5 November 2024, Tuesday
KSFE Galaxy Chits Banner 2

ഭരണപക്ഷം സ്തംഭിപ്പിച്ച പാര്‍ലമെന്റ് സമ്മേളനം

Janayugom Webdesk
April 8, 2023 5:00 am

ജനാധിപത്യ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വേദിയാണ് പാര്‍ലമെന്റ്. വോട്ടു ചെയ്യുന്നവരാണ് അംഗങ്ങളെ തീരുമാനിക്കുന്നതെങ്കിലും മുഴുവന്‍ ജനങ്ങളുടെയും ആശയാഭിലാഷങ്ങളും പ്രശ്നങ്ങളും സങ്കീര്‍ണതകളും ചര്‍ച്ച ചെയ്യാനുള്ള വേദി കൂടിയാണത്. ഇത്രയും വിപുലവും വൈവിധ്യവുമായ സംവിധാനം മറ്റൊരിടത്തുമില്ല എന്നതുകൊണ്ടാണ് ലോകത്താകെയുള്ള രാജ്യങ്ങളില്‍ ഉന്നതമായ ജനാധിപത്യമാണ് ഇന്ത്യയില്‍ നിലനില്ക്കുന്നതെന്ന് നാം അഭിമാനംകൊള്ളുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് മേനി കൊള്ളുന്ന പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുന്ന സ്ഥിതിവിശേഷം ശക്തമായിരിക്കുകയാണ്. രാജ്യം നേരിടുന്ന സുപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അവസരമൊരുക്കാതെയും പ്രതിപക്ഷത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ചും ഏകപക്ഷീയമായി നിയമ നിര്‍മ്മാണം നടത്തിയും മുന്നോട്ടുപോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. ലോകരാജ്യങ്ങള്‍ പോലും ആശങ്കപ്പെട്ട, ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അനുവദിക്കുന്നില്ലെന്നു മാത്രമല്ല, ജനങ്ങള്‍ അറിയേണ്ട സുപ്രധാന വിഷയങ്ങള്‍ മറച്ചു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയുമാണ്. അതുകൊണ്ടുതന്നെയാണ് ലോക്‌സഭയുടെയും രാജ്യസഭയുടെയും ബജറ്റ് സമ്മേളനം ഒരേസമയം പ്രക്ഷുബ്ധവും ഫലപ്രാപ്തി ഇല്ലാത്തതുമായി മാറിയത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ആരംഭിക്കുമ്പോള്‍ രാജ്യം ഏറ്റവുമധികം ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന വിഷയങ്ങള്‍, ബിബിസി ഡോക്യുമെന്ററിയും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായിരുന്നു. രണ്ടിനുമുള്ള സമാനത, മോഡിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളതാണ്.

ബിബിസി ഡോക്യുമെന്ററി 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഉള്ളറകള്‍ വെളിപ്പെടുത്തുന്നതായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന, ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കലാപം തടയുന്നതിന് ശ്രമിച്ചില്ലെന്നതുള്‍പ്പെടെ വെളിപ്പെടുത്തുന്നതാണ് ബിബിസി ഡോക്യുമെന്ററി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാകട്ടെ ഗൗതം അഡാനിയെന്ന സാധാരണ കച്ചവടക്കാരന്‍ ലോകത്തെ അതിസമ്പന്ന കോര്‍പറേറ്റുകളിലൊരാളായി വളര്‍ന്നതിന്റെ സംശയാസ്പദമായ സാഹചര്യങ്ങളും ക്രമക്കേടുകളുമാണ് തുറന്നു കാട്ടിയത്. അഡാനി രാജ്യത്തെ വ്യാപാര ഭൂമികയിലെത്തുന്നത് മോഡി ഗുജറാത്തില്‍ അധികാരത്തിലെത്തിയതു മുതലാണെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം സംശയാസ്പദമാണെന്ന് അടിവരയിടുന്നതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ രണ്ട് വിഷയങ്ങളും ജനാധിപത്യത്തിന്റെ പരമോന്നത വേദിയായ പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജനങ്ങളാകെ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ ഭയപ്പാടും കടുംപിടിത്തവും മൂലം ചര്‍ച്ച ചെയ്തില്ലെന്നുമാത്രമല്ല, സഭാ സമ്മേളനം തടസപ്പെടുത്തുകയെന്ന അപൂര്‍വ നടപടിയും ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ജനുവരി 31ന് ആരംഭിച്ച ബജറ്റ് സമ്മേളനം ഫെബ്രുവരി 13ന് ഇടക്കാലത്തേയ്ക്ക് പിരിഞ്ഞ ശേഷം മാര്‍ച്ച് 13നാണ് വീണ്ടും സമ്മേളിച്ചത്.


ഇതുകൂടി വായിക്കൂ: പാര്‍ലമെന്റിലെ ജനാധിപത്യ ഹത്യ


സമ്മേളനത്തിന്റെ ആദ്യഘട്ടം ബജറ്റ് അവതരണമായിരുന്നു മുഖ്യ അജണ്ട. ആ ഘട്ടത്തില്‍ ഈ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യുന്നതിന് അനുവദിക്കാതിരുന്ന ഭരണപക്ഷം സഭാ നടപടികളില്‍ പങ്കെടുത്ത് പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ പ്രസംഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കുകയെന്ന സമീപനമാണ് സ്വീകരിച്ചത്. അഡാനി, ഹിന്‍ഡന്‍ബര്‍ഗ് തുടങ്ങിയ പരാമര്‍ശങ്ങള്‍ നീക്കുന്നു എന്ന പേരിലായിരുന്നു ഇത്. ബോധപൂര്‍വം പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് നടപടികള്‍ തടസപ്പെടുത്തുകയെന്നതായിരുന്നു ആദ്യഘട്ടത്തിലെങ്കില്‍ ബഹളമുണ്ടാക്കിയും മുദ്രാവാക്യം വിളിച്ചും സഭ നടത്തിക്കൊണ്ടുപോകരുതെന്ന വാശിയിലായിരുന്നു രണ്ടാംഘട്ടത്തില്‍ ഭരണപക്ഷം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോ‍ര്‍ട്ട് അന്വേഷിക്കുന്നതിന് സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അത് പരിഗണിക്കുന്നുവെന്നോ തള്ളുന്നുവെന്നോ വ്യക്തമാക്കാതെ, വിദേശ സന്ദര്‍ശന വേളയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം ആവര്‍ത്തിച്ച് ബഹളമുണ്ടാക്കുകയും ചെയ്തു. അതുകൊണ്ട് ഒരു ദിവസംപോലും പൂര്‍ണമായും സമ്മേളിക്കാതെയാണ് വ്യാഴാഴ്ച അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞത്.

മോഡിയുടെ രണ്ടാം ഭരണ കാലയളവിലെ സഭാസമ്മേളനത്തെ വിലയിരുത്തി ദ വയര്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് 1952ന് ശേഷം ഏറ്റവും കുറഞ്ഞ ദിവസം ചേര്‍ന്ന സഭയാണിതെന്നാണ്. അതില്‍തന്നെ ഏറ്റവും കുറഞ്ഞ സമയം ചേര്‍ന്നതായിരിക്കും ഇത്തവണത്തെ ബജറ്റ് സമ്മേളനം. ലോക്‌സഭ 34, രാജ്യസഭ 24.4 ശതമാനം വീതമായിരുന്നു പ്രവര്‍ത്തനക്ഷമതയെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ തന്നെ വ്യക്തമാക്കിയതാണ്. പ്രതിപക്ഷ പ്രതിഷേധത്തിനും ഭരണപക്ഷ ബഹളത്തിനുമിടയില്‍ ചില നടപടിക്രമങ്ങള്‍ നടത്തിയെന്ന് വരുത്തിയതുകൊണ്ടാണ് ഇങ്ങനെയൊരു കണക്കെടുപ്പ്തന്നെ സാധ്യമാകുന്നത്. ബജറ്റ് പോലും ഒരു ചര്‍ച്ചയ്ക്കും അവസരം നല്കാതെയാണ് പാസാക്കിയെടുത്തത്. ചര്‍ച്ചകളെ പോലും ഭയപ്പെടുന്നവരാണ് തങ്ങളെന്നാണ് സഭാനടപടികള്‍ ബോധപൂര്‍വം തടസപ്പെടുത്തിയ ഭരണപക്ഷത്തിന്റെ നടപടി വ്യക്തമാക്കുന്നത്. സമഗ്രമായ ചര്‍ച്ചകളും സൗഹാര്‍ദപരമായ സംവാദങ്ങളും നടത്താന്‍ അനുവദിക്കാതെ പാര്‍ലമെന്റിനെ പോലും നിഷ്ക്രിയമാക്കുന്ന ഭരണപക്ഷ നടപടി ജനാധിപത്യത്തെ അവഹേളിക്കുന്നതിനും ഭരണഘടനയെ വെല്ലുവിളിക്കുന്നതിനും തുല്യമാണ്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.