ഭരണകക്ഷിയായ ബിജു ജനതാദളും(ബിജെഡി) പ്രതിപക്ഷമായ ബിജെപിയും ഏറ്റുമുട്ടലിന് ഒരുങ്ങിയതോടെ ഒഡിഷയിലെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കുകയാണ്. ബിജെഡി സർക്കാരിനെ പുറത്താക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തപ്പോൾ, സംസ്ഥാനത്തെ ജനതയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താന്‍ ബിജെഡി മേധാവിയും മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കും ആവശ്യപ്പെട്ടു. പാർട്ടി ഭാരവാഹികളുടെ യോഗത്തെ അഭിസംബോധന ചെയ്ത് നഡ്ഡ ബിജെപിയുടെ സ്ഥിരം പ്രയോഗമായ ‘ഇരട്ട എഞ്ചിൻ സർക്കാർ’ ആവര്‍ത്തിച്ചു. നവീന്‍ പട്നായിക് സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി പ്രാദേശിക താല്പര്യമുള്ള ഒരു ദേശീയ പാർട്ടിയാണ്. ഒഡിഷ ഭരിക്കുന്നത് ഒറ്റയാള്‍ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെഡിയുമായി ബിജെപിക്ക് രഹസ്യധാരണയുണ്ടെന്ന വിമര്‍ശനത്തെ മറികടക്കാനായിരുന്നു നഡ്ഡയുടെ ശ്രമം. എന്നാല്‍ ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ഒക്ടോബർ രണ്ടു മുതല്‍ നടക്കുന്ന ജനസമ്പർക്ക പരിപാടി നടത്താന്‍ ബിജെഡി പാർട്ടി യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ ഒന്നാം നമ്പർ പാർട്ടിയായി ബിജെഡി തുടരുമെന്ന് നവീൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കാൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മാസം നീണ്ടുനിൽക്കുന്ന ജനസമ്പർക്ക യാത്ര വിജയിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 2024 ലെ തെരഞ്ഞെടുപ്പിൽ നവീൻ സർക്കാരിനെ താഴെയിറക്കുന്നതിൽ വിജയിക്കില്ലെന്ന മുന്നറിയിപ്പ് ബിജെഡി നേതാക്കൾ ബിജെപി ക്യാമ്പിന് നല്കി. ‘നവീൻ പട്നായിക്കിന്റെ ഏകലക്ഷ്യം ഒഡിഷയുടെ വികസനം മാത്രമാണ്. സംസ്ഥാനത്തെ 4.5 കോടി ജനങ്ങൾ അദ്ദേഹത്തില്‍ വിശ്വസിക്കുന്നു’- പാർട്ടി സംഘടനാ സെക്രട്ടറി പ്രണബ് പ്രകാശ് ദാസ് പറഞ്ഞു. അതിനിടെ മുഖ്യമന്ത്രി നവീൻ പട്നായിക് കഴിഞ്ഞ ദിവസം ബംഗളുരുവിൽ വ്യവസായികളെയും ഐടി വിദഗ്ധരെയും കാണുകയും സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. എയ്റോസ്പേസ്, ആരോഗ്യം, ഊർജം, ഫാർമസ്യൂട്ടിക്കൽ ടെക്സ്റ്റൈൽ തുടങ്ങിയ മേഖലകളിൽ ഒഡിഷയെ പ്രധാന നിക്ഷേപ കേന്ദ്രങ്ങളാക്കാൻ കഴിയുമെന്നും നവീൻ പറഞ്ഞു. നവംബർ 30 മുതൽ ഡിസംബർ നാല് വരെ നടക്കുന്ന മേക്ക് ഇൻ ഒഡിഷ കോൺക്ലേവ് 2022 ൽ പങ്കെടുക്കാൻ വ്യവസായികളെ ക്ഷണിക്കുകയും ചെയ്തു.
English Summary: odisha politics
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.