21 November 2024, Thursday
KSFE Galaxy Chits Banner 2

ഉച്ചക്കുളത്ത് ഓണം കളറാണ്

മഹേഷ് കോട്ടയ്ക്കല്‍
September 17, 2024 2:01 am

കോടിക്കണക്കിനു രൂപയുടെ നാശഷ്ടങ്ങള്‍ അതിനെല്ലാം ഉപരി ചേതനയറ്റു വീണ ആളുകള്‍, തങ്ങളുടെ ഉപജീവനം നഷ്ടമായവര്‍… 2024ല്‍ ഓണമെത്തുമ്പോള്‍ എന്തെല്ലാം വിഷമങ്ങളിലൂടെയാണ് നാം കടന്ന് പോകുന്നത്. നാം അതിജീവനത്തിന്റെ പാതയിലാണ്. വയനാടിനെ ചേര്‍ത്തു പിടിച്ച് ലോകമെങ്ങുമുള്ള മലയാളികള്‍ തീരാ സങ്കടത്തോടെ ഇന്ന് തിരുവോണം കൊണ്ടാടുകയാണ്. 

സമൂഹത്തില്‍ ഉന്നതിയിലേക്ക് കുതിക്കുന്ന ചില മനുഷ്യരുണ്ട്. ആദിവാസി എന്ന പേരില്‍ എങ്ങനെയൊക്കെയോ നമ്മള്‍ മാറ്റി നിര്‍ത്തിയ ചില മനുഷ്യര്‍. സര്‍ക്കാരിന്റെ ചേര്‍ത്തുപിടിക്കലുകളില്‍ സാംസ്കാരികമായും സാമൂഹികമായും സാമ്പത്തികമായുമെല്ലാം അവര്‍ സാധാരണക്കരായി മാറുകയാണ്. വലിയൊരു മാറ്റമാണ് ആദിവാസി സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് അടിസ്ഥാന സൗകര്യമില്ലാതെ അവര്‍ വലയുന്നത് നാം കണ്ടിരുന്നു. അവയിലെല്ലാം മാറ്റം സംഭവിച്ചിരിക്കുന്നു. പ്രധാനമായും വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തുമാണ് മാറ്റങ്ങളുണ്ടാക്കിയിരിക്കുന്നത്. വനവിഭവകള്‍ കൊണ്ട് മാത്രം ജീവിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ നാട്ടിലേക്ക് ഇറങ്ങിയും, എന്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായും തൊഴില്‍ ചെയ്യുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം ആദിവാസി ഉന്നതി (കോളനി)യിലെ നിവാസികള്‍ ഓണവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

ഉച്ചക്കുളത്തെ ഓണാഘോഷം
******************************
26 കുടുംബങ്ങളാണ് ഉച്ചക്കുളത്തുള്ളത്. ഏകദേശം 110ലധികം ആളുകള്‍. അവര്‍ പരസ്പരം ഉറ്റ ബന്ധുകള്‍കൂടിയാണ് അതുകൊണ്ട് തന്നെ എല്ലാ വര്‍ഷവും തിരുവോണനാളിലാണ് പ്രധാനമായും ഓണമാഘോഷിക്കാറുള്ളത്. ഉച്ചക്കുളത്തുള്ള മുഴവന്‍ പേരും തിരുവോണദിനത്തിലാണ് ഉണ്ടാകുക, നിലവില്‍ പഠനവുമായി ബന്ധപ്പെട്ട് കുട്ടികളെല്ലാം ഹോസ്റ്റലിലായിരിക്കും, അവരും എത്തിച്ചേരുന്നത് ഈ ദിനത്തിലാണ്. പ്രധാനമായും സദ്യ തന്നെയാണ് ആഘോഷത്തില്‍ ഹൈലൈറ്റ്. വീടുകളില്‍ പൂക്കളിടുന്നതിന് പുറമേ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കി കമ്മ്യൂണിറ്റി ഹാളിലാണ് പ്രധാനമായ ആഘോഷങ്ങള്‍ നടക്കുക. ചെറിയ ചെറിയ മത്സരം സംഘടിപ്പിക്കാറുണ്ട്. അടുത്ത കാലത്തായി വനവകുപ്പിന്റെ അനുവാദത്തോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. പുറത്തുനിന്നുള്ളവര്‍ കൂടി തങ്ങളെ ചേര്‍ത്ത് പിടിച്ച് ഓണഘോഷത്തില്‍ പങ്കാളിയാകുന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നുവെന്ന് അവര്‍ പറയുന്നു. നാട്ടിലെ പോലെ തന്നെ സദ്യയിലെ മിക്ക വിഭവങ്ങളും തയ്യാറാക്കാറുണ്ട്. അത് പൂര്‍ണമായും വെജിറ്റേറിയന്‍ വിഭവങ്ങള്‍ തന്നെയായിരിക്കും. സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷമോ മറ്റ് എന്ത് പരിപാടിയായാലും ഭക്ഷണം പുറത്ത് നിന്നും കൊണ്ടുവരാന്‍ അനുവദിക്കാറില്ല. ഞങ്ങളുടെ പൂര്‍വികര്‍ തുടര്‍ന്ന് പോന്ന ആ ചിട്ട ഇപ്പോഴും തുടര്‍ന്ന് പോരുകയാണിവിടെ. ആഘോഷവേളകളില്‍ മികച്ച രുചികളില്‍ പാചകം ചെയ്യാനുള്ള ആളുകളും തങ്ങളുടെ കൂടെയുണ്ടെന്ന് അവര്‍ പറയുന്നു. 

കളറാക്കാന്‍ റീല്‍സുകളും
************************
ഉച്ചക്കുളത്തെ ചെറുപ്രായക്കാരെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പ്രധാനമായും ചെറുപ്പക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രിയ ആപ്പായ ഇന്‍സ്റ്റഗ്രാം തന്നെയാണ് ഇവര്‍ക്കും ഇഷ്ടം. മിക്കവരും തിരുവോണ ദിനത്തിലേക്കുള്ള സ്‌റ്റോറികളും, റീല്‍സുമെല്ലാം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഉച്ചക്കുളത്ത് ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായി ലഭ്യമാകാന്‍ തുടങ്ങിയത്. ഇവിടെയുള്ള വീടുകളില്ലൊല്ലാം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. പുറം ലോകത്തെ കാര്യങ്ങള്‍ നിമിഷ നേരം കൊണ്ട് അറിയാന്‍ അവര്‍ക്ക് സാധിക്കുന്നു. മാത്രവുമല്ല ഓണവിഭവങ്ങളടക്കമുള്ള പല ഭക്ഷണങ്ങളുടെ റീല്‍സുകളും യൂടൂബ് വീഡിയോകളടകം തങ്ങളുടെ അടുക്കളയില്‍ പരീക്ഷിക്കാറുണ്ടെന്ന് ആതിര പറയുന്നു. ലോക അറിവുകളും മത്സര പരീക്ഷകള്‍ക്കായുള്ള അറിവുകളും ലഭിക്കുന്നതിന് ഏറെ സഹായകരണമാണ് സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് തനിക്ക് ലഭിക്കുന്നതെന്ന് പ്ലസ്ടുവിന് ശേഷം വിവിധ പിഎസ്‌സി പരീക്ഷകള്‍ക്കായി പരിശീലനത്തിലേര്‍പ്പെട്ട നന്ദന പറയുന്നത്. പ്രധാനമായും ഫുടബോള്‍ ആരാധകരാണ് ഇവിടം ഉള്ളത്. ട്രൈബല്‍സിനായി നടക്കുന്ന മത്സരങ്ങളിലെല്ലാം ഇവര്‍ വിജയികളായിട്ടുമുണ്ട്. കമ്മ്യൂണിറ്റി ഹാളില്‍ ഒരുക്കിയ ടിവിയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ കണ്ടിരുന്ന തനിക്ക് രാത്രി ഏറെ വൈകി നടക്കുന്ന വിവിധ കായിക മത്സരങ്ങള്‍ ഫോണിലൂടെ കാണാന്‍ കഴിയുന്നുവെന്ന സന്തോഷം മിഥുന്‍ പങ്കുവയ്ക്കുന്നു. തങ്ങള്‍ക്കിഷ്ടപ്പെട്ട ഫുട്‌ബോള്‍ താരങ്ങളുടെ മത്സരഭാഗങ്ങള്‍ റീല്‍സും ഷോര്‍ട്‌സുമായി വരുമ്പോള്‍ അവ തങ്ങളുടെ ഗ്രൗണ്ടില്‍ പരീക്ഷക്കാറുണ്ടെന്നും മിഥുന്‍ പറയുന്നു. 

കൊയ്ത്തില്ലാത്ത ഓണം
*********************
കാര്‍ഷിക സംബന്ധിയായ രണ്ട് സംക്രമ കാലങ്ങളാണ് നമുക്കുള്ളത്, മേടവും ചിങ്ങവും. കൊയ്ത്ത് കാലമാണ് കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷക്കാലമായ ഓണമായി കൊണ്ടാടുന്നത്. നാട്ടില്‍ ഇവ നടക്കും, എന്നാല്‍ കാടിന്റെ മക്കളായ ഞങ്ങള്‍ക്ക് ഓണക്കൊയ്ത്ത് നടക്കില്ല. ഊര് മൂപ്പന്‍ വീരന്‍ പറഞ്ഞുതുടങ്ങി… ആന, പന്നി, കരടി, മാന്‍, പുലി, കാട്ടു പോത്ത് എന്നിവ ഈ ഊരില്‍ സ്ഥരിമായി വന്നുപോകുന്നവരാണ്. അതുകൊണ്ട് തന്നെ ഓണവുമായി ബന്ധപ്പെട്ട ഒരു വിളകളും തങ്ങള്‍ കൃഷി ചെയ്യാന്‍ കഴിയില്ല. ഞങ്ങള്‍ അത് പരീക്ഷിച്ചതുമാണ്. വര്‍ഷങ്ങള്‍ മുമ്പേ ഞങ്ങള്‍ നെല്‍കൃഷി പരീക്ഷച്ചിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. വെളിവെടുപ്പിന് മുന്നോടിയായി അവയെല്ലാം ആനയും പന്നിയും ചേര്‍ന്ന് നശിപ്പിച്ചു. തപ്പ് കൊട്ടിയും പടക്കം പൊട്ടിച്ചുമെല്ലാം മൃഗങ്ങളെ അകറ്റാന്‍ നോക്കിയിട്ടും അവയൊന്നും വിജയിച്ചില്ല. വാഴ കൃഷിയും വിജയിച്ചില്ല. അതുകൊണ്ട് തന്നെ ഓണക്കൊയ്‌ത്തെന്ന സമ്പ്രദായം ഊരിലില്ല. നിലവില്‍ ജെഎസ്എസ് പദ്ധതി പ്രകാരം മഞ്ഞള്‍ കൃഷിയാണ് ചെയ്യുന്നത്. അത് വിജയം കണ്ടു. കഴിഞ്ഞ വര്‍ഷം ഏകദേശം 78000 ലധികം രൂപ കൃഷിയിലൂടെ ലഭിച്ചു. 

പുത്തന്‍ വരുമാന മാര്‍ഗങ്ങള്‍
****************************
വനവിഭവങ്ങള്‍ ശേഖരിച്ച് അവയിലൂടെ ലഭിച്ചിരുന്ന വരുമാനം മാത്രമായാണ് ഒരുകാലഘട്ടത്തില്‍ ഊരുകാരുടെ ജീവിത്രയാത്രയെങ്കില്‍ ഇന്ന് അങ്ങനെയല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തേന്‍, മരവെട്ടി കുരു, ഓരില തുടങ്ങിയ വിവിധ പച്ചമരുന്നുകള്‍ ഇവയെല്ലാം പുറത്തേക്ക് എത്തിച്ചായിരുന്നു പ്രധാന വരുമാന മാര്‍ഗം കണ്ടെത്തിയിരുന്നത്. മഴക്കാലം ആരംഭിക്കുന്നതോടെ ഈ വരുമാനം അവസാനിക്കുന്ന സഹാചര്യം ആയിരുന്നു. തേനിലൂടെ മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ മാത്രമെ വരുമാനം ലഭിക്കുകയുള്ളൂ. എന്നാല്‍ ഉച്ചക്കുളം വിദ്യാഭ്യാസപരമായി പുരോഗമിച്ചതോടെ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ആറിലധികം വിദ്യാര്‍ത്ഥികളുള്ള ഒരു അങ്കണവാടിയും, എല്‍പി സ്‌കൂളും ഇവിടെയുണ്ട് തുടര്‍ന്നുള്ള പഠനങ്ങള്‍ക്കായി ഗോത്രവിഭാഗത്തിനായുള്ള നിലമ്പൂര്‍ വെളിയംതോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെയാണ് പഠനം. കൂടാതെ പിഎസ്‌സി പരിശീലനവും കോളനിയിലുണ്ട്. പൊലീസ് സേനയിലും, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലും ഉച്ചക്കുളത്തിന്റെ മക്കളായ ഉമേഷ്, രമേഷ് എന്നിവര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. മറ്റു ചിലര്‍ പുറത്ത് കൂലിപ്പണിയിലൂടെയും സ്ത്രീകള്‍ അടക്കമുള്ള മറ്റുള്ളവര്‍ തൊഴിലുറപ്പിലൂടെയും വരുമാനം കണ്ടെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഓണം കളറാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. കുംഭമാസത്തില്‍ നടക്കുന്ന മല ദൈവ ആരാധനയാണ് ഇവിടെത്തെ മറ്റൊരാഘോഷം. പിന്നീടുള്ളത് വിവാഹമാണ്. അടുത്തകാലത്തായി ചെക്ക് പോസ്റ്റിന് പുറത്തുള്ള ആളുകള്‍ ഉച്ചക്കുളത്ത് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാറുണ്ട്. മാഞ്ചീരി, മുണ്ടകടവ്, അപ്പന്‍കാപ്പ്, തണ്ടന്‍ കല്ല് എന്നിവടിങ്ങളില്‍ നിന്നാണ് വധു- വരന്‍മാരെ കണ്ടെത്താറ്. പുതിയകാലത്ത് സ്‌കൂളില്‍ നിന്നുള്ള പ്രണയങ്ങളും വിവാഹത്തിലേക്കെത്താറുണ്ട്. ഒരേ ഗോത്രക്കാര്‍ പഠിക്കുന്ന സ്‌കൂളായതിനാല്‍ ഗോത്രവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ ഉണ്ടാകാറില്ല. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.