ഫുട്ബോള്‍ എന്നാല്‍ സെല്‍ഫ് ഗോളുകളുടെ കളി കൂടിയാണ്. ഒരു സെല്‍ഫ് കളിയുടെ ഫലത്തെ തന്നെ മാറ്റിമറിക്കുന്നത് ചിലപ്പോള്‍ കാണാനാകും. സാധാരണ ഒരു മത്സരത്തില്‍ സെല്‍ഫ് ഗോള്‍ വീണാല്‍ തന്നെ ആരാധകര്‍ക്ക് ഹാലിളകും അപ്പോള്‍ ലോകകപ്പ് പോലെ നിര്‍ണ്ണായകമായ ടൂര്‍ണ്ണമെന്റുകളില്‍ അതും നിര്‍ണ്ണായകമായ മത്സരങ്ങളില്‍ തന്നെ സെല്‍ഫ് ഗോള്‍ വീണാലുള്ള അവസ്ഥയെന്താകും. സെല്‍ഫ് ഗോള്‍ മൂലം ഒരു താരത്തിന് തന്റെ ജീവൻ പോലും നഷ്ടമായിട്ടുണ്ട്. 1994ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ ആതിഥേയര്‍ക്കെതിരായ മത്സരത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയ കൊളംബിയൻ സൂപ്പര്‍ താരം ആന്ദ്രെ എസ്കൊബാറിനാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായത്. ലോകകപ്പ് കഴിഞ്ഞ് നാട്ടിലെത്തിയ അദ്ദേഹത്തെ ആരോ വെടിവച്ച് കൊല്ലുകയായിരുന്നു.
യാദൃശ്ചികമായി സംഭവിക്കുന്നതാണെങ്കിലും വലിയ വിലയാണ് തങ്ങളുടെ കളിക്കാരില്‍ ആരുടെയെങ്കിലും കാലില്‍ തട്ടി സ്വന്തം പോസ്റ്റില്‍ പന്ത് വീണാല്‍ ടീമുകള്‍ കൊടുക്കേണ്ടി വരുന്നത്. ചിലതൊക്കെ കണ്ടാല്‍ സങ്കടം വരുമെങ്കിലും ചില സെല്‍ഫ് ഗോളുകള്‍ കണ്ടാല്‍ ചിരിയും വരും.
ലോകകപ്പില്‍ ഇന്നുവരെ 52 തവണയാണ് സെല്‍ഫ് ഗോളുകള്‍ പിറന്നിട്ടുള്ളത്. ഇതില്‍ ഏറ്റവും അധികം സെല്‍ഫ് ഗോളുകള്‍ വീണത് 2018ല്‍ നടന്ന കഴിഞ്ഞ ലോകകപ്പിലായിരുന്നു.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരമായിരുന്ന മൊറോക്കോ- ഇറാൻ മത്സരത്തിലാണ് കഴിഞ്ഞ തവണ ആദ്യ സെല്‍ഫ് ഗോള്‍ വീണത്. നിശ്ചിത 90 മനിറ്റിലും ഗോളൊന്നും വീഴാതിരുന്ന മത്സരത്തില്‍ അഞ്ച് മിനിറ്റ് ഇന്‍ജുറി ടൈമിന്റെ അവസാനം മൊറോക്കൻ ഫോര്‍വേഡ് അസീസ് ബൗഹഡ്ഡോസിന്റെ കാലില്‍ തട്ടി അവരുടെ പോസ്റ്റില്‍ ഗോള്‍ വീഴുകായിരുന്നു. ആ ഗോള്‍ മൂലം ഇറാന്‍ മത്സരത്തില്‍ ജയിക്കുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വൈകി വന്ന സെല്‍ഫ് ഗോളും ഇതാണ്.
തൊട്ടടുത്ത ദിവസം ഗ്രൂപ്പ് സിയിലെ ഓസ്ട്രേലിയ ഫ്രാൻസ് മത്സരത്തിലും സെല്‍ഫ് ഗോള്‍ വീണു. 81-ാം മിനിറ്റില്‍ ഓസ്ട്രേലിയയുടെ അസിസ് ബെഹിച്ച് ആണ് തങ്ങളുടെ തന്നെ പോസ്റ്റിലേക്ക് അബദ്ധത്തില്‍ പന്ത് തട്ടിയിട്ടത്. ആ ഗോളിന്റെ സഹായത്തോടെ 1–1 എന്ന നിലയിലായിരുന്ന മത്സരം നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് 2–1ന് ജയിക്കുകയും ചെയ്തു.
അന്ന് തന്നെ നടന്ന നൈജീരിയ- ക്രൊയേഷ്യ മത്സരത്തിലും സെല്‍ഫ് ഗോള്‍ വീണു. നൈജീരിയയുടെ ഒഖനക്കാരോ എറ്റെബോയാണ് 32-ാം മിനിറ്റിലെ സെല്‍ഫ് ഗോളിലൂടെ ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. പിന്നീട് 71-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടി ക്രൊയേഷ്യ 2–0ന് ജയിക്കുകയും ചെയ്തു.
ഗ്രൂപ്പ് എച്ചിലെ പോളണ്ട്-സെനഗല്‍ മത്സരത്തിലായിരുന്നു അടുത്ത സെല്‍ഫ് ഗോള്‍. പോളണ്ടിന്റെ തിയാഗോ സിയോനെക് ആണ് 37-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ സെനഗലിനെ മുന്നിലെത്തിച്ചത്. 60-ാം മിനിറ്റില്‍ എംബായേ നിയാങ് നേടിയ ഗോളോടെ സെനഗല്‍ കൂടുതല്‍ സുരക്ഷിതരായി. 86-ാം മിനിറ്റില്‍ പോളണ്ട് തിരിച്ചടിച്ചെങ്കിലും 1–2ന് മത്സയത്തില്‍ പരാജയപ്പെട്ടു.
അന്ന് എ ഗ്രൂപ്പില്‍ നടന്ന ഈജിപ്ത്-റഷ്യ മത്സരത്തിലും സെല്‍ഫ് ഗോള്‍ ഉണ്ടായിരുന്നു. 47-ാം മിനിറ്റില്‍ ഈജിപ്തിന്റെ അഹമ്മദ് ഫാത്തിയ്ക്ക് പറ്റിയ അബദ്ധത്തിലൂടെയാണ് റഷ്യ സ്കോര്‍ തുറന്നത്. പിന്നീട് 59-ാം മിനിറ്റിലും 62-ാം മിനിറ്റിലും ഗോള്‍ നേടി അവര്‍ വിജയം ആധികാരികമാക്കി.
അടുത്ത ഊഴം റഷ്യയുടേതായിരുന്നു. ഉറുഗ്വയുമായുള്ള മത്സരത്തില്‍ അവര്‍ 1–0ന് മുന്നില്‍ നില്‍ക്കെ 23-ാം മിനിറ്റില്‍ റഷ്യയുടെ ഡെനിഷ് ചെറിഷേവിന്റെ കാലില്‍ തട്ടി പന്ത് തന്നെ പോസ്റ്റില്‍ വീണു. 90-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനി നേടിയ ഗോളോടെ ഉറൂഗ്വെ 3–0ന് റഷ്യയെ തകര്‍ത്തു.
ഗ്രൂപ്പ് എഫിലെ മെക്സിക്കോ-സ്വീഡന്‍ മത്സരമായിരുന്നു അടുത്തത്. സ്വീഡന്‍ 2–0ന് മുന്നില്‍ നില്‍ക്കുമ്പോഴാണ് മെക്സിക്കോയുടെ എഡ്സണ്‍ ആല്‍വരെസിന്റെ കാല് തട്ടി സ്വന്തം പോസ്റ്റിലേക്ക് പന്ത് വീണത്. 3–0ന് സ്വീഡന്‍ ആത്മവിശ്വാസത്തോടെ തന്നെ 90 മിനിറ്റ് പൂര്‍ത്തിയാക്കി.
ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്സര്‍ലൻഡ്- കോസ്റ്ററിക്ക മത്സരത്തിലും കഴിഞ്ഞ തവണ സെല്‍ഫ് ഗോള്‍ പിറന്നു. 2–1ന് മുന്നില്‍ നിന്ന് സ്വിറ്റ്സര്‍ലാൻഡ് വിജയമുറപ്പിച്ചപ്പോഴാണ് ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ വില്ലനായി സെല്‍ഫ് ഗോള്‍ പിറന്നത്. കോസ്റ്ററിക്ക ക്യാപ്റ്റൻ ബ്രയാൻ റൂയിസ് എടുത്ത പെനാറ്റി കിക്ക് ഗോള്‍ കീപ്പര്‍ യാൻ സൊമ്മര്‍ തല കൊണ്ട് തടയാൻ ശ്രമിച്ചെങ്കിലും സ്വന്തം പോസ്റ്റില്‍ തന്നെയാണ് വീണത്. ഇതോടെ ലോകകപ്പില്‍ സെല്‍ഫ് ഗോള്‍ വഴങ്ങുന്ന മൂന്നാമത്തെ ഗോള്‍ കീപ്പറായി സൊമ്മര്‍.
ഗ്രൂപ്പ് ജിയിലെ അവസാന മത്സരമായിരുന്ന പനാമ‑ടുണീഷ്യ മത്സരത്തിലും സെല്‍ഫ് ഗോള്‍ പിറന്നു. ടുണീഷ്യ 2–1ന് ജയിച്ച മത്സരത്തില്‍ പനാമയ്ക്ക് ലഭിച്ച ഏക ഗോള്‍ സെല്‍ഫ് ഗോളിലൂടെയായിരുന്നു. 33-ാം മിനിറ്റില്‍ യാസിൻ മരിയയുടെ കാലില്‍ തട്ടി ടുണീഷ്യയുടെ പോസ്റ്റില്‍ വീണു. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ അമ്പതാം സെല്‍ഫ് ഗോള്‍ ആയിരുന്നു ഇത്. എന്നാല്‍ ഭാഗ്യതുടക്കം മുതലാക്കാൻ പനാമയ്ക്ക് സാധിച്ചില്ല. 51-ാം മിനിറ്റിലും 66-ാം മിനിറ്റിലും ടുണീഷ്യന്‍ താരങ്ങള്‍ തിരിച്ചടിച്ചു.
കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും വേദനാജനകമായ സെല്‍ഫ് ഗോള്‍ ആണ് അടുത്തത്. ടൂര്‍ണമെന്റിലെ സ്പെഷലിസ്റ്റുകളായിരുന്ന ബ്രസില്‍ ആണ് ഇത് വഴങ്ങിയത്. ബ്രസില്‍-ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിന്റെ 13-ാം മിനിറ്റില്‍ നാസര്‍ ചാഡ്ലി എടുത്ത കോര്‍ണര്‍ കിക്ക് വിന്‍സന്റ് കൊമ്പാനി ഫ്ളിക്ക് ചെയ്തു. എന്നാല്‍ പന്ത് ഫെര്‍ണാണ്ടീഞ്ഞോയുടെ കയ്യില്‍ തട്ടിയതാണ് ബ്രസീലിയന്‍ ഗോള്‍ പോസ്റ്റിലെത്താന്‍ കാരണമായത്. സെല്‍ഫ് ഗോളിന്റെ ആത്മവിശ്വാസത്തില്‍ കളി തുടര്‍ന്ന ബെല്‍ജിയം 31-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. 76-ാം മിനിറ്റില്‍ ബ്രസില്‍ തിരിച്ചടിച്ചെങ്കിലും മറ്റൊരു ഗോള്‍ കൂടി നേടാനാകാതെ കീഴടങ്ങി.
ഏറ്റവുമധികം സെല്‍ഫ് ഗോളുകള്‍ വഴങ്ങിയ 2018 ലോകകപ്പിലെ ഫൈനലിലും സെല്‍ഫ് ഗോളുണ്ടായിരുന്നു. ക്രൊയേഷ്യ‑ഫ്രാൻസ് ഫൈനല്‍ മത്സരത്തില്‍ 18-ാം മിനിറ്റില്‍ മാരിയോ മന്‍ഡ്സുകികിന്റെ കാലില്‍ തട്ടി ക്രൊയേഷ്യന്‍ പോസ്റ്റില്‍ വീണ ഗോളോടെയാണ് ഫ്രാൻസ് സ്കോര്‍ ബോര്‍ഡ് തുറന്നത് തന്നെ. 28-ാം മിനിറ്റില്‍ ക്രൊയേഷ്യ തിരിച്ചടിച്ചെങ്കിലും 38-ാം മിനിറ്റില്‍ ലഭിച്ച ഫ്രാൻസ് വീണ്ടും മുന്നിലെത്തി. 59-ാം മിനിറ്റിലും 65-ാം മിനിറ്റിലും ഗോളുകള്‍ നേടി അവര്‍ ഏറെ മുന്നിലെത്തുകയും ചെയ്തു. 69-ാം മിനിറ്റില്‍ മന്‍ഡ്സുകിക് സെല്‍ഫ് ഗോളിന് പകരം വീട്ടിയെങ്കിലും ഒടുവില്‍ ഫ്രാൻസ് 4–2ന് ജയിച്ചു. ഇന്നുവരെ ലോകകപ്പ് ഫൈനലില്‍ പിറന്ന ഏക സെല്‍ഫ് ഗോളും ഇതാണ്.
English Summery: Own Goal Which killed Andrei Escobar and Most Own Goals in a World Cup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.