8 November 2024, Friday
KSFE Galaxy Chits Banner 2

ജീവിതം തൊടുന്ന കഥകള്‍

സുനിത ബഷീർ
October 2, 2022 5:20 am

ലളിതമായ ഭാഷയിൽ കഥ പറയുക എന്നതാണ് പുതുകാലത്തിന്റെ വെല്ലുവിളി. ആ വെല്ലുവിളി സധൈര്യം എറ്റെടുക്കുകയും യാതൊരു കൃത്രിമത്വവുമില്ലാതെ പ്രദേശിക ഭാഷാ രുചികൾ കഥകളിലാവഹിച്ച് എഴുതുവാൻ ത്രാണിയുള്ള എഴുത്തുകാരുണ്ട് മലയാളത്തിൽ. അവരുടെ കഥാപുസ്തകങ്ങൾക്ക് വായനക്കാർ ഏറെയാണ് ആ നിരയിലെ ശക്തമായൊരു സാന്നിധ്യം അറിയിക്കുന്ന പുസ്തകമാണ് അലിയാർ മാക്കിയിലിന്റെ ‘പവിഴപ്പുറ്റ്’ എന്നകഥാസമാഹാരം. ആഖ്യാനത്തിലും വിവരണത്തിലും സംഭാഷണങ്ങളിലും പ്രദേശികമായ ഭാഷാവൈവിധ്യത്തോടെയാണ് ‘പവിഴപ്പുറ്റിലെ’ കഥകൾ രചിച്ചിരിയ്ക്കുന്നത്.
മാനുഷികതയുടെ ഊടും പാവും കൊണ്ടാണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും നെയ്തെടുത്തിരിയ്ക്കുന്നത്.
സമാഹാരത്തിലെ ആദ്യത്തെ കഥയായ ‘സൈനുവിന്റെ കഥ ഹസ്സനാരുടെയും’ നർമ്മരസം തുളുമ്പുന്ന ഭാഷയിലെഴുതിയ ഏറ്റവും നിഷ്കളങ്കമായൊരു കഥയാണ്. കഥയിലെ ആഖ്യാതാവ് കഥാകാരൻ തന്നെയാണെന്ന് വായനക്കാർക്ക് തോന്നിപ്പോകും. അവ്വിധമാണ് ഈ രചനയുടെ നിർമ്മിതി. ഒട്ടൊരു ഹാസ്യത്തോടെ നിഷ്കളങ്കയായ ഭാര്യയുടെ ചില പൊങ്ങച്ചങ്ങളെ നോക്കിക്കാണുന്ന മാഷിന്റെ കഥ രസകരമായി വായിച്ചു പോകാം. വീടകങ്ങളിലെ സാധാരണ സംഭവങ്ങളാണ് വിവരിക്കുന്നത്. ഇതിലെ ഭാഷയുടെ നൈർമ്മല്യം ഇമ്പമുള്ളതാണ്.
ഗദ്യാഖ്യാനത്തിലെ ചെറുരൂപങ്ങൾക്ക് ഫ്ളാഷ് ഫിക്ഷൻ എന്നാണ് ആംഗലേയ പദം. നമ്മുടെ മിനിക്കഥകൾ തന്നെ. മധുര നാരങ്ങ, ഭാഗോടമ്പടി, എന്നീകുറുങ്കഥകളുടെ പ്രൗഢഭംഗിയിൽ കഥാകൃത്തിന്റെ പ്രതിഭ വിളങ്ങുന്നു.
പവിഴപ്പുറ്റെന്ന കഥയാണ് സമാഹാരത്തിലെ പ്രധാന കഥ. ലക്ഷദ്വീപിലെ സമകലിക സംഭവങ്ങളെ അടയാളപ്പെടുത്തുകയും കല പ്രതിരോധമാക്കുകയുമാണ് ഇവിടെ. ഒരു ജനതയുടെ ആവാസ വ്യവസ്ഥകൾക്കു മേലേയുള്ള കടന്നുകയറ്റം നടത്തുന്ന വ്യവസ്ഥിതിക്കെതിരെ ആ നാട്ടുകാർ നടത്തുന്ന പ്രതിരോധമാണ് കഥയിൽ. ജനങ്ങളുടെ ചെറുത്തുനില്പിനോടൊപ്പമാണ് കഥയിലൂടെ കഥാകാരനും. ലക്ഷദ്വീപെന്ന ഭൂമികയുടെ ഐതീഹ്യവും ചരിത്രപരവുമായ അടയാളപ്പെടുത്തലും കൂയിയാണ് ഈ കഥ.
ജീവിതത്തെ ദാർശനിക ഭാവത്തിൽ നോക്കിക്കാണുമ്പോൾ മനുഷ്യന്റെ ഓട്ടപ്പാച്ചിലുകൾ നർമ്മോക്തിയോടു കൂടി വിവരിക്കുന്ന കഥകളാണ് ‘ഹേ കാക്കകളെ കുയിലുകളെ,’ ‘സ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും’ എന്നിവ. മനുഷ്യന്റെ എല്ലാ അഹന്തകളെയും കത്തിച്ചു കളയുന്നത് വിശപ്പാണ്. അഗ്നിപോലെ പരമവിശുദ്ധമാണത്. ‘നോമ്പുകാലം’
അടയാളപ്പെടുത്തുന്നത് വിവിധ കാലത്ത് വിശപ്പ് മനുഷ്യനെ വായിയ്ക്കുന്നതെങ്ങനെയെന്നാണ്.
“ഈ പാടത്ത് വിളയുന്നത് ഒരേ ഗോതമ്പാ, നിങ്ങൾ രണ്ടാളും രണ്ടു തരം പലഹാരത്തിന് ഉപയോഗിക്കുന്നത്. ഇത് മാനവികതയുടെ പാടമാണ്, ഈശ്വരന്റെപൂന്തോട്ടം.”
അന്ധകാരയുഗത്തിൽ നടക്കുന്ന ജീവിതനാടകം വെളിച്ചത്തിലേക്ക് വഴിമാറുകയാണ് എന്ന് ‘തമസോ മാ ജ്യോതിർഗമയാ’ പറയുന്നു. മതവും ജാതിയും വേലിയ്ക്കപ്പുറത്തേയ്ക്ക് മാറ്റി നിർത്തി പച്ചമണ്ണിന്റെ നേരുള്ള സൗഹൃദക്കാഴ്ചകളാണ് ഉണ്ണിയെന്ന കഥാപാത്രത്തിലൂടെ
‘ഇരുട്ടിൽ റാന്തലെന്നതുപോലൊരുവൻ’ എന്ന കഥ പറയുന്നത്. എന്തിനും ഏതിനും സ്വയം പരിഹാരമായവൻ, അവസാനം അഗ്നിയേറ്റു വാങ്ങിയ ആ പൂതലിച്ച ശരീരത്തെ പ്രിയപ്പെട്ടവർ വേദനയോടെ പിരിഞ്ഞത് സ്വർഗ്ഗം നിഷ്കളങ്കരുടേതാണല്ലോ എന്ന് സ്വയം സാമാശ്വസിപ്പിച്ചു കൊണ്ടാണ് കഥ അവസാനിക്കുന്നത്.
കഥാക്യത്തിന്റെ മതാതീതനിലപാടുകളാണ് ‘നസറുള്ള യുടെ മകൾ മുത്തുലക്ഷ്മി’ എന്ന കഥയിലും ഉള്ളത്. നസറുള്ളയുടെയും ഫാത്തിമയുടെയും മകളായി വളർന്ന മുത്തുലക്ഷ്മിയ്ക്ക് മൂന്നു വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടതാണ്. പിന്നീട് അവൾക്ക് ആശ്രയം അവളുടെ ഉമ്മിയായിരുന്നു. ഷാനു സഹോദരസ്ഥാനത്തു നിന്ന് അവളെ വിവാഹം കഴിപ്പിച്ചയച്ചു. “ഹേ, മനുഷ്യരെ നിങ്ങൾ ഒരേ മാതാപിതാക്കളുടെ മക്കളാണെന്ന” സൂക്തം ഈ കഥയിലൂടെ ഉറക്കെ പറയുകയാണ് പ്രിയ കഥാകൃത്ത്.
‘റൂഹാനിപ്പക്ഷികളുടെ താരാട്ട് ’ വിധിയുടെ മുന്നിൽ നിസ്സഹായനായിപ്പോയ വാഹിദ് എന്ന നിർഭാഗ്യവാന്റെ കഥയാണ്. ജീവിതത്തിലെ അതികഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവോടെ വളർത്തു മകളെ ചേർത്ത് പിടിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണ് വാഹിദ്. ഹൃദയനൊമ്പരത്തോടെയല്ലാതെ ഈ കഥ വായിച്ചു തീർക്കാനാവില്ല. മൂന്നു കാലത്തു ചവിട്ടി നിന്ന് കഥ പറയുമ്പോൾ പുലർത്തേണ്ടുന്ന കയ്യടക്കവും സൂക്ഷ്മതയും ഈ കഥയിലും ദർശിക്കാം.
സാധാരണ മനുഷ്യരുടെ ജീവിതം പറയുകയും കാലം, ദേശം, സമയക്രമം, യുക്തി, നിതാന്തമായ മൂല്യബോധം എന്നിങ്ങനെ കഥ പറച്ചിലിന്റെ സാമാന്യ തത്വങ്ങൾ പവിഴപ്പുറ്റിലെ കഥകളെ അലങ്കരിക്കുന്നു. 

പവിഴപ്പുറ്റ്
(കഥകൾ)
അലിയാർ മാക്കിയിൽ
ഹരിതം ബുക്സ്
വില: 170 രൂപ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.