28 June 2024, Friday
KSFE Galaxy Chits

അനീതി ആയോഗ്

കെ ദിലീപ്
നമുക്ക് ചുറ്റും
February 23, 2023 4:30 am

2014 ഓഗസ്റ്റ് ഒന്നിന് തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ദേശീയ ആസൂത്രണ കമ്മിഷന്‍ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. പകരം നിതി ആയോഗ് എന്ന ‘ദേശീയ ഉപദേശക സമിതി’ നിലവില്‍ വന്നു. ‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ’ എന്നതിന്റെ ചുരുക്ക പേരാണ് ‘നിതി ആയോഗ്’. 15 വര്‍ഷത്തെ റോഡ് മാപ്പാണ് രാജ്യത്തെ പുനരുദ്ധരിക്കാന്‍ നിതി ആയോഗ് തയ്യാറാക്കിയത്. അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞത് ‘പ്ലാനിങ് കമ്മിഷന് ഇന്ത്യയെ ലോക കമ്പോളത്തില്‍ മത്സരസജ്ജമാക്കാന്‍ ആവില്ല. അതിനാല്‍ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതശൈലി തന്നെ നവീകരിക്കുവാന്‍ നിതി ആയോഗ് ആവശ്യമാണ്’ എന്നാണ്. കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ഒരു വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നിതി ആയോഗ് വെറും ഉപദേശക സമിതി മാത്രമാണ്. എന്നാല്‍ ഭരണഘടനാദത്തമായ അധികാരങ്ങളുണ്ടായിരുന്ന ദേശീയ ആസൂത്രണ കമ്മിഷന് വിപുലമായ സാമ്പത്തിക അധികാരങ്ങളുണ്ടായിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി ചെയര്‍മാനായി, 1950 മാര്‍ച്ച് 15നാണ് ആസൂത്രണ കമ്മിഷന്‍ രൂപീകൃതമായത്. ക്യാബിനറ്റ് മന്ത്രിയുടെ പദവിയില്‍ ഒരു ഡെപ്യൂട്ടി ചെയര്‍മാന്‍,‍ പ്രധാനപ്പെട്ട വകുപ്പു മന്ത്രിമാരെല്ലാം അംഗങ്ങള്‍, കൂടാതെ മുഴുവന്‍ സമയ അംഗങ്ങളായി സാമ്പത്തിക ശാസ്ത്രം, ശാസ്ത്രം, വ്യവസായം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ എന്നിങ്ങനെയായിരുന്നു ഘടന. രാജ്യമൊന്നാകെ ഒരു യൂണിറ്റായി കണ്ടുകൊണ്ട് വിവിധ മേഖലകളില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍, പഞ്ചവത്സര പദ്ധതികളുടെ പുരോഗതി അവലോകനം, അവയുടെ നടത്തിപ്പ്, ഇവയെല്ലാം വിലയിരുത്തുകയും മേല്പറഞ്ഞ പദ്ധതികള്‍ക്കെല്ലാം ആവശ്യമായ പ്ലാന്‍ഫണ്ട് വകയിരുത്തുവാന്‍ ശുപാര്‍ശയും ആസൂത്രണ കമ്മിഷന്റെ ചുമതലയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണത്തിന്റെയും വികസന പദ്ധതികളുടെ നടത്തിപ്പിന്റെയും നെടുംതൂണായിരുന്നു കമ്മിഷന്‍. ഈ സ്ഥാപനത്തിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് വഴി വന്ന സാമ്പത്തികകാര്യ വിദഗ്ധരായിരുന്നു. ഓരോ മേഖലയിലും പദ്ധതി വിഹിതം എത്രമാത്രം ചെലവഴിക്കപ്പെടണമെന്നും ഇത്തരത്തില്‍ നല്കിയ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം കൃത്യമായ പ്രവര്‍ത്തനം എന്നിവയും ആസൂത്രണ കമ്മിഷന്റെ മേല്‍നോട്ടത്തിലായിരുന്നു. അതിനാല്‍ തന്നെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനമായിരുന്നു കമ്മിഷന്‍. ഇത്തരത്തിലുള്ള അധികാരങ്ങളൊന്നുമില്ലാതെ കേവലം ഉപദേശക സ്വഭാവം മാത്രമുള്ള സ്ഥാപനമാണ് നിലവിലെ നിതി ആയോഗ്.


ഇതുകൂടി വായിക്കൂ: അനീതി മാത്രം വിളയാടുന്ന നിതി ആയോഗ്


2014ല്‍ ആസൂത്രണ കമ്മിഷന്‍ അടച്ചുപൂട്ടിയശേഷം രാജ്യത്തൊട്ടാകെ നടപ്പിലാക്കേണ്ട എന്തു വികസനമാണ് നിതി ആയോഗ് വഴി നടപ്പിലാക്കിയത് എന്ന ചോദ്യം പ്രസക്തമാണ്. പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവ സ്വകാര്യവല്‍ക്കരിക്കുവാനും മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതടക്കമുള്ള പൊതുമേഖലാ കമ്പനികളില്‍ സ്വകാര്യ പങ്കാളിത്തമനുവദിക്കുവാനും മറ്റുമാണ് നിതി ആയോഗിന്റെ പ്രധാന ശുപാര്‍ശകള്‍. മറ്റൊരു വിനാശകരമായ ശുപാര്‍ശ സര്‍ക്കാര്‍ മേഖലയിലുള്ള ജില്ലാ ആശുപത്രികള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറ്റം ചെയ്യുക എന്നതായിരുന്നു. ഈ ശുപാര്‍ശ നടപ്പിലാക്കുന്ന വഴിയിലാണ് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങള്‍. കേന്ദ്ര ബജറ്റില്‍ ആരോഗ്യരംഗത്തിന് ജിഡിപിയുടെ 1.2 ശതമാനമായിരുന്നു വകയിരുത്തിയത്. വികസിത രാജ്യങ്ങളില്‍ സ്വീഡന്‍ 9.2, ഫ്രാന്‍സ് 8.7, കാനഡ 7.7, യുഎസ്എ 8.5, യുകെ 7.9 ശതമാനം എന്നിങ്ങനെയും ദരിദ്ര രാജ്യങ്ങളായ ബംഗ്ലാദേശ് 8.2, ഭൂട്ടാന്‍ 6.2, മ്യാന്‍മര്‍ 2.3 ശതമാനം എന്നിങ്ങനെയും ചെലവിടുമ്പോഴാണ് പൊതുപണം കൊണ്ട് നിര്‍മ്മിച്ച ജില്ലാ ആശുപത്രികളും മെഡിക്കല്‍ കോളജുകളും സ്വകാര്യ സംരംഭകര്‍ക്ക് കൈമാറാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്യുന്നതും അത് ചില സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍തുടരുന്നതും. ജിഡിപിയുടെ മൂന്ന് ശതമാനമെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്ക് നീക്കിവച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി ഫലപ്രദമായി കോവിഡ് ദുരന്തം കൈകാര്യം ചെയ്യാമായിരുന്നു എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.


ഇതുകൂടി വായിക്കൂ: കോവിഡിനെ സ്വകാര്യ ആരോഗ്യ മേഖലയും നിതിആയോഗും അവസരമാക്കി


നിതി ആയോഗിന്റെ ഏറ്റവും പുതിയ നിര്‍ദേശം ഭക്ഷ്യ സബ്സിഡികള്‍ നിര്‍ത്തലാക്കണം എന്നതാണ്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ സംഖ്യ വിപുലീകരിക്കണം എന്ന് രാജ്യത്തെ പരമോന്നത കോടതിതന്നെ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് നിതി ആയോഗിന്റെ ഈ നിര്‍ദേശം. ഭക്ഷ്യഭദ്രതാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെ നിതി ആയോഗ് എതിര്‍ത്തിരുന്നു എന്നാണ് ‘റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്’ പുറത്തുവിട്ട വാര്‍ത്ത. കേന്ദ്ര ബജറ്റില്‍ ഭക്ഷ്യധാന്യ സബ്സിഡി 63 ശതമാനം വെട്ടിക്കുറച്ചതും സൗജന്യ ഭക്ഷ്യ വിതരണം അവസാനിപ്പിച്ചതും നിതി ആയോഗ് നിര്‍ദേശമനുസരിച്ചാണത്രെ. പുതിയ ബജറ്റ് കണക്കുകളില്‍ ഭക്ഷ്യ സബ്സിഡി ഇനത്തില്‍ 1,79,844 കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗത്തിനും സബ്സിഡി നിരക്കില്‍ ധാന്യങ്ങള്‍ നല്കുന്നത് അഭികാമ്യമല്ല എന്ന നിര്‍ദേശവും നിതി ആയോഗ് നല്കിയത്രെ. എന്‍എഫ്എസ്എക്ക് കീഴിലുള്ള ഭക്ഷ്യധാന്യ വിതരണത്തില്‍ സ്വകാര്യ പങ്കാളിത്തം വേണമെന്നാണ് മറ്റൊരു നിര്‍ദേശം. നികുതിപ്പണമുപയോഗിച്ച് പടുത്തുയര്‍ത്തിയ രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുവാനും സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ തകര്‍ക്കുവാനും കങ്കാണിപ്പണി ചെയ്തുകൊണ്ടിരുന്ന നിതി ആയോഗ് ഇപ്പോള്‍ ഒരുപടി കൂടി കടന്ന് രാജ്യത്തെ ദരിദ്രരുടെയും അതിദരിദ്രരുടെയും ഭക്ഷണം എന്ന അവകാശം ഇല്ലാതാക്കാനുള്ള ഉപദേശമാണ് നല്കിയിരിക്കുന്നത്.
2022ൽ പുറത്തു വന്ന കണക്കു പ്രകാരം ലോക ദാരിദ്ര്യ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 107 ആണ്. ആരോഗ്യ നിലവാര സൂചികയിൽ 112ഉം. എന്നിട്ടും രാജ്യത്തെ പരമ ദരിദ്രരായ ഗ്രാമീണ ജനതയ്ക്ക് 2013ലെ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ‘ഭക്ഷണം എന്ന അവകാശം’ ഇല്ലാതാക്കുവാനാണ് നിതി ആയോഗിന്റെ നിര്‍ദേശം. 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലും ഉത്തരേന്ത്യയിലും ബംഗാളിലും ആഞ്ഞടിച്ച കൊടുംപട്ടിണിയുടെ പാഠങ്ങള്‍ ഇന്ത്യക്ക് ഇനിയും മറക്കാന്‍ സമയമായില്ല എന്നുകൂടി ഓര്‍ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.