27 April 2024, Saturday

ഹിന്ദുത്വഫാഷിസ്റ്റു വിരുദ്ധ രാഷ്ട്രീയത്തിന്റെ പാഠശാല

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
March 3, 2024 9:55 am

നാധിപത്യ മതേതര ഭാരതം അതിന്റെ നിലനില്പിനായി ഒരു വലിയ രാഷ്ട്രീയ സാംസ്ക്കാരിക പ്രതിരോധത്തിന് തയ്യാറെടുക്കുകയാണ്- ഗാന്ധിജിയെ കൊന്ന ഗോഡ്സെ എന്ന മറാത്തക്കാരനായ ചിത്പാവൻ ബ്രാഹ്മണൻ ഉയർത്തിപ്പിടിച്ച ഹിന്ദുരാഷ്ട്രവാദ രാഷ്ട്രീയത്തിന്റെ അധികാര ബലത്തിൽ നിന്നുളള മോചനത്തിനായുളള പ്രതിരോധ പ്രവർത്തനമാണ് ജനാധിപത്യ ഭാരതത്തിനു നടത്താനുളളത്. അതിന് ജനങ്ങളെ ബോധവൽക്കരിക്കാൻ ആവശ്യമായ വിവരസമ്പത്തുകളുടെ ബൃഹത്തും മഹത്തുമായ ഒരു സംഗ്രഹ ഗ്രന്ഥം മലയാളികൾക്കു പ്രിയപ്പെട്ട കവിയായ പി എൻ ഗോപീകൃഷ്ണൻ എഴുതിയിരിക്കുന്നു- ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ ’ എന്ന പേരിൽ പുറത്തിറങ്ങിയ ഹിന്ദുരാഷ്ട്ര വാദം എന്ന ആധുനികേന്ത്യയിലെ ഫാഷിസ്റ്റു രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ വേണ്ടുന്ന വിവരങ്ങളടങ്ങിയ പുസ്തകമാണ്. കയ്യിൽകൊണ്ടു നടക്കാവുന്ന ഫാഷിസ്റ്റു വിരുദ്ധ രാഷ്ട്രീയത്തിന്റെ പാഠശാല എന്നു ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. 

മഹാരാഷ്ട്രയിലെ ചിത്പാവൻ ബ്രാഹ്മണ വിഭാഗത്തിന്റെ മേൽക്കൊയ്മയിലാണ് ഇന്ത്യയിൽ ചാതുർവ്വർണ്യാധിഷ്ഠിതമായ ഹിന്ദുരാഷ്ട്ര വിഭാവനകൾ വളരാൻ തുടങ്ങിയത്. ഇതിന്റെ വലിയ പ്രചോദക ശക്തി റാനഡേ, ലോകമാന്യ തിലക്, സവർക്കർ, എന്നിവരാണ്. ഇവരെല്ലാം ബ്രാഹ്മണ്യ മേൽക്കോയ്മാപരമായ ചാതുർവർണ്യ ഭരണവ്യവസ്ഥക്കുവേണ്ടി തല്ലാനും കൊല്ലാനും ചാവാനുമുളള ചാവേർപ്പടയാകാൻ അബ്രാഹ്മണ ജനവിഭാഗങ്ങളെ തങ്ങൾക്കു ചുറ്റും അണിനിരത്താൻ കണ്ടെത്തിയ പ്രചോദക വീര്യബിംബമാണ് ഛത്രപതി ശിവജി എന്ന അബ്രാഹ്മണ കുലജാതനായ നാടുവാഴി. ശിവജിക്ക് സ്വാമി രാംദാസുമായുളള ബാന്ധവത്തെ ഉയർത്തികാട്ടി സനാതനധർമ്മത്തിന്റെ കാവൽഭടനാണു ശിവജിയെന്നു വരുത്തി തീർക്കാനുളള പ്രചാരണം കെട്ടഴിച്ചു വിടുകവഴി ഹിന്ദു സാമ്രാജ്യത്തിനായി പോരാടൻ അബ്രാഹ്മണർ ശിവജിയായി സ്വയം കണക്കാക്കുന്നതും ബ്രാഹ്മണർ സ്വാമി രാംദാസായി രൂപാന്തരപ്പെടുന്നതുമായ ഒരു ആക്രമണോത്സുകമായ ഹിന്ദുത്വമുന്നണി ഉണ്ടാക്കാനാണ് സവർക്കരും കൂട്ടരും ശ്രമിച്ചത്. നേപ്പാൾ എന്ന ഹിന്ദുരാഷ്ട്രത്തിലെ രാജാവിനെ ഹിന്ദുക്കളുടെ ഖലീഫയാക്കാനുളള നയോപായ നീക്കങ്ങളും സവർക്കറും കൂട്ടരും നടത്തിയിരുന്നു. മറാത്ത കേന്ദ്രീകരിച്ചു രൂപപ്പെട്ട ആക്രമണോത്സുക ഹിന്ദുത്വത്തിന് വലിയൊരു തിരിച്ചടിയാണ് അഹിംസാധിഷ്ഠിത സമരമുറകളുമായി രംഗത്തു വന്ന ഗുജറാത്തിയായ ഗാന്ധിജിയിലൂടെ ഉരുവം കൊണ്ടത്. ‘ഞാനൊരു സനാതന യാഥാസ്ഥിതികഹിന്ദു ‘ആണെന്നു ആണയിടുന്നതിൽ ലുബ്ധ് കാണിക്കാതിരുന്ന ഗാന്ധിജി, മറാത്തകാരുടെ ആക്രമണോത്സുക ഹിന്ദുത്വ രാഷ്ട്രവാദത്തിന് വലിയ വിലങ്ങുതടിയായി. ഛത്രപതി ശിവജിയുടെ ക്ഷാത്രബിംബത്തിനെ കവച്ചുവയ്ക്കുന്ന മറ്റൊരു ഐതിഹാസിക ക്ഷത്രിയ ബിംബം തന്റെ രാമരാജ്യ സിദ്ധാന്തത്തിലൂടെ ഗാന്ധിജി മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതോടെ ആക്രമണോത്സുകമായ ചിത്പാവൻ ഹിന്ദുരാഷ്ട്രവാദം ഗാന്ധിജിക്കുമുന്നിൽ അസ്തപ്രഭമായി. ഇത്തരുണത്തിലാണ് ഗാന്ധിജിയെ കൊല്ലാനുളള ഗൂഢാലോചന നടക്കുന്നത്. ഗാന്ധിവധത്തിനു ന്യായീകരണം ചമക്കാൻ ഗാന്ധി മാറോടു ചേർത്തു പിടിച്ച ഭഗവദ്ഗീതയെ തന്നെ ഉപയോഗിക്കാൻ ഗോഡ്സേക്ക് പ്രാപ്തി നൽകിയത് ലോകമാന്യതിലകന്റെ വാക്കുകളാണ്. ദൂതനായി വന്ന അഫ്സൽ ഖാനെ കൊല്ലുക എന്ന അനീതി ചെയ്ത ശിവജിയെ (ദൂതരെ കൊല്ലരുത് എന്നത് രാജധർമ്മമാണ്) ന്യായീകരിച്ചുകൊണ്ട് തിലകൻ എഴുതിയത് പി ആർ ഗോപീകൃഷ്ണൻ ഉദ്ധരിക്കുന്നുണ്ട്; ‘ഗീതയിൽ ശ്രീമദ് കൃഷ്ണന്റെ ഉപദേശം നമ്മുടെ ഗുരുക്കന്മാരേയും ബന്ധുക്കളേയും കൂടി കൊല്ലാം എന്നാണ്. ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുന്നവരിൽ ഒരു കുറ്റവും ഇരിക്കില്ല. ശ്രീ ശിവജി മഹാരാജാവ് തന്റെ വയറ്റിലെ ശൂന്യ സ്ഥലം നികത്താനായി ഒന്നും ചെയ്തിട്ടില്ല. ഉദാത്തമായ ഉദ്ദേശ്യത്തോടു കൂടി, മറ്റുളളവരുടെ നന്മയ്ക്കായാണ് അദ്ദേഹം അഫ്സൽ ഖാനെ കൊലപ്പെടുത്തിയത്.’

ശിവജി അഫ്സൽ ഖാനെ കൊന്നതിനെ ന്യായീകരിച്ച് തിലകൻ എഴുതിയ വാക്യങ്ങളുടെ ചുവടുപ്പിടിച്ചാണ് ഗോഡ്സേ താൻ ചെയ്ത ഗാന്ധിവധത്തേയും ന്യായീകരിച്ചത്. ഇക്കാര്യം ‘ഞാൻ എന്തുകൊണ്ട് ഗാന്ധിജിയെ കൊന്നു? ഗോഡ്സേയുടെ പ്രസ്താവന’ എന്ന അദ്ധ്യായത്തിൽ ഗോപീകൃഷ്ണൻ വിശദീകരിക്കുന്നുണ്ട്. ചുരുക്കത്തിൽ മറാത്തയിലെ ചിത്പാവൻ ബ്രാഹ്മണ വംശത്തിന്റെ ഉല്പത്തി ഐതിഹ്യം മുതൽ ഗാന്ധി വധം എന്ന അവരുടെ ഹിന്ദുരാഷ്ട്രവാദ ഭീകരതവരെ സവിസ്തരം ലളിതമായ ഭാഷയിൽ ആഖ്യാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകം സർവ്വകലാശാലകൾ പാഠപുസ്തകമാക്കേണ്ടവിധം രാഷ്ട്രീയ വിദ്യാഭ്യാസ സ്വഭാവമുളളതാണ്.
മലബാറിൽ നടന്ന ജന്മി കുടിയാൻ ലഹളയെ ക്രൂരമുഹമ്മദർ ഹിന്ദുക്കൾക്കെതിരെ നടത്തിയ അരുങ്കൊലയായി ചിത്രീകരിക്കുന്ന ഒരു നോവൽ സവർക്കർ എഴുതിയിട്ടുണ്ടെന്നു പി ആർ ഗോപീകൃഷ്ണനെ വായിച്ചപ്പോഴാണ് ഈ ലേഖകൻ അറിയുന്നത്. അക്കാലത്ത് മാഞ്ചസ്റ്റർ ഗാർഡിയൻ പോലുളള ഇംഗീഷ് പത്രങ്ങൾ മലബാർ കലാപത്തെ ഹിന്ദു മുസ്ലീം ലഹളയാക്കി ചിത്രീകരിക്കാവുന്ന വിധത്തിലാണ് വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നത് എന്നും അതിന്റെ ചുവടുപ്പിടിച്ചാണ് ‘മാലാകായ് ത്യാച്ചേ’(എന്തുകൊണ്ട് ഞാൻ കരുതിയിരിക്കണം?) എന്ന നോവൽ സവർക്കർ എഴുതിയത് എന്നും ഗോപീകൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. പത്രമാധ്യമങ്ങൾ ഭരണവർഗ താല്പര്യങ്ങളുടെ കൂലിയെഴുത്തുകാരായാൽ, വയറെരിയുന്നവൻ പത്തായപ്പുരയിൽ പറകണക്കിനു നെല്ലു കൂട്ടിയിട്ട് ചതുരംഗം കളിക്കുന്ന ജന്മി തമ്പ്രാക്കൾക്കെതിരെ കയ്യിൽകിട്ടിയതെടുത്തു പോരിനിറങ്ങാൻ നിർബന്ധിതനാകുന്നതിനെ മുസ്ലീം ഹിന്ദുവിനെതിരെ വാളെടുത്തതായി ചിത്രീകരിച്ചു വർഗ്രീയ ധ്രൂവീകരണം ഉണ്ടാക്കും. ഇപ്പോഴും അതാണല്ലോ നടന്നു വരുന്നത്. സവർക്കറുടെ രചനാലോകത്തെ കുറിച്ച് എഴുതുമ്പോൾ എ ജി നൂറാനിയൊക്കെ സവർക്കറുടെ 1857ലെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുളള പുസ്തകം വളരെ പ്രാധാന്യത്തോടെ എടുത്തു കാട്ടാറുണ്ട്. ഹിന്ദുമുസ്ലീം മൈത്രിയിലൂടെ അല്ലാതെ ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കാനാവില്ല എന്ന ആശയമാണ് പ്രസ്തുത പുസ്തകത്തിൽ സവർക്കർ മുന്നോട്ടുവെക്കുന്നത്. അക്കാര്യം ‘സവർക്കർ ആന്റ് ഹിന്ദുത്വ ‘എന്ന പുസ്തകത്തിൽ എ ജി നൂറാനി അപഗ്രഥിക്കുന്ന ഗൗരവത്തിൽ അപഗ്രഥിച്ചു തെളിമയോടെ പറയുവാൻ പി ആർ ഗോപീകൃഷ്ണൻ തുനിഞ്ഞിട്ടില്ല എന്നതു പ്രത്യേകം ശ്രദ്ധയിൽ വന്നു. കൂട്ടത്തിൽ, ബ്രിട്ടീഷ് മോഡൽ പാർളിമെന്ററി ഭരണവ്യവസ്ഥയെ ‘മച്ചിയും വേശ്യയും’ ആയി ചിത്രീകരിക്കുന്നതും, അംബേദ്ക്കർ ഏറെ രൂക്ഷവിമർശനത്തിനു വിധേയമാക്കിയതുമായ ഗാന്ധിയുടെ ‘ഹിന്ദ് സ്വരാജി‘നെ, മഹത്വവൽക്കരിക്കാനുളള ഒരു ശ്രമവും ഗോപീകൃഷ്ണൻ അവലംബിക്കുന്നതായി തോന്നി. സവർക്കറുടെ ഹിന്ദുരാഷ്ട്രക്കു ബദൽ ഗാന്ധിജിയുടെ ചാതുർവ്വർണ്ണ്യാധിഷ്ഠിത ഗ്രാമ വ്യവസ്ഥയോടുകൂടിയ ‘ഹിന്ദ് സ്വരാജ്’ ആണെന്നു തോന്നുന്നില്ല എന്നൊരു വിയോജിപ്പു കൂടി പറഞ്ഞുകൊണ്ട് ഹിന്ദുത്വഫാഷിസത്തിനെ തുറന്നുകാട്ടുന്ന ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന ഗോപീകൃഷ്ണന്റെ പുസ്തകത്തെ നെഞ്ചോടു ചേർത്തുപിടിക്കുന്നു.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ
(പഠനം)
പി എന്‍ ഗോപീകൃഷ്ണന്‍
ലോഗോസ്
വില: 990രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.