30 October 2024, Wednesday
KSFE Galaxy Chits Banner 2

പെഗാസസ് പ്രഭാവം

Janayugom Webdesk
February 6, 2022 5:00 am

‘ഇസ്രയേൽ ഭരണകൂടം കരുത്തേറിയ സ്പൈവേറുകൾ (ചാരസോഫ്റ്റ്‌വേർ) അടിച്ചമർത്തൽ മാർഗങ്ങളിൽ ഉപയോഗിക്കുന്നത് തടയാൻ ആഗ്രഹിച്ചിട്ടുണ്ടാകാം. പക്ഷെ, പോളണ്ടിനും ഹംഗറിക്കും ഇന്ത്യക്കും ഇസ്രയേൽ തങ്ങളുടെ ചാരസോഫ്റ്റ്‌വേർ പെഗാസസ് സ്പൈവേർ വിറ്റു. ഈ രാജ്യങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കുന്നത് വ്യക്തമാക്കുന്ന നിരവധി രേഖകൾ ഉണ്ടായിരുന്നു’. 2017ൽ ഇസ്രയേലിൽ നിന്ന് സൈബർ ആയുധമായ പെഗാസസ് വാങ്ങാൻ ഇന്ത്യന്‍ സർക്കാർ അന്തിമരൂപം നൽകിയതിന്റെ വിശദാംശങ്ങളും രണ്ട് ബില്യൺ (13,000 കോടി) ഡോളറിന്റെ പ്രതിരോധ പാക്കേജിന്റെ ഉള്ളറകളും വെളിപ്പെടുത്തി ന്യൂയോർക്ക് ടൈംസിന്റെ റോണൻ ബെർഗ്മാനും മാർക്ക് മസെറ്റിയും വിശദീകരിക്കുന്നു. മിസൈൽ ലോഞ്ചറുകളും ആശയവിനിമയ സാങ്കേതികവിദ്യയും കൈമാറുന്ന ഏറ്റവും വലിയ കരാറിൽ 2017 ഏപ്രിലിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യൻ പ്രധാനമന്ത്രി മൂന്നുമാസങ്ങൾക്കുശേഷം ജൂലൈ നാലു മുതൽ ഇസ്രയേൽ സന്ദർശിച്ചു. പെഗാസസ് എന്ന ചാര സോഫ്റ്റ്‌വേർ ഒരു നയതന്ത്ര മധുരപലഹാരം എന്നാണ് ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ചത്. രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനും ഭൂരിപക്ഷ ഭരണത്തിൽ അധിഷ്ഠിതമായ ക്രമങ്ങളിലേക്ക് എല്ലാ വലതുപക്ഷ സർക്കാരുകളെയും കൊണ്ടുവരാനും ഉതകുന്ന മാധുര്യം. ഇത് ന്യൂനപക്ഷങ്ങളെയും ജനാധിപത്യത്തെയും പരിഗണിക്കുന്നതേയില്ല. എൻഎസ്ഒയുമായി ബന്ധപ്പെട്ട് അമേരിക്കയും ഇസ്രയേലും തമ്മിലുള്ള നിലവിലെ ബലപരീക്ഷ, യുദ്ധവിമാനങ്ങളെയും കേന്ദ്ര പരാങ്മുഖമായ ആയുധങ്ങളെയും വിവിധ സൈനിക ഉപകരണങ്ങളെയും വീക്ഷിച്ചിരുന്ന അതേ രീതിയിൽ തന്നെയാണ് ഭരണകൂടങ്ങൾ ശക്തിയേറിയ സൈബർ ആയുധങ്ങളെ കാണുന്നത് എന്ന് വ്യക്തമാക്കുന്നു. ദേശീയ പ്രതിരോധത്തിന് മാത്രമല്ല, അതുപയോഗിച്ച് ലോകമെമ്പാടും സ്വാധീനം നേടാനുള്ള ഉപകരണമായും ഉപയോഗിക്കുന്നു. സർക്കാരിന്റെ നിരീക്ഷണത്തിനായുള്ള ഐടി നിയമങ്ങൾ ഹാക്കിങ് അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. പക്ഷെ ഐടി നിയമത്തിലെ സെക്ഷൻ 43 പ്രകാരം ഹാക്കിങ് നിയമവിരുദ്ധമായി തുടരുന്നു. പക്ഷെ, അമേരിക്കയുൾപ്പെടെ പെഗാസസിനെ ഒരു സൈബർ ആയുധമായി കണക്കാക്കുകയും രഹസ്യമായി ഏറ്റെടുക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നുവെന്നും ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ സാങ്കേതികവിദ്യ വിന്യസിച്ച് അമേരിക്കൻ വിതരണക്കാരിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. വിശാലമായ അർത്ഥത്തിൽ, 21-ാം നൂറ്റാണ്ടിൽ നിയമപാലകരും രഹസ്യാന്വേഷണ ഏജൻസികളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് എൻഎസ്ഒയുടെ ഉല്പന്നങ്ങൾ പരിഹരിക്കുന്നതായി കരുതിയേക്കാം. കുറ്റവാളികൾക്കും തീവ്രവാദികൾക്കും അവരുടെ ആശയവിനിമയങ്ങൾക്കും ഉപയോഗിക്കുന്ന രഹസ്യകോഡുകൾ അന്വേഷകർക്ക് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. ക്രിമിനൽ ലോകം കൂടുതൽ കൂടുതൽ ആഗോളമായി മാറുന്നതിനൊപ്പം അന്ധകാരമാകുകയും ചെയ്തു. ഗുണ്ടാസംഘങ്ങൾക്കെതിരെ മാത്രമല്ല, മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയ വിമതർക്കുമെതിരെ മെക്സിക്കോ ചാര സോഫ്റ്റ്‌വേർ വിന്യസിച്ചു.


ഇതുകൂടി വായിക്കാം; കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാലതാമസം കാരണമായിക്കൂട


സർക്കാർ ജയിലിലടച്ച പൗരാവകാശ പ്രവർത്തകന്റെ ഫോൺ ഹാക്ക് ചെയ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സോഫ്റ്റ്‌വേർ ഉപയോഗിച്ചതായി ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്ന (സ്നൂപ്പിങ്) രീതി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനാധിപത്യ സംവിധാനത്തെ മുറിവേല്പിക്കുകയാണ്. യുഎസിൽ, എൻഎസ്ഒയെ ‘എന്റിറ്റി ലിസ്റ്റിൽ’ സൂക്ഷിച്ചിരിക്കുന്നു, അത് ഫലത്തിൽ കരിമ്പട്ടികയാണ്. ഡെൽ കമ്പ്യൂട്ടറുകളും അതിന്റെ പ്രവർത്തനത്തിന് നിർണായകമായ ആമസോൺ സമാഹരണ സേവനങ്ങളും ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും അമേരിക്കൻ ടെക്നോളജിയിൽ നിന്ന് എൻഎസ്ഒയെ തടഞ്ഞിരിക്കുന്നു. ”അപകടകരമായ ഒരു കമ്പനിയെ നിയന്ത്രിക്കുക” എന്നതാണ് ഉദ്ദേശ്യമെന്നും ഇസ്രയേലുമായുള്ള അമേരിക്കയുടെ ബന്ധവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നുമാണ് യുഎസ് വിശദീകരിക്കുന്നത്. പെഗാസസ് അമേരിക്കയ്ക്ക് അജ്ഞാതമല്ല. അതിന്റെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പെഗാസസ് ഉപയോഗത്തിനെതിരെ രണ്ടുവർഷങ്ങൾക്കു മുമ്പേ തീരുമാനം എടുത്തിരുന്നു. ന്യൂയോർക്ക് ടൈംസ് എഴുത്തുകാർ ചരിത്രപരമായ മാറ്റങ്ങളുടെയും ഇസ്രയേലിലെയും യുഎസിലെയും രാഷ്ട്രീയ നേതൃത്വത്തിലെ മാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ പെഗാസസിനെക്കുറിച്ച് പരസ്യമായി ഒന്നും പറഞ്ഞില്ല എന്നുമാത്രം. ഇന്ത്യയിലും ഇതായിരുന്നു സമീപനം. മോഡി സർക്കാരും അതിന്റെ മന്ത്രിമാരും പെഗാസസിനെക്കുറിച്ചുള്ള അവരുടെ പ്രസ്താവനകളിലെ നിലപാട് മാറ്റി. 2019 നവംബറോടെ നിഷേധങ്ങൾ ‘പാതി സത്യങ്ങൾ’ എന്നാക്കി മാറ്റി. തുടർന്ന് വിവര‑സാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദ്, ‘അനധികൃതമായി ഇടപെടൽ നടത്തിയിട്ടില്ല’ എന്ന് പറഞ്ഞു. 2021 ജൂലൈയിൽ, അശ്വിനി വൈഷ്ണവ് പറയുന്നു, ‘നമ്മുടെ നിയമങ്ങളിലെ നിരന്തരമായ ഇടപെടലുകളും സ്ഥാപനങ്ങളുടെ കരുത്തും നിലനിൽക്കെ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ നിരീക്ഷണം സാധ്യമല്ല’. 2021 ഓഗസ്റ്റിൽ, രാജ്യസഭയിൽ ഒരു ചോദ്യത്തിന്, പ്രതിരോധ സഹമന്ത്രി മറുപടി പറഞ്ഞു, ‘പ്രതിരോധ മന്ത്രാലയം എൻഎസ്ഒ ഗ്രൂപ്പ് ടെക്നോളജീസുമായി ഒരു ഇടപാടും നടത്തിയിട്ടില്ല’. ഏത് അവ്യക്തതയും വ്യക്തമാക്കാനുതകുംവിധം അത് തുറന്നിരുന്നു. സൈബർ ആയുധം ഒരു പ്രത്യേക സർക്കാർ സ്ഥാപനം വാങ്ങിയതാണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. 2021 ഓഗസ്റ്റ് 16ന് സുപ്രീം കോടതിയിൽ നടന്ന വിചാരണയിൽ, പെഗാസസ് ഇതിനകം തന്നെ ‘ദേശീയ സുരക്ഷ’യ്ക്ക് ഭീഷണിയാകുന്നുവെന്ന് വാദിച്ച പൊതുതാല്പര്യ ഹർജികളിൽ, തീവ്രവാദ പ്രവർത്തനങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേർ നിർമ്മിക്കാനാവില്ലെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി. ഐടി നിയമങ്ങളിൽ നിരീക്ഷണം നടത്തുന്നതിനും ആശയവിനിമയം തടസപ്പെടുത്തുന്നതിനുമുള്ള ഒരു നിയമപരമായ ചട്ടക്കൂട് സോളിസിറ്റർ ജനറൽ പരാമർശിച്ചു, എന്നാൽ ഇവിടെയും നിരീക്ഷണം അനുവദനീയമാണെന്നും അതേസമയം ഹാക്കിങ് പാടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സുപ്രീം കോടതിയിലെ പൊതുതാല്പര്യ ഹർജികൾ ‘രാജ്യം നയിക്കുന്ന നിയമവിരുദ്ധ ഹാക്കിങ്ങിനെതിരെ’ ആയിരുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.