19 December 2024, Thursday
KSFE Galaxy Chits Banner 2

പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നു: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 19, 2022 10:56 pm

കെ റയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ട് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റയില്‍ പദ്ധതിയുമായി സർക്കാർ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റയിലിനും കേരളത്തിന്റെ വികസനത്തിനുമെതിരെ യുഡിഎഫ്, ബിജെപി, എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന നുണപ്രചരണങ്ങള്‍ക്കും സമരാഭാസങ്ങള്‍ക്കുമെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ പ്രചാരണ മഹായോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാവി തലമുറയെ മുന്നില്‍ കണ്ടുള്ള വികസനമാണ് കേരളത്തിന് ആവശ്യം.
സംസ്ഥാനത്തിന്റെ എല്ലാ വികസനത്തിനും അടിത്തറയിട്ട് കേരള മോഡലിന് തുടക്കം കുറിച്ചത് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരാണ്. ഭൂരിപക്ഷം ജനങ്ങളും വികസനത്തില്‍ നിന്ന് പുറത്തുപോകുന്ന വികസന പദ്ധതിയല്ല എല്‍ഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാ പ്രദേശങ്ങളെയും സ്പര്‍ശിക്കുന്നതും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായ വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദ്യേശിക്കുന്നത്. നാടിന്റെ വളര്‍ച്ചയ്ക്ക് എല്ലാ മേഖലയും വികസിക്കണം. പശ്ചാത്തല സൗകര്യ മേഖല വികസിക്കുന്നത് ഇതില്‍ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷനായി.
കേരളത്തിൽ എൽഡിഎഫ് സർക്കാർ നടത്തുന്ന വികസന പദ്ധതികൾ എല്ലാം എതിർക്കുകയെന്ന രാഷ്ട്രീയമാണ് പ്രതിപക്ഷം ഉയർത്തിപ്പിടിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കാനം പറഞ്ഞു. ജനങ്ങളുടെ പേരുപറഞ്ഞാണ് കേരള വികസനത്തെ എതിർക്കുന്നത്. യുഡിഎഫ്, ബിജെപി, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകള്‍ ഒരുമിച്ചുവെന്നതാണ് കേരള രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ ഇ പി ജയരാജൻ, മാത്യു ടി തോമസ്, ജോസ് കെ മാണി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ബിനോയ് ജോസഫ്, പി സി ചാക്കോ, കോവൂര്‍ കുഞ്ഞുമോന്‍, ശശികുമാര്‍ ചെറുകോല്‍, മന്ത്രിമാരായ ജി ആര്‍ അനിൽ, വി ശിവന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു തുടങ്ങിയവരും പങ്കെടുത്തു.

Eng­lish Sum­ma­ry: Oppo­si­tion takes coun­try to nine­teenth cen­tu­ry: CM

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.