August 14, 2022 Sunday

Related news

August 10, 2022
July 19, 2022
July 19, 2022
July 6, 2022
July 6, 2022
July 5, 2022
July 3, 2022
July 2, 2022
July 2, 2022
July 1, 2022

നൂപുര്‍ ശര്‍മ കേസ്: ജഡ്ജിമാര്‍ക്കുനേരെ വ്യക്ത്യധിക്ഷേപം

Janayugom Webdesk
July 3, 2022 10:38 pm

പ്രവാചകനിന്ദാ കേസില്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ച സുപ്രീം കോടതി ന്യായാധിപര്‍ക്കു നേരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത സംഘ്പരിവാര്‍ ആക്രമണം. വ്യക്തിപരമായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ജസ്റ്റിസ് ജെ ബി പര്‍ഡിവാല രംഗത്തെത്തി.
രാജ്യത്ത് തീപടര്‍ത്തിയ നൂപുര്‍ ശര്‍മയുടെ വാക്കുകളാണ് ഉദയ്‌പുര്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും പര്‍ഡിവാലയും അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പുപറയണമെന്നും ആവശ്യപ്പെട്ട കോടതി നൂപുറിനെതിരായ കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തിരുന്നു.

ജഡ്ജിമാരെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലുണ്ടായത്. നൂപുര്‍ശര്‍മയ്ക്കെതിരായ പരാമര്‍ശം കോടതി ജഡ്ജിയില്‍ നിന്നാണോ അല്ല ടെലിവിഷൻ അവതാരകനില്‍ നിന്നാണോ ഉണ്ടായതെന്നാണ് ഒരാള്‍ കുറിച്ചത്. ജഡ്ജിമാര്‍ എഴുത്തുപരീക്ഷയില്‍ കോപ്പിയടിച്ച് ബിരുദം നേടിയവരാണെന്ന് സംശയിക്കുന്നതായും ചിലര്‍ കുറ്റപ്പെടുത്തി. ഇത്തരം ജഡ്ജിമാര്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് എന്തിനാണ് നിങ്ങൾ അവനെ ബലാത്സംഗത്തിന് പ്രേരിപ്പിച്ചതെന്ന് ചോദിക്കുമെന്നും നിങ്ങളുടെ നാവാണ് നിങ്ങളുടെയും മറ്റിടങ്ങളിലെയും ബലാത്സംഗത്തിന് കാരണമെന്നും പോയി അയാളോട് മാപ്പ് പറയൂ എന്നാവശ്യപ്പെടുമെന്നും കുറ്റപ്പെടുത്തിയ പ്രതികരണങ്ങളുമുണ്ടായി. വിശ്വാസ്യതയില്ലാത്തവരെന്നും പരസ്പരം താങ്ങികളെന്നുമുള്ള ആക്ഷേപങ്ങളും സഭ്യേതരമായ വാക്കുകളും ജഡ്ജിമാര്‍ക്കും കുടുംബങ്ങള്‍ക്കുമെതിരായ പരാമര്‍ശങ്ങളും വ്യാപകമായി ഉയര്‍ന്നു.

ഈ പശ്ചാത്തലത്തിലാണ് വിധിന്യായങ്ങൾക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ അപകടകരമായ നിലയിലെത്തിയതായി ജസ്റ്റിസ് പര്‍ഡിവാല ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്. നിയമം യഥാർത്ഥത്തിൽ എന്ത് ചിന്തിക്കുന്നു എന്നതിന് പകരം മാധ്യമങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ജഡ്ജിമാർ ചിന്തിക്കേണ്ട അപകടകരമായ സാഹചര്യത്തിലാണ് ഇപ്പോള്‍. ഇത് നിയമവാഴ്ചയെ ദോഷകരമായി ബാധിക്കും. ജഡ്ജിമാർക്കെതിരെ ക്രിയാത്മകവും വിമർശനാത്മകവുമായ വിലയിരുത്തലിനുപകരം വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതായാണ് സാമൂഹിക, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ കണ്ടുവരുന്നത്. ഇത് നീതിന്യായ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും അതിന്റെ അന്തസ് കുറയ്ക്കുകയും ചെയ്യുന്നു. തികച്ചും നിയമപരവും ഭരണഘടനാപരവുമായ വിഷയങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാൻ സമൂഹ മാധ്യമങ്ങളെ പതിവായി ഉപയോഗിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയ്ക്ക് കീഴിലുള്ള നിയമവാഴ്ച സംരക്ഷിക്കാൻ ഡിജിറ്റൽ, സമൂഹ മാധ്യമങ്ങളിലെ ഇത്തരം നടപടികള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Summary:Nupur Shar­ma case: Per­son­al abuse against judge
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.