രാജ്യസഭയിൽ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച നടക്കുമ്പോഴായിരുന്നു അത് ഉറപ്പ് നൽകുന്ന ജനാധിപത്യത്തിന്റെ മരണവാറണ്ട് എന്ന് വിളിക്കാവുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായുള്ള രണ്ട് ഭരണഘടനാ ഭേദഗതി ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ചത്. പരസ്പരവിരുദ്ധമായ ഇത്തരം നടപടികളുടെ വേര് ചികഞ്ഞുപോയാൽ അത് ഹിറ്റ്ലറുടെ ഫാസിസ്റ്റ് ആശയങ്ങളുമായി നാഭീനാള ബന്ധം കണ്ടെത്താനാകും. പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെടുകയും ദിവസങ്ങൾ നീണ്ട ശക്തമായ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തതിനൊടുവിലാണ് ലോക്‌സഭയിലും രാജ്യസഭയിലും 75-ാം വാർഷികത്തോടനുബന്ധിച്ച് ഭരണഘടനയെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഭരണപക്ഷം സമ്മതിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതിന്റെ രണ്ടാം ദിനത്തിൽ ഒരു ദിവസത്തെ ചടങ്ങോടെ നടന്ന ആഘോഷത്തിന് ശേഷമാണ് രാജ്യത്തിന്റെ നിലനില്പിനും മുന്നോട്ടുള്ള പ്രയാണത്തിനും ആധാരമായ ഭരണഘടനയെ കുറിച്ചുള്ള ചർച്ച ഇരുസഭകളിലും നടന്നത്. ബിജെപി വാഴ്ചക്കാലത്തെ ഇന്ത്യയിൽ ഭരണഘടന അടിമുടി നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാനും മോഡി സർക്കാരിന്റെ ഭരണഘടനാ വാചാടോപങ്ങൾ തുറന്നുകാട്ടുന്നതിനുമുള്ള അവസരമായി ഇരുസഭകളിലെയും ചർച്ചകൾ ഉപകാരപ്പെട്ടു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ശനിയാഴ്ചയും ചേർന്ന് രണ്ടു ദിനമെടുത്താണ് ലോക്‌സഭയിൽ ചർച്ച പൂർത്തിയാക്കിയത്.
രണ്ട് ദിവസത്തിലധികമെടുത്തു രാജ്യസഭയിലെ ചർച്ചയ്ക്ക്. പത്തര വർഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡിയാണ് ഇരുസഭകളിലും മറുപടി പറഞ്ഞത്. രണ്ടു സഭകളിലും വാചാടോപങ്ങളും അസത്യങ്ങളും നിറഞ്ഞാടിയ അദ്ദേഹത്തിന്റെ രണ്ടു മണിക്കൂറോളം നീണ്ട പ്രസംഗം പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കോ കുറ്റപ്പെടുത്തലുകൾക്കോ ജനങ്ങളുടെ സംശയങ്ങൾക്കോ മറുപടി പറയാതെ പഴയകാല ചില വീഴ്ചകൾ ഉദ്ധരിച്ച്, ഭരണഘടന ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾക്കെല്ലാം മുൻകാല ഭരണാധികാരികളെ കുറ്റപ്പെടുത്തുന്നതിനാണ് ശ്രമിച്ചത്. തീർച്ചയായും അടിയന്തരാവസ്ഥപോലുള്ള മുൻകാല ഭരണാധികാരികളുടെ വീഴ്ചകൾ മറക്കാവുന്നതല്ല. എന്നാൽ അതിന്റെ പേരിൽ അതിനെക്കാൾ ഭീകരമായ ഭരണഘടനാ ലംഘനങ്ങൾ മറച്ചുപിടിക്കാൻ നുണകളുടെ ഘോഷയാത്ര നടക്കുന്നതാണ് ശനിയാഴ്ച വൈകിട്ടത്തെ ലോക്‌സഭയിലും ബുധനാഴ്ചത്തെ രാജ്യസഭയിലും പ്രേക്ഷകർ തൽക്ഷണം കണ്ടത്. രാജ്യസഭയിലെ ചർച്ചകൾക്കിടെ ഭരണഘടനാ ശില്പി ബി ആർ അംബേദ്കറെ അവഹേളിച്ചതിനും നാം സാക്ഷിയായി. ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്തത് എന്നിടത്ത് ഭരണഘടനയോടുള്ള ബിജെപിയുടെ വിദ്വേഷമാണ് പ്രകടമായത്. രക്തം പുഴയായൊഴുകുക എന്ന വിശേഷണം ഇപ്പോൾ പ്രസക്തമായിട്ടുള്ളത് മണിപ്പൂരിൽ ഒന്നര വർഷത്തോളമായി നടക്കുന്ന വംശീയ കലാപത്തെ താരതമ്യം ചെയ്യുമ്പോഴാണ്. ഭരണഘടന ഉറപ്പുനൽകുന്ന മത, അഭിപ്രായ സ്വാതന്ത്ര്യങ്ങൾ കടന്നാക്രമിക്കപ്പെടുകയും നിർഭയമായി ജീവിക്കാനുള്ള പൗരാവകാശം ലംഘിക്കപ്പെടുകയും ചെയ്യുകയാണ് മണിപ്പൂരിൽ. വംശീയ ഉന്മൂലനനീക്കം നടന്നതിൽ മരിച്ചവരെക്കുറിച്ച് ഔദ്യോഗികമായി പോലും കൃത്യമായ കണക്കുകളില്ല. നഗരങ്ങളിലൂടെ നഗ്നരായി നടത്തപ്പെടുകയും ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുകയും ചെയ്യപ്പെട്ട സ്ത്രീകൾ നിരവധി. പിടിച്ചുകൊണ്ടുപോയി ക്രൂരമായി കൊന്ന് പുഴയിൽ തള്ളിയ സംഭവങ്ങൾ. സ്വന്തം നാട്ടിൽ അഭയാർത്ഥികളായി ജീവിക്കുന്ന പതിനായിരങ്ങൾ. ഭരണഘടന നേരിടുന്ന വെല്ലുവിളികളുടെ ഏറ്റവും മകുടമായ ഉദാഹരണമാണ് മണിപ്പൂർ. പാർലമെന്റിലെ പ്രസംഗത്തിൽ പക്ഷേ പ്രധാനമന്ത്രിക്ക് മണിപ്പൂരിനെക്കുറിച്ച് പറയാൻ ഒരു വാക്കുപോലുമുണ്ടായില്ല.
ഇരട്ട എൻജിൻ സർക്കാർ ഭരിക്കുന്ന അവിടെ ബിജെപിയുടെ എംഎൽഎമാർ പോലും മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്ന് കുറ്റപ്പെടുത്തിയതാണ്. അക്കാര്യം പറഞ്ഞും മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ടും അവർ ഡൽഹിയിൽ സത്യഗ്രഹവും നടത്തി. എന്നിട്ടും മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങൾ അപലപനീയമാണെന്ന് പറയാൻപോലും നരേന്ദ്ര മോഡിയുടെ നാക്കുയർന്നില്ല. രാജ്യത്താകെ നടക്കുന്ന ന്യൂനപക്ഷേ വേട്ട, ദളിതർക്കുനേരെയുള്ള അതിക്രമങ്ങൾ, വർധിച്ചുകൊണ്ടേയിരിക്കുന്ന അവശ്യസാധന വില, പണപ്പെരുപ്പം, സ്ത്രീ പീഡനങ്ങൾ… ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശങ്ങൾ വെല്ലുവിളി നേരിടുന്നതിന്റെ കുറ്റകൃത്യ രൂപങ്ങൾ ഇതുപോലെ പലതാണ്. ലോകത്താകെയുള്ള മുരത്ത മുതലാളിത്ത രാജ്യങ്ങളെ പോലും വെല്ലുന്നവിധം ചങ്ങാത്ത മുതലാളിത്തം കൂടുതൽ ശക്തിപ്പെട്ടത് മോഡി ഭരണകാലത്തായിരുന്നു. അതിനെന്താണ് ഭരണഘടനയുമായി ബന്ധമെന്ന ചോദ്യമുയരാം. അത് പ്രസക്തവുമാണ്. ചങ്ങാത്തമുതലാളിത്തം ശക്തമായപ്പോൾ അസമത്വം വർധിച്ചുവെന്നതാണ് അതിന്റെ ഭരണഘടനാലംഘനം. രാജ്യസഭയിലെ ചർച്ചയിൽ ഭരണഘടനയെ കുറിച്ച് സംസാരിച്ചവരിൽ ഒരാൾ ധനമന്ത്രി നിർമ്മലാ സീതാരാമനായിരുന്നു. ബിജെപി കഴിഞ്ഞ കുറേ കാലമായി സ്ഥാപിക്കുവാൻ ശ്രമിക്കുന്നതാണ് ഇന്ത്യ ആഗോള സാമ്പത്തിക ശക്തിയായി വളരുന്നുവെന്നത്. വസ്തുതാ വിരുദ്ധമായ കണക്കുകൾ അവതരിപ്പിച്ചാണ് അവർ ഇതിന് ശ്രമിക്കുന്നത്. പക്ഷേ സാമ്പത്തിക സൂചികകളിലെല്ലാം നാം പിന്നിൽ നിൽക്കുകയും ചെയ്യുന്നു.
ആധികാരികമായ ഏജൻസികളുടെ സർവേകൾ പോലും തള്ളിക്കളഞ്ഞാണ് തങ്ങളുടെ വാദം ഉറപ്പിക്കുവാൻ ഭരണപക്ഷം ശ്രമിക്കാറുള്ളത്. കെട്ടിച്ചമച്ച ആഭ്യന്തര മൊത്ത വളർച്ചാ (ജിഡിപി) നിരക്കുകളിലൂടെയും അവർ പിടിച്ചുനിൽക്കുവാൻ ശ്രമിക്കാറുണ്ട്. ഭരണഘടന പൗരന് ഉറപ്പുനൽകുന്ന സാമ്പത്തിക സുരക്ഷിതത്വം പാടെ തകർന്നിരിക്കുന്നുവെന്നും അസമത്വം ഹിമാലയം കടന്ന് ഉയർന്നിരിക്കുന്നുവെന്നുമുള്ള യാഥാർത്ഥ്യം പ്രതിപക്ഷത്തിന് തുറന്നുകാട്ടാനായി. ഈ സന്ദർഭത്തിൽ ഈ സാമ്പത്തിക വർഷം വളർച്ചാനിരക്ക് കൈവിട്ടുവെന്നത് മന്ത്രിക്കും സമ്മതിക്കേണ്ടിവന്നു. ജൂലൈ, സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന നിരക്ക് ഇടിഞ്ഞത് താല്‍ക്കാലികമാണെന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. അടുത്ത സാമ്പത്തിക പാദങ്ങളിൽ സമ്പദ്‌വ്യവസ്ഥ ആരോഗ്യകരമായ വളർച്ച കൈവരിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. യഥാർത്ഥ മൊത്ത ആഭ്യന്തര ഉല്പാദന വളർച്ചാ നിരക്ക് നടപ്പുസാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.4 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. പണപ്പെരുപ്പവും വിലക്കയറ്റവും കാർഷിക മേഖലയിലെ പ്രതിസന്ധിയും എല്ലാം ചേർന്ന് സമ്പദ്ഘടന സമ്മർദത്തിൽ നിൽക്കുമ്പോഴാണ് വളർച്ചയുടെ വായ്ത്താരികളെന്നത് വൈരുദ്ധ്യമാണ്. ഈവിധം വസ്തുതാവിരുദ്ധമായ കണക്കുകളും നിറഞ്ഞാടിയതായി ഭരണപക്ഷത്തിന്റെ ഭരണഘടനയെ കുറിച്ചുള്ള ചർച്ചയിലെ പ്രസംഗങ്ങൾ.
അടിയന്തരാവസ്ഥ വിമർശിക്കപ്പെടേണ്ടത് തന്നെയാണെന്നതിൽ രണ്ടഭിപ്രായമില്ല. പക്ഷേ കഴിഞ്ഞ പത്തര വർഷമായി രാജ്യം ഭരിക്കുന്ന മോഡിയുടെ കീഴിൽ പ്രഖ്യാപിക്കാതെയുള്ള അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത്. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ കുറ്റപ്പെടുത്തുമ്പോൾ ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങൾ റദ്ദാക്കപ്പെട്ടു, രാജ്യം തടവറയായി മാറി എന്നാണ് മോഡി പറഞ്ഞത്. ഇന്നിപ്പോൾ മോഡിയുടെ ഭരണകാലത്ത് രാജ്യമാകെ തടവറ തന്നെയാണ്. വിചാരണകളില്ലാതെ ആയിരക്കണക്കിന് പേർ ഇപ്പോഴും തടവിലാണ്. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്ക് 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയേ ആയുസുണ്ടായിരുന്നുള്ളൂ. കേവലം രണ്ട് വർഷത്തോളം. മോഡി പ്രഖ്യാപിക്കാതെ നടപ്പിലാക്കുന്ന അടിയന്തരാവസ്ഥ പത്തരവർഷമായി രാജ്യത്ത് തുടരുകയാണ്. ഇഡി, എൻഐഎ, സിബിഐ, ആദായനികുതി വകുപ്പ് എന്നീ അന്വേഷണ ഏജൻസികളുടെ വേട്ടയ്ക്കിരയാകാത്ത പ്രതിപക്ഷ നേതാക്കൾ വിരളമാണ്. മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാൾ, ഹേമന്ദ് സൊരേൻ അടക്കമുള്ളവർ മാസങ്ങളോളമാണ് ജയിലിലിൽ കിടന്നത്. അതിന് പുറമേ നൂറുകണക്കിന് പ്രതിപക്ഷ പാർട്ടി നേതാക്കൾ ഈ ഏജൻസികളുടെ നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും മോഡി മുൻകാല ഭരണാധികാരികളുടെ ചെയ്തികളെ ചൂണ്ടിക്കാട്ടി തന്റെ തെറ്റുകളെ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ജവഹർലാൽ നെഹ്രുവാണ് അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിന് 1951ൽ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതെന്നായിരുന്നു മോഡിയുടെ കുറ്റാരോപണം. എന്നാൽ 1951ൽ ഭരണഘടനാ അസംബ്ലി അംഗങ്ങൾ ഉൾപ്പെട്ട താൽക്കാലിക പാർലമെന്റാണ് ആദ്യ ഭേദഗതി കൊണ്ടുവന്നതെന്നും അത് അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനുള്ളതായിരുന്നില്ലെന്നും കോൺഗ്രസ് മറുപടി നൽകുന്നു. 1951ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിനുശേഷമാണ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ലോക്‌സഭയിലെത്തിയതെന്നും അപ്പോഴേക്കും ആദ്യ ഭേദഗതി പാസായിരുന്നുവെന്നും കോൺഗ്രസ് വിശദീകരിക്കുന്നു. ഈ വിധത്തിൽ വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ചും ആശയക്കുഴപ്പമുണ്ടാക്കുവാൻ ശ്രമിച്ചുമാണ് തന്റെ ഭരണകാലയളവിലെ ഭരണഘടനാ ലംഘനങ്ങൾ മറച്ചുവയ്ക്കാൻ മോഡിയും ഭരണപക്ഷവും ശ്രമിച്ചത്. അങ്ങനെ നുണകൾ ഭരണപക്ഷ അംഗങ്ങളുടെ കുപ്പായമിട്ടെത്തി നടത്തിയ പ്രസംഗങ്ങളായിരുന്നു ഭരണപക്ഷത്തിൽ നിന്ന് രാജ്യസഭയും ലോക്‌സഭയും ശ്രവിച്ചത്. ഈ നുണകള്‍ പൊളിയുകയും അമിത്ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശങ്ങളിലൂടെ തങ്ങളുടെ ദളിത് വിരുദ്ധതയും സവര്‍ണാഭിമുഖ്യവും തുറന്നുകാട്ടപ്പെടുകയും ചെയ്തതില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് ലോക്‌സഭയില്‍ അതിക്രമങ്ങള്‍ അഴിച്ചുവിടാന്‍ ബിജെപിയെ പ്രേരിപ്പിച്ചതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.