27 July 2024, Saturday
KSFE Galaxy Chits Banner 2

ഡോക്ടർ വന്ദനാ ദാസ് കൊലക്കേസ്; പ്രതിയുടെ വിടുതല്‍ ഹര്‍ജി തള്ളി

സ്വന്തം ലേഖകന്‍
കൊല്ലം
May 29, 2024 9:37 pm

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് നല്‍കിയ വിടുതൽ ഹർജി തള്ളിയ കൊല്ലം അഡീഷണൽ സെഷൻസ് കോടതി തള്ളി. പ്രതി കുറ്റപത്രം വായിച്ച് കേൾക്കുവാൻ ജൂൺ ആറിന് നേരിട്ട് ഹാജരാകുവാനും ജഡ്ജി പി എൻ വിനോദ് ഉത്തരവിട്ടു. കൊട്ടാരക്കര ഗവ. ആശുപത്രിയിൽ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസ് കൊലപാതകക്കേസിൽ പ്രതിക്കെതിരെ കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസം സൃഷ്ടിക്കുക തുടങ്ങിയവ ഉൾപ്പെടെ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റങ്ങളും നിലനില്ക്കുമെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് മാനസിക രോഗമുള്ളതുകൊണ്ട് പ്രതിയെ കുറ്റവിമുക്തനാക്കണമെന്നും പ്രതി കൊലപാതകം ചെയ്തതിന് സാക്ഷികൾ ഇല്ലെന്നുമുള്ള വാദമാണ് പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്. 

കേസിലെ വിടുതൽ ഹർജി പരിഗണിക്കുന്ന വേളയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരിക്കുന്ന രേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വിചാരണക്കോടതി തീരുമാനമെടുക്കേണ്ടതെന്ന 2023ലെ സുപ്രീം കോടതി വിധി ഈ കേസിന് ബാധകമാണെന്നുള്ള വാദമാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കൽ പ്രധാനമായും ഉയർത്തിയത്. മാത്രമല്ല, വിടുതൽ ഹർജി പരിഗണിക്കുന്ന സമയം ഏതെങ്കിലും തരത്തിലുള്ള തെളിവ് ഹാജരാക്കുവാൻ പ്രതിക്ക് അധികാരമില്ലെന്നും പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി. 

കൂടാതെ, കൃത്യമായ ഉദ്ദേശത്തോടെയും തയ്യാറെടുപ്പോടെയും പ്രതി നടത്തിയ നിഷ്ഠൂരമായ ആക്രമണമാണ് ഡോ വന്ദനക്ക് നേരെയുണ്ടായതെന്നും പ്രതിക്കെതിരെ കൊലപാതകവും, കൊലപാതക ശ്രമവുമുൾപ്പെടെയുള്ള വകുപ്പുകൾ നിലനില്ക്കുമെന്നും ഹോസ്പിറ്റലിലെ ഡ്രസിങ് റൂമിൽ മനപൂർവ്വമായി ബഹളമുണ്ടാക്കി, ആ ബഹളത്തിനിടയിൽ കത്രിക കൈക്കലാക്കി പ്രതി കൈകളിൽ ഒളിപ്പിച്ചുവെച്ചതും, ആക്രമിക്കപ്പെട്ടവരുടെയെല്ലാം ശരീരത്തിലെ പ്രധാന ഭാഗങ്ങളിൽ പല തവണ മുറിവേൽപ്പിച്ചതും പ്രതിയുടെ ക്രൂരമായ ഉദ്ദേശത്തെ വെളിവാക്കുന്നതാണെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചിരുന്നു. വന്ദനയെ കൈകൾ പിടിച്ച് ബലമായി 26 തവണ നെഞ്ചത്തും മുഖത്തും മറ്റും കുത്തി പരിക്കേല്പിച്ചു എന്നത് കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ തന്നെയുള്ള ആക്രമണമായിരുന്നു എന്നും പ്രതിക്ക് യാതൊരു വിധ മാനസിക അസുഖവുമില്ലെന്നും കൊലപാതകത്തിന് ശേഷമുള്ള പ്രതിയുടെ പ്രവൃത്തികൾ അത് വെളിവാക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് പ്രതിയുടെ വിടുതൽ ഹർജി തള്ളി കോടതി ഉത്തരവിട്ടത്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്. 

Eng­lish Summary:Doctor Van­dana Das mur­der case; The defen­dan­t’s release peti­tion was dismissed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.