16 September 2024, Monday
KSFE Galaxy Chits Banner 2

Related news

August 24, 2024
August 23, 2024
August 22, 2024
August 6, 2024
July 10, 2024
May 11, 2024
May 2, 2024
April 22, 2024
March 22, 2024
February 21, 2024

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്ങിന് ഒരു വയസ്; ചന്ദ്രനില്‍ മാഗ്മ സമുദ്രം ഉണ്ടായിരുന്നതായി കണ്ടെത്തല്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 23, 2024 7:45 am

ചന്ദ്രയാന്‍ 3 പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പുതിയ പഠനവിവരങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ ‘മാഗ്മ സമുദ്രം’ ഉണ്ടായിരുന്നു എന്ന നിര്‍ണായകമായ കണ്ടെത്തലാണ് ഇന്ത്യയുടെ ചാന്ദ്രപേടകം നടത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ ഉണ്ടായിരുന്നതായിക്കരുതുന്ന ഉരുകിയ പാറയുടെ പാളിയാണ് മാഗ്മ സമുദ്രം. ഉപരിതലത്തില്‍ 100 മീറ്റര്‍ നീളത്തില്‍ നടത്തിയ പര്യവേക്ഷണത്തിനിടെ പ്രഗ്യാന്‍ റോവര്‍ ശേഖരിച്ച ചന്ദ്രനിലെ മണ്ണിന്റെ വിശകലനത്തില്‍ നിന്നാണ് ഈ നിഗമനം. വിക്രം ലാന്‍ഡര്‍ വിന്യസിച്ച റോവര്‍, 2023 ഓഗസ്റ്റ് 23നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്. ഐഎസ്ആര്‍ഒ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 പേടകത്തില്‍ ലാന്‍ഡറും റോവറും ഉള്‍പ്പെടുന്നു. ചന്ദ്രനിൽ സോഫ്റ്റ്‍ ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവും ഇതോടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. 

ദക്ഷിണധ്രുവത്തില്‍ നടത്തിയ പര്യവേക്ഷണത്തില്‍, മണ്ണില്‍ പ്രധാനമായും ഫെറോന്‍ അനോര്‍ത്തോസൈറ്റ് എന്ന ഒരുതരം പാറ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്ന് സയന്‍സ് ജേണല്‍ ആയ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. രണ്ട് പ്രോട്ടോപ്ലാനറ്റുകള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായാണ് ചന്ദ്രന്‍ രൂപപ്പെട്ടത് എന്നാണ് നിഗമനം. രൂപപ്പെട്ട സമയത്ത് തീവ്രമായ ചൂട് കാരണം അതിന്റെ ആവരണം ഉരുകി മാഗ്മ സമുദ്രം രൂപപ്പെടാന്‍ ഇടയാക്കി. ചന്ദ്രന്റെ പുറന്തോടിന് ഏകീകൃത ഘടന ഉണ്ടായിരിക്കാമെന്ന് പഠനം അനുമാനിക്കുന്നു. ഇത് ചന്ദ്രോപരിതലത്തിലെ ‘മാഗ്മ സമുദ്ര’ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു. ആദ്യകാല വികാസത്തില്‍ ആവരണം മുഴുവന്‍ ഉരുകി മാഗ്മയായി മാറിയിരിക്കാം. 

അത് തണുത്തപ്പോള്‍, സാന്ദ്രത കുറഞ്ഞ ഫെറോന്‍ അനോര്‍ത്തോസൈറ്റ് പുറംതോട് രൂപപ്പെടാന്‍ ഉപരിതലത്തില്‍ ഒഴുകി നടക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം ഭാരമേറിയ ധാതുക്കള്‍ ആവരണം രൂപപ്പെടുമ്പോള്‍ താഴേക്ക് നീങ്ങിയിരിക്കാമെന്നും പഠനം പറയുന്നു. നേരത്തെ ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍, അലുമിനിയം, കാത്സ്യം, സിലിക്കണ്‍, അയണ്‍, ഓക്സിജന്‍, ടൈറ്റാനിയം, ക്രോമിയം, മാംഗനീസ് എന്നിവയുടെ സാന്നിധ്യം കണ്ടെത്താന്‍ ചന്ദ്രയാന്‍ 3ന് സാധിച്ചിരുന്നു. 

ദൗത്യത്തിലെ അപൂർവ ചിത്രങ്ങളും ഗവേഷണ വിവരങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്. റോവറിൽ നിന്നും ലാൻഡറിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് ഇവ. ചന്ദ്രോപരിതലത്തിൽ റോവ‌ർ കടന്നുപോയപ്പോഴുണ്ടായ അടയാളങ്ങൾ വ്യക്തമായി കാണുന്ന ആദ്യചിത്രങ്ങളും ഇതിപ്പെടും. ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുന്ന ഇന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയ ചാന്ദ്രദൗത്യത്തെക്കുറിച്ച് കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.