17 May 2024, Friday

Related news

February 1, 2024
January 8, 2024
December 5, 2023
December 4, 2023
November 11, 2023
November 9, 2023
September 29, 2023
August 31, 2023
August 8, 2023
June 20, 2023

ഒമിക്രോണ്‍: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് രാജ്യങ്ങള്‍, കോവിഡിന്റെ മൂന്നാം തരംഗം ഫെബ്രുവരിയില്‍

Janayugom Webdesk
പാരിസ്/ ന്യൂഡല്‍ഹി
December 18, 2021 10:44 pm

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഡെന്മാര്‍ക്ക് സിനിമാ തീയേറ്ററുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ഹാളുകള്‍, മ്യൂസിയങ്ങള്‍ എന്നിവ അടച്ചിടാന്‍ തീരുമാനിച്ചു. സപെയിനില്‍ വര്‍ഷാന്ത്യ കൂടിച്ചേരലുകള്‍ ഒഴിവാക്കി. യുകെ ഉൾപ്പെടെ യൂറോപ്യൻ യൂണിയനു പുറത്തെ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഫ്രാൻസ് വിലക്കേർപ്പെടുത്തി. കോവിഡിന്റെ പുതിയ വ്യാപനത്തെ തുടര്‍ന്ന് വ്യാപാര — വാണിജ്യ മേഖലയ്ക്കുണ്ടായ പ്രതിസന്ധിക്കു പരിഹാരമായി സ്കോട്ലാന്‍ഡും വെയ്ല്‍സും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.

അനിവാര്യമല്ലാത്ത യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മേധാവി ബി ഭാര്‍ഗവ അഭ്യര്‍ത്ഥിച്ചു. ബ്രിട്ടനിലെ ഇപ്പോഴത്തെ വ്യാപനവുമായി ഇന്ത്യയിലെ സാഹചര്യങ്ങള്‍ താരതമ്യം ചെയ്താല്‍ വലിയതോതിലുള്ള രോഗ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കോവിഡ് കര്‍മ സമിതി മേധാവിയും നിതി ആയോഗ് അംഗവുമായ ഡോ. വി കെ പോള്‍ പറഞ്ഞു. ബ്രിട്ടനിലെ ജനസംഖ്യയ്ക്ക് ആനുപാതികമായ വര്‍ധനയും ഇന്ത്യന്‍ ജനസംഖ്യയും താരതമ്യം ചെയ്താല്‍ പ്രതിദിനം 14 ലക്ഷം രോഗ സ്ഥിരീകരണത്തിനുവരെ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. ബ്രിട്ടനില്‍ 88,000, ഫ്രാന്‍സില്‍ 65,000 വീതം പ്രതിദിന കേസുകളാണുണ്ടായിരിക്കുന്നതെന്നതും പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതുവത്സര — ക്രിസ്മസ് ആഘോഷങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന് അദ്ദേഹവും അഭ്യര്‍ത്ഥിച്ചു.

ഫ്രാന്‍സില്‍ മിന്നല്‍ വേഗത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് മന്ത്രി ഒലിവര്‍ വെെന്‍ പറഞ്ഞു. അഞ്ചാം തരംഗം ശക്തിയേറിയതാണെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സും പറഞ്ഞിരുന്നു.

67 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ടാഴ്ചത്തെ ക്വാറന്‍റ്റെന്‍ നിര്‍ബന്ധമാക്കി നേപ്പാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രധാനമായും യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ജർമനി, അയർലൻഡ് എന്നീ രാജ്യങ്ങളിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. നെതര്‍ലാന്‍ഡ്സില്‍ ഇന്ന് ക്രിസ്മസ് കാല ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് റോയിട്ടേഴ്സും ദക്ഷിണ കൊറിയയില്‍ ഞായറാഴ്ച മുതല്‍ വ്യാപാരസ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും സാമൂഹ്യ അകലമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് അല്‍ജസീറയും റിപ്പോര്‍ട്ട് ചെയ്യുന്നു. കടകളില്‍ ഒരേസമയം വാക്സിന്‍ സ്വീകരിച്ച നാലുപേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. പല രാജ്യങ്ങളിലും സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം കുറച്ചിട്ടുമുണ്ട്.

 

മൂന്നാം തരംഗം ഫെബ്രുവരിയില്‍

ന്യൂഡല്‍ഹി: കോവിഡ് 19 മൂന്നാം തരംഗം ഫെബ്രുവരിയില്‍ ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍. നിലവിലുള്ള ഡെല്‍റ്റ വകഭേദത്തിന്റെ സ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം കടന്നുവരുന്നതോടെ രാജ്യത്ത് മൂന്നാം തരംഗത്തിന് തുടക്കമാകുമെന്നാണ് നാഷണല്‍ കോവിഡ് 19 സൂപ്പര്‍മോഡല്‍ കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കുന്നത്.

ഇപ്പോള്‍ രാജ്യത്ത് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും വാക്സിന്‍ ലഭിച്ച അവസ്ഥയില്‍ മൂന്നാം തരംഗം അത്രയധികം ശക്തമാകാന്‍ സാധ്യതയില്ലെന്ന് കമ്മിറ്റി ചെയര്‍മാനും ഹൈദരാബാദ് ഐഐടി പ്രൊഫസറുമായ വിദ്യാസാഗര്‍ അഭിപ്രായപ്പെട്ടു.

അതിവേഗത്തില്‍ പടരുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗത്തില്‍ പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). സമൂഹവ്യാപനമുണ്ടായ പ്രദേശങ്ങളില്‍ ഒന്നര മുതല്‍ മൂന്ന് ദിവസം വരെയുള്ള കാലയളവില്‍ കേസുകള്‍ ഇരട്ടിയാകുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. 89 രാജ്യങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

“ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്രത സംബന്ധിച്ച് ഇപ്പോള്‍ കുറച്ചു വിവരങ്ങള്‍ മാത്രമെ പക്കലുള്ളൂ. വാക്സിനേഷന്‍ വഴിയുണ്ടാകുന്ന ഫലങ്ങളുള്‍പ്പെടെ മനസിലാക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ്” ‚ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Omi­cron: Coun­tries tight­en con­trols, covid’s third wave in February
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.