28 December 2024, Saturday
KSFE Galaxy Chits Banner 2

ഇനി കായികോത്സവ ദിനങ്ങൾ; കളിക്കളം- കായികമേളയ്ക്ക് കൊടിയേറി

Janayugom Webdesk
തിരുവനന്തപുരം
November 9, 2022 10:17 am

പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാനതല കായികമേള ‘കളിക്കളം-2022ന് തിരുവനന്തപുരം കാര്യവട്ടം എൽഎൻസിപിഇ സ്റ്റേഡിയത്തിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ടിഡിഒകളിലെ കുട്ടികൾ വിശിഷ്ടാതിഥികൾക്ക് അഭിവാദ്യം അർപ്പിച്ച മാർച്ച് പാസ്റ്റും മുൻ കളിക്കളം ജേതാക്കൾ അണിനിരന്ന ദീപശിഖാ പ്രയാണവും ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി നടന്നു. കളിക്കളം-2022ന്റെ ഭാഗ്യചിഹ്നമായ വിക്ടറിന്റെ സാന്നിധ്യത്തിൽ മന്ത്രി കായികമേളയ്ക്ക് കൊടിയുയർത്തി.
പാഠ്യപദ്ധതി പരിഷ്കരണത്തിൽ കായിക വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകി, വിദ്യാലയങ്ങളിൽ മികച്ച കായിക സംസ്കാരം രൂപപ്പെടുത്തിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ വി ധനേഷ് വിദ്യാർത്ഥികൾക്ക് കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും, 115 പ്രീമെട്രിക് /പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ആയിരത്തിലധികം കായിക പ്രതിഭകൾ ‘കളിക്കളം 2022’ ൽ അണിനിരക്കും. നാളെ വരെ തുടരുന്ന കായികമേളയിൽ 74 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

കളിക്കളത്തിന്റെ മനസ് വായിച്ചറിയാന്‍ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ് റെഡി

തിരുവനന്തപുരം: ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല കായികമത്സരങ്ങളിലെ വിജയത്തിന്റെ കണക്കുകള്‍. മാനസികമായ കാരണങ്ങളാല്‍ വിജയവഴിയിൽ പിന്തള്ളപ്പെടുന്ന മത്സരാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവരെ വിജയികളാക്കേണ്ടതുണ്ട്. ആറാമത് സംസ്ഥാനതല കായികമേള ‘കളിക്കളം-2022 ല്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഈ ഉത്തരവാദിത്തം ഏല്പിച്ചിരിക്കുന്നത് ദീപികയുടെ കൈകളിലാണ്.

ദേശീയ ഗെയിംസില്‍ കേരളത്തിന്റെ ഏക സ്‌പോര്‍ട്സ് സൈക്കോളജിസ്റ്റും ഇന്ത്യയിലെ പ്രായം കുറഞ്ഞ വനിതാ സ്‌പോര്‍ട്‌സ് സൈ­ക്കോളജിസ്റ്റുമാണ് ദീപിക. ദേശീയ ഗെ­യിംസിനു ശേഷം കേരളത്തിനു പുറത്തു നിന്നും പല അവസരങ്ങളും ദീപികയെ തേടിയെത്തിയെങ്കിലും സംസ്ഥാന പട്ടിക വര്‍ഗ വകുപ്പ് മേധാവിയുടെ ക്ഷണമാണ് ദീപിക സ്വീകരിച്ചത്. വകുപ്പിന്റെ കോഴിക്കോട് ഓഫീസിലാണ് ഇപ്പോള്‍ ദീപിക ജോലി ചെയ്യുന്നത്. കളിക്കളം മത്സരാര്‍ത്ഥികളെ മാനസികമായി ശക്തരാക്കാന്‍ ദീപിക ഫീല്‍ഡില്‍ സജീവമാണ്. കായികതാരങ്ങളെ മാനസികമായി തയാറാക്കുക, അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക, സ്‌പോര്‍ട്‌സ് മിത്തുകള്‍ മാറ്റുക, അമിതചിന്തകള്‍ നിയന്ത്രിക്കുക, മാനസികശക്തി പകരുക എന്നിങ്ങനെ നീളുന്നു ഒരു സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റിന്റെ ഉത്തരവാദിത്തങ്ങള്‍. കായിക വിദ്യാര്‍ത്ഥികളുടെ സൈക്കോളജിക്കല്‍ ക്വാളിറ്റി തിരിച്ചറിഞ്ഞ് പ്രത്യേക ട്രെയിനിങ് ആവശ്യമായ കുട്ടികളുടെ ലിസ്റ്റ് തയാറാക്കി വകുപ്പിന് കൈമാറും.

മലപ്പുറം ജില്ലയിലെ കൊല്ലം ചിന മണ്ണാന്‍മലയിലെ കെ ദീപിക സൈക്കോളജി പഠനത്തിന് ശേഷം സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റാവുകയായിരുന്നു. മണ്ണാന്‍മലയില്‍ വേലായുധന്‍ — തങ്കമണി ദമ്പതികളുടെ മകളാണ് ദീപിക. കാലിക്കറ്റ്, എംജി സര്‍വകലാശാലകളിലെ വിവിധ ടീമുകളുടെ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റായും ദീപിക പ്രവർത്തിച്ചിട്ടുണ്ട്. 2017ലാണ് ദീപിക ഈ മേഖലയിലേക്ക് കടന്നു വരുന്നത്. കേരളത്തിലെ കായിക രംഗത്ത് അത്ര സുപരിചിതമല്ലാത്ത ഈ ദൗത്യം തന്നെ ഏല്പിച്ച വകുപ്പ് മേധാവികൾ ഈ മേഖലയിൽ വലിയ മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ദീപിക പറഞ്ഞു.

ആവേശത്തിരയിളക്കി ആദ്യ ദിനം; എംആർഎസ് കണിയാമ്പറ്റ മുന്നിൽ 

തിരുവനന്തപുരം: കളിക്കളം — 2022 ന്റെ ആദ്യ ദിനം ആവേശം നിറഞ്ഞ മത്സരങ്ങൾക്ക് സാക്ഷിയായി. ഹീറ്റ്സ്, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെ 32 ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു. കൂടുതൽ സ്‌കോർ നേടി എംആർഎസ് കണിയാമ്പറ്റയാണ് ആദ്യദിനം മുന്നില്‍. സീനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ എംആർഎസ് ചാലക്കുടിയിലെ അനു എം ഒന്നാം സ്ഥാനം നേടി. സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ജിഎംആർഎസ് ആശ്രാമത്തിലെ ജോൺ കെ ബി, ജൂനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ടിഡിഒ ചാലക്കുടിയിലെ നിശ്ചൽ ഐ ജെ, ജൂനിയർ ആൺകുട്ടികളുടെ ഹൈ ജമ്പിൽ പ്രതീഷ് കുമാർ, ജൂനിയർ പെൺകുട്ടികളുടെ 40 മീറ്റർ അമ്പെയ്ത്തിൽ എംആർഎസ് കണിയാമ്പറ്റയിലെ ഗോപിക കൃഷ്ണൻ, ജൂനിയർ ആൺകുട്ടികളുടെ 30 മീറ്റർ അമ്പെയ്ത്തിൽ എവിഎൻസിബിഎസ്ഇ ഞാറനീലിയിലെ ശ്യാം ശങ്കർ, ജൂനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ജിഎംആർഎസ് കണിയാമ്പറ്റയിലെ അനാമിക എന്നിവരും ഒന്നാം സ്ഥാനം നേടി.

ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പ് വിഭാഗത്തിൽ എംആർഎസ് കണിയാമ്പറ്റയിലെ ജനിഷ, സീനിയർ പെൺകുട്ടികളുടെ അമ്പെയ്ത്തിൽ എംആർഎസ് കണിയാമ്പറ്റയിലെ അനുശ്രീ, സീനിയർ ആൺകുട്ടികളുടെ ലോങ്ജമ്പിൽ എംആർഎസ് മൂന്നാറിലെ സബിൻ സജി, സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ എംആർഎസ് കണിയാമ്പറ്റയിലെ ആദിത്യ കെ എം എന്നിവർ ഒന്നാം സ്ഥാനം നേടി.

കൊച്ചുതാരങ്ങളെ കളത്തിലിറക്കാൻ മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ

തിരുവനന്തപുരം: ‘കളിക്കളം 2022’ ൽ കൊച്ചുതാരങ്ങളുടെ കൈപിടിച്ച് കളത്തിലിറക്കാൻ ഒരു സെലിബ്രിറ്റിയുമുണ്ട്. പത്ത് വർഷത്തോളം ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ്, രണ്ട് വർഷം ക്യാപ്റ്റനായി തിളങ്ങിയ ഫുട്ബോളർ കെ വി ധനേഷ് ആണത്. കാസർകോട് കരിന്തളം ഏകലവ്യ മോഡൽ സ്പോർട്സ് സ്‌കൂളിലെ തന്റെ 13 വിദ്യാർത്ഥികളെ മത്സരങ്ങളിൽ അണിനിരത്തി കളിക്കളത്തിൽ സജീവ സാന്നിധ്യമാവുകയാണ് അദ്ദേഹം. മറ്റ് കായിക മേളകളിൽ പങ്കെടുക്കാൻ കഴിയാത്ത മത്സരാർത്ഥികൾക്ക് കളിക്കളം പോലുള്ള വേദികൾ മികച്ച അവസരം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വീണ്ടും അനു; ഇത് വിജയത്തിളക്കത്തിന്റെ നാലാം വർഷം

തിരുവനന്തപുരം: ആറാമത് സംസ്ഥാനതല എംആർഎസ് ആന്റ് ഹോസ്റ്റൽ കായിക മേളയിൽ സീനിയർ ഗേൾസ് വിഭാഗം 800 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ അനുവിന് ഇത് വിജയത്തിളക്കത്തിന്റെ നാലാം വർഷം. മുൻ വർഷങ്ങളിലെ മുഴുവൻ കായികമേളകളിലും 1800 മീറ്റർ, 800 മീറ്റർ, 400 മീറ്റർ തുടങ്ങിയ വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി അനു താരമായിരുന്നു. ഏറ്റവും വേഗതയേറിയ ഓട്ടക്കാരിയെന്ന നേട്ടവും ഈ പതിനാറുകാരിക്കായിരുന്നു. ഇപ്രാശ്യവും പങ്കെടുത്ത ആദ്യ ഇനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. 1500 മീറ്റർ, 400 മീറ്റർ തുടങ്ങിയ വ്യക്തിഗത മത്സരങ്ങളും ഖോ-ഖോയും ഇനി ബാക്കിയുണ്ട്. ചാലക്കുടി എംആർഎസിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയായ അനു എറണാകുളം വാരിയം സ്വദേശിനിയാണ്. കൂലിപ്പണിക്കാരിയായ അമ്മയും ആറു സഹോദരങ്ങളും അടങ്ങുന്നതാണ് കുടുംബം.

Eng­lish Sum­ma­ry: Now sports fes­ti­val days; Play­ing Field- flagged for sports fair

You may like this video

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.