27 December 2024, Friday
KSFE Galaxy Chits Banner 2

വെള്ളവും വെളിച്ചവുമില്ലാതെ ഗാസ; ഹമാസ് ബന്ദികളായവര്‍ തിരിച്ചെത്താതെ ഇന്ധനം നല്‍കില്ല

Janayugom Webdesk
ഗാസ സിറ്റി
October 12, 2023 10:37 pm

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ഗാസയ്ക്ക് മേലുള്ള സമ്പൂര്‍ണ ഉപരോധം പിന്‍വലിക്കില്ലെന്ന് ഇസ്രയേല്‍. ആരും തങ്ങളെ മാനുഷിക മൂല്യങ്ങള്‍ പഠിപ്പിക്കേണ്ടെന്നും ഇസ്രയേല്‍ ഊര്‍ജ മന്ത്രി ഇസ്രയേല്‍ കാട്സ് പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവര്‍ തിരിച്ചുവീട്ടിലെത്താതെ ഗാസയില്‍ ഒരു ഇലക്ട്രിക് സ്വിച്ച് പോലും ഓണാകില്ല, ഒരു കുടിവെള്ള ടാപ്പ് പോലും തുറക്കില്ല, ഇന്ധന ട്രക്ക് പോലും എത്തില്ല എന്നാണ് കാട്സിന്റെ മുന്നറിയിപ്പ്. 168 ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലേക്ക് മുന്നറിയിപ്പില്ലാതെ ബോംബ് വര്‍ഷിച്ചാല്‍ ഇവരെ വധിക്കുമെന്നും ഹമാസ് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേല്‍ വൈദ്യുതി-ഇന്ധന ഉപരോധം ആരംഭിച്ചത്.

വ്യോമാക്രമണങ്ങൾക്ക് പുറമെ ഏർപ്പെടുത്തിയ ഉപരോധം 23 ലക്ഷം ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഏക വെെദ്യുതി നിലയം ഇന്ധനക്ഷാമത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയതോടെ ഗാസയിലെ ആശുപത്രികൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. ആയിരങ്ങളാണ് ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. കരുതല്‍ ശേഖരമുള്ള ഇന്ധനം ഉപയോഗിച്ചാണ് പല ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. ആക്രമണവും പ്രത്യാക്രമണവും ആരംഭിച്ചതിന് ശേഷം ജനങ്ങള്‍ സംസ്കരിച്ച് ടിന്നിലടച്ച ഭക്ഷണമാണ് ആശ്രയിച്ചിരുന്നത്.

വൈ­­ദ്യുതി ഇല്ലാതായതോടെ അവ സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനങ്ങളും തകരാറിലായി. ഈ സാഹചര്യത്തില്‍ പട്ടിണി മൂലം ആളുകള്‍ മരിക്കുന്ന ദുരന്തത്തിന് ഗാസ സാക്ഷിയാകുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ആശയവിനിമയ സംവിധാനങ്ങളും തകരാറിലായതോടെ മാനുഷിക സഹായങ്ങൾ എ­ത്തി­ക്കാനോ അടിയന്തര ആവശ്യങ്ങൾക്ക് അധികൃതരെ ബന്ധപ്പെടാനോ സാധിക്കുന്നില്ല. ഫോ­ണുകളിലും ലാപ്‍­ടോപ്പുകളിലും ചാർജില്ലാത്തതു കാരണം പുറത്തേക്ക് ബന്ധപ്പെടാൻ ഗാ­സയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും കഴിയുന്നില്ല.

ഗാസയില്‍ കൊല്ലപ്പെട്ടത് 260 കുട്ടികള്‍

ഗാസ സിറ്റി: ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 260 പേര്‍ കുട്ടികളാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം. പരിക്കേറ്റ 4000 ത്തോളം പേരില്‍ പത്ത് ശതമാനവും കുഞ്ഞുങ്ങളാണ്. ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിന്റെ(ഡിസി­ഐ) റിപ്പോര്‍ട്ടനുസരിച്ച് 2005 മുതല്‍ ഗാസയില്‍ നടന്ന ആറ് ഇസ്രയേല്‍ സൈ­നിക ആക്രമണങ്ങളില്‍ കുറഞ്ഞത് ആയിരം പലസ്തീന്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗവും കൂട്ടികളാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് പറയുന്നു. 18 വയസിന് താഴെയുള്ള ആളുകൾ ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം വരും. അതായത് ഏകദേശം ഒരു ദശലക്ഷം കുട്ടികളാണ് ആക്രമണ ഭീഷണി നേരിടുന്നത്. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം കുട്ടികളുടെയും സാധാരണക്കാരുടെയും മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്‍ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ആന്റണി ബ്ലിങ്കന്‍ ഇസ്രയേലില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിലെത്തി. ഇസ്രയേലിന് കൂടുതല്‍ സൈനിക സഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായാതായാണ് റിപ്പോര്‍ട്ടുകള്‍. ഗാസയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാനായി മാനുഷിക ഇടനാഴിയൊരുക്കുന്നതിന് ഇസ്രയേലിനോട് താല്‍ക്കാലികമായി വെടിനിര്‍ത്താ­ന്‍ ബ്ലിങ്കന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെ­തന്യാഹു, നയതന്ത്ര, സൈ­നിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തി.

അതിനിടെ, ഹമാസ് ഇസ്രയേലി കുട്ടികളുടെ തലയറുത്തുവെന്ന പ്രസിഡന്റ് ജോ ബൈ­ഡന്റെ പ്രസ്താവന വൈറ്റ് ഹൗസ് തിരുത്തി. ഇസ്രയേലില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് പ്രസിഡന്റ് സംസാരിച്ചതെന്നും ജോ ബൈഡന്‍ ഈ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നുമാണ് വൈ­­റ്റ് ഹൗസ് വ്യക്തമാക്കിയത്. വൈറ്റ് ഹൗസില്‍ ജൂത നേതാക്കളുമായി കൂടിക്കാഴ്ച നടത്തവെയാണ് ഹമാസ് കുട്ടികളുടെ ശിരച്ഛേദം ചെയ്യുന്നതിന്റെ സ്ഥിരീകരിച്ച ചിത്രങ്ങള്‍ കണ്ടതായി ബൈഡന്‍ പറഞ്ഞത്. ചൊവ്വാഴ്ച വെെറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ഹമാസിനെ ഐഎസ്ഐഎസ് ഭീകര സംഘടനയുമായി ബെെഡന്‍ താരതമ്യം ചെയ്തിരുന്നു.

22 പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് യുഎസ്

വാഷിങ്ടൺ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ 22 അമേരിക്കക്കാർ കൊല്ലപ്പെട്ടതായും 17 പേരെ കാണാതായതായും വൈറ്റ് ഹൗസ് അറിയിച്ചു. വരും ദിവസങ്ങളിൽ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാരും ഉൾപ്പെടുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ പറഞ്ഞു. ബന്ദികളെ വീണ്ടെടുക്കുന്നത് സംബന്ധിച്ച് ഇസ്രയേലി പ്രതിരോധ സേനയുമായി യുഎസ് ആശയവിനിമയം നടത്തുന്നുണ്ട്. സംഘർഷം കനക്കുന്നതിനിടെ എംബസിയിലെയും കോ­ൺ­­സുലേറ്റിലെയും ജീവനക്കാരുടെ കുടുംബങ്ങളെ ഇസ്രയേലിൽനിന്ന് പിൻവലിക്കുകയാണെന്ന് ബ്രിട്ടൻ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ടെൽ അവീവിലെ എംബസിയിലെയും ജറുസലേമിലെ കോൺസുലേറ്റിലെയും ജീവനക്കാരുടെ ആശ്രിതരെ പിൻവലിക്കുന്നതെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

പലസ്തീന് പിന്തുണയുമായി ലോകം

ന്യൂയോര്‍ക്ക് സിറ്റി: പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലോകം. വിവിധ നഗരങ്ങളില്‍ ഇസ്രയേലിനെതിരെ പ്രതിഷേധ റാലികള്‍ നടന്നു. സാൻ ഫ്രാൻസിസ്കോ, ചിക്കാഗോ, ടാമ്പ, ലോസ് ഏഞ്ചൽസ്, അറ്റ്‌ലാന്റ എന്നിവയുൾപ്പെടെയുള്ള യുഎസ് നഗരങ്ങളില്‍ പലസ്തീന് പിന്തുണയുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ആന്‍സര്‍ കോയിലേഷന്‍, പലസ്തീനിയൻ യൂത്ത് മൂവ്മെന്റ്, അൽ അവ്ദ ന്യൂയോര്‍ക്ക് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ടെെം സ്‍ക്വയറിലെ പ്രതിഷേധം. റാലിയെ അപലപിച്ച് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ രംഗത്തെത്തി. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിനെതിരെ വിദ്വേഷം ഉണർത്തുന്ന ഗവർണർ ഹോച്ചുളിന്റെ അശ്രദ്ധമായ അഭിപ്രായങ്ങളെ അപലപിക്കുന്നതായി പീപ്പിൾസ് ഫോറം പ്രതികരിച്ചു.

നഗരത്തിലെ പ്രതിഷേധങ്ങള്‍ തടയാന്‍ ന്യൂയോര്‍ക്ക് സിറ്റി ഭരണകൂടം പൊലീസ് സേനയെ വിന്യസിച്ചിരുന്നു. പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും ആയിരക്കണക്കിന് ആളുകൾ പലസ്തീനെ പിന്തുണച്ച് തെരുവിലിറങ്ങി. ടെഹ്‌റാനിൽ, നൂറുകണക്കിനാളുകൾ “പലസ്തീൻ” എന്ന് പേരുള്ള സെൻട്രൽ സ്ക്വയറിൽ ഒത്തുകൂടി. ഇസ്താംബുൾ, സനാ, ടുണിസ്, ബെയ്‌റൂട്ട് എന്നിവിടങ്ങളിലും പലസ്തീൻ പതാകകൾ വീശി ആളുകൾ തെരുവിലിറങ്ങി . കുവൈറ്റിലും മൊറോക്കോയിലും നൂറുകണക്കിനാളുകൾ അ­ണിനിരന്നു. ബൊളീവിയയിൽ, ലാപാസിലെ യുഎസ് എംബസിക്ക് പുറത്ത് ജനക്കൂട്ടം പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു, ഇത് തീവ്രവാദമല്ല, സ്വയം പ്രതിരോധമാണ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു റാലി. നൂറുകണക്കിനാളുകൾ ലണ്ടനിലെ ഇസ്രയേൽ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

Eng­lish Sum­ma­ry: No Elec­tric­i­ty In Gaza As Sole Pow­er Sta­tion Runs Out Of Fuel Due To Israeli Blockade
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.