15 June 2024, Saturday

തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസ് അഥവാ ‘മൂട്ടവനം’

കെ സി ജോര്‍ജ്
September 11, 2022 2:06 pm

ക്രിപ്സുമിഷൻ ഇന്ത്യയിൽ എത്തുന്നതിനു നാലുദിവസത്തിനുമുൻപ് തിരുവിതാംകൂർ ജയിലുകളിൽ നിന്നും വിട്ടയയ്ക്കപ്പെട്ട സ. കൃഷ്ണപിള്ളയും ഞാനും ഏഴാംകുളത്തുള്ള ഞങ്ങളുടെ വീട്ടിൽകൂടി. തിരുവനന്തപുരം കേന്ദ്രമാക്കിക്കൊണ്ട് തിരുവിതാംകൂറിൽ പാർട്ടി രൂപീകരിക്കാനുള്ള ഒരു പരിപാടി അവിടെവച്ചു തീരുമാനിച്ചു. അതിലേക്കുള്ള പ്രാരംഭ ചെലവുകൾക്കായി എന്റെ ലോലൈബ്രറി വിൽക്കാനും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിയമവിരുദ്ധമായതുകൊണ്ട് “ആന്റിജാപ്പ്’ എന്ന പേരിൽ ഓഫീസ് തുറക്കാനുമായിരുന്നു തീരുമാനം. ഞങ്ങൾ അവിടെനിന്നും കൊല്ലം, ആലപ്പുഴ മുതലായ കേന്ദ്രങ്ങളിൽ പ്രാരംഭപ്രവർത്തനങ്ങൾക്കുവേണ്ടി പോയി മടങ്ങിയശേഷം ഞാൻ തിരുവനന്തപുരത്തിനും കൃഷ്ണപിള്ള മലബാറിനും പോയി. തിരുവനന്തപുരം പരിപാടി അധികം താമസിയാതെതന്നെ നടപ്പിലാക്കുകയും ചെയ്തു.
ഇന്നത്തെ ആയുർവേദ കോളജിന്റെ (അന്നത്തെ ജില്ലാകോടതി) മുൻവശത്തുള്ള റോഡിൽനിന്നും കിഴക്കോട്ടു തമ്പാനൂരേയ്ക്കുള്ള റോഡിനെ മുറിച്ചുകടക്കുന്ന തെക്കുവടക്കായി പോകുന്ന ഒരു വഴിയുണ്ട്. ആ കവലയുടെ (ഇപ്പോഴത്തെ മാ‍ഞ്ഞാലിക്കുളം ജങ്ഷന്‍) തെക്കുപടിഞ്ഞാറെ കോണിൽ വഴിവക്കിൽ ഷെഡ്ഡുപോലെയുള്ള ഓടുമേഞ്ഞ ഒരു ചെറിയ കെട്ടിടമുണ്ടായിരുന്നു. ഗവണ്മെന്റ് പ്രസിൽ ഒരു ചെറിയ ജോലിയുണ്ടായിരുന്ന കേശവപിള്ളയുടെ വകയായിരുന്ന ആ ലോഡ്ജ് അദ്ദേഹത്തിന്റെ താമസസ്ഥലത്തിനു ദർശനമായി അതിന്റെ മുറ്റത്താണ് സ്ഥിതി ചെയ്തിരുന്നത്. പൊതു ഉപയോഗത്തിനുവേണ്ടി ഓലകൊണ്ട് മറച്ച ഒരു കക്കൂസും ഒരു കിണറും മൂന്നു മുറികളുമുണ്ടായിരുന്ന ലോഡ്ജിനു മാത്രമായി ഒരറ്റത്ത് ഒരു കുളിമുറിയും ആയിരുന്നു താമസസൗകര്യമായി ഉണ്ടായിരുന്നത്. മുറികളുടെ അളവ് — ഒൻപതടി നീളവും ആറടിവീതിയും. റോഡിലേക്ക് കമ്പിയിടാത്ത ഒരു ചെറിയ ജനലും മൂന്നടി വീതിയുള്ള വരാന്തയിലേക്ക് ഇറങ്ങാനുള്ള ഒരു വാതിലും മുറിക്കുള്ളിൽ അഞ്ചരയടി നീളമുള്ള ഒരു ബഞ്ചും ഉണ്ടായിരുന്നു. നടുവിലത്തെ മുറി അഞ്ചുരൂപാ വാടകയ്ക്കെടുത്തു. റോഡിലേക്കുള്ള ജനാലയുടെ കതകിന്മേൽ തുറന്നിടുമ്പോഴും അടച്ചിടുമ്പോഴും കാണത്തക്കവിധം “ആന്റിജാപ്പ് ഓഫീസ്” എന്നെഴുതിയ രണ്ടു കടലാസു തുണ്ടുകൾ കതകിന്റെ അകത്തും പുറത്തും ഒട്ടിച്ചുകൊണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു. ഞാൻ അവിടെ താമസമാക്കി. ഞാൻ ഒരു മുഴുവൻ സമയരാഷ്ട്രീയ പ്രവർത്തകനായതോടെ എന്റെ മാതാപിതാക്കന്മാർ തിരുവനന്തപുരം വിട്ട് ഏഴാംകുളത്തു താമസമാക്കിയിരുന്നതുകൊണ്ടും എനിക്ക് തിരുവനന്തപുരത്ത് വീടില്ലാതിരുന്നതുകൊണ്ടും ഓഫീസ് മുറിതന്നെ താമസസ്ഥലവും ആക്കേണ്ടിവന്നു.
വളരെക്കാലമായി ലോഡ്ജായി ഉപയോഗിച്ചിരുന്നതിന്റെ ഫലമായും റോഡുവക്കത്തായിരുന്നതുകൊണ്ടും പൊടി അടിച്ചുകയറുന്നതുകൊണ്ടും വളരെ ഇടുങ്ങിയ സ്ഥലമായിരുന്നതുകൊണ്ടും മറ്റും ആ മുറികളിൽ സ്ഥിരതാമസക്കാരായി കൂടിയിരുന്നത് ഒരു വലിയ സംഘം മൂട്ടകളായിരുന്നു. മറ്റു രണ്ട് മുറികളും കാലിയായി കിടന്നിരുന്നത് ഒരുപക്ഷെ ഈ കൂട്ടരുടെ കുടികിടപ്പവകാശത്തെ നേരിടാൻ കഴിയാത്തതുകൊണ്ടായിരിക്കാം. ഏതായാലും അതും സൗകര്യമായി. മൂട്ടകളുടെ ഈ സ്ഥിരതാമസം മൂലം മറ്റാരും രാത്രിയിൽ അവിടെ തങ്ങാൻ തയാറാകാതിരുന്നതുമൂലം എനിക്ക് രാത്രിയിൽ ആ മൂട്ടകൾ മാത്രമായിരുന്നു കൂട്ടായിരുന്നത്. മറ്റുള്ളവർ വന്നുംപോയും നിൽക്കുന്നവർ. അവിടെ ഒരു രാത്രിയെങ്കിലും കഴിച്ചുകൂട്ടേണ്ടിവന്നിട്ടുള്ളവർ പിന്നെ ഈ മൂട്ടവനത്തിൽ ഉറങ്ങാൻ സാധ്യമല്ലെന്നു പറഞ്ഞ് മറ്റെവിടെയെങ്കിലും പോകുകയായിരുന്നു പതിവ്. അങ്ങനെ ‘മൂട്ടവനം’ എന്ന പേര് നൽകിയത് സഖാക്കൾ തന്നെയാണ്.
ഓഫീസിന്റെ ആവശ്യത്തിനായി ബഞ്ചിനുപുറമെ എവിടെ നിന്നോ ഒരു സ്റ്റൂളും രണ്ടുമൂന്നു പനയോലപായയും സമ്പാദിച്ചിരുന്നു. രാത്രിയിൽ അത് കിടക്കയായി മാറ്റും. മറ്റാരെങ്കിലുമുള്ളപ്പോൾ ഞാൻ ബഞ്ചിലും മറ്റുള്ളവർ പാതയിലും കിടക്കുകയാണ് പതിവ്. മുറിയുടെ തൂപ്പും വൃത്തിയാക്കലുമെല്ലാം സ്വന്തം ജോലിയായിരുന്നു.
മൂട്ടകൾക്ക് പുറമെ തിരുവനന്തപുരത്ത് വീടില്ലാതിരുന്നതും ഓഫീസിൽ താമസിക്കേണ്ടിയിരുന്നതുമായ ഒരു സഖാവ് എനിക്കുണ്ടായിരുന്നത് കെ സി മാത്യു ആയിരുന്നു. പക്ഷെ, മൂട്ടശല്യം മൂലം മാത്യു രാത്രി വല്ല ലോഡ്ജിലും അഭയം പ്രാപിക്കും. ആലുവാ കോളജിൽ നിന്ന് ബിഎ പാസായശേഷം കുറ്റിപ്പുഴയുടെ ശിഷ്യനായിരുന്ന മാത്യു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ച് നേരെ മൂട്ടവനത്തിൽ എത്തിയതായിരുന്നു. ബഹുജനസംഘടനകൾ കെട്ടിപ്പടുക്കുകയെന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ അഭേദ്യമായ ഭാഗം തിരുവനന്തപുരത്ത് നിർവഹിക്കുന്നതിനുള്ള സാധ്യത മാത്യുവിന്റെ വരവോടുകൂടി ഉണ്ടായി. മാത്യു എസ്എഫിന്റെ ഒരു പ്രചാരകനും സംഘാടകനുമായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. മലബാറിൽ നിന്നും സ. കെ പരമേശ്വരനും വന്നതോടുകൂടി ആ പ്രവർത്തനം ഊർജ്ജിതപ്പെട്ടു. ഒരുപക്ഷെ, പിന്നീട് തൊഴിലാളി നേതാവായ കെ സി മാത്യുവാണ് തിരുവിതാംകൂറിലെ ആദ്യത്തെ എസ്എഫ് പ്രവർത്തകനെന്നും മൂട്ടവനത്തിൽ നിന്നാണ് അത് ആരംഭിച്ചതെന്നും അറിയുന്നവർ വളരെ ചുരുക്കമായിരിക്കും.
മൂട്ടവനത്തിൽപ്പെട്ടു നടത്തിയ ആ പ്രാരംഭ പ്രവർത്തനങ്ങൾ എത്ര പരിമിതമായിരുന്നെങ്കിലും അതിൽ ഭാഗഭാക്കുകളായിരുന്നവർക്ക് അതൊരിക്കലും മറക്കാൻ കഴിയുകയില്ല. അന്നത്തെ പ്രവർത്തനശൈലിയും ജീവിതരീതിയുമെല്ലാം എത്രയോ വ്യത്യസ്തമായിരുന്നു. വായിക്കാനും പഠിക്കാനും ആവശ്യമായ പുസ്തകങ്ങളൊന്നും തന്നെ ഇല്ലായിരുന്നെങ്കിലും മാർക്സിസത്തെപ്പറ്റിയും മറ്റും നേരത്തെ ലഭിച്ചിരുന്ന പരിമിതമായ അറിവുകള്‍ ഉപയോഗപ്പെടുത്തി കുറെ കാഡറുകളെ ഉണ്ടാക്കുന്ന ജോലിയായിരുന്നു പ്രധാനമായിട്ടുള്ളത്. പ്രവർത്തനം ആരംഭിക്കുന്നതിന് ആദ്യമായി വേണ്ടത് പ്രവർത്തകരാണല്ലോ. അവർക്ക് ആവശ്യമായ പരിശീലനവും. പീപ്പിൾസ് വാർ ആയിരുന്നു അന്നത്തെ പാർട്ടി പത്രം. ആ കാലഘട്ടത്തിലെ പ്രവർത്തനങ്ങൾക്കുള്ള നേതൃത്വം അതിൽ നിന്നും ലഭിച്ചിരുന്നു. അതിന്റെ കോപ്പികൾ വിൽക്കുന്നജോലി ഒരു മുഖ്യജോലിയായി സ്വീകരിച്ചുകൊണ്ട് വരിക്കാരെ ചേർക്കുക, അവരുമായി അതിലെ ഉള്ളടക്കം ചർച്ച ചെയ്യുക, അതിൽക്കൂടി കമ്മ്യൂണിസ്റ്റ് പരിപാടി വിശദീകരിച്ചുകൊണ്ട് പാർട്ടിയിലേക്ക് അവരെ ആകർഷിക്കുക എന്നുള്ളതായിരുന്നു തിരുവനന്തപുരത്തെ ഇടത്തരക്കാരുടെയും ബുദ്ധിജീവികളുടെയും ഇടയിൽ അന്ന് നടത്തിയിരുന്ന പ്രവര്‍ത്തനം. ആ രംഗത്തെ ഒരു പ്രധാന പ്രവർത്തകൻ പീപ്പിൾസ് വാറിന്റെ ഏജന്റായിരുന്ന കുളത്തുങ്കൽ പോത്തനായിരുന്നു. ഓഫീസിൽ വരുന്നവരോട് രാഷ്ട്രീയം സംസാരിച്ചാണ് അധികസമയവും ചെലവാക്കുന്നത്. ഏതാണ്ടൊരു രാഷ്ട്രീയവിദ്യാഭ്യാസ കേന്ദ്രമായിരുന്നു മൂട്ടവനമെന്നു പറയാം. എപ്പോഴും ആരെങ്കിലും അവിടെ ഉണ്ടായിരിക്കുകയും ചെയ്യും. അങ്ങനെ വളരെ ശാന്തവും നിർജ്ജീവവുമായിരുന്ന ആ ഭാഗം മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിച്ചതുകൊണ്ടും നേരെ എതിർവശത്തുണ്ടായിരുന്ന ചെറിയ കട സിഐഡികളുടെ താവളമായതോടെയും സജീവമായിത്തീർന്നു.
ഓഫീസ് തുറക്കുകയും ഒരു ചെറിയ പത്രം നടത്തുകയും ചെയ്കയെന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് എന്റെ ലോലൈബ്രറി വിൽക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ആയിരത്തിലധികം രൂപ അന്നു കിട്ടാവുന്ന ലൈബ്രറി പകുതി വിലയ്ക്ക് വിറ്റാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. അത് ഞാനും കൃഷ്ണപിള്ളയും എന്റെ വീട്ടിലുള്ളവരും അല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല. ആരും അറിയരുതെന്നായിരുന്നു ഞങ്ങളുടെ തീരുമാനവും. പത്രം ആരംഭിക്കുന്നതിനുവേണ്ടി അത് മാറ്റിവയ്ക്കണമെന്നുള്ളതായിരുന്നു ഉദ്ദേശം. പക്ഷെ അതല്ലാതെ മറ്റ് യാതൊരു വരുമാനവും ഇല്ലായിരുന്നതുകൊണ്ട് ആ നിക്ഷേപത്തിന്മേൽ കൈവയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല. വളരെ ദുരിശിച്ചു (അരിഷ്ടിച്ചു) മാത്രമേ അത് ചെലവ് ചെയ്തിരുന്നുള്ളൂവെങ്കിലും അത് കുറേശ്ശെ കുറേശ്ശെ കുറഞ്ഞുകൊണ്ടുതന്നെയിരുന്നു. പത്രം തുടങ്ങാനുള്ള മറ്റ് സൗകര്യങ്ങളില്ലാതിരുന്നതുകൊണ്ട് ആ പരിപാടി നീണ്ടുപോകുകയും ചെയ്തു. ചില ലഘുലേഖകളും മറ്റും അടിക്കുന്നതിന് അതിനെ ആശ്രയിക്കേണ്ടിവന്നതുകൊണ്ടും മറ്റുമുള്ള എന്റെ യാത്രാച്ചെലവിനും ജീവിതച്ചെലവിനും അതിനെമാത്രം ആശ്രയിക്കേണ്ടിവന്നതുകൊണ്ടും അത് വളരെ ശോഷിച്ചു. പത്രത്തിന്റെ പരിപാടി അങ്ങനെ തകരുകയും ചെയ്തു.
ഞങ്ങളുടെ മറ്റ് ചെലവുകൾ വളരെ പരിമിതമായിരുന്നു. ഓഫീസ് വാടക അഞ്ചുരൂപയും കക്കൂസ് വൃത്തിയാക്കുന്നയാള്‍ക്ക് ഒരു രൂപയുമായിരുന്നു സ്ഥിരമായ മാസച്ചെലവ്. ഇന്നത്തെപ്പോലെ ഓഫീസിൽ നിന്നും ആരുടേയും ചെലവു വഹിക്കേണ്ടിയിരുന്നില്ല. ഓരോരുത്തരും അവരുടെ ചെലവ് വഹിച്ചുകൊണ്ട് പ്രവർത്തനം നടത്തുന്ന രീതിയേ അന്ന് പ്രായോഗികമായിരുന്നുള്ളു. പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ പ്രവർത്തനത്തിനു പണം പിരിക്കുന്ന ഏർപ്പാട് സ്റ്റേറ്റ് കോൺഗ്രസിന്റെ കാലത്ത് ആരംഭിച്ചിരുന്നെങ്കിലും അത് നേതാക്കന്മാർ ഉപരിതലത്തിലുള്ള പണക്കാരിൽനിന്ന് മാത്രമായിരുന്നു പിരിച്ചിരുന്നത്. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം സാധ്യവുമായിരുന്നില്ല. മറ്റൊരു തടസം ഇടത്തരക്കാരായ പ്രവർത്തകർക്ക് മറ്റുള്ളവരോട് പണം ചോദിക്കുന്നതിനുള്ള മടിയായിരുന്നു. തരാന്‍ തയാറുള്ളവരോട് ചോദിക്കാതെ എങ്ങനെ പണം പിരിക്കാൻ കഴിയും? സ. കൃഷ്ണപിള്ളപോലും ഈ കാര്യത്തിൽ വളരെ മോശമായിരുന്നെന്ന് എനിക്കറിയാമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.