17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 24, 2024
September 24, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024

ഗ്രാമവഴികളിലൂടെ ഓലക്കുട ചൂടി, മണികിലുക്കി ഓണപ്പൊട്ടനെത്തി

Janayugom Webdesk
കോഴിക്കോട്
September 6, 2022 9:56 pm

കുടമണിക്കിലുക്കി ഗ്രാമവഴികളിലൂടെ നേരിയ വേഗത്തിൽ ഓടിക്കൊണ്ട് ഓണപ്പൊട്ടൻ എത്തിക്കഴിഞ്ഞു. സമീപകാലത്തായി കോവി‍ഡിൽ കുരുങ്ങിയ ആഘോഷങ്ങളെല്ലാം ഇത്തവണ ആവേശഭരിതമായാണ് മലയാളികൾ കൊണ്ടാടുന്നത്. ചിങ്ങത്തിലെ ഉത്രാടനാളിൽ ഓണപ്പൊട്ടന്റെ കുടമണിക്കിലുക്കം കേൾക്കുന്നതോടെ തുടങ്ങുകയായി വടക്കൻ മലബാറുകാരുടെ ഓണാഘോഷം. സംസാരിയ്ക്കാത്ത ഓണപ്പൊട്ടൻ മണി കിലുക്കിയാണ് തന്റെയും ഓണത്തിന്റെയും വരവറിയിക്കുന്നത്. മഹാബലിയുടെ രൂപമുള്ള ഓണപ്പൊട്ടൻ ഓരോ വീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം. നിലത്ത് കാലുറപ്പിച്ചു നിൽക്കാതെ താളം ചവിട്ടുകയും ഓടുകയുമെല്ലാമാണ് ഓണപ്പൊട്ടൻ ചെയ്യുക. അനുഗ്രഹം നൽകാൻ വീടുകളിലെത്തിയാലും നിൽക്കാതെ താളം ചവിട്ടിക്കൊണ്ടിരിക്കും. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.
പാരമ്പര്യ കലകൾ ഇല്ലാതാവുന്ന കാലഘട്ടത്തിൽ പെരുമ ചോർന്നു പോകാതെ കലയോടുള്ള സ്നേഹത്തെ ചേർത്തുപിടിച്ചു മുന്നോട്ട് പോവുകയാണ് പേരാമ്പ്ര മൂരികുത്തി സ്വദേശിയായ ബാലകൃഷ്ണ പണിക്കർ. ഏഴാം വയസ്സു മുതൽ ഓണപ്പൊട്ടനായി വേഷമിട്ടു തുടങ്ങിയിയ ഇദ്ദേഹം പഴയചിട്ടകൾ തെറ്റിക്കാതെയാണ് ഇപ്പോഴും വേഷമണിയുന്നത്. മാത്രമല്ല പാരമ്പര്യം നിലനിർത്താനായി തന്റെ മൂന്ന് മക്കളായ വജേഷ് കുമാര്‍,രജീഷ് കുമാര്‍, ലിനീഷ് കുമാര്‍ എന്നിവര്‍ക്ക് വേഷം പകർന്നു നൽകിയിട്ടുമുണ്ട്. കൂടാതെ ഗുളികൻതിറ, കുട്ടിച്ചാത്തൻ തിറ, ഭഗവതി തിറ, കാളി, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി തുടങ്ങിയ തെയ്യ വേഷങ്ങളും കെട്ടാറുണ്ട്. ആചാരനുഷ്ഠാനങ്ങൾ തുടരണമെന്ന ആഗ്രഹം ഉള്ളതിനാലാണ് ഇത്തവണയും ഓണപ്പൊട്ടനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ആദ്യകാലങ്ങളിൽ ദേശം തിരിച്ചായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സമ്പ്രദായങ്ങളിൽ മാറ്റം വന്നതിനാൽ രാവിലെ 5.30 ന് വീട്ടിൽ നിന്ന് പുറപ്പെട്ട് 800 വീടുകൾ കയറി അനുഗ്രഹം നൽകി വെെകിട്ട് ആറ് മണിയോടെ തിരിച്ചെത്താറാണ് പതിവെന്ന് ബാലകൃഷ്ണ പണിക്കർ പറഞ്ഞു. തന്നെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ മഹാവിഷ്ണുവിനോട് തന്റെ പ്രജകളെ കാണാൻ വർഷത്തിൽ രണ്ടു ദിവസം അനുവദിക്കണമെന്നായിരുന്നു മഹാബലിയുടെ ഏക ആവശ്യം. ആരോടും ഒന്നും സംസാരിക്കരുതെന്ന നിബന്ധനയോടെയാണത്രെ വിഷ്ണു ഈ ആവശ്യം അംഗീകരിച്ചത്. ഇതാണ് ഒരിടത്തും നിൽക്കാതെ സഞ്ചരിച്ച്, സംസാരിക്കാതെ അനുഗ്രഹം നൽകുന്നന്നതിന്റെ ഐതിഹ്യമെന്നു അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമായി മലയസമുദായത്തിൽപ്പെട്ടവരാണ് ഓണപ്പൊട്ടന്റെ വേഷം കെട്ടുന്നത്. അതിനായി അത്തം മുതൽ തിരുവോണം വരെയുളള പത്ത് ദിവസം വ്രതമെടുക്കണം. ഓണത്തിന് വീടുകൾ തോറും കയറി ഇറങ്ങുമ്പോൾ ദക്ഷിണയായി വീട്ടുകാർ അരിയും തേങ്ങയും എണ്ണയും നൽകും. നാഴിയിൽ നിന്ന് അല്പം അരിയെടുത്തു പൂവും ചേർത്ത് ചൊരിഞ്ഞ് അനുഗ്രഹിക്കും. അരിയും പണവും ദക്ഷിണയായി സ്വീകരിച്ച് അടുത്ത വീട്ടിലേക്ക്. മലയ സമുദായക്കാർക്കുളള ജീവിതോപാദി കൂടിയാണിത്. തെയ്യക്കോലം കെട്ടി പരിചയം ഉള്ള ആളുകളായിരിക്കും ഓണപ്പൊട്ടന്റെ വേഷം കെട്ടുക. മുഖത്ത് ചായം തേച്ച് കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം.
കൈകൊണ്ട് നിർമിക്കുന്നവയാണു വേഷവിതാനങ്ങളും കിരീടവും ആഭരണങ്ങളും. കദളിവാഴയുടെ പോള ചീന്തിയെടുത്ത് ഉണക്കി മഞ്ഞനിറം ചേർത്താണ് നീളൻ മുടിയും താടിയും നിർമിക്കുക. കവുങ്ങിൻ പാള കൊണ്ട് രൂപമുണ്ടാക്കി അതിൽ ഒറോപ്പ കൈത ചീന്തിയെടുത്ത് നാരുകളും മറ്റും പിടിപ്പിച്ച് തെച്ചിപ്പൂ കെട്ടുന്നതോടെ കിരീടമൊരുങ്ങി. ഒരു ഹാസ്യരൂപം കൂടിയാണിത്. കുട്ടികൾക്കും കണ്ടു നിൽക്കുന്നവർക്കും കൗതുകം പകരുന്ന ശാരീരിക ഭാഷയാണ് പൊതുവേ ഓണപ്പൊട്ടന്റേത്. 

Eng­lish Sum­ma­ry: Onap­pot­tan reached in villages 

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.