21 December 2024, Saturday
KSFE Galaxy Chits Banner 2

നടപ്പാത കയ്യേറി പാര്‍ക്ക് ചെയ്യുന്നു; സംരക്ഷണ കവചമൊരുക്കാതെ പാലക്കാട് നഗരസഭ

Janayugom Webdesk
പാലക്കാട്
October 18, 2024 3:08 pm

നഗരത്തിലെ തിരക്കേറിയ റോഡുകളില്‍ എവിടെ നോക്കിയാലും വാഹനങ്ങള്‍ തലങ്ങുംവിലങ്ങും പാര്‍ക്കു ചെയ്തിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. ജില്ലാ ആശുപത്രിക്ക് മുന്നില്‍ തുടങ്ങുന്ന വാഹന പാര്‍ക്കിംഗ് നഗരത്തിലുട നീളം ദൃശ്യമാണ്. അനധികൃതപാർക്കിംഗ് മൂലം കാൽനട യാത്രക്കാർക്ക് അപകടം സംഭവിക്കുന്നതും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെടുന്നതും വണ്‍വേ ട്രാഫിക് ഇല്ലാത്ത പാലക്കാട് നഗരത്തിലുടനീളം ദൃശ്യമാണ്. ദുരിതം തുടങ്ങിയിട്ട് കാലങ്ങളേറെയായി.നഗരത്തിലെ പ്രധാന റോഡുകളിൽ കാൽനടയാത്രക്കാരെ റോഡിൽ ഇറക്കിയുള്ള നടപ്പാതകളിലെ വാഹനപാർക്കിംഗ് തുടരുമ്പോഴും നടപടിയെടുക്കേണ്ടവർ മൗനം പാലിക്കുകയാണോയെന്നത് ഉത്തരമില്ലാത്ത ചോദ്യമാവുകയാണ്. നഗരത്തിലെ തിരക്കേറിയ റോഡുകളായ ടിബി റോഡ്, ജി ബി റോഡ്, ജില്ലാശുപത്രി — കോർട്ട് റോഡ് സുൽത്താൻപേട്ട‑സ്റ്റേഡിയം റോഡ് എന്നിവിടങ്ങളിലെ നടപ്പാതകളിലെല്ലാം കാലങ്ങളായി വാഹന പാർക്കിംഗ് തുടരുകയാണ്. 

സുൽത്താന്‍പേട്ട സ്റ്റേഡിയം റോഡിൽ ഇരുചക്രവാഹനങ്ങളാണെങ്കിൽ ടി ബി റോഡിലും ജിബി റോഡിലും കാറുകളും ഓട്ടോറിക്ഷകളും നിർത്തുന്ന സ്ഥിതിയാണ്. ജിബി റോഡിലെ ഷോപ്പിംഗ് മാളിനു മുമ്പിലുള്ള നടപ്പാതയിലും ടി ബി റോഡിലെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലെ നടപ്പാതയിലും ഇരുചക്രവാഹനങ്ങൾക്ക് മാത്രമല്ല കാറുകളും നിർത്തിയിടുന്നതിനാൽ കാൽനടയാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ജില്ലാ ആശുപത്രിക്ക് എതിർവശത്തുള്ള നഗരസഭയുടെ മതിലിനോട് ചേർന്നുള്ള ഇരുചക്ര വാഹന പാർക്കിംഗ് കാലങ്ങളായി തുടരുകയാണ്. ആശുപത്രിയുടെ പ്രവേശന കവാടത്തിന് ഇരുവശത്തും ട്രാഫിക് പോലീസ് നോ പാർക്കിംഗ് ബോർഡുകൾ വെച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ലെന്ന സ്ഥിതിയിൽ വാഹനങ്ങൾ നിർത്തുന്നത് തുടരുകയാണ്. തിരക്കേറിയ റോഡുകളിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ഇവിടെക്കെത്തുന്നവരുടെ വാഹനങ്ങളാണ് സ്ഥാപനങ്ങൾക്ക് മുമ്പിലെ നടപ്പാതകളിൽ നിർത്തിയിടുന്നത്. 

നഗരത്തിലെ നടപ്പാതകളിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കുന്നതിനായി അടുത്തകാലത്ത് നടപ്പാതകൾ നവീകരണം നടത്തി ടൈലുകൾ പാകിയിട്ടുണ്ടെങ്കിലും ഇത്തരം നടപ്പാതകളിലെ വാഹന പാർക്കിംഗ് കാൽനടയാത്രക്കാർക്ക് കീറാമുട്ടിയാവുകയാണ്.
ചില വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ സെക്യൂരിറ്റുകളെ നിർത്തിയിട്ടുണ്ടെങ്കിലും ഇത്തരം അനധികൃത പാർക്കിംഗ് ഇവരൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതുമൂലം വയോധികരും ശാരീരിക വൈകല്യമുള്ളവരുമായ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടന്ന് അപകടത്തിലെക്കു വഴിമാറുന്ന സ്ഥിതിയാണ്. നഗരത്തിലെ തിരക്കേറിയ റോഡുകളിലെ അനധികൃത വാഹനപാർക്കിങ്ങിനെതിരെ മുൻ വർഷങ്ങളിൽ ട്രാഫിക് പോലീസ് നടത്തിയ സംവിധാനങ്ങളൊന്നും ഫലം കണ്ടില്ല. പ്രധാന റോഡുകളിൽ നടപ്പാതകൾ നവീകരണം നടത്തിയിട്ടുണ്ടെങ്കിലും കാൽനടയാത്രക്കാരുടെ സുരക്ഷിത യാത്രയ്ക്കായി നടപ്പാതകളിൽ ബാരിക്കേടുകൾ സ്ഥാപിക്കാത്തതാണ് റോഡുകളിലെ നടപ്പാതകൾ കയ്യേറിയുള്ള വാഹന പാർക്കിങ്ങിന് കാരണമാകുന്നത്. സുൽത്താൻപേട്ട ജംഗ്ഷനിലെ അനധികൃത പാർക്കിങ്ങിന് പരിഹാരമായി അടുത്തകാലത്തായി നടപ്പാതകളിൽ ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. 

നഗരത്തിലെ ചിലയിടങ്ങളിൽ നടപ്പാതകളിലെ സ്ലാബുകൾ തകർന്നതും കാൽനട യാത്രക്കാർക്ക് ദുരിതം തീർക്കുന്നുണ്ട്. ആഘോഷ ഉത്സവ സീസണുകളിൽ സ്ഥാപനങ്ങളിൽ തിരക്കേറുന്നതിനാൽ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ എണ്ണവും കൂടാറുണ്ട്.
നഗരത്തിലെ തിരക്കേറിയ റോഡുകളിൽ കാൽനടയാത്രക്കാരെ റോഡിലിറക്കിയുള്ള വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങിനെതിരെ ബന്ധപ്പെട്ട അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്നും നടപ്പാതകളി ൽ കാൽനട യാത്രക്കാരുടെ സുരക്ഷിത യാത്ര ഉറപ്പു വരുത്തുന്നതിന് ബാരിക്കേടുകൾ സ്ഥാപിച്ച് നവീകരണം നടത്തണമെന്നുമുള്ള ആവശ്യം അനുദിനം ശക്തമാവുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.