4 March 2024, Monday

സഹനതയുടെ ഒഞ്ചിയം മാതൃക

അനില്‍കുമാര്‍ ഒഞ്ചിയം
April 30, 2023 9:51 am

മ്മ്യൂണിസ്റ്റ് വേട്ടയുടെ നാല്പതുകളിൽ ഒഞ്ചിയത്തെ ജനങ്ങൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനങ്ങൾ. യോഗവിവരം മനസിലാക്കിയ പൊലീസ് സംഘം ഇൻസ്പെക്ടർ അടിയോടിയുടെയും സബ്ഇൻസ്പെക്ടർ തലൈമയുടെയും നേതൃത്വത്തിലാണ് ഒഞ്ചിയത്തെത്തിയത്. നശീകരണ മൂർത്തികളായ ചെറുപയർ പട്ടാളക്കാർ കാണിച്ചുകൊടുത്ത വീടുകൾ മുഴുവൻ പൊലീസ് അരിച്ചുപെറുക്കുകയായിരുന്നു. മണ്ടോടി കണ്ണന്റെ വീട്ടിലെത്തിയ പൊലീസ് കണ്ണനെ കാണാത്തതിനുള്ള അരിശം തീർക്കാൻ വീട്ടുകാരെ പൊതിരെ തല്ലിച്ചതച്ചു. തൊട്ടടുത്ത വീട്ടിൽ കയറിയ പൊലീസുകാർ ഉരൽ, ചിരവ, അമ്മി തുടങ്ങിയ സകല വീട്ടുപകരണങ്ങളും കിണറ്റിൽ എറിഞ്ഞു. വീട്ടുകാരെ ഭീകരമായി മർദിച്ചൊതുക്കി. മണ്ടോടി കണ്ണന്റെ അയൽവാസിയായ ആണ്ടിയുടെ വീട്ടിലും പൊലീസ് ഇതേ അതിക്രമങ്ങൾ ആവർത്തിച്ചു. വീടുകളിൽ നിന്ന് നിസഹായരുടെ ഹൃദയഭേദകമായ നിലവിളികൾ മാത്രം. പൊലീസുകാരുടെ അടുത്ത ഉന്നം പുളിയുള്ളതിൽ ചോയി ആയിരുന്നു. കർഷക കാരണവരായ ചോയിക്കുനേരെ തോക്കുചൂണ്ടി നേതാക്കളെ കാണിച്ചു കൊടുക്കുവാൻ ആജ്ഞാപിച്ചു. പക്ഷേ അറിയില്ലെന്ന മറുപടിമാത്രം ബാക്കി. നീണ്ട ഭീഷണികൾക്കും മർദനത്തിനും കീഴ്പ്പടില്ലെന്ന് ബോധ്യമായപ്പോൾ വിവരങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും പൊലീസ് ചോയിയെ അറസ്റ്റ് ചെയ്തു. അടുത്ത വീട്ടിൽ താമസിച്ചിരുന്ന ചോയിയുടെ മകൻ കണാരനെയും കസ്റ്റഡിയിൽ എടുത്തു. വീട്ടിനകത്തുകയറിയ പൊലീസ് സംഘം വാതിലുകളെല്ലാം ചവിട്ടിപ്പൊളിച്ചു. വഴി കാണിക്കാൻ ഒപ്പം ചെല്ലണമെന്ന വ്യാജേന ചോയിയേയും കണാരനെയും കൂടെ കൂട്ടിയ പൊലീസുകാർ വഴിക്കുവച്ച് ഇരുവരേയും കയ്യാമംവച്ചു. രാത്രി മുഴുവൻ ഉറക്കമൊഴിച്ച് നേതാക്കൾക്ക് കാവൽനിന്ന വോളണ്ടിയർമാർ പൊലീസിന്റെ ചലനം ഒളിച്ചിരുന്ന് മനസിലാക്കുന്നുണ്ടായിരുന്നു.
എം എസ് പിക്കാർ വീടുകളിൽ കയറി മർദനം തുടങ്ങിയ പാടെ മണ്ടോടി കണ്ണനാണ് ആദ്യമായി മെഗാഫോണിൽ വിവരം വിളിച്ചറിയിക്കുന്നത്. തുടർന്ന് തീ പടരുന്നത് പോലെ ഒഞ്ചിയത്തിന്റെ എല്ലാ ദിക്കുകളിലും മെഗാഫോണുകൾ ഗർജിക്കുകയായിരുന്നു. കാട്ടുതീപോലെ പടർന്ന വാർത്തയ്ക്കിടയിൽ വീടുകളിൽനിന്നും ഓലച്ചൂട്ടുകളും തീപ്പന്തങ്ങളും കയ്യിലേന്തി ഗ്രാമീണർ കുതിക്കുകയായിരുന്നു. കൂട്ടനിലവിളികൾക്കിടയിൽ ആബാലവൃദ്ധം ജനങ്ങൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തുന്നുണ്ടായിരുന്നു. ഓലച്ചൂട്ടുകളുമായി അലച്ചാർത്ത് എത്തിയ ജനങ്ങൾ സായുധ പൊലീസ് സംഘത്തിന് പിന്നാലെ നീങ്ങിക്കൊണ്ടിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായ അളവക്കൻ കൃഷ്ണൻ, വി കെ രാഘൂട്ടി, ഇല്ലത്ത് കണ്ണൻ, വി പി കണ്ണൻ തുടങ്ങിയവരെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. മെഗാഫോൺ ശബ്ദം കേട്ട് ദുരന്തം തിരിച്ചറിഞ്ഞ രാഘൂട്ടി മുക്കാളിയിലെ വീട്ടിൽ നിന്നാണ് കൊടുങ്കാറ്റ് പോലെ കുതിച്ചെത്തിയത്. വെള്ളികുളങ്ങര ലക്ഷ്യമാക്കി വയൽ വരമ്പിലൂടെ നീങ്ങുന്ന പൊലീസുകാരുടെ ഇടംവലം വലയം ചെയ്താണ് പെരുകി വരുന്ന ആൾക്കൂട്ടം സഞ്ചരിച്ചിരുന്നത്. നിരപരാധികളായ ചോയിയേയും കണാരനെയും വിട്ടയക്കണമെന്ന് ഓരോ ചുവടിലും ജനങ്ങൾ പൊലീസിനോട് യാചിച്ചുകൊണ്ടേയിരുന്നു. പൊലീസും ജനങ്ങളും മുഖാമുഖമെത്തി. പൊലീസിന്റെ ചുവടുകൾക്കനുസരിച്ച് ജനകീയ പ്രതിരോധം ശക്തിപ്പെടുത്താനാവശ്യമായ നിർദേശങ്ങൾ മെഗാഫോൺവഴി തുടരെത്തുടരെ നൽകിക്കൊണ്ടിരുന്നു. ചെന്നാട്ടുതാഴവയൽ. ചോയിയെയും കാണാരനെയും വിട്ടു തരില്ലെന്ന് പൊലീസും അവരെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ജനങ്ങളും. പൊലീസും ജനങ്ങളും ഒരു നിമിഷം പകച്ചുനിന്നു. ബഹളം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി.

സംഘർഷഭരിതമായ ഈ അന്തരീക്ഷത്തിലേക്കാണ് അടുത്ത വീട്ടിൽ താമസിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ എം കുമാരൻ മാസ്റ്ററും പി രാമക്കുറുപ്പും ഓടിയെത്തിയത്. അറസ്റ്റുചെയ്തവരെ വിട്ടുതരണമെന്ന ആവശ്യം നേതാക്കൾ ആവർത്തിച്ചു. തുടർന്ന് രാമക്കുറുപ്പും പൊലീസും തമ്മിൽ വാക്കു തർക്കമായി. ജനകീയ ആവശ്യം നിരസിച്ച പൊലീസ് വെടിവയ്ക്കാനുള്ള തിടുക്കത്തിലായിരുന്നു. വെടിവയ്ക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നാലുവരി കവിത രാമക്കുറുപ്പ് ഉച്ചത്തിൽ ചൊല്ലി. തുടർന്ന് ഒരു പ്രസംഗവും. ഇപ്പോൾ നിറതോക്കു ചൂണ്ടി കാക്കി ധരിച്ചു നിൽക്കുന്ന നിങ്ങളും കർഷകരുടെ മക്കളാണെന്നും മനുഷ്യരാണെന്നും അതുകൊണ്ട് സ്വന്തം സഹോദരൻമാരെ നിങ്ങൾക്കെങ്ങനെ വെടിവയ്ക്കാനാവുമെന്നും രാമക്കുറുപ്പ് ഉച്ചത്തിൽ ചോദിച്ചു. പിരിഞ്ഞു പോകണമെന്ന ഇൻസ്പെക്ടറുടെ പ്രഖ്യാപനവും ഇല്ലെങ്കിൽ വെടിവയ്ക്കുമെന്നുള്ള അലർച്ചയുമായിരുന്നു മറുപടി.
പൊലീസിന്റെ പ്രഖ്യാപനം ഭീകരത വളർത്തിയ അന്തരീക്ഷത്തിൽ ഒരു മിന്നൽ പിണർ പോലെ അളവക്കൻ കൃഷ്ണൻ വയ്ക്കിനെടാ വെടി എന്ന അലർച്ചെയുമായി പൊലീസ് സംഘത്തിന് മുന്നിലേക്ക് എടുത്തുചാടി. നിറ തോക്കിന് മുമ്പിൽ വിരിമാറുകാട്ടി നിൽക്കുന്ന അളവക്കൻ കൃഷ്ണൻ. തുടർന്ന് തുരുതുരാ വെടിവയ്പായിരുന്നു. നിരപരാധികളായ ഗ്രാമവാസികൾക്ക് നേരെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. ചെന്നാട്ട് താഴക്കുനിയിൽ മനുഷ്യരക്തം പടർന്നു. എട്ടു സഖാക്കൾ വെടിയുണ്ടയേറ്റ് പിടഞ്ഞു മരിച്ചു.
മരിച്ചു വീണവരുടെ മൃതദേഹങ്ങൾ പച്ച ഓലയിൽ കെട്ടിയാണ് പിസിസിയുടെ ലോറിയിൽ കയറ്റി വെള്ളികുളങ്ങര വഴി വടകരയിലേക്ക് കൊണ്ടുപോയത്. ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന് തോന്നിയവരെ പൊലീസ് ലോറിയിലിട്ട് ചവിട്ടി കൊല്ലുകയായിരുന്നു.
വെടിവയ്പിൽ പരിക്കേറ്റ സഖാക്കൾ നിരവധിയാണ്. രാമക്കുറുപ്പിന്റെ ഇടത്തെ വാരിഭാഗത്താണ് വെടിയേറ്റത്. കുങ്കൻനായർ, ടി സി കുഞ്ഞിരാമൻ മാസ്റ്റർ, വടേക്കണ്ടി ചാത്തു, പുറവിൽ കണ്ണൻ, ആയാട്ട് ചോയി മാസ്റ്റർ, പി പി കണ്ണൻ എന്നിവർ വെടിയേറ്റവരിൽ ഉൾപ്പെടുന്നു. ഇടത്തേ കവിളിലാണ് വടേക്കണ്ടി ചാത്തുവിന് വെടിയേറ്റത്. വെടിയുണ്ടയേറ്റ് ഒടിഞ്ഞു തൂങ്ങിയ കയ്യുമായി രക്തത്തിൽ കുളിച്ചു കിടന്ന പി പി കണ്ണനെ ഏതോ രണ്ടുപേർ ഇടവഴിയിൽ എടുത്തു കിടത്തുകയായിരുന്നു. കണ്ണൻ മരിച്ചുവെന്നായിരുന്നു വാർത്ത പരന്നത്. എന്നാൽ സഖാക്കൾ എങ്ങനെയോ കണ്ണനെ ആശുപത്രിയിൽ എത്തിച്ചു. അവിടെവച്ച് ഇടതുകൈ മുറിച്ചു മാറ്റുകയായിരുന്നു. ടി സി കുഞ്ഞിരാമൻ മാസ്റ്റർക്ക് ഇടതു ചുമലിലാണ് വെടിയേറ്റത്. കുതിച്ചുവന്ന വെടിയുണ്ട പുറവിൽ കണ്ണന്റെ ഇടനെഞ്ച് തുരന്നു പുറത്തേക്ക് പാഞ്ഞു പോയി. പുറവിൽ കണ്ണന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് ശാസ്ത്രത്തിനു പോലും അത്ഭുതമായിരുന്നു.

പൊലീസ് വെടിവയ്ക്കുമെന്ന് ജനങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ചോയിയേയും കാണാരനേയും വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരുന്ന നിഷ്കളങ്കരായ ജനങ്ങൾ നിരായുധരായിരുന്നു. പ്രകോപനമൊന്നുമില്ലാതെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. ആകെ 36 റൗണ്ട് വെടിവച്ചു. അപ്രതീക്ഷിതമായി എട്ടു സഖാക്കളെ വെടിവച്ചുകൊന്നത് ഒഞ്ചിയത്തിന് സഹിക്കാനായില്ല. കാക്കി കിങ്കരന്മാർക്ക് നേരെ ജനങ്ങൾ ചീറിയടുക്കുകയായിരുന്നു. സംഭവത്തിനുശേഷം പൊലീസുകാർക്ക് നേരെ കരിങ്കൽ ചീളുകളുടെ ഒരു മഴ തന്നെയായിരുന്നു. കാക്കിയുടുപ്പുകളിൽ കരിങ്കല്ലുകൾ തുളച്ചു കയറി. വെടിവയ്പിന് നേതൃത്വം കൊടുത്ത സർക്കിൾ ഇൻസ്പെക്ടറുടെ മുഖത്തുനിന്നും ചോര പൊടിഞ്ഞു. അവരിൽ പലരുടെയും തിരതീർന്ന റിവോൾവറുകളും തൊപ്പികളും താഴെ വീണു. കയ്യിൽ കരുതിയ വെടിക്കോപ്പുകൾ തീർന്നുപോയ പൊലീസുകാർ പുതിയത് കൊണ്ടുവരാൻ പോയ ദേശരക്ഷാസേനയെ കാത്തിരിക്കാതെ സ്ഥലം വിട്ടു. അലറി ആർത്തുപെയ്ത മഴയോടെ ഏപ്രിൽ 30ന് രാത്രി അവസാനിച്ചു. ഭീകരമായ ഇരുട്ടിൽ മഴയത്തുതന്നെ അവശേഷിക്കുന്ന പാർട്ടി നേതാക്കളെ സ്ഥലംമാറ്റി പാർപ്പിച്ചു. കണ്ണീരും ചോരയും ഒഴുകിയ ഇടവഴികളിൽ തരിച്ചിരിക്കാതെ കമ്മ്യൂണിസ്റ്റുകാർ അവരുടെ ചുമതലകളിലേക്ക് കടന്നു.

പോരാട്ടത്തിന്റെ നാള്‍വഴികള്‍

സ്വതന്ത്ര ഭാരതത്തിന്റെ ചെങ്കോലും കിരീടവും കൈവശമാക്കിയ സ്വദേശി ജനായത്ത ഭരണകൂടം നാടെങ്ങും മർദനം പൊടിപൊടിക്കുന്ന കാലം. വിഷുപ്പുലരിയിൽ തില്ലങ്കേരിയിൽ ആരംഭിച്ച വെടിവയ്പ് ഉത്സവം വടക്കേ മലബാർ മുഴുവൻ അതിവേഗം വ്യാപിപ്പിക്കാനായിരുന്നു മദിരാശിയിലെ മാധവമേനോന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടത്തിന്റെ തിടുക്കം.
ജന്മിമാർ പൂഴ്ത്തിവച്ച നെല്ല് പട്ടിണികിടന്ന് സഹികെട്ട തില്ലങ്കേരിയിലെ ജനങ്ങൾ പത്തായപ്പുരകൾ തകർത്തു പട്ടിണിക്കാർക്ക് വിതരണം ചെയ്തു. തില്ലങ്കേരിയിൽ ഒഴുകിയ മനുഷ്യരക്തം തണുക്കും മുമ്പ് പതിനഞ്ചാം ദിവസം അതേ തോക്കുകൾ ഒഞ്ചിയത്തും ഗർജിച്ചു.
അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്നില്ല. പക്ഷേ കെപിസിസിയുടെയും കേളപ്പന്റെയും ആഹ്വാനം അനുസരിച്ച് കമ്മ്യൂണിസ്റ്റുകാരെ വേട്ട മൃഗങ്ങളെപ്പോലെ നായാടിയ കാലം. കമ്മ്യൂണിസ്റ്റുകാരെ നശിപ്പിക്കാൻ ദേശരക്ഷാസേനയുടെ കുപ്പായമണിഞ്ഞ ചെറുപയർ സേനയും. ലാത്തികളുമായി പട്ടാളക്കാരെപ്പോലെ നാടുനീളെ നടന്ന അവർ കൊല്ലിനും കൊലയ്ക്കും അധികാരമുള്ളവരാണെന്ന് ഊറ്റം കൊണ്ടു.
1947ൽ തന്നെ സർദാർ പട്ടേലും പാർശ്വവർത്തികളും കമ്മ്യൂണിസ്റ്റുകാരെ വളരാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. കേന്ദ്രസർക്കാരിന്റെ ആഹ്വാനം അതേപോലെ നടപ്പിലാക്കിയ സംസ്ഥാനമായിരുന്നു മദിരാശി. അന്നത്തെ മദിരാശി സംസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്ന മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച കോൺഗ്രസ് നേതൃത്വത്തിന് അനുദിനം അലോസരമായി തീർന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും ശാരീരികമായി ആക്രമിച്ചും വകവരുത്തിയും മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാം എന്ന വ്യാമോഹമാണ് കോൺഗ്രസിനെ നയിച്ചിരുന്നത്. പി കൃഷ്ണപിള്ളയെ നാടുകടത്തിയും എകെജി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തുകൊണ്ടുമുള്ള കമ്മ്യൂണിസ്റ്റ് വേട്ടയ്ക്ക് അവർ 1947 നവംബർ മുതലേ തുടക്കം കുറിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരിൽ നിരോധനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഫലത്തിൽ നിരോധനം തന്നെ നടപ്പിലാക്കുകയായിരുന്നു സർക്കാർ.
കോൺഗ്രസിന്റെ പുത്തൻ ഭരണത്തിൽ പട്ടിണിയും പകർച്ചവ്യാധികളും ദുരന്തങ്ങളും പെരുകി. അരികിട്ടാത്തതിനാൽ ജനങ്ങൾ റേഷനരിക്കായി ശബ്ദമുയർത്തി. കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവയ്പുകാർക്കും കുറുക്കുവഴികളിലൂടെ ലാഭം കൊയ്യാൻ അവസരം നൽകുന്നതിനായി മലബാറിൽ നിലനിന്നിരുന്ന റേഷനിങ് സമ്പ്രദായം മദിരാശി സർക്കാർ പിൻവലിച്ചു. ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയും ബഹുജന സംഘടനകളും സജീവമായി രംഗത്തുവന്നു. കരിഞ്ചന്തക്കാർക്കും കൊള്ള ലാഭക്കാർക്കും ദുരമൂത്ത മുതലാളിമാർക്കുമെതിരെ ജനകീയ വികാരം പൊട്ടിപ്പുറപ്പെട്ടു. വടകരയിൽ ചുമട്ടുതൊഴിലാളികൾ നടത്തിയ ബോണസ് സമരവും കൂത്താളി എസ്റ്റേറ്റ് സമരവും കുറുമ്പ്രനാട്ടിലെ രോഷാകുലരായ ജനങ്ങളുടെ സമരോത്സുകത തിരിച്ചറിയുന്നതായിരുന്നു. മദിരാശി സർക്കാരിന്റെ ജനവിരുദ്ധ സമീപനവും പൊലീസിന്റെ കിരാത മർദനവും സഹികെട്ട ജനങ്ങൾ ഈ സമരമുഖങ്ങളിലേക്ക് ഓടിയെത്തുകയായിരുന്നു.
തരിശുഭൂമി കൃഷിക്കാർക്ക് വിട്ടുകിട്ടാൻ കൂത്താളി കുന്നിൽ കർഷകസംഘം നടത്തിയ 65 ദിവസം നീണ്ടുനിന്ന സമരം വിജയകരമായി തന്നെ അവസാനിച്ചു. അയിത്തവിരുദ്ധ സമരത്തിന്റെ ഭാഗമായി മദിരാശി മുഖ്യമന്ത്രി പ്രകാശത്തെ ജനങ്ങൾ തടഞ്ഞുവച്ച സംഭവം ജനവിരുദ്ധ ഭരണകൂടത്തിനെതിരായ കുറുമ്പ്രനാട്ടിലെ ജനങ്ങളുടെ ഉശിരൻ വികാരപ്രകടനമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.