ഷാജി ഇടപ്പള്ളി

കൊച്ചി

March 26, 2020, 8:56 pm

ഹോട്ടലുകൾ തുറക്കാത്തത് ഓൺലൈൻ ഭക്ഷ്യ വിതരണത്തിന് തിരിച്ചടിയായി

Janayugom Online

കോവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ വീടുകളിൽ തന്നെ തങ്ങാൻ തുടങ്ങിയതോടെ ഓൺലൈൻ ഭക്ഷ്യശൃംഖല വഴി ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാൻ ആവശ്യക്കാർ ഏറി. കുറഞ്ഞ നാളുകൾ കൊണ്ടു തന്നെ ജനങ്ങളുടെ വലിയ സ്വീകാര്യത നേടിയ ഈ രംഗം ഇ­പ്പോൾ പ്രതിസന്ധിയാലായി. പുതിയ സാഹചര്യത്തിൽ ഹോട്ടലുകൾ തുറക്കാത്തതാണ് ഇതിന് കാരണം യഥാസമയം ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കാൻ കഴിയാതെ ഓൺലൈൻ ഡെലിവറി ബോയ്സ് നെട്ടോട്ടത്തിലാണ്. ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയിൽ ഉൾപ്പെട്ടിരുന്ന പ്രധാന ഹോട്ടലുകൾ പലതും ലോക്ക് ഡൗണിൽ പൂർണമായും അടച്ചിട്ടതോടെയാണ് ഈ പ്രയാസം നേരിടുന്നത്.

വാഹന,ട്രയിൻ ഗതാഗതം നിലച്ചതോടെ വീടുകളിലേക്ക് മടങ്ങാനാകാതെ ഹോം സ്റ്റേകളിലും വാടക വീടുകളിലുമൊക്കെയായി കഴിയുന്നവർ അനവധിയാണ്. സാധാരണ ഹോട്ടലുകളൊന്നും തുറക്കാതായതോടെ ഭക്ഷണം വാങ്ങുന്നതിനായി ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്തുകയാണ്. അവശ്യ സർവീസിന്റെ ഭാഗമായി ഹോട്ടലുകൾ തുറക്കാമെന്നും എന്നാൽ പാർസലായി മാത്രമേ ഭക്ഷണ സാധനങ്ങൾ വിൽപന നടത്താൻ പാടുള്ളുവെന്നും സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും ഭൂരിപക്ഷം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഇതും ഓൺലൈൻ ഭക്ഷ്യ ആവശ്യക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.

സ്വിഗ്ഗി, സൊമാറ്റോ ഓൺലൈൻ ഭക്ഷ്യ ശൃംഖലയുമായി ബന്ധപ്പെട്ട ഹോട്ടലുകളുടെ സഹകരണം ഉറപ്പാക്കാൻ നീക്കം നടക്കുന്നുണ്ട്. സാധാരണ വാഹന ഗതാഗത കുരുക്കിനിടയിലാണ് ഡെലിവറി ബോയ്സ് അതിവേഗം ഓർഡറുകൾ എത്തിച്ചിരുന്നത്. ഇപ്പോൾ അത്തരം തടസങ്ങളില്ലാത്തതിനാൽ ഹോട്ടലിൽ നിന്നും കിട്ടുന്ന മുറയ്ക്ക് പരമാവധി വേഗതയിൽ ആവശ്യക്കാർക്ക് ഭക്ഷണ പദാർത്ഥങ്ങൾ എത്തിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ഓർഡർ സ്വീകരിക്കുന്ന ഹോട്ടലുകൾ കുറവായതു മാത്രമാണ് പ്രധാന തടസമെന്നാണ് ഡെലിവറി ബോയ്സായി ജോലി ചെയ്യുന്നവർ പറയുന്നത്. അതിനിടെ അവശ്യ ഭക്ഷ്യസാധനങ്ങൾവീടുകളിൽ എത്തിക്കുന്നതിന് സൊമാറ്റോയുമായി സപ്ലൈകോ കരാർ ഉണ്ടാക്കിയിട്ടുണ്ട്. ആദ്യം എറണാകുളത്തും പിന്നെ സംസ്ഥാനത്തെ 17 കേന്ദ്രങ്ങളിലും ഇത് നടപ്പാക്കാനാണ് നീക്കം.

YOU MAY ALSO LIKE THIS VIDEO