30 May 2024, Thursday

പള്ളിപ്പെരുന്നാള്‍ (കുഞ്ഞമ്മിണി കഥകൾ )

മേഴ്സി ടി കെ
December 12, 2021 3:32 pm

ഒരു നാടിന്റെ ഉത്സവമാണ് പള്ളിപെരുന്നാള്. കുഞ്ഞമ്മിണിക്ക് വാഗ്ദാനസാഫല്യ ത്തിന്‍റെ ദിവസവും. അമ്മ അവള്‍ക്ക് കൊടുക്കുന്ന ഒരു വര്‍ഷത്തെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് അന്നാണ്. കരച്ചിലിനുള്ള മറുമരുന്നാണ് വാഗ്ദാനങ്ങള്‍. വള,മാല, ബലൂണ്‍, പാവ, ചുണ്ടുചോക്കണമൊട്ടായി… ഇതൊക്കേണ് വാഗ്ദത്തസാധനങ്ങള്‍. ‘പെരുന്നാളിന് എന്തൊക്ക്യാ വാങ്ങിത്തരാന്നറ്യോ’ അമ്മയുടെ ശ്രദ്ധതിരിക്കല്‍ ചോദ്യത്തിന് ‘എന്തൊക്ക്യാ’ന്ന്‍ മറുചോദ്യം. വള, മാല… നീണ്ടപട്ടികയില്‍ കുഞ്ഞ മ്മിണി തലേം കുത്തി വീഴും. ‘എന്തോരം വള’യെന്ന ചോദ്യത്തിന് ‘തോളോളം വള’യെന്ന് അമ്മ. വളസ്വപ്നങ്ങള്‍ അങ്ങനെ തോളിലേക്ക് കേറി.! ഞായറാഴ്ചയാണ് പെരുന്നാള്‍. വ്യാഴാഴ്ച കൊടികേറും. അപ്പത്തൊട്ട് പെട്ടിക്കാര് (കച്ചോടക്കാര്‍) വന്നുതുടങ്ങും. ആഘോഷത്തിന് പിന്നെന്തുവേണം? പള്ളീപ്പോകാന്‍ വല്ല്യയുത്സാഹം! പെട്ടിക്കാര് നിരത്തിവെച്ച സാധനങ്ങളിലാണ് കണ്ണും മനസ്സും.! പള്ളിയകത്ത് മിണ്ടരുത്, ഓടിനടക്കരുത്, പള്ളീക്കൊണ്ടോണേന് ബെവീടെ നിബന്ധ നകള്‍.!’ സുറിയാനി ഭാഷയിലുള്ള പാട്ടും പ്രാര്‍ത്ഥനേം പൂവിതറലും.! ഓപ്പക്കാരെ കാണുമ്പോള്‍ സന്തോഷംകൊണ്ട് മനസ്സു നിറയും. നീണ്ടവെള്ളക്കുപ്പായവും തോളീ ലൂടെയിടുന്ന ചോപ്പകുഞ്ഞുഡ്രസ്സുമാണ് ഓപ്പ, തലേല് പൂത്തൊപ്പി, കഴുത്തില്‍ വല്ല്യവെന്തിങ്ങ. പെരുന്നാളിന്‍റെ പുതുമയുള്ള കാഴ്ചയാണത്. അവള്‍ക്കും ഓപ്പ യിടാന്‍ തോന്നി. അതിനിടയില്‍ പടക്കോം വെടീം പൊട്ടണതാ സഹിക്കാന്‍ പറ്റാ ത്ത കാര്യം. പെരുന്നാളായെന്ന് തോന്നണത് അപ്പഴാത്രെ.! കാതുപൊത്തി, കണ്ണടച്ചു നില്‍ക്കും. ‘കാതുപൊട്ടണ ഒച്ചേല് പടക്കംപൊട്ടുമ്പോ ഈ മനുഷേന്മാര്‍ക്ക് എന്തു സുഖാവോ കിട്ടാ.!

പടക്കം പൊട്ടിക്കണോരെ തല്ലിപഞ്ചറാക്കണം’ അവള്‍ മനസ്സിലോര്‍ത്തു. കൊടി കേറ്യാപ്പിന്നെ അമ്മയ്ക്ക് തിരക്കാണ്. അരിയിടിക്കല്‍, പൊടി വറക്കല്‍, അവലോസ് വറക്കല്‍, അവലോസുണ്ടയും അച്ചപ്പവുമുണ്ടാക്കല്‍ തുടങ്ങിയ പലാ രപ്പണികള്‍ അടുക്കളയിലും തണ്ടികപ്പുരയിലുമായി അരങ്ങേറും. ‘കാര്യ’ങ്ങളുടെ പുരോഗതിയറിയാന്‍ ആകാംക്ഷയോടെ ചെന്നാല്‍ ‘അടക്കളേന്ന്‍ പോയേ’ന്ന്‍ കനിവി ല്ലാതെ പറയും അമ്മ. ശനിയാഴ്ചയാണ് വട്ടേപ്പം ഉണ്ടാക്കുന്നത്. അരിപ്പൊടി, തേങ്ങാപ്പാല്‍, പഞ്ചാര, കള്ള്‍… ഇതൊക്കേണ് കൂട്ട്. വെള്ളിയാഴ്ച രാത്രി കലക്കി വെച്ചാലേ പിറ്റേന്ന് രാവിലെ കൂട്ട് പൊന്തിവരൂ. വല്ല്യ ഓട്ടുകലത്തില്‍ വെള്ള മൊഴിച്ച്, വാഴയിലയുടെ തണ്ട് മുറിച്ചടുക്കിവെച്ച്, അതിന്റെ മോളില് അപ്പക്കൂ ട്ടൊഴിച്ച കിണ്ണങ്ങള്‍ നിരത്തിവെച്ച് വേവിച്ചെടുക്കും. പഞ്ഞിപോലുള്ള വട്ടേപ്പം റെഡി.! അമ്മയുടെ വട്ടേപ്പം എത്ര തിന്നാലും മതിയാവില്ല. അമ്പ് വരണേനുമുമ്പ് പണി തീര്‍ക്കണോന്ന് പറയും അപ്പന്‍. അപ്പഴേക്കും പൊഴ മീനും ഇറച്ചീം കൊണ്ടോരും. പിന്നെയവള്‍ക്ക് അടുക്കളേല് പ്രവേശനമില്ല. ഇറച്ചി നുറുക്കല്‍, തേങ്ങചിരണ്ടല്‍, ഉള്ളിനന്നാക്കല്‍, ഇഞ്ചീം പച്ചമൊളൂം വേപ്പിലെം പറിക്കല്‍… അടുക്കളപ്രദേശത്ത് പണികള്‍ തകൃതിയായി നടക്കും. അതിനിടയില്‍ വട്ടേപ്പം തിന്ന് കുഞ്ഞമ്മിണി അവശയായി തളര്‍ന്നിരിക്ക്യാവും. ‘അമ്മേടെ വട്ടേപ്പം കൊച്ചിന് തലക്കുപിടിച്ചെ’ന്ന് പറയും കൊച്ചേട്ടന്‍. ശനിയാഴ്ച ഉച്ച കഴിയുമ്പോഴാണ് അമ്പെഴുന്നുള്ളിപ്പ്. സെബാസ്റ്റ്യനോസ് പുണ്യാള ന്‍റെ അമ്പ് വീടുകളില്‍ കൊണ്ടോരണ ചടങ്ങാണത്. റോമാക്കാര് ക്രിസ്ത്യാനികളെ പീഡിപ്പിച്ചപ്പോ എതിര്‍ത്തതിനാണത്രേ പുണ്യാളനെ പട്ടാളക്കാര് മരത്തീക്കെട്ടീട്ട് അമ്പെയ്തുകൊന്നത്. അതാ അമ്പ് കൊണ്ടോരണേന്ന്‍ പറഞ്ഞു അമ്മ.

‘പിച്ചാത്തീം കൊണ്ടാ പുണ്യാളനെ കൊന്നേങ്കീ പിച്ചാത്തി കൊണ്ടോരോ’ന്ന്‍ ചോദിച്ചപ്പോള്‍ ‘വേണ്ടാധീനം പറയാണ്ട് പോയേ’ന്ന്‍ അമ്മ ദ്വേഷ്യപ്പെട്ടു. അമ്പിനെ എതിരേല്‍ക്കാന്‍, പടിക്കല് പിണ്ടി കുഴിച്ചിട്ട് വര്‍ണ്ണകടലാസും കുരുത്തോലേം കൊണ്ട് അലങ്കരിക്കും. തുണി തെറുത്തു തിരിയുണ്ടാക്കി പിണ്ടീല് കുത്തിവെക്കും. വഴിനീളെ തോരണം തൂക്കും. തൊങ്ങലും അലുക്കുമുള്ള, സ്വര്‍ണ്ണമണി തൂക്കിയ, പലനിറത്തിലുള്ള മുത്തുകുട ചൂടിയ ഓപ്പക്കാരും ആള്‍ക്കാരും ബാന്‍റ്മേളക്കാരും പ്രദക്ഷിണമായാണ് അമ്പിന്‍റെ കൂടെവരുന്നത്. കൊട്ടും പാട്ടുമായി നല്ല രസാണ്. സ്വര്‍ണനിറമുള്ള അമ്പ് വെള്ളടവ്വലില്‍ പൊതിഞ്ഞ പിഞ്ഞാണത്തിലാണ് കൊണ്ടോരണത്. അപ്പഴും പൊട്ടും വെടീം പടക്കോം. ഓരോ വെടിക്കും കുഞ്ഞമ്മിണി ഞെട്ടും. അതാ ഒരു പൊല്ലാപ്പ്.! വെള്ളവിരിയിട്ട ടീപ്പോയില്‍ മെഴുതിരി കത്തിച്ചുവെക്കും, പൂപ്പാത്രത്തില്‍ പൂ വെക്കും. അമ്പ് കൊണ്ടുവെക്കുമ്പോഴേ അമ്മ തൊട്ടുമുത്തും, കുഞ്ഞമ്മിണിയേം മുത്തിക്കും. എല്ലാരും മുട്ടുമ്മേനിന്ന്‍ പ്രാര്‍ത്ഥിച്ച്, അമ്പ് തൊട്ടുമുത്തി, നേര്‍ച്ചയിട്ടു കഴിയുമ്പോള്‍ അമ്പ് അടുത്ത വീട്ടിലേക്ക് കൊണ്ടോകും. എല്ലാ ജാതിക്കാരുടെ വീടുകളിലേക്കും അമ്പ് കൊണ്ടോകും. മെഴുതിരിയും ചന്ദനത്തിരിയും കത്തിച്ചു വെച്ച് ‘പുണ്യാളാ’ന്ന്‍ വിളിച്ച് കൈകൂപ്പി അമ്പ് വരണത് കാത്തുനില്‍ക്കും അവര്‍. എല്ലാ ദിക്കീന്നുള്ള അമ്പുപ്രദിക്ഷണം പള്ളീലെത്തിയാല്‍ പിന്നെ കലാശക്കൊട്ടാണ്. ബാന്റ്മേലങ്ങളും ചെണ്ടക്കാരും കൂടി മേളം കൊഴുക്കുമ്പോള്‍ ആവേശം മൂത്ത് ആള്‍ക്കാരും കൂടെ തുള്ളും. അതുകഴിഞ്ഞാണ് വെടിക്കെട്ട്. ആദ്യം ചക്രം,പൂത്തിരി, മത്താപ്പൂ, വാണം ഒക്കെയാണ്. പിന്നെയാണ് പടക്കം, ‘ഠപ്പേഠപ്പേ’ന്നു നിര്‍ത്താതെ പൊട്ടും.

‘വേഗം തീരണേ’ന്ന്‍ അവള്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കും. അപ്പോ, ദാ ഗുണ്ട് എന്നൊരു സാധനം ഭൂമികുലുങ്ങും പോലെ പൊട്ടും. പൊട്ടിത്തീരുംവരെ കാതും കണ്ണുമടച്ചുനില്ക്കും. കണ്ണുതുറക്കുമ്പോള്‍ പള്ളിപ്പറമ്പാകെ പുകയായിരിക്കും. പട ക്കം എത്രനേരം പൊട്ടിയെന്നുള്ളത് പെരുന്നാള്‍ നടത്തുന്ന ആളായ പ്രസുദേന്തി യുടെ മേന്മയാണത്രേ. ഞായറാഴ്ച ആഘോഷമായ പാട്ടുകുര്‍ബാനയും പ്രദിക്ഷണോക്കെയായി പൊടി പൂരമാണ്. അമ്മയും അപ്പനും രാവിലെ കുര്‍ബാനയ്ക്ക് പോകും. പോയിവന്നാല്‍ പിന്നെ കോഴീനെ കൊല്ലാനുള്ള ഒരുക്കങ്ങളാണ്. തലേന്ന് പിടിച്ചിട്ട കോഴിപ്പൂവനെ അപ്പനാണ് കൊല്ലുന്നത്. കഴുത്തില്‍ പിടിച്ചാണ് കൊല്ലുന്നത്. കൊട്ടേട്ട് മൂടിയ കോഴി പിടയ്ക്കണ കാണുമ്പോള്‍ അവള്‍ വിങ്ങിക്കരയും. ‘കൊച്ച് അപ്രത്തേക്ക് പൊക്കോ’ ന്ന്‍ പറയും അപ്പന്‍. ‘കോഴ്യേ കൊല്ലാണ്ട് തിന്നാന്‍ പറ്റ്വോ’ന്ന്‍ അമ്മ. ചേട്ടന്മാരും ബേവിയും കുഞ്ഞമ്മിണിയും ഉച്ചകുര്‍ബാനക്കാണ് പോകുന്നത്. നല്ല പാട്ടൊക്കെയുണ്ടാകും. ബെവീടെ ആജ്ഞയനുസരിച്ച് കുറച്ചുനേരം കൈകൂപ്പി മുട്ടു മ്മേനിക്കും. പാട്ടുകേട്ട് അച്ചനെ നോക്കിനില്ക്കും. അച്ചന്‍റെ മിന്നണ കുപ്പായത്തി ലെ തൊങ്ങല് നോക്കും. ഇടയ്ക്കിടെ ഞെട്ടിത്തെറിച്ചോണം മണിയടിക്കണ കപ്യാരെ നോക്കും. ധൂപക്കുറ്റിയാട്ടി പുകയ്ക്ക്യണ അല്‍ത്താരബാലനെ നോക്കും. കൊറേക്ക ഴിയുമ്പോള്‍ മടുക്കും. ചിന്തകള്‍ വഴിമാറി പള്ളിപ്പറമ്പിലേക്കും പെട്ടിക്കാരുടെ അടുത്തേക്കും പോകും. കണ്ണില്‍ ബലൂണുകള്‍ പാറിനടക്കും… കാതില്‍ പീപ്പിവിളി കള്‍…വളമാല വിചാരങ്ങള്‍ കലശലാകുമ്പോള്‍ ‘പെട്ടിക്കാര്ടെ അടുത്തു പോവാ’ന്ന് സ്വകാര്യമായി പറയുമ്പോള്‍ കൈകൂപ്പിനില്ക്കാന്‍ പറഞ്ഞ് ബേവി കണ്ണുരുട്ടും. കുര്‍ബാന കഴിയുമ്പോഴേക്കും അമ്മ വരും. നേര്‍ച്ചപ്പെട്ടീല് കാശീടിക്കും.

നടപ്പുര യില്‍ എഴുന്നുള്ളിച്ചുവെച്ച രൂപങ്ങള്‍ തൊട്ടുമുത്തിക്കും. അപ്പഴും പ്രാര്‍ത്ഥിക്കും, ബുദ്ധീം ബോധോം തന്നേക്കണേ, ദുഷ്ടശത്രുക്കളീന്നും കാത്തോളണേ’ന്ന്‍. ‘ഇനീ പോവാ മ്മേ…’ പെട്ടിക്കാര്ടെ അടുത്തുപോകാന്‍ അവള്‍ ധൃതികൂട്ടി. തോളോളമെത്തിയ വളസ്വപ്നം ആദ്യമേ അമ്മ തകര്‍ത്തു. തോളോളം വള ആരുമിടില്ലത്രേ!’ അതുകേട്ട് തകര്‍ന്നുതരിപ്പണമായി. സാധനോല്ലാം കൊറേ വാങ്ങീങ്കിലും, തോളോളം കേറി പ്പോയ വളസ്വപ്നം ചീറ്റിപ്പോയി. ചുണ്ടുചോപ്പന്‍മിട്ടായികൊണ്ട് ചുണ്ടൊക്കെ ചോപ്പിച്ച്, വളയും മാലയുമിട്ട്, മുടിപറപ്പിച്ചുള്ള വരവ് കണ്ടപ്പോള്‍ അപ്പന്‍ പറഞ്ഞു ‘ദേ വരണുണ്ട് മ്മടെ പെരുന്നാളുകാരി, കൊടുങ്ങല്ലൂര്‍ഭരണിക്ക് പോയ തുള്ളക്കാരെ പോലെ.! ‘ഹോ എന്‍റെ മാതാവേ ഇതിനെയൊരു സ്ഥലത്തും കൊണ്ടോവാന്‍ കൊള്ളില്ല. തോളോളം വളേല്ലാണ്ട് പോരുല്ലാന്ന്…എന്തുചെയ്യുംന്ന്‍ പറ’ അപ്പനോട് പരാതിപ്പെട്ട് അമ്മ അകത്തേക്കുപോയി. അപ്പന്‍ കുലുങ്ങിച്ചിരിച്ചു. ‘കൊച്ച് വന്നേ കാണട്ടെ, എന്തൊക്കെ മേടിച്ചു’ മാലേം വളേം നോക്കി ‘എന്തു ഭംഗിയാ’ന്ന് അപ്പന്‍. ‘ഇത്രേം കൂട്ടങ്ങള്‍ വാങ്ങീട്ടാണൊ പോരെന്ന്‍ പറഞ്ഞത്? ‘എന്ത് കിട്ട്യാലും പോരാന്നുള്ള സൊഭാവോണ്ടല്ലോ അത് പൊട്ടക്കുട്ടികള്‍ടെ ലക്ഷണാ… അതങ്ങ് കളഞ്ഞാ ന്‍റെ മോള് നല്ല കുട്ട്യാവും’ അപ്പന്‍ പറഞ്ഞു. ‘കൊച്ചിന്‍റെ തോള് നോക്ക്യേ അപ്പാ വളയില്ലാണ്ട്.! എന്തു വൃത്തികേടാല്ലേ’ന്ന്‍ കുഞ്ഞേട്ടന്‍. ‘ങും… ഭയങ്കരവൃത്തികേട്’ അപ്പന്‍ തലയാട്ടി. കുഞ്ഞേട്ടനേം അപ്പനേം മാറിമാറി നോക്കി. കുഞ്ഞേട്ടന്‍ ചുണ്ട് അകത്തേക്ക് മടക്കി കഷ്ടമെന്ന മട്ടില്‍, പക്ഷേ അപ്പന്‍റെ മോത്ത് പൊട്ടാന്‍ നിക്കണ ചിരി.! ‘തോളിലാരും വളയിടൂല്യ’ന്ന്‍ പറഞ്ഞ് അവള്‍ അകത്തേക്കോടിപ്പോയി. തുണി മാറിക്കൊണ്ടിരുന്ന അമ്മേടെ മുഖത്ത് കള്ളച്ചിരി.! പൊട്ടാസും പൊട്ടാസ് പൊട്ടിക്കണ തോക്കും കൊണ്ടാ പോസ് വന്നത്. വന്നപ്പോ ത്തൊട്ട് തൊടങ്ങീതാ പൊട്ടിക്കല്‍.

‘എടാ ഇനി മതി ചെവിതല കേള്‍ക്കട്ടെ’ അമ്മ പറഞ്ഞതും പോസ് നിര്‍ത്തി. ബേവി വാങ്ങീത് അരിപ്പ.! ബേവീടെ വീക്നെസ്സാണ് അരിപ്പ. എവിടെപ്പോയാലും അരിപ്പ വാങ്ങും. എന്തിനുപറയുന്നു, പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കൂട്ടുകാരോടൊപ്പം ആലുവശിവരാത്രി കാണാന്‍ പോയി,വന്നപ്പോള്‍ കൊണ്ടുവന്നത് അരിപ്പ.! ബേവീടെ കല്യാണം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിനോട് കുഞ്ഞേട്ടന്‍ ഒറ്റ കാര്യമേ പറഞ്ഞുള്ളൂ ‘അളിയാ അരിപ്പ ബേവി വാങ്ങിക്കോളും, അളിയന്‍ അതില്‍ തലയിടരുതെ’ന്ന്‍. അക്കാര്യം അളിയന്‍ ഒരിക്കലും ലംഘിച്ചില്ലെ ന്നാണ് അറിഞ്ഞത്. വൈകീട്ടാണ് നാടകം. നാട്ടുകാര്‍ തന്നെയാണ് നടീനടന്മാര്‍. സുന്ദരനായ ബേബിചേട്ട നാണ് നായകന്‍. നായിക ജോണിചേട്ടന്‍റെ പെണ്‍വേഷം. ജോണിചേട്ടന്‍ സാരിയു ടുത്ത്, നീണ്ട മുടിവെച്ച് അണിഞ്ഞൊരുങ്ങി വന്നാല്‍ അസ്സല്‍ സുന്ദരിപ്പെണ്ണ്.! ‘ഇത്ര സുന്ദരിയായ പെണ്ണ്‍ ഈ നാട്ടിലില്ലെ’ന്ന് പറയും അപ്പന്‍. ‘തൊട്ടാല്‍ പൊട്ടും പെണ്ണ്’ എന്നപോലെയാണ് ആന്‍റണിചേട്ടന്റെ പെണ്‍വേഷം. പാവാടയും ബൌസുമിട്ട് നിഷ്ക്കളങ്കഭാവവുമായി ഒരു സുന്ദരിക്കുട്ടി. നാട്ടിലെ എത്രയെത്ര പ്രതിഭകളാണ് അരങ്ങറിയാതെ തിരശീലക്ക് പിന്നില്‍ മറയുന്നത്. നാടകം തീരുന്നതോടെ പെരുന്നാളാഘോഷങ്ങളും തീരുകയായി. പിന്നെ പുതിയ വാഗ്ദാനങ്ങളോടെ അടുത്ത പെരുന്നാളിനുള്ള കാത്തിരിപ്പ്. മതാചാരമെന്നതില പ്പുറം ഒരു നാടിന്റെ കൂട്ടായ്മയുടെ പ്രതീകം കൂടിയാണ് പെരുന്നാളുകള്‍. ഓരോ പെരുന്നാളും പുതുമകളുമായി കടന്നുവന്ന്‍ അനുഭവങ്ങളും അറിവുകളും പങ്കു വെച്ച് അടുത്ത വര്‍ഷത്തേക്കുള്ള പ്രതീക്ഷകള്‍ ബാക്കിവെച്ച് മറഞ്ഞുപോകുന്നു.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.