നമുക്ക് ചര്‍ച്ചചെയ്യാന്‍ എത്രയോ വിഷയങ്ങള്‍. പക്ഷേ ഈ വിഷയങ്ങള്‍ക്കെല്ലാം ഒന്നോ രണ്ടോ ദിവസത്തെ ആയുസേയുള്ളു. ഈ വാക്പോരുകള്‍ക്കിടയില്‍ നാം കാണാതെപോകുന്ന ദുരന്തവിഷയങ്ങള്‍ എത്രയെത്ര. കേരളത്തിലെ യുവത മാത്രമല്ല പടുവൃദ്ധന്മാര്‍ വരെ ലഹരിയില്‍ മുങ്ങിക്കിടക്കുന്ന കാര്യം കാണാതെ പോകുന്നു. തന്നെ ഒരാള്‍ പീഡിപ്പിച്ചുവെന്നുപോലും പറയാനറിയാത്ത നാലുവയസുകാരി അമ്മയോടു പറഞ്ഞത് അയലത്തെ അപ്പൂപ്പന്‍ തന്നെ ഉപദ്രവിച്ചതിനുശേഷം തനിക്ക് മേലാകെ വേദനയെന്ന്. പിടിയിലായപ്പോള്‍ ലഹരിക്ക് അടിമയായ 92 വയസുകാരന്‍. കഴിഞ്ഞ ദിവസം ചില പയ്യന്മാര്‍ മൂന്നാറിലെ എക്സൈസ് ഓഫിസിലേക്ക് കയറിച്ചെന്നു.
സിനിമയിലേതുപോലെ ഒരു ബീഡിയുണ്ടോ സര്‍ ഒരു തീപ്പെട്ടിയെടുക്കാന്‍ എന്നല്ല ചോദിച്ചത്. തീപ്പെട്ടിയുണ്ടോ സാറേ ഒരു കഞ്ചാവു ബീഡി കത്തിക്കാന്‍ എന്ന് നേരേ ചൊവ്വേയങ്ങ് ചോദിച്ചു. കേസുകളില്‍ പിടിച്ചെടുത്ത കുറേ വാഹനങ്ങള്‍ കണ്ട് വര്‍ക്ക്ഷോപ്പാണെന്ന് കരുതിയാണത്രേ ചെക്കന്മാര്‍ എക്സൈസ് ഓഫിസില്‍ തന്നെ കയറി തീപ്പെട്ടി തിരക്കിയത്. എക്സൈസുകാര്‍ ഓടിച്ചിട്ടു പിടിച്ച പിള്ളാരുടെ കയ്യില്‍ കഞ്ചാവും ഹാഷിഷ് ഓയിലും. മാതാപിതാക്കളെ വരുത്തി ഏല്പിച്ചു.
64കാരനെ കൊന്നു കുഴിച്ചുമൂടിയ 74കാരന്‍ പൊലീസ് പിടിയില്‍ എന്ന് മറ്റൊരു വാര്‍ത്ത. വീട്ടില്‍ ചീട്ടുകളിക്കാന്‍ വന്ന ഒന്നാമന്‍ തന്റെ മരുമകളുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ടത് കണ്ടുപിടിക്കപ്പെട്ടതോടെയായിരുന്നു കൊല. ചത്തവന്‍ സ്ഥിരം കഞ്ചാവു പാര്‍ട്ടി. സ്കൂള്‍ വിദ്യാര്‍ത്ഥിയായ മകളെ പീഡിപ്പിച്ച പിതാവിന് 72 വര്‍ഷം തടവും ലക്ഷക്കണക്കിനു പിഴയും കോടതി വിധിച്ചത് കഴിഞ്ഞ ദിവസം. മേല്‍പ്പടിയാനും രാസലഹരിയുടെ പിടിയിലായിരുന്നു. ഉയര്‍ന്ന ഉദ്യോഗത്തില്‍ ലഭിക്കുന്ന വന്‍ ശമ്പളത്തെക്കാള്‍ ലാഭകരം ലഹരിക്കച്ചവടമാണെന്ന് തിരിച്ചറിയുന്ന ദുരന്തകാലം. പാലക്കാട്ടെ പയ്യനുമായി ഫേസ്ബുക്കിലൂടെ പ്രണയിച്ച ടെക്നോ ക്രാറ്റ് പെണ്ണ് ജോലി ഉപേക്ഷിച്ചു കാമുകനുമായി കഞ്ചാവു കച്ചവടമായി. ഇരുവരെയും കഴിഞ്ഞ ദിവസം പിടികൂടിയത് 20 കിലോ കഞ്ചാവുമായി. കൊട്ടാരക്കരയില്‍ രോഗശയ്യയില്‍ കിടന്ന വൃദ്ധപിതാവിനെ കഴുത്തില്‍ തോര്‍ത്തുമുറുക്കിയ ശേഷം വെട്ടിക്കൊന്ന മകന്‍ മദ്യലഹരിയിലായിരുന്നു. ഇങ്ങനെ ലഹരിദുരന്തങ്ങള്‍ അതിമഹാസാഗരം പോലെ.
ലഹരി ഉപയോഗം മൂലം യുവാക്കളില്‍ പക്ഷാഘാതം വര്‍ധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കും പുറത്ത്. ഇങ്ങനെ പക്ഷാഘാതത്തില്‍പ്പെട്ടുപോയ 66 ലക്ഷം പേരാണ് ഇന്ത്യയിലുള്ളത്. 25 വര്‍ഷം കൂടി കഴിയുമ്പോള്‍ അത് ഒരു കോടി കടക്കുമെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ലഹരി കേസുകളില്‍ 23നുശേഷം ഇതുവരെ അറസ്റ്റിലായത് 18,743 പേര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കേരളത്തിലെ യുവാക്കളില്‍ 31.8ശതമാനം യുവാക്കളും ലഹരിക്ക് അടിമകളായിക്കഴിഞ്ഞു. ആത്മഹത്യ ചെയ്യുന്നവരില്‍ 47 ശതമാനവും ലഹരിയുടെ കൂട്ടുകാര്‍. യുപിക്കും മഹാരാഷ്ട്രയ്ക്കും ബിഹാറിനും മധ്യപ്രദേശിനുമൊപ്പം ഓടിയെത്താന്‍ നമുക്കിനി ഏറെക്കാലം വേണ്ടിവരില്ല. ലഹരി ദുരന്തത്തില്‍ മുങ്ങിത്താഴുമ്പോള്‍ ഇതൊന്നും കാണാതെ നമുക്ക് നടി അമ്മുക്കുട്ടിയുടെ അരഞ്ഞാണവും പാദസരവുമെല്ലാം ചര്‍ച്ചാ വിഷയം.
മറവിയുടെ ചവറ്റുകൊട്ട ഇടയ്ക്കൊന്നു ചികയണം. ‘ഒരിക്കലും മറക്കില്ലെന്നു നാം കരുതിയ പലതും മാറാലപിടിച്ചു കിടക്കുന്നതുകാണാം’ എന്ന കവി അയ്യപ്പന്റെ വരികളോര്‍ത്ത് ദേവിക ഒന്നു ചികഞ്ഞപ്പോള്‍ ഒരാളെ കണ്ടെത്തി. നാം മറന്നുപോയ സ്വര്‍ണക്കടത്ത് രാജ്ഞി സ്വപ്നാ സുരേഷിനെ. പുതിയ അവതാരമായി സ്വപ്ന എത്തുന്നു. ‘കര്‍മ്മ ന്യൂസ്’ എന്ന സംഘ്പരിവാര്‍ അനുകൂല ഓണ്‍ലൈന്‍ ചാനലില്‍ ഉന്നതപദവിയില്‍ താന്‍ എത്തുന്നുവെന്ന് സ്വര്‍ണകുമാരി തന്നെ വെളിപ്പെടുത്തുന്നു. ദക്ഷിണേന്ത്യന്‍ എക്സിക്യൂട്ടീവായാണത്രേ തിരുപ്പുറപ്പാട്. കുട്ടിക്കാലം മുതല്‍ മാധ്യമപ്രവര്‍ത്തകയാകണമെന്ന തന്റെ മോഹം നടക്കാതെ പോയത് ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകള്‍ മൂലമായിരുന്നുവെന്നും കുമ്പസാരം. മാധ്യമപ്രവര്‍ത്തകയായി താന്‍ തിളങ്ങുമെന്ന് വാഗ്ദാനവുമുണ്ട്. സംഘിചാനലായ ‘കര്‍മ്മ ന്യൂസി‘ല്‍ എത്തുന്ന സ്വപ്ന പുതിയ വെളിപ്പെടുത്തലുകളിലൂടെ മലയാള മാധ്യമലോകത്തെ ഉലത്തിക്കളയുമെന്ന ഭീഷണിയുമുണ്ട്. സ്വപ്ന മാധ്യമപ്രവര്‍ത്തകയായാല്‍ എത്രത്തോളം പോകുമെന്ന് നമുക്കറിയാത്തതല്ല. സ്വപ്ന തുള്ളിയാല്‍ മുട്ടോളം പിന്നെ തുള്ളിയാല്‍ ചട്ടിയില്‍ അത്രേയുള്ളു!
അക്കിടി ആര്‍ക്കും പറ്റാം. ഡിജിറ്റല്‍ കാമറ ശാസ്ത്രം കണ്ടുപിടിക്കാതിരുന്ന കാലത്ത് ആ മോഡല്‍ കാമറ തനിക്കുണ്ടെന്ന് പറഞ്ഞുകളഞ്ഞ മഹാനാണ് നമ്മുടെ പ്രധാനമന്ത്രി മോഡി. അദ്ദേഹത്തിന്റെ ശിഷ്യനാകുമ്പോള്‍ അത്ര മോശമായിക്കൂടല്ലോ. ദ്വാപരയുഗനാഥനായ ശ്രീകൃഷ്ണന്‍ നീന്തിത്തുടിച്ച ഡല്‍ഹിയില യമുനാനദി, ഗോക്കളെ മേച്ചുകൊണ്ടും കാളിന്ദിതീരത്തുള്ള പൂക്കളിറുത്തുകൊണ്ടും ഗോവിന്ദനിന്നുവരും എന്നു നാം പാടിയ പുണ്യയമുന. അന്നും യമുനയൊരു സുന്ദരിയായിരുന്നു, അന്നും യമുന നൃത്തം ചെയ്തിരുന്നു എന്നു നാം പാടിയുണര്‍ത്തിയ യമുന ഇന്നൊരു കാളിന്ദിയാണ്. രാസവിഷപ്പത മുകള്‍പ്പരപ്പില്‍ മീറ്ററുകളോളം കട്ടിക്ക് പരന്നുകിടക്കുന്നു. യമുനയുടെ മലിനീകരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് യമുനയിലിറങ്ങി പതയില്‍ നീരാടി. രാസപ്പതയ്ക്കറിയുമോ ഇത് മോഡിശിഷ്യനാണെന്ന്. നേതാവ് ഇപ്പോള്‍ ചൊറിപിടിച്ച് ആശുപത്രിയിലാണ്. ശ്വാസതടസം മൂലം വെന്റിലേറ്ററിലും. യമുന ഇങ്ങനെ ചതിക്കുമോ എന്ന് ആ പൊട്ടനറിയില്ലായിരുന്നു. മറ്റൊരക്കിടിപറ്റിയത് മുന്‍ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് തോബിയാസിന്. ഒരു യൂട്യൂബര്‍ താരത്തെ വേളികഴിച്ചു. കുഞ്ഞു ജനിച്ചയുടന്‍ വിനീഷ്യസ് തന്റെ മേനിയില്‍ കൊച്ചിന്റെ പേരോടുകൂടി, ‘ഐ ലവ് യു മെയ്റ്റ്’ എന്ന് പച്ചകുത്തി. അടുത്തയാഴ്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ തന്തപ്പടി വേറെ. ഒരാളുമായി കല്യാണത്തിന് മുമ്പ് ഡേറ്റിങ് നടത്തിയപ്പോള്‍ പറ്റിയ അക്കിടിയാണെന്ന് ഭാര്യ. അങ്ങനെ ഇരട്ട അക്കിടി! കുഞ്ഞിനെയും തള്ളയെയും ഫുട്ബോള്‍ താരം പന്തടിച്ചുരുട്ടുമോ എന്ന വാര്‍ത്ത വന്നിട്ടില്ല!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.