7 November 2024, Thursday
KSFE Galaxy Chits Banner 2

ബീച്ചുകളിൽ മൂന്നിലൊന്ന് ലൈഫ് ഗാർഡുകൾ മാത്രം

ഡാലിയ ജേക്കബ്
ആലപ്പുഴ
February 14, 2024 9:32 pm

സംസ്ഥാനത്തെ ബീച്ചുകളിൽ ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് ലൈഫ് ഗാർഡുകൾ മാത്രം. 53 പ്രധാന ബീച്ചുകളിൽ 25 ഇടത്തും ഒരു ലൈഫ് ഗാർഡുപോലുമില്ല. മധ്യവേനൽ അവധി കൂടി ആരംഭിക്കുമ്പോൾ ബീച്ചുകളിൽ തിരക്ക് ഇരട്ടിയാകും. ഒരു ഷിഫ്റ്റിൽ 446 ലൈഫ് ഗാർഡുമാർ വേണ്ടിടത്ത് 159 പേർ മാത്രമാണ് ഉള്ളത്. രണ്ട് മാസം മുമ്പ് 60 വയസ് കഴിഞ്ഞ 2 പേരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പകരം ആളെ നിയമിച്ചതുമില്ല. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴു വരെയാണ് തീരങ്ങളിൽ ഡ്യൂട്ടിയിലുള്ളത്.

മലപ്പുറം, കൊല്ലം ജില്ലകളിൽ മാത്രമേ എല്ലാ ബീച്ചിലും ലൈഫ് ഗാർഡുമാരുള്ളൂ. ഓരോ ഡ്യൂട്ടി പോയിന്റിലും രണ്ട് ലൈഫ് ഗാർഡുമാർ വേണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. ടൂറിസ്റ്റുകളുടെ എണ്ണത്തിന് ആനുപാതികമായാണ് ഡ്യൂട്ടി പോയിന്റുകൾ നിശ്ചയിക്കുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം, ഏഴാം ക്ലാസ് വിദ്യാഭ്യാസം, സംസ്ഥാനതല സീനിയർ വിഭാഗം നീന്തൽ മത്സരത്തിൽ പങ്കെടുക്കൽ, 35 വയസ് പ്രായപരിധി എന്നിവയാണ് ലൈഫ് ഗാർഡുമാരുടെ യോഗ്യത.

ഇൻഷ്വറൻസ് പരിരക്ഷ പോലുമില്ലാതെയാണ് ലൈഫ് ഗാർഡുമാരുടെ അപകടകരമായ ജോലി. ടൂറിസം വകുപ്പാണ് ഇവരെ 835 രൂപ ദിവസശമ്പളത്തിൽ പരിശീലനം നൽകി നിയമിക്കുന്നത്. ഇൻഷ്വറൻസ് പരിരക്ഷയും ശമ്പള വർധനയും ആവശ്യപ്പെട്ട് 2017ൽ ലൈഫ് ഗാർഡുമാർ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബീച്ചുകൾ സന്ദർശിക്കുന്നവരുടേയും കടലിൽ ഇറങ്ങുന്നവരുടെയും എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിച്ചതായാണ് വിവരം. പല ബീച്ചുകളിലും ഇപ്പോൾ കൂടുതൽ സന്ദർശകരുളളതിനാൽ കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കേണ്ടതുണ്ടെന്ന് ലൈഫ്ഗാർഡുകളുടെ യൂണിയൻ നേതാക്കൾ പറയുന്നു. ബീച്ചുകളിൽ അപകടങ്ങൾ മുൻവർഷങ്ങളേക്കാൾ വർധിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ ലൈഫ് ഗാർഡുമാരെ നിയമിക്കണമെന്നും പിരിഞ്ഞു പോയവർക്ക് പകരം പുതിയ ജീവനക്കാരെ ജോലിയിൽ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകാൻ തയ്യാറെടുക്കുകയാണ് ലൈഫ് ഗാർഡ് യൂണിയൻ നേതാക്കൾ.

Eng­lish Summary:Only a third of the beach­es have lifeguards
You may also like this video

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.