28 April 2024, Sunday

Related news

February 1, 2024
January 11, 2024
January 8, 2024
January 2, 2024
December 5, 2023
December 4, 2023
November 11, 2023
November 9, 2023
September 29, 2023
September 26, 2023

ഏഴ് ഇന്ത്യന്‍ ചുമമരുന്നുകള്‍ ലോകാരോഗ്യ സംഘടന നിരോധിച്ചു

*ഇന്ത്യന്‍ മരുന്നുവ്യവസായത്തിന് വന്‍ തിരിച്ചടി 
*71 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി
Janayugom Webdesk
June 20, 2023 9:12 pm

ജനീവ: ലോകത്തിന്റെ വിവിധ ഇടങ്ങളിലായി 300 പേര്‍ മരിക്കാന്‍ കാരണമായ ഇന്ത്യന്‍ മരുന്നുകളും സിറപ്പുകളും ലോകാരോഗ്യ സംഘടന നിരോധിച്ചു. ഏഴു മരുന്നുകളും മലിനമായ സിറപ്പുകളുമാണ് നിരോധിച്ചത്.
വിവിധ കമ്പനികള്‍ നിര്‍മിച്ച വൈറ്റമിനുകള്‍, ചുമ മരുന്നുകള്‍, പാരസെറ്റാമോള്‍ എന്നിവയാണ് നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയ്ക്ക് പുറമേ ഇന്തോനേഷ്യയില്‍ നിന്നുള്ള മരുന്നുകളും നിരോധിക്കപ്പെട്ട പട്ടികയിലുണ്ട്. ഇരുരാജ്യങ്ങളില്‍ നിന്നുമായി 20 സിറപ്പുകളാണ് നിരോധിച്ചതെന്ന് ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റിയന്‍ ലിന്‍ഡ്മിയെര്‍ പറഞ്ഞു. കൂടുതല്‍ വിവരം ലഭിക്കുന്നത് അനുസരിച്ച് ജാഗ്രതാ പട്ടിക വിപുലപ്പെടുത്തുമെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഗാംബിയയിൽ 66 കുട്ടികളുടെയും ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെയും മരണത്തിന് ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകൾക്ക് ബന്ധമുണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണ്ടെത്തൽ. നോയിഡയിലെ മാരിയന്‍ ബയോടെകിന്റെ രണ്ടും ഹരിയാനയിലെ മൈതാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നാലും പഞ്ചാബിലെ ക്യുപി ഫാര്‍മകെമിന്റെ ഒന്നും സിറപ്പുകളാണ് നിരോധിച്ച പട്ടികയിലുള്ളത്.
ഗാംബിയ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകളുടെ മേല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗാംബിയയിലെ 70 കുട്ടികളുടെ മരണത്തിന് കാരണം മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ മരുന്നാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയിൽ തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത്‌കെയർ യുഎസിലേക്ക് അയച്ച കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകള്‍ തിരിച്ചുവിളിച്ചിരുന്നു.
അതേസമയം കഫ് സിറപ്പുകൾ മൂലമുള്ള മരണത്തെ തുടർന്ന് വ്യാജ മരുന്നുകളോട് സീറോ ടോളറൻസ് നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. മലിനമായ ഇന്ത്യൻ നിർമ്മിത കഫ്സിറപ്പുകൾ നിർമ്മിച്ച 71 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അവയിൽ 18 എണ്ണം പൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
2022–23ൽ 17.6 ബില്യൺ ഡോളറിന്റെ ചുമ മരുന്നുകൾ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. മൊത്തത്തിൽ ലോകമെമ്പാടുമുള്ള ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ വിതരണക്കാരാണ് ഇന്ത്യ. വിവിധ വാക്സിനുകളുടെ ആഗോള ആവശ്യത്തിന്റെ 50 ശതമാനവും യുഎസിലെ ജനറിക് ഡിമാൻഡിന്റെ 40 ശതമാനവും യുകെയിലെ എല്ലാ മരുന്നുകളുടെയും 25 ശതമാനവും വിതരണം ചെയ്യുന്നത് ഇന്ത്യയാണ്. കയറ്റുമതിക്ക് മുമ്പ് തന്നെ എല്ലാ മരുന്നുകളും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശമുണ്ടെന്ന് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും പ്രതികരിച്ചു.

eng­lish sum­ma­ry; Sev­en Indi­an cough med­i­cines have been banned by the World Health Organization

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.