19 December 2024, Thursday
KSFE Galaxy Chits Banner 2

അപൂര്‍വതകളുടെ ഓസ്‌കര്‍ രാവ്

പ്രദീപ് ചന്ദ്രന്‍
April 3, 2022 7:24 am

ഭാര്യ ജെയ്ഡ പിന്‍കറ്റിനെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്ത് നടന്‍ വില്‍ സ്മിത്ത് പൊട്ടിച്ചതാണ് ഓസ്‌കറില്‍ മാധ്യമശ്രദ്ധ നേടിയതെങ്കിലും നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കാണ് 94-ാം അക്കാദമി അവാര്‍ഡ് നിശ സാക്ഷ്യം വഹിച്ചത്. ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ അവാര്‍ഡ് ചടങ്ങിലേയ്ക്ക് ക്ഷണിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച അക്കാദമി പുരസ്കാരങ്ങള്‍ നശിപ്പിച്ചുകളയുമെന്ന വിഖ്യാത നടന്‍ സീന്‍ പെന്നിന്റെ പ്രഖ്യാപനം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നതാണ്. മികച്ച നടനുള്ള ഓസ്‌കര്‍ രണ്ട് തവണ നേടിയിട്ടുള്ള ആളാണ് സീന്‍ പെന്‍. ‘കോര്‍’ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകരിലൊരാള്‍ കൂടിയാണ്. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിനെതിരെയുള്ള വികാര പ്രകടനങ്ങള്‍ നിറഞ്ഞുനില്‍ക്കുമെന്ന് കരുതിയെങ്കിലും വില്‍ സ്മിത്തിന്റെ ചൂടന്‍ പ്രകടനം അവയുടെ സാധ്യത ഇല്ലാതാക്കി. എങ്കിലും ഉക്രെയ‌്‌ന് പിന്തുണ പ്രകടിപ്പിച്ച് താരങ്ങളില്‍ പലരും ‘അഭയാര്‍ത്ഥികള്‍ക്കൊപ്പം’ എന്ന ഹാഷ്‌ടാഗ് രേഖപ്പെടുത്തിയ നീല റിബണ്‍ അണിഞ്ഞിരുന്നു.

ആപ്പിള്‍ ടിവി പ്ലസ് സ്‌ട്രീം ചെയ്ത ‘കോഡ’യുടെ മുന്നേറ്റം അവിശ്വസനീയമായിരുന്നു. നാലില്‍ താഴെ നാമനിര്‍ദ്ദേശം ലഭിച്ച സിനിമ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടുന്നത് ഓസ്കര്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വതയാണ്. കേള്‍വി പരിമിതിയുള്ള മാതാപിതാക്കളുടെ കുട്ടികളെയാണ് ‘കോഡ’ എന്ന് വിളിക്കുന്നത്. കേള്‍വി പരിമിതിയുള്ളവര്‍ക്കും അംഗപരിമിതര്‍ക്കുമായി ചിത്രം സമര്‍പ്പിക്കുന്നുവെന്ന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ച ട്രോയ് കോട്‌സര്‍ വേദിയില്‍ പ്രഖ്യാപിച്ചത് ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. ഓസ്കര്‍ പുരസ്കാരം ലഭിക്കുന്ന കേള്‍വി പരിമിതിയുള്ള ആദ്യ നടനായി ട്രോയ്‌ കോട്‌സര്‍. ‘കോഡ’യുടെ സംവിധായകന്‍ ഷാന്‍ ഹെയ്‌ഡര്‍ മികച്ച ആധാര തിരക്കഥയ്ക്കുള്ള (Adapt­ed) പുരസ്കാരവും നേടി.

 

2021ലെ സണ്‍‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലാണ് ‘കോഡ’ ആദ്യമായി സ്ക്രീന്‍ ചെയ്യുന്നത്. കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച ഈ ചിത്രം ആപ്പിള്‍ ടിവി വാങ്ങുകയായിരുന്നു. ലോകോത്തര ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്സിനും ‘കോഡ’യുടെ വിജയം വലിയ ഒരു ആഘാതമായി. ആപ്പിള്‍ ടിവി സ്ട്രീം ചെയ്ത് തുടങ്ങിയിട്ട് മൂന്ന് വര്‍ഷം പോലും ആയിട്ടില്ല. 12 നാമനിര്‍ദ്ദേശങ്ങളോടെയാണ് നെറ്റ്‌ഫ്ലിക്സ് ചിത്രമായ ‘ദ് പവര്‍ ഓഫ് ദ് ഡോഗ്’ എത്തിയതെങ്കിലും മികച്ച സംവിധാനത്തിനുള്ള പുരസ്കാരം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ന്യൂസിലാന്‍ഡ്കാരിയായ ജെയ്ന്‍ ക്യാംപിയനാണ് ചിത്രത്തിന്റെ സംവിധായിക. ഓസ്കര്‍ ചരിത്രത്തില്‍ സംവിധാനത്തിന് പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയായി ജെയ്‌ന്‍.

‘കിങ് റിച്ചാര്‍ഡി‘ല്‍ ടെന്നിസ് ഇതിഹാസങ്ങളായ വീനസിന്റെയും സെറീനയുടെയും പിതാവിന്റെ വേഷമാണ് മികച്ച അഭിനേതാവിനുള്ള പുരസ്കാരം വില്‍ സ്മിത്തിന് നേടിക്കൊടുത്തത്. ജെയ്‌‍ഡ് പിന്‍കറ്റിനെതിരെയുള്ള പരാമര്‍ശത്തിന്റെ പേരില്‍ ക്ഷുഭിതനായി വില്‍ സ്മിത്ത് വേദിയിലേയ്ക്ക് കയറിച്ചെന്ന് കോമഡി താരവും അവതാരകനുമായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് മടങ്ങിവന്നതിനുശേഷമാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതായുള്ള പ്രഖ്യാപനം എത്തുന്നത്. മാനസിക സംഘര്‍ഷത്തോടെയാണ് വില്‍ സ്മിത്ത് അവാര്‍ഡ് സ്വീകരിക്കാനായി വേദിയിലെത്തിയത്. റിച്ചാര്‍ഡ് വില്യംസിനെ പോലെ ഒരു ഭ്രാന്തന്‍ പിതാവാണ് താനുമെന്ന് പറഞ്ഞാണ് സ്മിത്ത് വേദിവിട്ടത്.

 

‘ദ് ഐസ് ഓഫ് ടമി ഫെയ്’ എന്ന സിനിമയിലെ നായികയെ അവതരിപ്പിച്ചതിനാണ് ജെസിക്ക ചാസ്റ്റെന്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. ഇതിഹാസ താരം ആന്റണി ഹോപ്‌കിന്‍സ് ആണ് ജെസിക്കയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. ആത്മഹത്യാപ്രവണത സമൂഹത്തില്‍ വിപത്തായി മാറുന്നുവെന്ന മുന്നറിയിപ്പ് നല്‍കിയാണ് അവര്‍ വേദി വിട്ടത്. മികച്ച സഹനടിക്കുള്ള പുരസ്കാരം അരിയാന ഡിബോസിനാണ്. സ്പീല്‍ബെര്‍ഗിന്റെ റീമേക്കായ ‘ദ് വെസ്റ്റ് സൈഡ് സ്റ്റോറി‘യിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് അവാര്‍ഡ്. ഇതേ കഥാപാത്രത്തെ ആറ് പതിറ്റാണ്ടിന് മുമ്പ് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ റിതാ മൊറേനയുടെ സാന്നിദ്ധ്യത്തിലാണ് അവര്‍ പുരസ്കാരം സ്വീകരിച്ചത്. അന്ന് മികച്ച സഹനടിക്കുള്ള ഓസ്‌കറും റിതായ്ക്കായിരുന്നു.

ഫ്രഞ്ച്-കനേഡിയന്‍ സംവിധായകനായ ഡുനി വിലുനെല്‍വിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം ‘ഡ്യൂണ്‍’ ആറ് ഓസ്‌കര്‍ പുരസ്കാരങ്ങള്‍ നേടിയതും അപൂര്‍വതയായി. വിഷ്വല്‍ എഫക്ട്, പ്രൊഡക്ഷന്‍ ഡിസൈന്‍, ശബ്ദലേഖനം, വസ്ത്രാലങ്കാരം, എഡിറ്റിംഗ്, ഛായാഗ്രഹണം, ഒറിജിനല്‍ സ്കോര്‍ എന്നീ മേഖലകളിലാണ് ചിത്രം നേട്ടം കൈവരിച്ചത്. ആമസോണ്‍ പ്രൈമില്‍ ‘ഡ്യൂണ്‍’ സ്ട്രീം ചെയ്യുന്നുണ്ട്.

മറ്റ് അവാര്‍ഡുകള്‍

ഒറിജിനല്‍ സോംഗ് — നോ ടൈം ടു ഡൈ

ഡോക്യുമെന്ററി ഫീച്ചര്‍ — സമ്മര്‍ ഓഫ് സോള്‍

ഒറിജിനല്‍ സ്ക്രീന്‍ പ്ലേ — ബെല്‍ഫാസ്റ്റ്

കോസ്റ്റ്യൂം ഡിസൈന്‍ — ക്രുയെല്ല

വിദേശ ചിത്രം — ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍)

അനിമേറ്റഡ് ചിത്രം — എന്‍കാന്റോ

മേക്കപ്പ്, ഹെയര്‍സ്റ്റൈലിംഗ് — ദ് ഐസ് ഓഫ് ടമി ഫെയ്

ഡോക്യുമെന്ററി — ദ് ക്യൂന്‍ ഓഫ് ബാസ്ക്കറ്റ് ബോള്‍

ഷോര്‍ട്ട് ഫിലിം (അനിമേറ്റഡ്) — ദ് വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍

ഷോര്‍ട്ട് ഫിലിം (ലൈവ് ആക്ഷന്‍) — ദ് ലോംഗ് ഗുഡ്ബൈ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.