പ്രത്യേക ലേഖകൻ

ന്യൂഡല്‍ഹി

March 20, 2020, 6:25 am

നിർഭയ കേസിൽ ശിക്ഷ നടപ്പാക്കി

Janayugom Online

നിര്‍ഭയ കേസിലെ പ്രതികളുടെ വധ ശിക്ഷാ നടപടികൾ പൂർത്തിയായി. അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റിയത്. പുലർച്ചെ 4.30 നാണ് നടപടികൾ തുടങ്ങിയത്. 5.30 ന് ഒരേസമയം നാലുപേരെയും തൂക്കിലേറ്റുകയായിരുന്നു. ശിക്ഷ നടന്നത് ഏഴ് വർഷവും മൂന്ന് മാസവും പിന്നിട്ടശേഷമാണ്.ആരാച്ചാർ പവൻ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.അക്ഷയ് കുമാർ സിങിന്റെ കുടുംബത്തിന് ഇയാളെ കാണാൻ അവസരമുണ്ടായില്ല. മറ്റുള്ളവരുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

കൊറോണ പ്രോട്ടോകോൾ ലംഘിച്ച് തീഹാർ ജയിൽ പരിസരത്ത് നൂറുകണക്കിനാളുകൾ തടിച്ചുകൂടുകയും മരണം സ്ഥിരീകരിച്ച ഔദ്യോഗിക വിവരം പുറത്തുവന്നശേഷം മധുരം വിളമ്പുകയും ആഹ്ലാദം പങ്കിടുകയും ചെയ്ത സംഭവങ്ങൾ അരങ്ങേറി.തിഹാർ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാലുപേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. കുളിക്കാനും ഭക്ഷണം കഴിക്കാനും  ജയിൽ അധികൃതർ സൗകര്യം ഒരുക്കിയിരുന്നെങ്കിലും പ്രതികൾ അതെല്ലാം നിഷേധിച്ചു. അവസാന ആഗ്രഹം പോലും പ്രകടിപ്പിക്കാൻ നാലു പേരും തയ്യാറായില്ല.

ഈ ദിവസം രാജ്യത്തെ സ്ത്രീകളുടെ ദിനമാണെന്ന് ശിക്ഷ നടപ്പായശേഷം നിര്‍ഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു. മകൾ ഈ ലോകം വിട്ട് പോയി. അവളിനി തിരിച്ച് വരാനും പോകുന്നില്ല പക്ഷെ അവൾക്ക് വേണ്ടിയുള്ള നീതി ഇന്ന് നടപ്പായിരിക്കുന്നു. ഇത് നിര്‍ഭയക്ക് വേണ്ടി മാത്രമുള്ള നീതിയല്ല, രാജ്യത്തെ എല്ലാ സ്ത്രീകളും അര്‍ഹിക്കുന്ന നീതിയാണെന്നും ജുഡീഷ്യറിക്ക് നന്ദിയുണ്ട്. ഇത് പെൺകുട്ടികളുടെ പുതിയ പ്രഭാതം’ കൂടിയാണെന്നും നിർഭയയുടെ അമ്മ പറഞ്ഞു.പ്രതികളുടെ ഹര്‍ജികള്‍ വിചാരണ കോടതിയും സുപ്രീംകോടതിയും ഇന്നലെ തള്ളിയതോടെയാണ് വധശിക്ഷയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. എല്ലാ ഹര്‍ജികളും തള്ളിക്കൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ധര്‍മേന്ദ്ര റാണയാണ് ഉത്തരവിറക്കിയത്.

2012 ഡിസംബർ 16ന് രാത്രി 9.00 മണിക്ക് ഡൽഹി വസന്ത് വിഹാറിൽ സിനിമ കണ്ട് താമസ സ്ഥലത്തേക്കു മടങ്ങാൻ ബസ് കാത്തിരിക്കെയാണ് ഫിസിയോതെറപ്പി വിദ്യാർത്ഥിനിയും സുഹൃത്തും അതുവഴി വന്ന ബസിൽ കയറിയത്. അതിലുണ്ടായ ആറു പേർ ചേര്‍ന്ന് ആ പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്തു. 40 മിനിറ്റ് നീണ്ട ക്രൂരതയ്ക്കൊടുവിൽ ജീവച്ഛവമായ പെൺകുട്ടിയെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞു.

ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് ഠാക്കൂർ, 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരാൾ എന്നിവരാണ് കുറ്റകൃത്യം നടത്തിയത്. ശരീരമാസകലം കീറിമുറി‍‌ഞ്ഞും ആന്തരാവയവങ്ങൾക്ക് ഗുരുതര പരുക്കേറ്റും സഫ്ദർജങ് ആശുപത്രിയിൽ പെൺകുട്ടി ജീവനുവേണ്ടി മല്ലിട്ടു. രാജ്യത്ത് പ്രതിഷേധം ശക്തമായി. ഇതിനിടെ വിദഗ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്കു കൊണ്ടുപോയി.ഡിസംബർ 29, പുലർച്ചെ 2.15 സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ നിർഭയ മരിച്ചു.

ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 17–നും മറ്റുള്ളവർ നാലു ദിവസത്തിനകവും അറസ്റ്റിലായി. 2013 ജനുവരി 17 ന് അതിവേഗ കോടതി നടപടികൾ തുടങ്ങി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി. 2015ൽ കാലാവധി പൂർത്തിയാക്കിയ ഇയാളെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. 130 ദിവസം വിചാരണ നടന്നു.മുഖ്യപ്രതി ഡ്രൈവർ രാം സിങ് 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതി 2013 സെപ്റ്റംബർ 13ന് വിധിച്ചു.

വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു. 2017 മേയ് അഞ്ചിന് നാലു പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു. വീണ്ടും നിരവധി ഹർജികൾ സമർപ്പിക്കപ്പെട്ടു. ദയാഹർജിയും പരിഗണനയ്ക്ക് വന്നു. ഇക്കാരണങ്ങളാൽ തന്നെ ശിക്ഷാനടപടി വൈകി. അന്താരാഷ്ട്ര കോടതിയിലും നിർഭയാകേസിലെ വിധിക്കെതിരെ ഹർജി ഫയൽചെയ്യപ്പെട്ടു. ഏറ്റവുമൊടുവിൽ പ്രതികളിലൊരാളുടെ ഭാര്യ തനിക്ക് വിധവയാകാനാവില്ലെന്നും ശിക്ഷ നടപ്പാക്കും മുമ്പേ വിവാഹമോചനം വേണമെന്നാവശ്യപ്പെട്ടും കോടതിയെ സമീപിച്ചു. എല്ലാ ഹർജികളും ഇന്നലെ തള്ളിയാണ് രാജ്യത്തെയാകെ പിടിച്ചുലച്ച നിർഭയാ കേസിലെ വിധി നടപ്പായത്. വധശിക്ഷ തുടരണമോ എന്ന ഗൗരവമേറിയ ചർച്ചകളിലേയ്ക്കാവും വരും നാളുകളിൽ രാജ്യം നീങ്ങുക.

Eng­lish Sum­ma­ry: Nirb­haya case