17 June 2024, Monday

കാനില്‍ ചരിത്രമെഴുതി അനസൂയ സെന്‍ഗുപ്ത

*മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി 
Janayugom Webdesk
കാന്‍
May 25, 2024 9:02 pm

77ാമത് കാന്‍ ഫിലിംഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം നേടി അനസൂയ സെന്‍ഗുപ്ത ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി. ഈ പുരസ്ക്കാരം നേടുന്ന ആദ്യ നടിയാണ് കൊല്‍ക്കത്ത സ്വദേശിനിയായ അനസൂയ. പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്ന അണ്‍സേര്‍ട്ടണ്‍ വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്. ദ ഷെയിംലെസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ബള്‍ഗേറിയന്‍ സംവിധായകനായ കോണ്‍സ്റ്റാന്‍ഡിന്‍ ബോജനോവാണ് ഈ ഹിന്ദി ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു പൊലീസുകാരനെ കൊലപ്പെടുത്തിയ ശേഷം ഡല്‍ഹിയിലെ വേശ്യാലയത്തില്‍ നിന്ന് രക്ഷപെടുന്ന രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ അനശ്വരമാക്കിയത്. അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ലോകമെമ്പാടുമുള്ള ക്വിയര്‍ സമൂഹത്തിനും മറ്റു അരികുവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി അനസൂയ പറഞ്ഞു. 

നേരത്തെ ഹ്രസ്വചിത്രവിഭാഗമായ ലാ സിനിഫില്‍ ഇന്ത്യക്കാര്‍ ഒരുക്കിയ സണ്‍ഫ്ളവേഴ്സ് വേര്‍ ഫസ്റ്റ് വണ്‍സ് ടു നോ , ബണ്ണിഹുഡ് എന്നി ഹ്രസ്വ ചിത്രങ്ങള്‍ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും നേടിയിരുന്നു. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായ ചിദാനന്ദ നായ്ക്കാണ് സണ്‍ഫ്ളവേഴ് സ് വേര്‍ ഫസ്റ്റ് വണ്‍സ് ടു നോ സംവിധാനം ചെയ്തത്. കോഴിയെ മോഷ്‌ടിക്കുന്ന വൃദ്ധയും പിന്നീട് ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് സണ്‍ഫ്ളവേഴ് സ് വേര്‍ ഫസ്റ്റ് വണ്‍സ് ടു നോ പറയുന്നത്. ഉത്തര്‍പ്രദേശുകാരിയായ മാന്‍സി മഹേശ്വരിയാണ് ബണ്ണിഹുഡ് ഒരുക്കിയത്. ഇവര്‍ ഇംഗ്ലണ്ടിലെ സിനിമാ വിദ്യാര്‍ത്ഥിയാണ്. ആളുകള്‍ നുണ പറയുന്നത് എന്തുകൊണ്ടാണെന്നും അതിന്റെ അനന്തരഫലങ്ങളുമാണ് ബണ്ണിഹുഡ് പറയുന്നത്. കുട്ടിക്കാലത്ത് അമ്മ അപ്പന്‍ഡിക്സ് സര്‍ജറി നടത്തിയ വിവരം മറച്ചുവെച്ചതിനെ അടിസ്ഥാനമാക്കിയാണ് ബണ്ണിഹുഡ് എടുത്തതെന്ന് മാന്‍സി പറയുന്നു.

’ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ഹിന്ദി-മലയാളം സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ കാനിലാണ് നടന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം കാനില്‍ പാം ദിയോറിന് മത്സരിക്കുന്ന ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിലുണ്ട്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധായിക. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ പാം ദിയോര്‍ മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടിയതെന്നതും പ്രത്യേകതയാണ്. മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Eng­lish Summary:Anasuya Sen­gup­ta made his­to­ry at Cannes
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.