശോധന തുടരുകയാണ്. നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന. മുൻപ് അറസ്റ്റിലായ ദേശീയ പ്രസിഡന്റ് ഒഎംഎ സലാമിന്റെ സഹോദരന്റെ മഞ്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. ഒരേ സമയം മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും റെയ്ഡ് നടക്കുകയാണ്. മണ്ണാർക്കാട് കോട്ടോപ്പാടത്തും എൻഐഎ പരിശോധന നടക്കുകയാണ്. നാസർ മൗലവി എന്ന വ്യക്തിയുടെ വീട്ടിലാണ് റെയ്ഡ്. മലപ്പുറം സോണൽ പ്രസിഡന്റ് ആയിരുന്നു നാസർ മൗലവി. ഇദ്ദേഹം നാട്ടിലിലെന്നും വിദേശത്താണെന്നുമാണ് വിവരം.

കോട്ടയം കാഞ്ഞിരപ്പള്ളിയിലും എൻഐഎ റെയ്ഡ് നടക്കുകയാണ്. നിരോധിത സംഘടനയായ പിഎഫ്ഐയുടെ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലാണ് റെയ്ഡ്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേരളാ പൊലീസിന്റെ സാന്നിധ്യത്തിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്. ഈരാറ്റുപേട്ടയിലും എൻഐഎയുടെ പരിശോധന നടക്കുകയാണ്. മൂവാറ്റുപുഴയിൽ പിഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം കെ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ്. പുലർച്ചെ രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. ആലുവയിൽ ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന. ചിലയിടങ്ങളിൽ റെയ്ഡ് അവസാനിച്ചു, നേരത്തെ അടച്ചു പൂട്ടിയ പോപ്പുലർ ഫ്രണ്ടിൻ്റെ ചില ഓഫീസുകളും എൻഐഎ സംഘം തുറന്നുപരിശോധിച്ചു.

 

Eng­lish Sam­mury: nia-con­duct-raids-pfi- old lead­ers-homes includ­ing kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.