ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ തുറന്ന പോരിലേക്ക്. രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയിൽ കടുത്ത പ്രതിസന്ധി നിലനില്‍ക്കെയാണ് ട്രസിനെ പുറത്താക്കാൻ വിമത നീക്കം ശക്തമായിരിക്കുന്നത്. ട്രസിന്റെ സാമ്പത്തിക പുനസജ്ജീകരണം സംബന്ധിച്ച പ്രതിഫലനങ്ങള്‍ വിപണിയിലുണ്ടാകുന്നതിന് മുമ്പാണ് റിഷി സുനകിന്റെ നേതൃത്വത്തില്‍ ലിസ് ട്രസിനെതിരെ പടയൊരുക്കം നടക്കുന്നത്. ട്രസ് അധികാരത്തിലെത്തിയിട്ട് 40 ദിവസം മാത്രമാണ് ആയിട്ടുള്ളത്.
എന്നാൽ പുറത്താക്കാൻ ശ്രമിച്ചാൽ ബ്രിട്ടൻ വീണ്ടും തെരഞ്ഞെടുപ്പ് നേരിടേണ്ടി വരുമെന്നാണ് ട്രസിന്റെ ഭീഷണി. ഭരണകക്ഷിയായ നൂറിലേറെ എംപിമാർ ട്രസിന് ബ്രിട്ടനെ നയിക്കാനുള്ള കഴിവില്ലെന്ന് അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് എംപിമാർ പാർട്ടി മേധാവി ഗ്രഹാം ബ്രാഡിക്ക് കത്ത് നൽകാൻ തയാറാകുന്നതായാണ് റിപ്പോർട്ടുകൾ. ട്രസിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി നൽകണമെന്നാണ് ആവശ്യം. ക്വാസി ക്വാര്‍ട്ടെങ് രാജിവച്ച ഒഴിവില്‍ പുതിയ ധനമന്ത്രിയായി ചുമതലയേറ്റ ജെറമി ഹണ്ടിനും ട്രസിനും ഈ മാസം 31ന് ബജറ്റ് അവതരിപ്പിക്കാൻ അവസരം നൽകണമെന്നാണ് ബ്രാഡിയുടെ നിലപാട്.
രാജ്യത്തെ പിടിച്ചുലച്ച വിപണി തകർച്ചയ്ക്ക് ഇടയാക്കിയ സാമ്പത്തിക പാക്കേജാണ് ധനമന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്. ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ഇടക്കാല ബജറ്റിൽ വലിയ നികുതി ഇളവുകൾ പ്രഖ്യാപിച്ചത് വിപണിയുടെ തകർച്ചയ്ക്കും പൗണ്ടിന്റെ വലിയതോതിലുള്ള മൂല്യശോഷണത്തിനും ഇടയാക്കിയിരുന്നു. ഈ നടപടി കനത്ത വിമർശനത്തിന് ഇടയാക്കുകയായിരുന്നു. തന്റെ തീരുമാനത്തിൽ ഉറച്ച് മുന്നോട്ടു പോകുന്നതിനിടെയാണ് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വഴങ്ങി പ്രധാനമന്ത്രി തന്റെ ഏറ്റവും വിശ്വസ്തനായ ക്വാര്‍ട്ടെങ്ങിന്റെ രാജി ആവശ്യപ്പെട്ടത്. ചാൻസലറെ ഒഴിവാക്കിയില്ലെങ്കിൽ പ്രധാനമന്ത്രിസ്ഥാനം തന്നെ അപകടത്തിലാക്കുമെന്ന ഭയമാണ് ലിസ് ട്രസിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട ബ്രക്സിറ്റ് നടപടികള്‍ക്ക് ശേഷം ബ്രിട്ടനില്‍ രാഷ്ട്രീയ അസ്ഥിരത തുടരുകയാണ്. ബ്രക്സിറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡേവിഡ് കാമറൂൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. പിൻഗാമിയായെത്തിയ തെരേസ മേയും രാജിവച്ചൊഴിഞ്ഞു. പിന്നീട് കൺസർവേറ്റീവ് പാർട്ടിയിലെ ബ്രക്സിറ്റ് അനുകൂലിയായ ബോറിസ് ജോൺസൺ അധികാരത്തിൽ വന്നു. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നടത്തിയ സ്വകാര്യ പാര്‍ട്ടികളുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ ബോറിസ് ജോണ്‍സണും സ്ഥാനമൊഴിയേണ്ടിവന്നു. ധനമന്ത്രിയായിരുന്ന റിഷി സുനകും വിദേശകാര്യ സെക്രട്ടറിയായിരുന്ന ലിസ് ട്രസും തമ്മില്‍ നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് ട്രസ് പ്രധാനമന്ത്രി കസേര സ്വന്തമാക്കിയത്.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച മിനി ബജറ്റ് പ്രഖ്യാപനങ്ങളില്‍ നിന്ന് യു ടേണ്‍ എടുത്ത് പുതിയ ധനകാര്യമന്ത്രി ജെറമി ഹൗണ്ട്. മിനി ബജറ്റില്‍ പ്രധാനമന്ത്രി ലിസ് ട്രസ് നടത്തിയ ഭുരിഭാഗം പ്രഖ്യാപനങ്ങളിലും മാറ്റം വരുത്തിയാണ് ഹൗണ്ടിന്റെ നീക്കം. നിക്ഷേപകരുടെ വിശ്വാസം പിടിച്ചെടുക്കുകയെന്നതാണ് ഹൗണ്ടിന്റെ ആദ്യത്തെ ലക്ഷ്യം.
സാമ്പത്തിക ഇടിവ് നികന്നുവരാന്‍ സുസ്ഥിരതയും വിശ്വാസവുമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. നികുതി വെട്ടിക്കുറയ്ക്കുന്നതിലൂടെ 32 ബില്യണ്‍ പൗണ്ട്സ് വീതം ഓരോ വര്‍ഷവും നേടാന്‍ കഴിയും. ദീര്‍ഘകാലത്തെ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങള്‍ ഫലപ്രാപ്തിയിലെത്തുമെന്നും ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ വളര്‍ച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English Summary:Open war against Liz Truss
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.