സുരക്ഷിതമായ സംവിധാനങ്ങളോടെയുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ രാജ്യത്തെമ്പാടും സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പിഎസ്‌സി ചെയർമാൻമാരുടെ ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുരക്ഷിത സംവിധാനങ്ങളുടെ ലഭ്യതക്കുറവ് സംസ്ഥാനങ്ങളിൽ ഓൺലൈൻ പരീക്ഷകൾ വ്യാപകമാക്കുന്നതിനു തടസമുണ്ടാക്കുന്നുണ്ട്. യുപിഎസ്‌സിക്കും പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾക്കുമൊപ്പം സംസ്ഥാനങ്ങൾക്കും ഇവ പ്രയോജനപ്പെടും. റിക്രൂട്ട്മെന്റ് അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളിലും പിഎസ്‌സികൾ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ 2016നും
2022നും ഇടയിൽ 1,18,000 പേർക്ക് പിഎസ്‌സി മുഖേന നിയമന ശുപാർശ നൽകാൻ കഴിഞ്ഞു. കോവിഡ് കാലത്ത് 28,837 നിയമനങ്ങൾ അവശ്യസേവന മേഖലയിൽ മാത്രം നടത്താൻ കഴിഞ്ഞു. ലാസ്റ്റ് ഗ്രേഡ് മുതൽ കെഎഎസ് വരെ സംസ്ഥാന സർക്കാരിന്റെ 1,700 ഓളം വിഭാഗങ്ങളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ മുഖേനയാണ് നിയമനങ്ങൾ നടത്തുന്നത്. 5.5 കോടി യുവാക്കൾ പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ വർഷവും 80 ലക്ഷം ഉദ്യോഗാർത്ഥികളെ പങ്കെടുപ്പിച്ച് വിവിധ പരീക്ഷകൾ നടത്തുന്നു.
അപേക്ഷ സ്വീകരിക്കുന്നതുമുതൽ നിയമന ശുപാർശ നൽകുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും സുതാര്യമായ സാങ്കേതിക വിദ്യയിലൂടെയാണ് നിർവഹിക്കുന്നത്. 5.16 ലക്ഷം ജീവനക്കാർ സർക്കാരിന്റെ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നു. സംസ്ഥാനത്തെ വിവിധ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി വലിയൊരു വിഭാഗം അധ്യാപക, അനധ്യാപക ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ നിയമനവും പിഎസ്‌സി മുഖേനയാക്കണമെന്ന് പൊതുസമൂഹത്തിൽനിന്ന് ആവശ്യമുയരുന്നുണ്ട്.
പിഎസ്‌സിയുടെ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളിലെ പൊതുജനങ്ങളുടെ വിശ്വാസമാണ് ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി കോവളത്ത് നടന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻമാരും യുപിഎസ്‌സി ചെയർമാനും പങ്കെടുത്തു. യുപിഎസ്‌സി ചെയർമാൻ മനോജ് സോണി മുഖ്യ പ്രഭാഷണം നടത്തി. ജോസ് മാനുവൽ നൊറോണ, കേരള പിഎസ്‌സി ചെയർമാൻ എം കെ സക്കീർ, സെക്രട്ടറി സാജു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
English summary;Online examination system should be expanded: CM
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.