12 December 2025, Friday

Related news

July 20, 2025
March 10, 2025
December 21, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 17, 2024
December 4, 2024

പാര്‍ലമെന്റില്‍ അവിശ്വാസ ചര്‍ച്ച ആരംഭിച്ചു; മണിപ്പൂരിനെ കേന്ദ്രം രണ്ടാക്കി: ഇന്ത്യ

റെജി കുര്യന്‍
ന്യൂഡല്‍ഹി
August 8, 2023 11:46 pm

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ച ലോക്‌സഭയില്‍ ഇന്നലെ ആരംഭിച്ചു.
കോണ്‍ഗ്രസ് അംഗം ഗൗരവ് ഗൊഗോയ് ആണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനമാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ നിര്‍ബന്ധിതരാക്കിയതെന്ന് ഗൊഗോയ് വ്യക്തമാക്കി. ഒരേ ഇന്ത്യയെന്ന വാതോരാതെ സംസാരിക്കുമ്പോഴും മണിപ്പൂരിനെ ബിജെപി രണ്ടാക്കിമാറ്റിയെന്ന് ഗൊഗോയ് വിമര്‍ശിച്ചു.

പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല. കലാപം ആരംഭിച്ച് 80 ദിവസം പിന്നിട്ടപ്പോള്‍ മാത്രമാണ് ഇതേപ്പറ്റി എന്തെങ്കിലും പറയാന്‍ പ്രധാനമന്ത്രി തയ്യാറായത്. മുഖ്യമന്ത്രിയെ എന്തുകൊണ്ട് മാറ്റുന്നില്ല എന്നീ ചോദ്യങ്ങളും ഗൊഗോയ് മുന്നോട്ടു വച്ചു. സര്‍വ്വ കക്ഷി സംഘത്തെ നയിച്ച് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ സംഘടനകളുമായി ചര്‍ച്ച നടത്തി ശക്തമായ നടപടികള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര അവാര്‍ഡ് ജേതാക്കളായ വനിതകള്‍ തങ്ങള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിനെതിരെ തെരുവില്‍ സമരം ചെയ്യുമ്പോള്‍ മോഡിക്ക് മൗനമായിരുന്നു. കര്‍ഷക സമരത്തില്‍ 750 കര്‍ഷകര്‍ മരിച്ചു വീണപ്പോഴും മോഡി മൗനം തുടര്‍ന്നു. 2020 ല്‍ ഡല്‍ഹിയില്‍ കലാപമുണ്ടായപ്പോഴും മോഡി മൗനിയായിരുന്നു. മോഡിക്കൊപ്പം വിദേശ സന്ദര്‍ശനത്തിനു പോയ ഒരു വന്‍കിട ബിസ്സിനസ്സുകാരന് നേട്ടമുണ്ടായെന്ന് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചപ്പോഴും മോഡി മൗനം പാലിച്ചെന്നും ഗൊഗോയ് ചൂണ്ടിക്കാട്ടി. 

സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കീഴിലെ സുരക്ഷാ സേനകള്‍ക്കും മണിപ്പൂര്‍ വിഷയം കൈകാര്യം ചെയ്യുന്നതിനുമുണ്ടായ വീഴ്ച ഗൊഗോയ് എടുത്തുകാട്ടി. തെറ്റായ സമയത്തും തെറ്റായ രീതിയിലുമാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നതെന്നായിരുന്നു കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു ചര്‍ച്ചയില്‍ പരാമര്‍ശിച്ചത്.
ബിജെപി എംപി നിഷികാന്ത് ദുബൈ സോണിയാ ഗാന്ധിയെയും പ്രതിപക്ഷത്തെയും ലക്ഷ്യമിട്ട് പല പരാമര്‍ശങ്ങളും നടത്തി. പ്രതിപക്ഷ ഐക്യനിരയിലെ വിശ്വാസത്തിന്റെ തോത് അളക്കാനാണ് സര്‍ക്കാരിനെതിരെ അവിശ്വാസമെന്നാണ് അദ്ദേഹം വിമര്‍ശനം ഉയര്‍ത്തിയത്.
ഒമ്പത് വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് ഒമ്പത് സംസ്ഥാനങ്ങളിലെ ഭരണം ബിജെപി അട്ടിമറിച്ചത് എന്‍സിപി അംഗം സുപ്രിയ സുലേ ഉയര്‍ത്തിക്കാട്ടി. തൊഴിലില്ലായ്മയും സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളും അവര്‍ ചര്‍ച്ചയില്‍ മുന്നോട്ടു വച്ചു. 

Eng­lish Sum­ma­ry: No-con­fi­dence debate start­ed in Par­lia­ment; Manipur has been split into two by the Cen­tre: India

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.