23 December 2024, Monday
KSFE Galaxy Chits Banner 2

ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ അടിയന്തരപ്രമേയ നോട്ടീസ്

web desk
ന്യൂഡല്‍ഹി
December 7, 2022 12:28 pm

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ നിന്നുള്ള പാർലമെന്റ് അംഗം എ എം ആരിഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. രാവിലെ ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പരിഗണിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ഗവർണർമാരുടെ നിയമനം സംബന്ധിച്ച് സ്വകാര്യ ബിൽ വെള്ളിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് കേരള ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സിപിഐ(എം)ലെ വി ശിവദാസനാണ് വെള്ളിയാഴ്ച സ്വകാര്യ ബിൽ അവതരിപ്പിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പുപോലെ ഗവർണർമാരെയും തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം. ഗവർണറുടെ കാലാവധി അഞ്ച് വർഷത്തിൽ കൂടുതൽ കാലാവധി നൽകരുതെന്നും ബില്ലിൽ ആവശ്യപ്പെടുന്നു.

സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന ഇടപെടലുകൾക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്താൻ ഇടതുപക്ഷ പാർടികൾ തീരുമാനിച്ചിട്ടുണ്ട്. ഗവർണർമാരുടെ ഇടപെടലുകൾ പ്രത്യേകമായി ചർച്ച ചെയ്യണമെന്ന് ശീതകാല സമ്മേളനത്തിനു മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ഇടത് എംപിമാരായ പി ആർ നടരാജനും ബികാഷ് രഞ്ജൻ ഭട്ടാചാര്യയും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫെഡറൽ തത്വങ്ങളുടെ ലംഘനം, ജുഡീഷ്യറിക്കെതിരായ കടന്നാക്രമണം തുടങ്ങിയ വിഷയങ്ങളിലും സിപിഐ(എം) ചർച്ച ആവശ്യപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവ പ്രത്യേകമായി ചർച്ച ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് രാവിലെയാണ് തുടക്കമായത്. 29 വരെയാണ് സമ്മേളനം. രണ്ടു ധനബില്ലടക്കം 25 ബിൽ പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ജൈവവൈവിധ്യ ഭേദഗതി ബിൽ, വന്യജീവി സംരക്ഷണ ഭേദഗതി ബിൽ, ഊർജ സംരക്ഷണ ഭേദഗതി ബിൽ, ഒന്നിലേറെ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണസ്ഥാപനങ്ങളെ നിയന്ത്രിച്ചുള്ള ബിൽ, വനസംരക്ഷണ ഭേദഗതി ബിൽ എന്നിവ അതിൽ ഉൾപ്പെടും.

 

Eng­lish Sam­mury: Notice for urgent motion against Arif Muham­mad Khan in Par­lia­ment Win­ter Ses­sion first day 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.