19 December 2024, Thursday
KSFE Galaxy Chits Banner 2

കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങളെ അണിനിരത്തി ചെറുക്കും

Janayugom Webdesk
തിരുവനന്തപുരം
April 27, 2022 9:54 pm

കേരളത്തിന്റെ വികസനത്തിനായുള്ള കെ റയില്‍ അടക്കമുള്ള പദ്ധതികളെ തുരങ്കം വയ്ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ചില വര്‍ഗീയ സംഘടനകളും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സംസ്ഥാന കൗണ്‍സില്‍ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കൊണ്ട് എം എന്‍ സ്മാരകത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു ബദല്‍ നിര്‍ദേശവും മുന്നോട്ട് വയ്ക്കാതെയാണ് പ്രതിപക്ഷവും ബിജെപിയും കല്ലുകള്‍ പിഴുതെറിയല്‍ സമരവുമായി ഇറങ്ങി പൊലീസുമായി ഏറ്റുമുട്ടുന്നത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസം സൃഷ്ടിക്കുകയാണ് സമരക്കാര്‍. അതിന്റെ പേരില്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടുന്ന നടപടിയോട് യോജിപ്പില്ല. ഭൂമിയും വീടും നഷ്ടപ്പെടുന്നവരുടെ വികാരത്തെ മാനിക്കുന്നു. പക്ഷേ അതിന്റെ പേരില്‍ ഒരു രാഷ്ട്രീയസമരം വളര്‍ത്തിക്കൊണ്ട് വരാനുളള പ്രതിപക്ഷത്തിന്റെ ശ്രമം എതിര്‍ക്കപ്പെടേണ്ടതാണ്.
2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ഫലമായി മാര്‍ക്കറ്റ് വിലയുടെ എത്രയോ ഇരട്ടി നഷ്ടപരിഹാരമായി നല്‍കും. സിപിഐയുടെ തന്നെ പത്തോളം പാര്‍ട്ടി ഓഫീസുകള്‍ ദേശീയ ഹൈവേയുടെ വീതി കൂട്ടിയപ്പോള്‍ നഷ്ടപ്പെട്ടു. അവിടങ്ങളില്‍ പഴയതിനേക്കാള്‍ നല്ല ഓഫീസുകള്‍ പണിയുവാനുള്ള നഷ്ടപരിഹാരം തന്നെ കിട്ടി. ദേശീയ പാതയാണെങ്കിലും സില്‍വര്‍ ലൈന്‍ ആണെങ്കിലും സ്ഥലം ഏറ്റെടുക്കുമ്പോള്‍ ആവശ്യമായ നഷ്ടപരിഹാരം ലഭിക്കും.

സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് തീരുമാനിക്കാനുള്ള സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നത്. നോട്ടിഫിക്കേഷന്‍ വന്ന് കഴിഞ്ഞാല്‍ പബ്ലിക് ഹിയറിങിനുള്ള അവസരം ഉണ്ട്. ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്ക് പരാതി ഉന്നയിക്കാനുള്ള നിരവധി അവസരമുണ്ടെന്നും പക്ഷേ അതിന്റെ പേരില്‍ സമരം നടത്തുന്നവരെ കേള്‍ക്കാന്‍ യാതൊരു വകുപ്പും ഇല്ലെന്നും കാനം പറഞ്ഞു. രണ്ട് വര്‍ഷമാണ് ഭൂമി ഏറ്റെടുക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പറഞ്ഞിട്ടുള്ളത്. പദ്ധതിയെ തകര്‍ക്കണമെന്ന് ലക്ഷ്യം വെച്ചുള്ള ശ്രമങ്ങളെ ആ അര്‍ത്ഥത്തില്‍ തന്നെ നേരിടും. എക്‌സ്‌പ്രസ് ഹൈവേ വന്നപ്പോള്‍ സിപിഐ വ്യക്തമായ ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് കൊണ്ടാണ് എതിര്‍ത്തത്. ദേശീയ പാത ആറ് വരിയാക്കുക, നാഷണല്‍ വാട്ടര്‍ വേയ്‌സ് വികസിപ്പിക്കുക, തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവ നടപ്പാക്കുക, റയില്‍വേ പാത ഇരട്ടിപ്പിക്കുക, കേരളത്തില്‍ സഞ്ചരിക്കാന്‍ അതിവേഗ റയില്‍പ്പാത വേണം തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. ഇതില്‍ പറയുന്ന എല്ലാ കാര്യങ്ങളും പിന്നീട് ഭരണത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുകയാണ്.

അതിവേഗ റയില്‍ നടപ്പാക്കുക എന്നത് പുതിയ വിഷയമല്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ തുടങ്ങിയ വിഷയമാണ് ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ പ്രാരംഭ ഘട്ടത്തില്‍ എതിര്‍പ്പുകളുണ്ടെങ്കില്‍ ബദല്‍ നിര്‍ദേശം വെക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. വികസനപ്രവര്‍ത്തനത്തെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാകുക സ്വാഭാവികമാണ്. അത് പരിഹരിച്ച് യാഥാര്‍ത്ഥ്യമാക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.
പ്രതിപക്ഷം വികസനത്തെ എതിര്‍ക്കുന്നത് തികച്ചും രാഷ്ടീയമായാണ്. ബിജെപിയും യുഡിഎഫുമെല്ലാം ചേര്‍ന്ന് നടപ്പാക്കുന്ന അവിശുദ്ധ രാഷ്ട്രീയ ബന്ധത്തെയും അവരുടെ സമരത്തെയും ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടാനാണ് എല്‍ഡിഎഫ് തീരുമാനം. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിച്ച് മുന്നോട്ട് പോകും. ഇതിന് പരിപൂര്‍ണ പിന്തുണ നല്‍കാനാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനം. എല്‍ഡിഎഫിന്റെ ഭാഗം എന്ന നിലയില്‍ സര്‍ക്കാരിനെതിരായ ആക്രമണങ്ങളെ ചെറുക്കാനുള്ള ബാധ്യത പാര്‍ട്ടിക്കുണ്ട്. ജനകീയ പ്രശ്‌നങ്ങളില്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ മുന്നണിക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്തു പരിഹരിക്കുവാനാണ് സംസ്ഥാന കൗണ്‍സില്‍ തീരുമാനമെന്നും കാനം പറഞ്ഞു.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

സി കെ ചന്ദ്രപ്പന്‍ സ്മാരകം പൂര്‍ത്തീകരണത്തിന് ഫണ്ട് സമാഹരണം

 

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സികെ ചന്ദ്രപ്പന്റെ പേരിലുള്ള സ്മാരകത്തിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിനായി പാര്‍ട്ടി ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ മെയ് 25, 26 തീയതികളില്‍ ഫണ്ട് സമാഹരണം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

പാര്‍ട്ടി വിദ്യാഭ്യാസത്തിനും പാര്‍ട്ടി വോളണ്ടിയര്‍ ട്രെയിനിങിനും ക്യാമ്പുകള്‍ക്കും മറ്റും ആളുകള്‍ക്ക് താമസിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്ന കേന്ദ്രം കൊട്ടാരക്കര കുളക്കടയിലാണ് നിര്‍മ്മിക്കുന്നത്. 10 കോടി രൂപ ചെലവ് വരുന്ന സ്മാരകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ഇതിന്റെ നിര്‍മ്മാണത്തിനായി അഞ്ച് കോടി രൂപ ചെലവഴിച്ച് കഴിഞ്ഞു. പണി പൂര്‍ത്തിയാക്കണമെങ്കില്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. പാര്‍ട്ടി അംഗങ്ങള്‍ അവരുടെ ഒരു ദിവസത്തെ വരുമാനം ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് തീരുമാനിച്ചതായും കാനം പറഞ്ഞു.

 

Eng­lish Sum­ma­ry: Oppo­si­tion’s attempt for polit­i­cal strug­gle should be opposed: Kanam Rajendran

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.