22 December 2024, Sunday
KSFE Galaxy Chits Banner 2

തീർപ്പുകല്പിക്കാത്ത കേസുകൾ

സി ദിവാകരൻ
December 30, 2021 7:00 am

നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്കുന്ന സന്ദർഭത്തിൽ വ്യക്തികളുടെ മൗലികാവകാശലംഘനമോ, സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കുനേരെയുള്ള കേന്ദ്രഭരണത്തിന്റെ കടന്നുകയറ്റമോ ഉണ്ടാകുന്ന തർക്കത്തിൽ കഴിയുന്നതും ഒരു മുപ്പതുദിവസത്തിനുള്ളിൽ തീർപ്പുകല്പിക്കണമെന്ന തത്വം അംഗീകരിച്ചിരുന്നു. ‘വൈകുന്ന നീതിനിഷേധമാണ്’ എന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനതത്വം. എന്നാൽ സ്വാതന്ത്യ്രത്തിന്റെ 75-ാമത് അമൃതവാർഷികാഘോഷങ്ങളുടെ ആരവങ്ങൾ നിറയുന്ന ഈ സന്ദർഭത്തിലും നിലവിലുള്ള ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള ഭരണഘടനാവകാശങ്ങൾപോലും നിരന്തരം ലംഘിക്കപ്പെടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഭരണഘടനാപരമായ തന്റെ അവകാശങ്ങൾ ഭരണാധികാരികൾ ലംഘിച്ചാൽ നീതിക്കുവേണ്ടി സാധാരണ പൗരൻ കോടതിയിൽ പോയി വ്യവഹാരം നടത്തണം. സാധാരണക്കാരന്റെ ജീവിതസാഹചര്യങ്ങളിൽ കോടതിയിൽ പോകാനുള്ള സാമ്പത്തിക ശേഷി ഉണ്ടാകില്ല. നീതിനിഷേധം ചോദ്യംചെയ്യപ്പെടാതെ പോകുന്നതോടെ ഭരണഘടനാ ലംഘനം നടത്തുന്ന ഭരണാധികാരി കുറ്റവാളിയാകുന്നില്ല. ഈ വിധം നിരവധി നീതിനിഷേധങ്ങൾ ചോദ്യംചെയ്യപ്പെടാതെ പോകുന്നതിന്റെ ഫലമായി സാധാരണക്കാരന്റെ ഭരണഘടനാവകാശങ്ങൾ നിരന്തരം അവഗണിക്കപ്പെടുന്ന ഒരു പുതിയ ഭരണസംസ്കാരം രാജ്യത്ത് ശക്തിപ്രാപിച്ചുവരുന്നു. യാദൃച്ഛികമായ ഇത്തരം അനീതിക്കെതിരെ ചോദ്യം ചെയ്ത് കോടതിയിലെത്തുന്ന ഒരു വ്യക്തിക്ക് നീതി ലഭ്യമാക്കുന്ന കോടതിവിധി വന്നാൽ പ്രസ്തുത വിധിയെ ചോദ്യംചെയ്ത് സർക്കാർ പൊതുജന നികുതിപ്പണം വിനിയോഗിച്ച് സുപ്രീം കോടതിയെ സമീപിക്കുമ്പോൾ സാധാരണക്കാരൻ നിസഹായനായി മാറുന്നു. ഇവിടെ നീതിക്കുവേണ്ടി ജുഡിഷ്യറിയെ സമീപിക്കണമെങ്കിൽ സാമ്പത്തികശേഷി ഉണ്ടാകണം. പണമില്ലാത്തവന് നീതിയും ലഭ്യമാകാതെ പോകുന്ന നിരവധി സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ടു ചെയ്യപ്പെടുന്നു. നമ്മുടെ ജുഡിഷ്യറിയും സാധാരണ ജനങ്ങളും തമ്മിലുള്ള ബന്ധം ഒരു ഗൗരവമേറിയ സാമൂഹ്യപ്രശ്നമായിമാറുന്നു. നമ്മുടെ ഇന്നത്തെ വ്യവസ്ഥിതിയിൽ ഭരണാധികാരിവർഗം സാധാരണ പൗരന്റെ ഭരണഘടനാവകാശങ്ങൾ നിഷേധിച്ചാൽ അതുചോദ്യം ചെയ്യാനും നീതിക്കു വേണ്ടിവാദിക്കാനും അഭിഭാഷകരെ കോടതിയിലെത്തിക്കാൻ സാധാരണക്കാർക്കു കഴിയുന്നില്ല. മറുഭാഗത്ത് സർക്കാർ നീതിനിഷേധത്തെ ന്യായീകരിക്കാൻ രാജ്യത്തെ പ്രഗത്ഭമതികളായ അഭിഭാഷകരെ കോടതിയിലെത്തിച്ച് സാധാരണക്കാരന്റെ വാദഗതികളെ നിഷ്‌പ്രഭമാക്കുന്നു. സർക്കാരും സാധാരണക്കാരനും തമ്മിലുള്ള വ്യവഹാരത്തിൽ സാധാരണക്കാരൻ പരാജയപ്പെടുന്നു. ഇവിടെ ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുന്നു. ഭരണഘടനതന്നെ ലംഘിക്കപ്പെടുന്നു. ഭരണഘടനാലംഘനങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ സർക്കാരാണ് ഭരണഘടനാലംഘനത്തിന് നേതൃത്വം നല്കുന്നത്. വേലിതന്നെ വിളവുതിന്നുന്നു. അഥവാ ഭരണഘടനാ സംരക്ഷകർ ഭരണഘടനാലംഘകരായി മാറുന്ന വിചിത്രമായ ഒരു നീതിന്യായവ്യവസ്ഥ അനുക്രമമായി ഉയർന്നുവരുന്നു. ജനങ്ങളോടു ബാധ്യതയുള്ള ഭരണാധികാരികൾതന്നെ ജനവികാരത്തെ മാനിക്കാൻ സന്നദ്ധരാകുന്നില്ല. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചു തർക്കങ്ങൾ ഉടലെടുക്കുക സ്വാഭാവികമാണ്. ഈ അടുത്ത നാളുകളിൽ ഉയർന്നുവന്ന മുല്ലപ്പെരിയാർ ഡാമിന്റെ വിഷയത്തിൽ തമിഴ്‌നാടും കേരളവും തമ്മിൽ ദീർഘനാളുകളായി പലപ്രശ്നങ്ങളിലും തർക്കം നിലനില്ക്കുന്നു. ജനജീവിതത്തെ സാരമായിബാധിക്കുന്ന അതീവഗൗരവമേറിയ ആ പ്രശ്നത്തിനുപോലും പരിഹാരം കാണുന്നതിൽ കോടതി കുറ്റകരമായ കാലതാമസം വരുത്തുന്നു. 2021‑ൽ മാത്രം സുപ്രീം കോടതിയിൽ തീർപ്പുകല്പിക്കാതെ കിടക്കുന്ന കേസുകളുടെ എണ്ണം പരിശോധിച്ചാൽ ബോധ്യപ്പെടുന്നത് സമയബന്ധിതമായി കേസുകൾ തീർപ്പുകല്പിക്കുന്നതിൽ കോടതികൾ പലപ്പോഴും അനാവശ്യ കാലതാമസം വരുത്തുന്നു എന്നത് വസ്തുതയാണ്.


ഇതുകൂടി വായിക്കാം; ഭരണഘടനാദിനം ; നമുക്ക് പ്രതിജ്ഞകൾ പുതുക്കാം


കോടതിപോലും ഇപ്രകാരമായാൽ, ചങ്ങലയ്ക്കും ഭ്രാന്തുപിടിച്ചാൽ പിന്നെന്താ പ്രതിവിധി. അതീവഗൗരവമായ ഭരണഘടനാപ്രശ്നങ്ങളും പൗരാവകാശലംഘനങ്ങളും സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങളും സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്നതിന്റെ ഫലമായി ജനങ്ങൾക്ക് ഭരണഘടനയോടും, കോടതിയോടും വിശ്വാസമില്ലാത്ത ഒരവസ്ഥയിലേക്കും രാജ്യം അരാജകത്വത്തിലേക്കും നീങ്ങും. ജനാധിപത്യം അപകടത്തിലാകും. 2019 ഓഗസ്റ്റ് അഞ്ചിലെ പ്രസിഡന്റിന്റെ ഉത്തരവ്പ്രകാരം ഭരണഘടനയുടെ 370-ാം വകുപ്പ് ദുർബലപ്പെടുത്തി. ജമ്മു കശ്മീർ എന്ന സംസ്ഥാനത്തെ രണ്ടായി വിഭജിച്ച്, കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലാക്കി. സംസ്ഥാനത്തിന്റെ പദവി നഷ്ടപ്പെട്ടു-കേന്ദ്രഭരണപ്രദേശമായി മാറി. ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ്-3 പ്രകാരം ഈ നടപടി നഗ്നമായ നിയമലംഘനമാണ്. സംസ്ഥാനങ്ങളെ തരംതാഴ്ത്താനും അതിർത്തി നിർണയിക്കാനും പാർലമെന്റിനു മാത്രമാണ് അവകാശം. പാർലമെന്റിന്റെ ഈ അവകാശവും കവർന്നെടുത്തു. കേന്ദ്രസർക്കാർ സ്വീകരിച്ച ഈ നടപടിയോടെ കശ്മീർപ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു. യഥാർത്ഥത്തിൽ ജമ്മു കശ്മീർ എന്ന പഴയ സംസ്ഥാനം പൂർവസ്ഥിതിയിലാക്കാൻ അസാധ്യമായിത്തീരുകയാണ് സംഭവിക്കുന്നത്. 2019 ഓഗസ്റ്റ് അഞ്ചിലെ പ്രസിഡന്റിന്റെ ഉത്തരവ് നിരവധി നിയമപ്രശ്നങ്ങൾക്കു വഴിതുറന്നു. ഭരണഘടന പ്രകാരമുള്ള അവകാശങ്ങളുടെയും അധികാരങ്ങളുടെയും ഭാവിയെന്തായിരിക്കും? ജനങ്ങളോടുള്ള ഭരണഘടനാ ബാധ്യത നിർവഹിക്കപ്പെടാൻ ഭരണാധികാരികൾക്കു സാധ്യമാകുമോ? ഈ വിഷയങ്ങളൊക്കെ വിവാദങ്ങളായി മാറും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെയും 2019 ഓഗസ്റ്റ് അഞ്ചിലെ പ്രസിഡന്റിന്റെ ഉത്തരവനുസരിച്ച് പിരിച്ചുവിടാമോ? ഈ വിഷയം കഴിഞ്ഞ രണ്ടുവർഷമായി സുപ്രീം കോടതി തീർപ്പുകല്പിക്കാതെ മാറ്റിവച്ചിരിക്കുകയാണ്. ഭരണഘടനയുടെ 356-ാം വകുപ്പ് ഈ സന്ദർഭത്തിൽ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. തങ്ങൾക്ക് അസൗകര്യമാണെന്ന് കേന്ദ്രസർക്കാരിന് തോന്നിയാൽ ഗവർണറിൽനിന്ന് ഒരു റിപ്പോർട്ടുവാങ്ങി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കുന്നതാണ് ഭരണഘടനയുടെ 356-ാം വകുപ്പ്. ഈ വകുപ്പ് ഉപയോഗിച്ചാണ് സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടത്. തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കുന്ന രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള മറ്റൊരു കേസ് കഴിഞ്ഞ നാലു വർഷമായി സുപ്രീം കോടതിയിൽ തീർപ്പ് കല്പിക്കാതെ കുടുങ്ങിക്കിടക്കുന്നു. കേന്ദ്ര‑സംസ്ഥാ­ന തെരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് രജിസ്റ്റർ ചെയ്ത കേസ് കഴിഞ്ഞ അഞ്ചു വർഷമായി തീർപ്പ് കാത്ത് കഴിയുന്നു. ഇത്തരം കേസുകളിൽ സുപ്രീം കോടതി തീർപ്പ് കല്പിക്കുന്നതിൽ അന്യായമായ കാലതാമസം വരുത്തുന്നതിന്റെ ഗുണഭോക്താവും കേന്ദ്രസർക്കാരാണെന്നതിൽ തർക്കമില്ല. അതേസമയം 2013‑ൽ “ഗുവാഹത്തി ഹൈക്കോടതി’ സിബിഐയെക്കുറിച്ച് അത്യന്തം ഗുരുതരമായ ഒരു വിധി പുറപ്പെടുവിച്ചു. ഏതെങ്കിലും ഭരണഘടനാ അധികാരം ഉപയോഗിച്ച് രൂപീകരിക്കപ്പെട്ട ഒരു സമിതിയല്ല സിബിഐ. ഈ സമിതിയുടെ അധികാരങ്ങളൊന്നും നിർവചിക്കപ്പെട്ടിട്ടില്ല. ഈ വിധിയുടെ പുറകേവന്ന അപ്പീൽ പെറ്റിഷൻ കോടതി അടിയന്തരമായി സ്വീകരിച്ച് ഗു­വാഹത്തി ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തു. പിന്നീടൊരിക്കലും പ്രസ്തുത കേസിൽ വാദം കേൾക്കാൻ കോടതി സന്നദ്ധമായിട്ടില്ല. ഭരണഘടനാവിരുദ്ധമായി രൂപീകരിക്കപ്പെട്ട സിബി­ഐ ഇപ്പോഴും രാജ്യത്ത് പ്രവർത്തിക്കുന്നു. പൗരാവകാശഭേദഗതി ബിൽ പാസായ സന്ദർഭത്തിൽ പ്രസ്തുത ബില്ലിനെതിരെ ഫയൽ ചെയ്ത ഹർജിയുടെ വാദം കേൾക്കാൻ പോലും സുപ്രീം കോടതി സന്നദ്ധമായിട്ടില്ല. ജാമ്യം അസാധ്യമാക്കുന്ന 43 (ഡി) (5) വകുപ്പ് പാസായതോടെ ജാമ്യം നിഷേധിക്കപ്പെട്ട് നൂറു കണക്കിന് മനുഷ്യർ വിചാരണ തടവുകാരായി ഇന്ത്യയിലെ ജയിലുകളിൽ കഴിഞ്ഞുകൂടുന്നു. പൗരാവകാശവും മനുഷ്യാവകാശവും നിഷേധിക്കുന്ന 43 (ഡി) (5) വകുപ്പ് ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിലെത്തിയ കേസിന്റെ വിചാരണപോലും നടക്കുന്നില്ല. രാജ്യത്ത് നീതി നടപ്പാക്കുന്നുവെന്ന് ഭരണാധികാരികൾ അവകാശപ്പെടുന്നതുകൊണ്ട് ജനങ്ങൾക്ക് നീതി ലഭ്യമാകുന്നില്ല. നിയമവാഴ്ച കർശനമാക്കുന്നതിൽ കോടതി വിധികൾ സമയബന്ധിതമായി പുറപ്പെടുവിക്കുകയും നീതിക്കുവേണ്ടി കോടതികളിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് കേസുകളിൽ സമയബന്ധിതമായി തീർപ്പ് കല്പിക്കാൻ കഴിയുകയും വേണമെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന സ്വാഗതാർഹമാണ്.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.