പി ജെ തോമസ് പുറക്കാട്

February 17, 2020, 6:40 am

പൈക വിദ്രോഹ്

Janayugom Online

ഒഡിഷയിലെ പൈക വിദ്രോഹ് ഒന്നാം സ്വാതന്ത്ര്യസമരമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. 1817‑ൽ നടന്ന പൈകപ്രക്ഷോഭം 1857‑ലേതിനും മുമ്പു നടന്നതാണെന്നും അംഗീകരിച്ച് സ്കൂളുകളിലും കോളജുകളിലും ആദ്യത്തെ സ്വാതന്ത്ര്യസമരമായി പഠിപ്പിക്കണമെന്നും മാനവശേഷി മന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ പാർലമെന്റിൽ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയും ഇതുതന്നെ പ്രഖ്യപിക്കുകയും ഒഡിഷ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയും ചെയ്തിരിക്കുന്നു.

സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടു പിന്നിട്ടപ്പോഴാണ് ഒളിമങ്ങാതെ കിടന്ന ഈ മഹാസംഭവം വെളിച്ചം കണ്ടത്. 200-ാം വാർഷികം ആഘോഷിക്കുവാനും തീരുമാനമായി. ഇതുപോലെ ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിക്കാതെപോയ എത്രയോ സന്ദർഭങ്ങൾ ഉണ്ട്, അതിൽ ഒന്നായിരുന്നു ഇത്. 1803-ജയ് രാജ ഗുരു എന്നു വിളിക്കപ്പെട്ട കുർദ്ദായിലെ ദിവാനായിരുന്ന ജയകൃഷ്ണ രാജ ഗുരു മൊഹപത്ര സമരം ചെയ്തതിന്റെ പേരിൽ ബ്രിട്ടീഷുകാർ പട്ടാള ഭരണം ഏർപ്പെടുത്തി പരസ്യമായി തൂക്കിക്കൊന്നിരുന്നു. പുരിജഗന്നാഥ ക്ഷേത്രത്തിന്റെ സംരക്ഷകർ പരമ്പരാഗതമായി കുർദ ഭരണാധികാരികളായിരുന്നു. അവർ ഭൂമിയിലെ ജഗനാഥ ഭഗവാന്റെ അനന്തരാവകാശികളായി അറിയപ്പെട്ടിരുന്നു. ബംഗാൾ പ്രവിശ്യയിൽ ബ്രിട്ടീഷുകാര്‍, അവരുടെ ആധിപത്യം നേടിയിരുന്നു.

മദ്രാസ് പ്രവിശ്യയും സമീപജില്ലകളും കൂട്ടിച്ചേർത്ത് ഒഡിഷയും തെക്കും വടക്കും ആധിപത്യം പുലർത്തി. കർണാട്ടിക്കിൽ പൊട്ടിപുറപ്പെട്ട യുദ്ധം ഫലം ഉണ്ടാക്കുകയും ചെയ്തു. അതും ഇന്ത്യയുടെ ഭാഗമായി. വിജയശ്രീലാളിതനായ ക്ലൈവ് ഒഡിഷ, ബീഹാർ കൈയടക്കി. ടിപ്പുസുൽത്താനെ കീഴടക്കുകവഴി സാമ്രാജ്യത്തിന് കണക്കില്ലാത്ത വിസ്തൃതി വർധിപ്പിക്കുന്നതിന് സാധിച്ചു. ഇന്ത്യ എന്നും വിദേശാക്രമണത്തിന് വിധേയമായിട്ടുണ്ട്. അതിൽ ആക്രമണകാരിയായ അലക്സാണ്ടർ ഒഴികെ മറ്റുളളവരെല്ലാം ഇന്ത്യയിലെത്തി തനി ഇന്ത്യക്കാരായി മാറുകയായിരുന്നു. അവർ ഗ്രാമീണ വ്യവസ്ഥക്ക് പ്രോത്സാഹനം കൊടുത്തതല്ലാതെ അതു നശിപ്പിച്ചില്ല. നൂൽനൂല്പും നെയ്‌ത്തും ഗ്രാമീണജനതയുടെ താരാട്ടുപാട്ടായിരുന്നു. ഷാജഹാൻ ചക്രവർത്തിയാണ് ഗുജറാത്തിലെ സൂററ്റിൽ നിന്നും ബംഗ്ലാദേശിലെ ഢാക്കയിലേക്ക് ഒരു ദേശീയപാത നിർമ്മിച്ചത്. കിഴക്കും പടിഞ്ഞാറുമുളള ഇന്ത്യയെ ഒന്നിച്ചുനിർത്തുന്നതിനുളള ഒരു പ്രധാന കണ്ണിയായിരുന്നു അത്. അക്ബർ ചക്രവർത്തിയുടെ സദസ്സിലെത്തിയ ബ്രിട്ടീഷ് കച്ചവടക്കാർ അവരുടേതായി നൽകിയ ഉപഹാരങ്ങൾക്ക് പകരമായി ഢാക്കയിൽ നെയ്തെടുത്ത മുപ്പതു വാര ഡക്കാ മസ്ലിൻ ഒരു തീപ്പെട്ടിക്കുളളിലാക്കി കൊടുത്തുവിട്ട ചരിത്രം നാം മറന്നുകൂട. അത്രക്ക് പ്രസിദ്ധമായിരുന്ന നൂൽനൂൽപ്പുകാരുടെ രാജ്യമായിരുന്നു നമ്മുടെ നാട്.

ഒരിക്കലും മറ്റുള്ള രാജ്യക്കാരുടെ മുന്നിൽ ഭിക്ഷ യാചിക്കേണ്ടതായി ഇന്ത്യക്കാർക്കു വന്നിട്ടില്ല. എന്നാൽ ബ്രിട്ടീഷുകാര്‍ ദുഷ്ടതയോടെയാണ് ഇന്ത്യയെ നോക്കിയിരുന്നത് ഗോത്രവർഗ്ഗ ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിലനിന്നതും ഇന്ത്യയിൽ രാജാക്കന്മാർ തമ്മിലുള്ള വർഗ്ഗപരമായ, ഗോത്രപരമായ, ജാതിസംബന്ധമായ, കഴിവുകെട്ട വ്യവസ്ഥിതിയെ മുതലാക്കിയാണ് അവർ ഇന്ത്യയെ കീഴടക്കിയത്. കച്ചവടത്തിനായി വന്നവർക്ക് ഇന്ത്യ കീഴടക്കുവാനുള്ള അവസരം സൃഷ്ടിച്ചത് ഇന്ത്യക്കാർ തന്നെയായിരുന്നു. രാജാക്കന്മാർ തമ്മിലുള്ള കുടിപ്പകതീർക്കുവാൻ അവർ പരസ്പരം ചോരപൊടിച്ചിരുന്നു. അത് പല സാമ്രാജ്യങ്ങൾ തന്നെ തകരുവാൻ കാരണമാക്കി. എന്നാൽ ഈ രാജാക്കന്മാർ സ്വതന്ത്രമായി തീരുമാനമെടുക്കുവാൻ കെല്പുള്ളവരായിരുന്നു. അവർ വിദേശികളുമായി വിലപേശി ചരക്കുകൾ വിറ്റിരുന്നു. തദ്ദേശിയ ഫ്യൂഡല്‍ പ്രഭുക്കളുടെ സഹായത്താൽ ബ്രിട്ടീഷുകാർ കർഷകരുടെമേൽ അന്യായ പാട്ടവ്യവസ്ഥ അടിച്ചേൽപ്പിച്ചു.

അധിക നികുതി ഈടാക്കി നികുതിപിരിവുകാരുടെ ഭിഷണികൾ, അക്രമങ്ങൾ, ക്രൂരമായ പീഡനങ്ങൾ എല്ലാം മഹാദുരന്തമായി ഭാരതീയ ജനത അനുഭവിച്ചു. അടിച്ചേല്‍പ്പിക്കപ്പെട്ട ജമീന്താരി വ്യവസ്ഥ ജനങ്ങള്‍ക്ക് ദുരിതം വിതച്ചു. അതു ജനങ്ങളുടെയും കൃഷിക്കാരുടെയും മാത്രമല്ല, അവരെ നിയന്ത്രിച്ചിരുന്ന ജമീന്താരന്മാരേയും ബാധിച്ചിരുന്നു. മൊത്തത്തില്‍ വ്യാപകമായ രീതിയില്‍ ജനങ്ങള്‍ ബ്രിട്ടീഷ് ഭരണത്തെ വെറുത്തിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെ നയമാണ് ഇന്ത്യ കീഴടക്കുവാൻ അവർക്കു സാധിച്ചത്. അതുകൊണ്ട് നൂറ്റാണ്ടുകൾ അവർക്ക് ഇന്ത്യ ഭരിക്കുവാൻ സാധിച്ചു എന്നതാണ് വാസ്തവം. അതിന് അവർ ദേശീയ സേനയെ ഉപയോഗിച്ചു. ഇരുപതുകോടി ജനങ്ങളെ ഭരിക്കുവാൻ നാൽപതിനായിരം വെള്ളപ്പട്ടാളവും രണ്ടു ലക്ഷം ദേശീയ സേനയും ഉണ്ടായിരുന്നു. ബ്രിട്ടിഷുകാരനെതിരായ പൊട്ടിത്തെറിയിൽ വിവിധ മതക്കാരും ഭാഷക്കാരും ജാതിക്കാരും പങ്കെടുത്തിരുന്നു. അന്ന് ഒഡിഷയിലെ മുകുന്ദദേവ രണ്ടാമൻ എന്ന ഗജപതി രാജാവ് പ്രായപൂർത്തിയാകാത്ത യുവാവായിരുന്നു. ഗുരുദേവ രണ്ടാമന്റെ രക്ഷകനായ ജയ്‌രാജ ഗുരുവിനെ ക്രൂരമായി നിലംപരിശാക്കി ശരീരം തുണ്ടുതുണ്ടാക്കി. കുറച്ചു വർഷങ്ങൾക്ക് ശേഷം പൈകയിലേ ബക്സി രാജാക്കൻമാരുടെ പരമ്പരാഗത മുഖ്യനായ ബക്സി ജഗബന്ധുവിന്റെ നേത്യത്വത്തിൽ വിപ്ലവം ആരംഭിച്ചു. ഗോത്ര വർഗ്ഗക്കാരുടേയും മറ്റുളളവരുടേയും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. രാജാക്കന്മാരും ജമിന്താരന്മാരും വില്ലേജ് മുഖ്യന്മാരും കൃഷിക്കാരും അദ്ദേഹത്തെ പിന്തുണച്ചു. 1817‑ൽ ആരംഭിച്ച വിപ്ലവം മറ്റു പ്രദേശങ്ങളിലും വ്യാപിച്ചു.

ബ്രിട്ടിഷുകാർക്കെതിരേയുളള ഈ വിപ്ലവത്തിൽ പൈകക്കൾക്കും മുഖ്യപങ്കുണ്ടായിരുന്നുവെങ്കിലും അതു ഒരു കൂട്ടരുടെ ഒറ്റപ്പെട്ട വിപ്ലവമായിരുന്നില്ല. ഗുമു സാർ (ഇന്നത്തെ കണ്ടമാൽ ജില്ല) ഗഞ്ചാം 400 ഗോത്രങ്ങൾ എന്നിവരും പങ്കെടുത്തു അവർ കുർദായിൽ പ്രവേശിച്ചു. ബ്രിട്ടിഷ് അധികാര മന്ദിരങ്ങൾ തിയിട്ടു. പൊലിസ് സ്റ്റേഷൻ ആക്രമിച്ചു. ഭരണസ്ഥാപനങ്ങളും ട്രഷറിയും കൊളളയടിച്ചു. ബ്രിട്ടിഷുക്കാർ പെട്ടെന്ന് പിന്മാറിയെങ്കിലും കൂടുതൽ തയ്യാറെടുപ്പുകളോടെ പൈക പ്രക്ഷോഭത്തെ നേരിടുവാൻ തയ്യാറെടുത്തു. കുറച്ചു യുദ്ധങ്ങളിൽ പൈകകൾക്ക് വിജയം ഉണ്ടായി എങ്കിലും മൂന്നു മാസങ്ങൾക്കുളളിൽ ബ്രിട്ടിഷുകാർക്ക് വിപ്ലവകാരികളേ തോല്പ്പിക്കുവാൻ സാധിച്ചു. 1819 വരെ ചിലർ ഗറില്ലായുദ്ധത്തിന് തുനിഞ്ഞു. അവരെയെല്ലാം പിടികുടി കൊന്നു. 1825 ൽ ബക്സി ജഗബന്ദുവിനെ തടവിലാക്കി. 1829 ൽ അദ്ദേഹം മരിച്ചു. ബ്രിട്ടനെതിരേ പടപൊരുതിയ വീരകഥകൾ കേട്ടാണ് അടുത്ത തലമുറ വളർന്നത്. ബോണാപൂരിൽ കൃതുബാൻ ചട്സാനിയും പഞ്ച്നായ്‌ക്കും വിപ്ലവം നയിച്ചു. 1836 ൽ അവർ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പതാക ഉയർത്തി. . ധൈര്യമായി അവർ കുറ്റം ഏറ്റ് ശിക്ഷ വാങ്ങി. കുര്‍ദാ പ്രക്ഷോഭത്തിന് അവിസ്മരണിയമായ, തിളക്കമാർന്ന, രാഷ്ട്രീയവും മതപരവുമായ മഹത്തായ ചരിത്രമാണുളളത്. ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്’ എന്ന മുദ്രാവാക്യം വിളിക്കുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് ഒരു രാജ്യത്തെ ജനത മുതൽ ഭരണാധികാരി വരെ ഒന്നടങ്കം സ്വന്തം മണ്ണിന്റെ അവകാശത്തിനു വേണ്ടി പോരടിച്ചു മരിച്ച മഹാസംഭവം, വിദേശാധിപത്യത്തിനെതിരെയുളള സ്വാതന്ത്ര്യസമര പോരാട്ടം തന്നെയായിരുന്നു.

പട്ടികൾക്കും ഇന്ത്യക്കാർക്കും തുല്ല്യതകല്പ്പിച്ചിരുന്ന ബ്രിട്ടിഷുകാർ ലോകം മുഴുവൻ കിഴടക്കി ഭരിച്ച് പല രാജ്യങ്ങളിൽ താമസിച്ച് ഇന്നും പൗരന്മാരായി കഴിയുമ്പോൾ നൂറ്റാണ്ടുകൾ വാണ അവർ വാസം ഉറപ്പിക്കാതെ തിരികെ പോയി. മുഗളന്മാർ ഇന്നും ഇന്ത്യാക്കാരായി തലമുറകൾ പിന്നിട്ട് ഇവിടെയുണ്ട്. എന്നാൽ ഒരൊറ്റ ബ്രിട്ടിഷുകാരൻപോലും ഇന്ത്യൻ പൗരനായി കാണില്ല. എന്നിട്ടും അവർക്ക് ഇന്ത്യ കീഴടക്കാനായത് ഒരു വിഭാഗം ഇന്ത്യക്കാർ എന്നും അവർക്ക് തുണയായിരുന്നു എന്നതിനാലാണ്. ബ്രിട്ടിഷ് സേനയിൽ ചേർന്ന് സ്വന്തം രാജ്യത്തെ കൊന്നൊടുക്കുന്നതിൽ ചോറ്റു പട്ടാളക്കരായി അവർ മാറി. അതിൽ രാജാക്കന്മാരും ഉണ്ടായിരുന്നു. ഈ നാണംകട്ട ചരിത്രം നമുക്കുണ്ട്. ഇവിടെ ഒഡിഷയിലും അത് സംഭവിച്ചു. അതുതന്നെയായിരുന്നു പൈക പ്രക്ഷോഭത്തിന്റെ പരാജയത്തിന് കാരണമായത്. ഗോഥേ പാടിയതുപോലെ ഈ പീഡനങ്ങള്‍ നമ്മുക്ക് പീഡനങ്ങളാവുമോ അത് കുടുതൽ ആഹ്ലാദം പകരുന്നു അത് ടൈമൂറിന്റെ ഭരണത്തിൽ കുടെയല്ല ആത്മാവ് അളവില്ലാതെ അതിനെ ഉൾക്കൊളളുന്നു.