27 July 2024, Saturday
KSFE Galaxy Chits Banner 2

ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ്; കര്‍ണാടകയിലെ ഉത്സവത്തിന് മുസ്‌ലിം വ്യാപാരികളെ വിലക്കി

Janayugom Webdesk
ന്യൂഡല്‍ഹി
March 20, 2022 11:02 pm

ഹിജാബ് വിവാദത്തിന് പിന്നാലെ കര്‍ണാടകയില്‍ മുസ‌്‌ലിം വിഭാഗങ്ങള്‍ക്കെതിരായ വിദ്വേഷങ്ങള്‍ വര്‍ധിക്കുന്നു. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടകയിലെ പ്രശസ്ത ഉത്സവമായ കോടേ മാരികാംബ ജാത്രയില്‍ മുസ്‌ലിം കച്ചവടക്കാരെ വിലക്കി. ശിവമോഗയിലാണ് ഉത്സവം നടക്കുന്നത്. ബിജെപി, ബജ്‌രംഗ് ദള്‍, വിശ്വഹിന്ദു പരിഷത് സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മുസ്‌ലിം കച്ചവടക്കാരെ വിലക്കാന്‍ സംഘാടക സമിതി തീരുമാനിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് ഉത്സവം. ജാതിമത വ്യത്യാസമില്ലാതെയാണ് ആളുകള്‍ ഈ ഉത്സവത്തിന്റെ ഭാഗമാകുന്നത്.

ഉത്സവത്തോടനുബന്ധിച്ച് കടകള്‍ സ്ഥാപിക്കുന്നതിനും പണം പിരിക്കുന്നതിനുമായി 9.1 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചിരുന്നു. മുസ്‌ലിം കച്ചവടക്കാര്‍ കട തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധം നടത്തുകയും കരാര്‍ റദ്ദാക്കുകയും ചെയ്തതായി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ഹിന്ദുത്വ സംഘടനകളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മാര്‍ച്ച് 19ന് വീണ്ടും കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്.

ഉത്സവക്കമ്മിറ്റി ഏതെങ്കിലും മതങ്ങള്‍ക്കെതിരല്ലെന്നും ഉത്സവം സുഗമമായി നടക്കാനാണ് തീരുമാനമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ശിവമോഗയില്‍ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതാണ് മുസ്‌ലിങ്ങളെ വിലക്കുന്നതിനുള്ള കാരണമായി ഹിന്ദുമതസംഘടനകള്‍ പറയുന്നത്. എന്നാല്‍ ശിവമോഗയില്‍ നടന്നത് വര്‍ഗീയ കൊലപാതകമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

eng­lish summary;Opposition from Hin­dut­va organization

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.